Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന് പറഞ്ഞാലും കണ്ണന്താനത്തിന് അതിലും ഭേദം മലപ്പുറം; പത്തനംതിട്ട കിട്ടിയില്ലെങ്കിൽ കേന്ദ്രമന്ത്രിക്ക് താൽപര്യം കോട്ടയവും തൃശൂരും; സുരേന്ദ്രന് പത്തനംതിട്ടയുമില്ല തൃശൂരുമില്ല? എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ബിജെപി നേതാക്കൾ തമ്മിലടിക്കുന്നതിനെ വിമർശിച്ച് ആർഎസ് എസ്; ശബരിമല സമരത്തിൽ നേടിയ മുൻകൈ നഷ്ടമായതിലും നീരസം; സ്ഥാനാർത്ഥി നിർണയത്തിൽ അമിത്ഷായുടെ അവസാനവാക്കിന് കാത്ത് നേതാക്കൾ

കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന് പറഞ്ഞാലും കണ്ണന്താനത്തിന് അതിലും ഭേദം മലപ്പുറം; പത്തനംതിട്ട കിട്ടിയില്ലെങ്കിൽ കേന്ദ്രമന്ത്രിക്ക് താൽപര്യം കോട്ടയവും തൃശൂരും; സുരേന്ദ്രന് പത്തനംതിട്ടയുമില്ല തൃശൂരുമില്ല? എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ബിജെപി നേതാക്കൾ തമ്മിലടിക്കുന്നതിനെ വിമർശിച്ച് ആർഎസ് എസ്; ശബരിമല സമരത്തിൽ നേടിയ മുൻകൈ നഷ്ടമായതിലും നീരസം; സ്ഥാനാർത്ഥി നിർണയത്തിൽ അമിത്ഷായുടെ അവസാനവാക്കിന് കാത്ത് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരുനിശ്ചയവുമില്ല ഒന്നിനുമെന്ന മട്ടിലാണ് സംസ്ഥാനത്തെ ബിജെപിയിൽ ഈ തിരഞ്ഞടുപ്പ് കാലത്തെ മട്ടും ഭാവവും. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫും, യുഡിഎഫും മേൽക്കൈ നേടിക്കഴിഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥികളോട് കിട നിൽക്കുന്ന പോരാളികളെ തന്നെയാണ് യുഡിഎഫും പ്രഖ്യാപിച്ചത്. എന്നാൽ, ചില സീറ്റുകളെ ചൊല്ലി ബിജെപിയിൽ അന്തിമ പ്രഖ്യാപനം നീണ്ടുപോയി. ഇതിൽ ആർഎസ് എസിനും അമർഷമുണ്ടെന്ന് അറിയുന്നു.

ശബരിമല സമരത്തിൽ അജണ്ട നിശ്ചയിച്ചത് പോലും തങ്ങളാണെന്ന് അവകാശപ്പെട്ട പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള മത്സരിക്കുമെന്ന് കരുതുന്ന പത്തനംതിട്ടയെ ചൊല്ലിയാണ് മുഖ്യതർക്കം. ശ്രീധരൻ പിള്ളയെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പത്തനംതിട്ടയിലാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ നോട്ടം. തന്റെ മണ്ഡലം പത്തനംതിട്ടയാണെന്നും അവിടെ മത്സരിക്കാനാണ് താൽപര്യമെന്നും കണ്ണന്താനം തുറന്നടിച്ചുകഴിഞ്ഞു. മണ്ഡലത്തിന്റെ ഭാഗമായ സഭകളുമായും എൻഎസ്എസുമായും തനിക്ക് നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്ലെങ്കിൽ കോട്ടയവും തൃശൂരുമാണ് താൽപര്യം. കൊല്ലത്ത് തനിക്ക് ആരെയും പരിചയമില്ലെന്നും അതിലും ഭേദം തനിക്ക് മലപ്പുറത്ത് മത്സരിക്കുന്നതാണെന്നും കണ്ണന്താനം പറഞ്ഞു.

കെ.സുരേന്ദ്രനാകട്ടെ പത്തനംത്തിട്ടയോ തൃശൂരോ കിട്ടിയില്ലെങ്കിൽ മത്സരിക്കാനേയില്ലെന്ന നിലപാടിലാണ്. ആറ്റിങ്ങലിൽ മത്സരിക്കാനാണ് പാർട്ടി സുരേന്ദ്രനോട് ആവശ്യപ്പെടുന്നത്. എന്നാൽ, അവിടെ മത്സരിക്കാൻ അദ്ദേഹത്തിന് താൽപര്യമില്ല. തൃശൂർ ബിഡിജെഎസിന് നൽകിയതോടെ അവിടെ സുരേന്ദ്രനുള്ള സാധ്യത ഇല്ലാതായി. അതേസമയം, കുമ്മനം തിരുവനന്തപുരത്ത് എത്തിയതോടെ, മത്സരിക്കാൻ ഒരുങ്ങിയിരുന്ന ശ്രീധരൻ പിള്ളയ്ക്ക് അവസരം നഷ്ടമായി. ഇതോടെ, വോട്ടുകൂടുതൽ പെട്ടിയിൽ വീഴാൻ ഇടയുള്ള പത്തനംതിട്ടയായി ശ്രീധരൻ പിള്ളയുടെ താൽപര്യം. തൃശൂരിൽ മത്സരിക്കാൻ, തുഷാർ സന്നദ്ധത അറിയിച്ചുവെന്ന് ബിജെപി നേതാക്കൾ പറയുന്നു. തൃശൂർ കൂടാതെ വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂർ സീറ്റുകാണ് ബിഡിജെഎസിന് നീക്കി വച്ചിരിക്കുന്നത്.

കണ്ണന്താനത്തെ കൊല്ലത്ത് മത്സരിപ്പിക്കാമെന്നന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന് താൽപര്യമില്ല. എറണാകുളത്ത് കോൺഗ്രസ് വിട്ടെത്തിയ ടോം വടക്കനെയാണ് പരിഗണിക്കുന്നത്. ഏതായാലും സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ തമ്മിലടിക്കുന്നത് ബിജെപിയുടെ പ്രതിച്ഛായ ഇടിക്കുമെന്നാണ ആർഎസ്എസിന്റെ ആശങ്ക. ശബരിമല സമരമടക്കമുള്ള അനുകൂലഘടകങ്ങൾ ഉണ്ടായിട്ടും അത് മുതലാക്കാനാവുന്നില്ലെന്നാണ് ആർഎസ്എസിന്റെ വിമർശനം.

ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മരണത്തെ തുടർന്നുള്ള ദുഃഖാചരണം കണക്കിലെടുത്താണ് ഇന്നലെ പാർട്ടി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരാതിരുന്നത്. ഇന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടുമ്പോൾ കാര്യങ്ങൾക്ക് തീരുമാനമാകുമെന്നാണ് നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP