Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടുവള്ളി ഇരുമുന്നണികൾക്കും കീറാമുട്ടി; കൊഴിഞ്ഞുപോക്ക് തടയാൻ ലീഗിൽ തിരക്കിട്ട ശ്രമം; കാരാട്ട് റസാഖിന് പിന്തുണ കൊടുക്കുന്നതിൽ സിപിഎമ്മിൽ തർക്കം; വിനയായത് കള്ളക്കടത്ത് ബന്ധങ്ങൾ

കൊടുവള്ളി ഇരുമുന്നണികൾക്കും കീറാമുട്ടി; കൊഴിഞ്ഞുപോക്ക് തടയാൻ ലീഗിൽ തിരക്കിട്ട ശ്രമം; കാരാട്ട് റസാഖിന് പിന്തുണ കൊടുക്കുന്നതിൽ സിപിഎമ്മിൽ തർക്കം; വിനയായത് കള്ളക്കടത്ത് ബന്ധങ്ങൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: കൊടുവള്ളി നിമസഭാ മണ്ഡലത്തിൽ ഉരുത്തിരിഞ്ഞ വിമതകലാപം പരിഹരിക്കാനാവാതെ മുസ്ലിം ലീഗ് കുഴയുന്നു. പ്രവർത്തകരുടെ വികാരം മാനിക്കാതെ പി.കെ കുഞ്ഞാലിക്കുട്ടി എം എ റസാഖിന് ഏകപക്ഷീയമായി സീറ്റ് നൽകിയിൽ പ്രതിഷേധിച്ചാണ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് സ്ഥാനങ്ങൾ രാജിവച്ച് സ്വതന്ത്രനായി ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ ലീഗ് തിരക്കിട്ട ശ്രമത്തിലാണ്. ബുധനാഴ്ച വൈകീട്ട് കാരാട്ട് റസാഖിനോട് അനുഭാവമുള്ളവരുടെ യോഗം ചേരാൻ തീരുമാനിച്ചതിനെ തുടർന്നാണ് അണികളെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്.

ഇതിന്റെ മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് ലീഗ് നഗരസഭാ കൺവെൻഷൻ കമ്യൂണിറ്റി ഹാളിൽ ചേർന്നു. നഗരസഭാ പരിധിയിലെ ബൂത്ത്, ഡിവിഷൻ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തതായി പാർട്ടി ഭാരവാഹികൾ പറഞ്ഞു.കാരാട്ട് റസാഖിനൊപ്പം നിൽക്കുന്നവർ ആരെല്ലാമാണെന്ന് ഇതുവരെ ലീഗ് നേതൃത്വത്തിന് ഒരറിവും ലഭിച്ചിട്ടില്ല. പാർട്ടി വിട്ട് തന്നോടൊപ്പം പരസ്യമായി ആരും വരേണ്ടതില്ലെന്നും വോട്ടുചെയ്ത് സഹായിച്ചാൽ മതിയെന്നുമാണ് കാരാട്ട് റസാഖ് പറയുന്നത്. ജില്ലാസംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് വിയോജിപ്പുള്ള ലീഗ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചാണ് തന്റെ സ്ഥാനാർത്ഥിത്വമെന്നും കാരാട്ട് പറയുന്നു.മുസ്ലിം ലീഗിൽ കാരാട്ട് റസാഖ് പക്ഷക്കാർ ആറു പഞ്ചായത്തുകളിലും നഗരസഭയിലുമുണ്ടെന്നിരിക്കെ ഇവയൊക്കെ വോട്ടായി മാറുമോ എന്ന ഭയവും ലീഗ് നേതൃത്വത്തെ അസ്വസ്ഥരാക്കുന്നു. മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം.എ. റസാഖും കാരാട്ട് റസാഖും തിങ്കളാഴ്ചയും പ്രചാരണപരിപാടികളിൽ സജീവമായി. സോഷ്യൽ മീഡിയകൾ വഴിയാണ് പ്രചാരണം കൊഴുക്കുന്നത്.

കാരാട്ട് റസാഖ് കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി കാരാട്ട് റസാഖ്,പി ടി എ റഹീം എം എൽ എ, എളമരം കരീം എം എൽ എ, ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി. ഇതിന് പിന്നാലെ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ നേരിൽ കണ്ട് പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. പക്ഷേ ഇടതു പിന്തുണയെന്നത് റസാഖിന് അത്ര എളുപ്പത്തിൽ കിട്ടില്‌ളെന്നാണ് ഇപ്പോൾ അറിയുന്നത്. റസാഖിനെ പിന്തുണക്കുന്നതിനെ ചൊല്ലി കടുത്ത ഭിന്നതയാണ് സിപിഎമ്മിൽ നിലനിൽക്കുന്നത്. റസാഖിന്റെ പൂർവകാല കള്ളക്കടത്ത് ബന്ധങ്ങൾതന്നെയാണ് പാർട്ടിയിൽ കല്ലുകടിയാവുന്നത്. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ കുഴൽപ്പണ ഇടപാടുകളിലൂടെയാണ് റസാഖ് തന്റെ ബിസിനസ് സാമ്രാജ്യം വളർത്തിയതെന്നത് പരസ്യമായ രഹസ്യമാണ്.

നേരത്തെ പല സിപിഐ(എം) നേതാക്കളും ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിരുന്നു. സ്വർണംകുഴൽപ്പണം കള്ളക്കടത്തുമായി റസാഖിനെതിരെ പലകേസുകളും ഉണ്ടായിട്ടും ലീഗ് നേതൃത്വം ഇടപെട്ട് അത് ഒതുക്കുകയായിരുന്നെന്നാണ് സിപിഐ(എം) ഒരു കാലത്ത് ആരോപിച്ചിരുന്നത്. ഒരു ദശാബ്ദക്കാലത്തോളം കള്ളക്കടത്തിലും കുഴൽപ്പണ വ്യവസായത്തിലും സജീവമായിരുന്ന റസാഖ് ആവശ്യത്തിന് പണം സമ്പാദിച്ച ശേഷം മാന്യമായ മറ്റു ബസിനസുകളിലേക്കും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്കും കളം മാറുകയായിരുന്നു. പക്ഷേ ഒരു കള്ളക്കടത്തുകാരനാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയെന്ന് പ്രചാരണം വന്നാൽ അത് സംസ്ഥാനമൊട്ടാകെ തങ്ങളുടെ ഇമേജിനെ ബാധിക്കുമെന്നാണ് സിപിഐ(എം) ജില്ലാനേതാക്കളിൽ ഒരു വിഭാഗം കരുതുന്നുത്.

2006ൽ ലീഗിലെ പ്രശ്‌നങ്ങളെ തുടർന്ന് പി.ടി.എ റഹീം പുറത്തുവന്നപ്പോൾ ഇടതുമുന്നണ പിന്തുണ നൽകുകയും അദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു. റഹീമിനെ തഴയാൻ അന്ന് സീറ്റിങ് സീറ്റ് ലീഗ് കോൺഗ്രസിന് നൽകുകയായിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ മുരളീധരനെ തകർത്ത് രംഗത്തത്തെിയ റഹീമും അനുയായികളും കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് ലീഗിന് നൽകിയത്. ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളി പഞ്ചായത്തിൽവരെ റഹീമിന്റെ സഹായത്തോടെ എൽ ഡി എഫ് ഭരണം പിടിച്ചിരുന്നു. പക്ഷേ റഹീമിന് ഉള്ള ക്‌ളീൻ ഇമേജ് കാരാട്ട് റസാഖിന് ഇല്ലാത്തതാണ് എൽ.ഡി.എഫ് നേതാക്കളെ വലക്കുന്നത്.അതിനാൽ നിലവിലെ സാഹചര്യത്തിൽ കൊടുവള്ളിയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താനും സിപിഐ(എം) നീക്കം നടത്തുന്നുണ്ട്.

ലീഗ് മണ്ഡലം സെക്രട്ടറി, കൊടുവള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാരാട്ട് റസാഖ്. നടത്തിയിട്ടുള്ളത്. കാരാട്ട് റസാഖിന് സീറ്റ് നൽകണമെന്ന് പ്രാദേശിക തലത്തിൽ നിന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിലെ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുടെയും ജില്ലാ കമ്മിറ്റിയുടെയും പിന്തുണയുടെ കരുത്തിൽ സീറ്റ് എം എ റസാഖ് സ്വന്തമാാക്കുകയായിരുന്നു. വി എം ഉമ്മർ മാസ്റ്ററെയോ കാരാട്ട് റസാഖിനെയോ മത്സരിപ്പിക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ അഭ്യർത്ഥന തള്ളിക്കോണ്ടാണ് എം എ റസാഖിനെ സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്.

നിലവിൽ മുൻസിപ്പാലിറ്റിയായി മാറിയ കൊടുവള്ളിയിലെ മുൻ പഞ്ചായത്ത് ഭരണ സമിതിയുമായി കാരാട്ട് റസാഖിന് അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ കഴിഞ്ഞ തദ്ദശേ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അദ്ദഹേം പ്രചാരണ രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ പങ്കടെുത്ത തദ്ദശേ തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളിൽ പോലും അദ്ദേഹം പങ്കടെുത്തിരുന്നില്ല.തെരഞ്ഞെടുപ്പിൽ അതിന്റെ മാറ്റവും കണ്ടിരുന്നു. ഉറച്ച കോട്ടയെന്ന് കരുതിയ കൊടുവള്ളി നഗരസഭയിൽ കഷ്ടിച്ചാണ് യു.ഡി.എഫ് കേവല ഭൂരിപക്ഷത്തിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP