Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസർകോട്ടുകാരെ തീപ്പൊരി പ്രസംഗത്തിലൂടെ കൈയിലെടുത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ; വർഗീയ ഫാസിസത്തിന് എതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും വോട്ടഭ്യർത്ഥന; കോൺഗ്രസ് കേന്ദ്രങ്ങളിൽ പടക്കം പൊട്ടിച്ച് ഷാൾ അണിയിച്ചും ആവേശ സ്വീകരണം; സെൽഫിയെടുക്കാൻ തള്ളിക്കയറി യുവാക്കളും; കാസർകോടിന്റെ ഇടതുകോട്ട തകർക്കുമെന്ന് ഉറച്ച വിശ്വാസത്തിൽ ലാസ്റ്റ് ലാപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി; പോരാട്ടം കടുത്തതെന്ന തിരിച്ചറിവിൽ എൽഡിഎഫും

കാസർകോട്ടുകാരെ തീപ്പൊരി പ്രസംഗത്തിലൂടെ കൈയിലെടുത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ; വർഗീയ ഫാസിസത്തിന് എതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും വോട്ടഭ്യർത്ഥന; കോൺഗ്രസ് കേന്ദ്രങ്ങളിൽ പടക്കം പൊട്ടിച്ച് ഷാൾ അണിയിച്ചും ആവേശ സ്വീകരണം; സെൽഫിയെടുക്കാൻ തള്ളിക്കയറി യുവാക്കളും; കാസർകോടിന്റെ ഇടതുകോട്ട തകർക്കുമെന്ന് ഉറച്ച വിശ്വാസത്തിൽ ലാസ്റ്റ് ലാപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി; പോരാട്ടം കടുത്തതെന്ന തിരിച്ചറിവിൽ എൽഡിഎഫും

രഞ്ജിത്ത് ബാബു

കാസർഗോഡ്: മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കെ.പി. നൂറുദ്ദീന് മർദ്ദനമേറ്റ സ്ഥലം. രാമചന്ദ്രൻ കടന്നപ്പള്ളിയെ ഓടിച്ചു വിട്ട സ്ഥലം. അതാണ് കാസർഗോഡ് ലോകസഭാ മണ്ഡലത്തിലെ അടുത്തില. പൂർണ്ണമായും സിപിഎം. പാർട്ടി ഗ്രാമം. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ അടുത്തിലയിൽ  എത്തുകയാണ്. രാവിലെ 11. 45 ന് ആയിരുന്നു സമയം. ഉച്ച തിരിഞ്ഞ് 2.30 നാണ് സ്ഥാനാർത്ഥിയെ വഹിച്ചുള്ള വാഹനം അടുത്തിലയിലെത്തി. പൊരി വെയിലത്ത് ജനങ്ങൾ കാത്തു നിന്ന് മുഷിഞ്ഞെങ്കിലും ഉണ്ണിത്താനെ കാണാതെ ആരും പിൻവാങ്ങിയില്ല. പാർട്ടി ഗ്രാമത്തിൽ സ്ഥാനാർത്ഥി വരുന്നതിന് മുന്നോടിയായി യു.ഡി.എഫിലെ യുവ നേതാക്കൾ പ്രസംഗിച്ച് തകർക്കുകയാണ്. പൈലറ്റ് വാഹനം രാജ്‌മോഹന്റെ വരവറിയിച്ചു കൊണ്ട് കുതിച്ചെത്തി. പിന്നേയും സമയമെടുത്തു സ്ഥാനാർത്ഥിയുടെ വരവിന്. ഒടുവിൽ ഉണ്ണിത്താൻ എത്തി. യു.ഡി.എഫുകാർ മുദ്രാവാക്യം വിളിച്ച് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നു.

താമസിച്ചതിന്റെ കാര്യങ്ങൾ രാജ്‌മോഹൻ പ്രസംഗത്തിന്റെ ആദ്യം തന്നെ പറയുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ തുടർന്ന് കണ്ണൂരിലെ യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഇങ്ങിനെ സംഭവിച്ചത്. അത് നിങ്ങളെല്ലാവരും സദയം ക്ഷമിക്കണം. തുടർന്ന് പ്രസംഗത്തിലേക്ക് വന്നു. രാഷ്ട്രീയത്തിനതീതമായി വോട്ട് ചെയ്യണം. കാസർഗോഡ് നിങ്ങളുദ്ദേശിക്കുന്ന വികസനം നടപ്പാക്കണം. അതിനാൽ മാറ്റത്തിന് വോട്ട് വേണം. ചുരുങ്ങിയ വാക്കിലായിരുന്നു അടുത്തിലയിലെ പ്രസംഗം. തുടർന്ന് ഗ്രാമത്തിലെ കടകളിൽ കയറി വോട്ട് തേടുന്നു. അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് അനൗൺസ്മെന്റ് വാഹനം കുതിക്കുകയാണ്.

രാജ്‌മോഹൻ ഉണ്ണിത്താൻ ഇതാ ഈ വഴിത്താരയിൽ കൂടെ കടന്നു വരുന്നു. വർഗ്ഗ ഫാസിസത്തേയും വർഗ്ഗീയ ഫാസിസത്തേയും മാറ്റി നിർത്താൻ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ രാജ് മോഹൻ ഉണ്ണിത്താനെ അനുഗ്രഹിക്കൂ ആശീർവദിക്കൂ. പ്രചാരണ വാഹനം ചെങ്ങളിലേക്ക് കുതിക്കുകയാണ്. പിറകിലത്തെ വാഹനത്തിൽ ഉണ്ണിത്താൻ കൈവീശിക്കൊണ്ട് കടന്നു പോകുന്നു. ചെങ്ങൽ കോൺഗ്രസ്സ് ഭൂരിപക്ഷ ഗ്രാമമാണ്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരണം. പര്യടനം താമസിച്ചതിലുള്ള പ്രവർത്തകരുടെ പരിഭവം. അതിന് സ്ഥാനാർത്ഥിയുടെ വിശദീകരണം. അതിനിടെ പടക്കം പൊട്ടലിൽ എല്ലാം തീരുന്നു.

സ്ഥാനാർത്ഥി തന്നെ അതിനുള്ള വിശദീകരണം നൽകി. അതോടെ പരിഭവക്കാരും സ്ഥാനാർത്ഥിയും കൂട്ടച്ചിരിയിൽ പങ്കുകൊണ്ടു. ഷാളുമായി 90 കഴിഞ്ഞ മുത്തശ്ശിയും അഞ്ച് വയസ്സുകാരനും സ്ഥാനാർത്ഥിക്ക് സമീപമെത്തി. മുത്തശ്ശിയുടേതായിരുന്നു ആദ്യ ഊഴം. പിന്നെ ഒരോരുത്തരായി ഷാൾ അണിയിച്ചു. ശേഷം തുറന്ന വാഹനത്തിൽ കയറി ഉണ്ണിത്താന്റെ പ്രസംഗം. താമസിച്ചെത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങൾ മനസ്സുകൊണ്ട് എന്നെ അനുഗ്രഹിക്കുകയും ആശിർവദിക്കുകയും ചെയ്യണം. ഒരു 25 വർഷം കൊണ്ട് താൻ ഇവിടെ വന്നിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നു. അത്രകണ്ട് സ്നേഹമാണ് എനിക്ക് കാസർഗോഡ് നിന്നും ലഭിക്കുന്നത്. എന്നെ നിങ്ങൾ വിജയിപ്പിക്കണം. തീവ്രവാദത്തിനും വിഘടന വാദത്തിനുമെതിരെ ഞാൻ നിലകൊള്ളും. ശാന്തമായ സ്വരത്തിൽ രാജ് മോഹൻ പ്രസംഗിക്കുമ്പോൾ കാതു കൂർപ്പിച്ച് കേൾക്കുകയാണ് ജനങ്ങൾ.

ഓരോ സ്ഥലത്തും പ്രസംഗത്തിൽ മാറ്റമുണ്ട്. ചെങ്ങലിൽ നിന്നും കൊട്ടിലയിലേക്കെത്തിയപ്പോൾ പ്രസംഗം കടുപ്പിച്ചു. ഷാജഹാൻ ചക്രവർത്തി തന്റെ പ്രേയസ്സിക്കുവേണ്ടി പണിത താജ്മഹലിനേക്കാളും വലിയ രക്തസാക്ഷി കുടീരങ്ങളാണ് കാസർഗോഡ് മണ്ഡലത്തിൽ എവിടെ ചെന്നാലും കാണാൻ കഴിയുന്നത്. ഈ രക്തസാക്ഷി മണ്ഡപങ്ങൾക്കു വേണ്ടി ചിലവഴിക്കുന്ന പണം കൊണ്ട് പത്ത് പേർക്ക് തൊഴിലുണ്ടാക്കാനുള്ള സ്ഥാപനങ്ങൾ പണിതുകൂടെ എന്ന് രാജ്‌മോഹൻ പരിഹാസ രൂപേണ പറയുന്നു.

കാസർഗോഡ് 35 വർഷക്കാലം ഒരു പാർട്ടിയേയും ഒരു ചിഹ്നത്തിനും വോട്ട് ചെയ്തു കൊണ്ട് എന്താണ് ഇവിടെ നടപ്പായത്. ഇവിടുത്തെ എം. പി.യുടെ വീട്ടുവാതുക്കൽ ഒരു റെയിൽവേ ഗേറ്റുണ്ട്. ഇന്ത്യയിൽ ദേശീയ പാതയിലുള്ള ഏക റെയിൽവേ ഗേറ്റാണിത്. അവിടെ പോലും വികസനം നടന്നിട്ടില്ല. പഴയ പോസ്റ്റോഫീസിന്റെ അവസ്ഥയിലാണ് ജില്ലയിലെ റെയിൽവേസ്റ്റേഷനുകൾ. കാഞ്ഞങ്ങാട് -കാണിയൂർ റെയിൽ പാത ഒരു ചർച്ചാ വിഷയമേ അല്ലാതായിരിക്കുന്നു. ഇതാണോ അവർ നടപ്പാക്കിയ വികസനം.

കോൺഗ്രസ്സ് കൊണ്ടു വന്ന നാവിക അക്കാദമിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സും കേന്ദ്ര സർവ്വകലാശാലയും സിആർപിഎഫ്. ക്യാമ്പും അല്ലാതെ എന്ത് വികസനമാണ് ഇവിടെ നടന്നത്. സമഗ്രമായ വികസനം കൊണ്ടു വരാൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ വരണം. അതിന് നിങ്ങളുടെ വോട്ടുകൾ എനിക്ക് നൽകണം. ഉണ്ണിത്താൻ പറയുന്നു. തന്റേതായ ശൈലിയിൽ നാക്ക് കൊണ്ട് വോട്ട് നേടുകയാണ് ഉണ്ണിത്താൻ. വാക്പയറ്റുകൊണ്ട് എതിരാളിയെ നേരിടുന്ന ഉണ്ണിത്താൻ കാസർഗോഡിനെ ഒച്ചവെച്ച് ഉണർത്തിയിരിക്കയാണ്. വാക്കിലും നോക്കിലും വോട്ട് തേടുന്നതിലും ആവേശം നിറച്ച് ഓരോ സ്ഥലത്തുമെത്തുന്നു.

ഓരോ സ്വീകരണ സ്ഥലത്തും യുവാക്കളുടെ പ്രാതിനിധ്യം കൂടുന്നു. ഹാരമണിയിക്കാനും സെൽഫിയെടുക്കാനും ജനക്കൂട്ടം മത്സരിക്കുന്നു. 30 വർഷത്തിന് ശേഷം കാസർഗോഡിനെ ഉണ്ണിത്താൻ വരുതിയിലാക്കുമോ? അണികൾ അത് ഉറച്ച് വിശ്വസിക്കുന്നു. അതിനു വേണ്ടി രാപ്പകൽ പ്രവർത്തനത്തിലാണ് ഉണ്ണിത്താനും യു.ഡി. .എഫും. ഉച്ച ഊണിന് ഒരു മണിക്ക് ഓണപ്പറമ്പിലേക്കെത്തേണ്ട സ്ഥാനാർത്ഥി എത്തിയത് വൈകീട്ട് 5.30 കഴിഞ്ഞ്. അവിടെ നിന്ന് ഒരു പ്രവർത്തകന്റെ വീട്ടിൽ നിന്നും ഊണ് കഴിച്ച് വീണ്ടും തെരഞ്ഞെടുപ്പ് ഗോധയിലേക്ക്. നേരം ഇരുട്ടി. ഇക്കണക്കിന് പോയാൽ പ്രചാരണം അവസാനിക്കുന്നത് അർദ്ധരാത്രിയെങ്കിലുമാവും. ഉണ്ണിത്താൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP