Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്ത് ബിജെപിയിൽ അതൃപ്തി പുകയുന്നു; പ്രേമചന്ദ്രന് വോട്ടുമറിക്കാൻ ഒരു വിഭാഗം ചരടുവലിക്കുന്നതായി അക്ഷേപം; മേക്ക് എ വിഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ച് ബിജെപി വിമതരുടെ പ്രതിഷേധം; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും കാര്യമായ പ്രവർത്തനം നടത്തുന്നില്ലെന്നും ആക്ഷേപം; കിട്ടിയ അവസരത്തിൽ വീണ്ടും കോലീബി ആയുധമാക്കി ഇടതുമുന്നണി; എല്ലാം സിപിഎമ്മിന്റെ കുപ്രചാരണമെന്ന് ബിജെപി; കൊല്ലത്ത് വോട്ടുമറി വിവാദം കൊഴുക്കുന്നു

കൊല്ലത്ത് ബിജെപിയിൽ അതൃപ്തി പുകയുന്നു; പ്രേമചന്ദ്രന് വോട്ടുമറിക്കാൻ ഒരു വിഭാഗം ചരടുവലിക്കുന്നതായി അക്ഷേപം; മേക്ക് എ വിഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ച് ബിജെപി വിമതരുടെ പ്രതിഷേധം; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും കാര്യമായ പ്രവർത്തനം നടത്തുന്നില്ലെന്നും ആക്ഷേപം; കിട്ടിയ അവസരത്തിൽ വീണ്ടും കോലീബി ആയുധമാക്കി ഇടതുമുന്നണി; എല്ലാം സിപിഎമ്മിന്റെ കുപ്രചാരണമെന്ന് ബിജെപി; കൊല്ലത്ത് വോട്ടുമറി വിവാദം കൊഴുക്കുന്നു

അനന്ദു തലവൂർ

കൊല്ലം: ഈ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ശക്തമായി വന്ന ആരോപണമായിരുന്നു കോലീബീ സഖ്യം. ഇടതുമുന്നണി കേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ആ ആരോപണം, പിന്നീട് ചർച്ചകളിൽനിന്ന് മാഞ്ഞെങ്കിലും ഇപ്പോൾ അതുകൊല്ലത്ത് വീണ്ടും സജീവമായിരിക്കയാണ്. യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രനുവേണ്ടി ബിജെപിയുടെ ഒരു വിഭാഗം വോട്ടുമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. വോട്ട് മറിക്കാൻ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശ്രമം നടക്കുന്നുവെന്ന് ഒരു യുവമോർച്ച നേതാവ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഈ നേതാവിനൊപ്പം ഒരു കൂട്ടം പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ച് രംഗത്ത് വരികയും ചെയ്തതോടെ കൊല്ലം ജില്ലാഘടകം പ്രതിരോധത്തിലായി. മേക്ക് എ വിഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ച് വിമതർ പ്രവർത്തനവും തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും കാര്യമായ പ്രവർത്തനം നടത്തുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ജില്ലയിൽ യുഡിഎഫിന് ബിജെപി വോട്ടു മറിച്ചു കൊടുക്കുന്നതായി ആരോപണം നില നിൽക്കുമ്പോൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാത്തത് ആരോപണത്തെ ന്യായീകരിക്കലായി മാറുമെന്നാണ് വിമതരുടെ വിമർശനം.പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മേക്ക് എ വിഷൻ സംഘടനയുടെ പേരിൽ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. തൽക്കാലം പാർട്ടി വിടില്ലെന്നും തെരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനം എടുക്കുമെന്നും ഇവർ വ്യക്തമാക്കി. ബിജെപിക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയോട് എതിർപ്പുണ്ടെങ്കിലും ആദ്യമായാണ് അത് പരസ്യമാകുന്നത്.

എന്നാൽ ഇതെല്ലാം ഇടതുപക്ഷം ഉന്നയിക്കുന്ന കഥകൾ മാത്രമാണെന്നും പാർട്ടിയിൽ യാതൊരു പ്രശ്നവും ഇല്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. അതൃപ്തിയുള്ളവർക്ക് പാർട്ടിക്കുള്ളിൽ പരാതി ഉന്നയിക്കാമെന്ന് ജില്ലാ ഘടകത്തിന്റെ പ്രതികരണം. പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനമുണ്ട്. കൊല്ലത്ത് ബിജെപി യുഡിഎഫുമായി സഹകരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് എൽഡിഎഫ് ആരോപണം. ദുർബലനായ സ്ഥാനാർത്ഥിയെ ഇറക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്നാണ് എൽഡിഎഫ് പറയുന്നത്.ന്യൂനപക്ഷമോർച്ച ദേശീയ സെക്രട്ടറിയായ സാബു വർഗീസാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി മൽസരിക്കുന്നത്. എന്നാൽ കൊല്ലത്ത് പ്രേമചന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്നും പരാജയഭീതയിൽ നിന്നാണ് വ്യാജ ആരോപണങ്ങൾ ഉണ്ടാകുന്നതെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്ത് ആധിപത്യം കരസ്ഥമാക്കിയാണ് എൻ.കെ. പ്രേമചന്ദ്രൻ ജയിച്ചുകയറിയത്. കൊല്ലം, ചവറ, ഇരവിപുരം, കുണ്ടറ മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പം നിന്നത്. എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു മണ്ഡലം പോലും നേടാൻ യുഡിഎഫിന് സാധിച്ചില്ലെന്ന് മാത്രമല്ല, ചവറ ഒഴികെയുള്ള സ്ഥലങ്ങളിൽ പതിനായിരകണക്കിന് വോട്ടുകൾക്കാണ് യുഡിഎഫ് പിന്നിലായത്.

എൽഡിഎഫിന്റെ കാര്യം പരിശോധിച്ചാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ, ചടയമംഗലം, പുനലൂർ എന്നീ മണ്ഡലങ്ങളിൽ മുന്നിലെത്തിയെങ്കിലും, ഇവിടെ നേടിയ ഭൂരിപക്ഷം കുറവായത് എം.എ ബേബിയെ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്വന്തം മണ്ഡലമായ കുണ്ടറയിലും അദ്ദേഹം പിന്നിലായിരുന്നു. എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വന്നപ്പോൾ ചിത്രം ആകെ മാറിമറിഞ്ഞു. ഏഴു സീറ്റുകളിലും എൽഡിഎഫ് വമ്പൻ വിജയം നേടി. ഈ വിജയമാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ആത്മവിശ്വാസം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് രീതി വ്യത്യസ്തമാണെന്നത് വ്യക്തമാണ്.

2014നെ അപേക്ഷിച്ച് 2016ൽ എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതം ഇരട്ടിയോളമോ മൂന്നിരട്ടിയോ ആയി വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നതാണ് എൻഡിഎയുടെ നേട്ടം. ഇതിനൊപ്പം, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ രണ്ടാമതെത്താനും എൻഡിഎയ്ക്ക് കഴിഞ്ഞതുകൊല്ലത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നിട്ടും മണ്ഡലത്തിൽ എൻഡിഎയുടെ പ്രചാരണം എവിടെയും എത്തിയിട്ടില്ലാത്തത് ദുരൂഹമാണെന്നാണ് ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP