Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതാദ്യം; കള്ളവോട്ടു നടന്നുവെന്ന കണ്ടെത്തിയ കണ്ണൂർ, കാസർകോട് ലോക്‌സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ ഞായറാഴ്‌ച്ച റീപോളിങ്; വീണ്ടും തെരഞ്ഞെടുപ്പു നടത്തുന്നത് കല്ല്യാശ്ശേരിയിലെ 19, 69, 70 നമ്പർ ബൂത്തുകളിലും കണ്ണൂരിലെ പാമ്പുതുരുത്തിയിലെ 166ാം നമ്പർ ബൂത്തിലും; നാളെ വൈകുന്നേരം വരെ പരസ്യപ്രചരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി; സ്വാഗതം ചെയ്യുന്നതായി രാജ്‌മോഹൻ ഉണ്ണിത്താനും കെ പി സതീശ് ചന്ദ്രനും

സംസ്ഥാന തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതാദ്യം; കള്ളവോട്ടു നടന്നുവെന്ന കണ്ടെത്തിയ കണ്ണൂർ, കാസർകോട് ലോക്‌സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ ഞായറാഴ്‌ച്ച റീപോളിങ്; വീണ്ടും തെരഞ്ഞെടുപ്പു നടത്തുന്നത് കല്ല്യാശ്ശേരിയിലെ 19, 69, 70 നമ്പർ ബൂത്തുകളിലും കണ്ണൂരിലെ പാമ്പുതുരുത്തിയിലെ 166ാം നമ്പർ ബൂത്തിലും; നാളെ വൈകുന്നേരം വരെ പരസ്യപ്രചരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി; സ്വാഗതം ചെയ്യുന്നതായി രാജ്‌മോഹൻ ഉണ്ണിത്താനും കെ പി സതീശ് ചന്ദ്രനും

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി കള്ളവോട്ടിന്റെ പേരിൽ റീപോളിംഗിന് അനുമതി. കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസർഗോഡ് മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ പാമ്പുത്തുരുത്തിയിലെ ഒരു ബൂത്തിലുമാണ് റീപോളിങ് നടത്തുക. ഞായറാഴ്‌ച്ചയാണ് റീപോളിങ് നടക്കുക. നാളെ വൈകുന്നേരം വരെ പരസ്യ പ്രചരണത്തിന് അനുമതിയുണ്ട്. ശനിയാഴ്‌ച്ച നിശബ്ദ പ്രചരണവും നടത്തും. അതേസമയം റീപോളിംഗിനെ സ്വാഗതം ചെയ്യുന്നതായി രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രിയും സിപിഎം സ്ഥാനാർത്ഥി കെ പി സതീശ് ചന്ദ്രനും വീണ്ടും വോട്ടിങ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു.

കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പർ ബൂത്തുകളിലും കണ്ണൂർ പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് 166-ാം നമ്പർ ബൂത്തിലുമാണ് റീപോളിങ് നടക്കുന്നത്. കള്ളവോട്ട് നടന്ന ബുത്തുകളിൽ റീപോളിങ് നടത്തിയേക്കുമെന്ന് രാവിലെ റിപ്പോർട്ടുകളുണ്ടായിരുന്നു. വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. റീപോളിങ് പ്രഖ്യാപിച്ച ബൂത്തുകളിൽ ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ പോളിങ് നടക്കും. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിങ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയ പശ്ചാത്തലത്തിൽ ഈ ബൂത്തുകളിൽ ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം പരസ്യപ്രചരണം നടത്താം. ശനിയാഴ്ച നിശബ്ദ പ്രചരണം നടത്താം. കള്ളവോട്ട് നടന്നതായി പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചിരുന്നു. കോൺഗ്രസായിരുന്നു ഇക്കാര്യത്തിൽ ആദ്യ പരാതി നൽകിയത്. കല്യാശ്ശേരിയിലെ കള്ളവോട്ടു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സിസി ടിവി ക്യാമറാ ദൃശ്യങ്ങളോടൊപ്പമായിരുന്നു പരാതി. ദൃശ്യങ്ങൾ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഓഫീസർ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കല്യാശ്ശേരിയിലെ 19 ാം നമ്പർ ബൂത്തിൽ 88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 69, 70 ബൂത്തുകളിൽ 79 ശതമാന വീതവും വോട്ടിങ്. 90 ശതമാനത്തിൽ അധികമായ എല്ലാ ബൂത്തുകളിലും റീ പോളിങ് വേണമെന്ന് കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം സിപിഎം പ്രതിരോധത്തിലായതിന് പിന്നാലെ മുസ്ലിംലീഗ് കേന്ദ്രങ്ങളിലെ കള്ളവോട്ടു വിവരവും പുറത്തുവന്നു.

ഇതുവരെ 17 പേർ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 13 പേർ ലീഗുകാരും ബാക്കിയുള്ളവർ സിപിഐ.എമ്മുകാരുമാണെന്നാണ് കണ്ടെത്തൽ. കള്ളവോട്ട് നടന്നുവെന്ന് ആരോപിക്കുന്ന ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ, വെബ് ക്യാം ഓപ്പറേറ്റർ എന്നിവരെ കളക്ടർ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.

കാസർകോട് മണ്ഡലത്തിൽ കല്യാശ്ശേരിയിലെ മണ്ഡലത്തിൽ റീപോളിഗം നടക്കുമ്പോൾ അത് കോൺഗ്രസിന് ഗുണകരമാകുമെന്ന് പ്രതീക്ഷയുണ്ട്. കാരണം ഇവിടെ സിപിഎം ശക്തികേന്ദ്രത്തിലായിരുന്നു കള്ളവോട്ട് നടന്നത്. റീപോളിംഗിൽ കള്ളവോട്ടു സാധ്യത കുറയുമ്പോൾ അത് യുഡിഎഫിന് ഗുണം ചെയ്‌തേക്കാം. അതേസമയം കള്ളവോട്ടിൽ കണ്ണൂർ ലോക്‌സഭയിൽ കള്ളവോട്ടു പിടിക്കപ്പെട്ടത് യുഡിഎഫിനാണ് ക്ഷീണ ചെയ്യുക. ഇവിടെ റീപോളിങ് വരുമ്പോൾ പഴയ ആവേശം യുഡിഎഫിനുണ്ടാകുമോ എന്നു കണ്ടറിയേണ്ടതാണ്.

അതേസമയം കള്ളവേട്ടുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടു പോകുന്നതിൽ മുന്നണികൾ വ്യത്യസ്ത ചേരികളിലാണ്. ആരോപണ പ്രത്യാരോപണങ്ങൾ ഇരുമുന്നണികളും ഉന്നയിക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ട് പോകുന്നതിൽ വലിയ താത്പര്യം കാട്ടുന്നില്ലെന്നാണ് അനുഭവം. വരണാധികാരിയായ ജില്ലാ കലക്ട്രറുടെ പരാതിയിൽ കേസെടുത്തെങ്കിലും ഒരിടത്തും മൊഴിയെടുക്കുകയോ തെളിവു പരിശോധിക്കുകയോ ഉണ്ടായിട്ടില്ല.

ഇന്ത്യൻ ശിക്ഷാ നിയമം 171 പ്രകാരം കള്ളവോട്ട് കേസ് ശിക്ഷാർഹമാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ കള്ളവോട്ട് ചർച്ച ചെയ്യപ്പെട്ട സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ബി.എൽ. ഒ മാർ മുതൽ പ്രിസൈഡിങ് ഓഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥരും ഇതിൽ ആരോപണ വിധേയരാണ്. എന്നാൽ ഇത്തവണ നിയമം മുന്നോട്ട് പോയാൽ കള്ളവോട്ടുകാർക്ക് രക്ഷപ്പെടാനുള്ള പഴുത് കുറവാണ്. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വോട്ടെടുപ്പ് ദിവസത്തിലെ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP