Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി മുന്നിൽ നിന്നു നയിച്ചപ്പോൾ രാഹുൽ പേടിച്ച് മാളത്തിലൊളിച്ചു! അഴിമതിയും തന്നിഷ്ടവും ഒരുമിച്ചപ്പോൾ കോൺഗ്രസ് സ്വന്തം കുഴി തോണ്ടി; മഹാരാഷ്ട്രയും ഹരിയാനയും കൈവിട്ടതോടെ ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ദുർബലമായി കോൺഗ്രസ് പാർട്ടി

മോദി മുന്നിൽ നിന്നു നയിച്ചപ്പോൾ രാഹുൽ പേടിച്ച് മാളത്തിലൊളിച്ചു! അഴിമതിയും തന്നിഷ്ടവും ഒരുമിച്ചപ്പോൾ കോൺഗ്രസ് സ്വന്തം കുഴി തോണ്ടി; മഹാരാഷ്ട്രയും ഹരിയാനയും കൈവിട്ടതോടെ ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ദുർബലമായി കോൺഗ്രസ് പാർട്ടി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ ആഞ്ഞുവീശിയ നരേന്ദ്ര മോദി തരംഗത്തിൽ കോൺഗ്രസ് കടപുഴകിയപ്പോഴും സോണിയാ ഗാന്ധിയും കൂട്ടർക്കും ആശ്വാസിച്ചത് ചില സംസ്ഥാനങ്ങളിൽ അധികാരത്തിൽ ഉണ്ടെന്ന കാര്യത്താലായിരുന്നു. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് കൂടുതൽ അപ്രസക്തമാകുന്നു എന്നതാണ് മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാകുന്നത്. 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം വരുത്തിയാണ് ബിജെപി മഹാരാഷ്ട്ര തിരിച്ചുപിടിച്ചതെങ്കിൽ ഹരിയാനയിൽ പത്ത് വർഷത്തെ കോൺഗ്രസ് ഭരണത്തിനാണ് അന്ത്യമായത്. ദേശീയ രാഷ്ട്രീയത്തിൽ നേരിട്ട തിരിച്ചടി കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശക്തി ക്ഷയിപ്പിക്കുന്നതായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട് പ്രവർത്തിക്കുന്നതിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾ പരാജയപ്പെട്ടപ്പോൾ കോൺഗ്രസ് സ്വയം തോൽവി ഇരന്നുവാങ്ങുകയായിരുന്നു ഈ സംസ്ഥാനങ്ങളിൽ. നരേന്ദ്ര മോദിയെന്ന അതികായൻ മുന്നിൽ നിന്നു നയിച്ചപ്പോൾ മറുവശത്ത് മോദിക്ക് മുന്നിൽ നിർത്താൻ ആളില്ലാതെ വിഷമിക്കുകയായിരുന്നു കോൺഗ്രസ്. രാഹുൽ ഗാന്ധി പ്രചരണ മുഖത്തു നിന്നും ഒളിച്ചോടുക തന്നെ ചെയ്തു. രാഹുൽ വന്നാൽ തങ്ങളുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്ന് കണ്ട് മഹാരാഷ്ട്രയിലെ സംസ്ഥാന നേതാക്കൾ തന്നെയാണ് രാഹുൽ പ്രചരണത്തിന് വരേണ്ടെന്ന നിലപാട് കൈക്കൊണ്ടത്. ഇതോടെ ഫലത്തിൽ മോദി ഷോയ്ക്കുള്ള വേദിയായി മാറി രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് ഗോദയിൽ സോണിയയെയും കുടുംബത്തെയും ആക്രമിച്ചും അഴിമതി വിഷയങ്ങൾ ഉയർത്തികൊണ്ടുവന്നും മോദി തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ചു. ഹരിയാനയിൽ റോബർട്ട് വധേരയുടെ ഭൂമി ഇടപാടുകളായിരുന്നു കോൺഗ്രസിന് തിരിച്ചടിയായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും വധേരയുടെ ഇടപാടുകൾക്ക് അംഗീകാരം നൽകുന്ന നിലപാടാണ് മുഖ്യമന്ത്രി ഭൂപീന്ദ്ര സിങ് ഹൂഡ ചെയ്തത്. ഇത് പ്രചാരണ വിഷയമാക്കാൻ ബിജെപിക്ക് സാധിക്കുകയും ചെയ്തു.

അതേസമയം മഹാരാഷ്ട്രയിൽ എൻസിപിയുമായുള്ള ഏറ്റമുട്ടലും സഖ്യം പിരിഞ്ഞതും കോൺഗ്രസിന് കനത്ത തിരിച്ചടിയാകുകയും ചെയ്തു. കോൺഗ്രസ് നേതൃത്വത്തിൽ തന്നെ പടലപ്പിണക്കം ശക്തമായിരുന്നു. നാരായൺ റാണെയും പൃഥ്വിരാജ് ചവാനും നേർക്കുനേർ നിന്ന് പോരടിക്കുന്ന കാഴ്‌ച്ചയുമുണ്ടായി. ആദർശ് ഫ്‌ളാറ്റ് അഴിമതി അടക്കം നിരവധി അഴിമതി ആരോപണങ്ങൾ കോൺഗ്രസ്-എൻസിപി സർക്കാറിനെതിരെ ഉയർന്നിരുന്നു. ഇതും തെരഞ്ഞെടുപ്പ് വേദിയിൽ തിരിച്ചടിയായി മാറി.

മറുവശത്ത് ശിവസേനയുമായുള്ള സഖ്യം പിരിഞ്ഞെങ്കിലും മോദി മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. മോദി മഹാരാഷ്ട്രയിൽ 27 റാലികളിലാണ് പങ്കെടുത്തത്. ആ നിലയ്ക്ക് മുന്നിൽനിന്ന് നയിച്ച മോദിയുടെ വിജയം കൂടിയായി മഹാരാഷ്ട്രയിലെ വിജയം. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തോൽവിയോടെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് കൂടുതൽ അപ്രസക്തമാകുകയാണെന്ന ആരോപണങ്ങളും ശക്തമാണ്. ഹിന്ദി മേഖലകളിൽ ഇപ്പോൾ ഭരണം ബിജെപിയിലെത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കാശ്മീരിലും ഉത്തർപ്രദേശിലും കോൺഗ്രസിന് കാര്യമായ പ്രതീക്ഷകളില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ പാർട്ടി ശക്തമായത് കേരളത്തിലും കർണ്ണാടകത്തിലുമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാത്ത വിധത്തിൽ ദുർബലമായ കോൺഗ്രസിന് തിരിച്ചടികളിൽ നിന്നും കരകയറാൻ മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടി വരും. പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഇതിനോടകം തന്നെ പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. എന്നാൽ റോബർട്ട് വധേരയുടെ ഭൂമി ഇടപാടുകളാണ് കോൺഗ്രസിനെ ഇവിടെയും പ്രതിരോധത്തിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP