Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂർ, വടകര, കാസർകോട് എന്നിവിടങ്ങളിൽ ഇടതു വിജയം; കൊല്ലം, മലപ്പുറം, വയനാട് എന്നീ സീറ്റുകൾ യുഡിഎഫിനും; ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന 12ൽ ആറും ഇടത്തോട്ട്; ബിജെപി സാധ്യത തിരുവനന്തപുരത്ത് മാത്രം; ലോക്‌സഭയിൽ കേരളത്തിന് ചുവപ്പു നിറമായിരിക്കുമെന്ന് സമകാലിക മലയാളം സർവ്വേ; വടകരയിൽ കെ മുരളീധരൻ ഉൾപ്പെടെ എംഎൽഎമാരെല്ലാം പിന്നിലെന്നും പ്രവചനം; ആഘോഷമാക്കി വാർത്ത ഷെയർ ചെയ്ത് സൈബർ സഖാക്കളും

ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂർ, വടകര, കാസർകോട് എന്നിവിടങ്ങളിൽ ഇടതു വിജയം; കൊല്ലം, മലപ്പുറം, വയനാട് എന്നീ സീറ്റുകൾ യുഡിഎഫിനും; ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന 12ൽ ആറും ഇടത്തോട്ട്; ബിജെപി സാധ്യത തിരുവനന്തപുരത്ത് മാത്രം; ലോക്‌സഭയിൽ കേരളത്തിന് ചുവപ്പു നിറമായിരിക്കുമെന്ന് സമകാലിക മലയാളം സർവ്വേ; വടകരയിൽ കെ മുരളീധരൻ ഉൾപ്പെടെ എംഎൽഎമാരെല്ലാം പിന്നിലെന്നും പ്രവചനം; ആഘോഷമാക്കി വാർത്ത ഷെയർ ചെയ്ത് സൈബർ സഖാക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ഇരുപത് മണ്ഡലങ്ങളിലും ഒന്നിച്ചു വോട്ടെടുപ്പു നടക്കുന്ന കേരളത്തിൽ ഇടതുമുന്നണി മുന്നിൽ എന്ന സൂചനകൾ പ്രകടമെന്ന് സമകാലിക മലയാളം വാരിക. സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് തുടക്കം മുതൽ എൽഡിഎഫ് മുൻതൂക്കം നേടിയിരുന്നു. അതിൽ നിന്നു പിന്നോട്ടു പോകാതിരിക്കാൻ ഓരോ ഘട്ടത്തിലും ശ്രദ്ധിച്ചതിന്റെ ഫലം കൂടിയാണിതെന്നാണ് സമകാലിക മലയാളത്തിന്റെ വിലയിരുത്തൽ. പി എസ് റംഷാദ് എഴുതിയ കേരളം ഇടത്തേക്ക് എന്ന ലേഖനം ഷെയർ ചെയ്യുകയാണ് ഇടത് പ്രവർത്തകർ. രാഹുൽ തരംഗം കേരളത്തിൽ ഉണ്ടാകില്ലെന്ന സൂചനയാണ് ഈ വിശകലനത്തിലുള്ളത്.

മുഴുവൻ മണ്ഡലങ്ങളിലും സഞ്ചരിച്ച് വോട്ടർമാരുമായും വിവിധ പാർട്ടി പ്രവർത്തകരുമായും തെരഞ്ഞെടുപ്പു റിപ്പോർട്ടിങ്ങിൽ സജീവമായി നിൽക്കുന്ന മാധ്യമ പ്രവർത്തകരുമായും സംസാരിച്ചു തയാറാക്കിയ വിലയിരുത്തലാണ് റംഷാദ് തയ്യാറാക്കിയതെന്ന് സമകാലിക മലയാളം വിശദീകരിക്കുന്നുണ്ട്. പ്രചാരണ രംഗത്തെ പ്രവണതകളും മാറിമാറി വരുന്ന വിഷയങ്ങളുടെ സ്വാധീനവും സൂക്ഷ്്മ വിശകലനം ചെയ്തുവെന്നും അവകാശപ്പെടുന്നു,. ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂർ, വടകര, കാസർകോട് എന്നീ അഞ്ചു മണ്ഡലങ്ങളിലാണ് വ്യക്തമായ ഇടതു മുൻതൂക്കം. കൊല്ലം, മലപ്പുറം, വയനാട് എന്നീ മൂന്നു മണ്ഡലങ്ങളിൽ യുഡിഎഫിനാണ് മേൽക്കൈ. ഇവിടങ്ങളിലെല്ലാം അങ്ങേയറ്റം വാശിയേറിയ പോരാട്ടമാണെങ്കിലും ബാക്കി പന്ത്രണ്ടു മണ്ഡലങ്ങളിലാണ് ഒരു മുന്നണിക്കും പിടികൊടുക്കാത്ത ഇഞ്ചോടിഞ്ച് മൽസരമാണ് നടക്കുന്നതെന്ന് സമകാലിക മലയാളം പറയുന്നു.

തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂർ, കോഴിക്കോട്, പൊന്നാനി, കണ്ണൂർ എന്നിവയാണ് ആ മണ്ഡലങ്ങൾ. ഇതിൽ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രതീക്ഷ വളരെ വലുതാണ്. ഇവിടെ മാത്രമാണ് അവർ ആത്മവിശ്വാസത്തോടെ ജയം അവകാശപ്പെടുന്നത്. എന്നാൽ സീറ്റ് നിലനിർത്തുക തന്നെ ചെയ്യുമെന്നു കോൺഗ്രസ് ഉറപ്പ് പറയുന്നു. അതേ ഉറപ്പിൽ ഇടതുകേന്ദ്രങ്ങൾ സി ദിവാകരന്റെ വിജയത്തേക്കുറിച്ചു സംസാരിക്കുന്നുമില്ല. തരൂർ അല്ലെങ്കിൽ കുമ്മനം എന്നതാണു സ്ഥിതി. ഈ പന്ത്രണ്ടിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, കോഴിക്കോട് മണ്ഡലങ്ങൾക്ക് നേരിയ ചായ് വ് ഇടത്തേക്കാണ്.

തിരുവനന്തപുരത്തിനു പുറമേ മാവേലിക്കര, എറണാകുളം, തൃശൂർ, പൊന്നാനി, കണ്ണൂർ എന്നിവയാണ് ഇതേവിധം നേരിയ യുഡിഎഫ് ചായവ് പ്രകടമാകുന്ന മണ്ഡലങ്ങൾ. അങ്ങനെ വന്നാൽ എൽഡിഎഫിനു പതിനൊന്നും യുഡിഎഫിന് ഒമ്പതും സീറ്റുകളാണ് ലഭിക്കുക. തിരുവനന്തപുരത്ത് ബിജെപി അട്ടിമറി വിജയം നേടിയാൽ യുഡിഎഫിന്റെ ഒമ്പത് എട്ടായി കുറയുകയും ചെയ്യും.

വ്യക്തമായ ഇടതുമുന്നേറ്റമുള്ള മണ്ഡലങ്ങളിൽ ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂർ, കാസർകോട് എന്നിവ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളാണ്. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ച വടകരയിൽ സിപിഎമ്മിന്റെ പി ജയരാജനും കോൺഗ്രസിന്റെ കെ മുരളീധരനുമാണ് പൊരുതുന്നത്. ജയരാജന്റെ ജയം ഉറപ്പാക്കാൻ സിപിഎമ്മിന്റെ കണ്ണൂരിലെ സംഘടനാ സംവിധാനം ഒന്നടങ്കം ഇറങ്ങിയതുകൂടിയാണ് കണ്ണൂർ മണ്ഡലത്തിൽ പി കെ ശ്രീമതിയുടെ സാധ്യത മങ്ങാൻ ഇടയാക്കുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി കെ സുധാകരനാണ്.

ത്രികോണ മൽസരം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ ഒന്ന് (പാലക്കാട്) മാത്രമാണ് ഉറച്ച ഇടതു സീറ്റുകളുടെ കൂട്ടത്തിലുള്ളത് എന്നതും ഒന്നു മാത്രമേ യുഡിഎഫ് പ്രതീക്ഷാപട്ടികയിലും (തിരുവനന്തപുരം) ഉള്ളു എന്നതും ശ്രദ്ധേയം. ബാക്കി നാലും (പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ) പ്രവചനാതീത മണ്ഡലങ്ങളുടെ നിരയിൽ. ത്രികോണ മൽസരങ്ങളിൽ കോട്ടയം ഇടതുസാധ്യതാ പട്ടികയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പ്രവചനാതീത മണ്ഡലങ്ങളുടെ പട്ടികയിലേക്ക് മാറുകയാണുണ്ടായത്. കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ നിര്യാണമാണ് കാരണം.

സമകാലിക മലയളത്തിന്റെ മറ്റ് വിശകലനങ്ങൾ ഇങ്ങനെ

എംഎൽഎമാർ എംഎൽഎമാരായി തുടരും?

രണ്ട് മുന്നണികളിലുമായി മൽസരിക്കുന്ന ഒമ്പത് സിറ്റിങ് എംൽഎമാരിൽ ഉറച്ച വിജയസാധ്യത ഒരാൾക്കുമില്ല എന്നാണ് വിലയിരുത്തൽ. സി ദിവാകരൻ ( സിപിഐ-തിരുവനന്തപുരം), അടൂർ പ്രകാശ് ( കോൺഗ്രസ് - ആറ്റിങ്ങൽ), വീണാ ജോർജ്ജ് ( സിപിഎം- പത്തനംതിട്ട), ചിറ്റയം ഗോപകുമാർ ( സിപിഐ- മാവേലിക്കര), എ എം ആരിഫ് ( സിപിഎം- ആലപ്പുഴ), ഹൈബി ഈഡൻ ( കോൺഗ്രസ്- എറണാകുളം), എ പ്രദീപ് കുമാർ (സിപിഎം- കോഴിക്കോട്), കെ മുരളീധരൻ ( കോൺഗ്രസ്- വടകര), പി വി അൻവർ ( സിപിഎം- പൊന്നാനി) എന്നിവരാണ് മൽസര രംഗത്തുള്ള എംഎൽഎമാർ.

വനിതകളിൽ ഉറപ്പ് ഒരാൾക്കുമില്ല

മൂന്ന് മുന്നണികളിലുമായി മൽസരിക്കുന്ന ആറ് വനിതാ സ്ഥാനാർത്ഥികളിൽ ഉറച്ച വിജയസാധ്യതാ പട്ടികയിൽ ഒരാളുമില്ല, പി കെ ശ്രീമതി (സിപിഎം- കണ്ണൂർ ) മാത്രമാണ് നിലവിൽ കേരളത്തിൽ നിന്നുള്ള ഏക വനിതാ എംപി. ശ്രീമതി കെ സുധാകരനുമായും വീണാ ജോർജ്ജ് പത്തനംതിട്ടയിൽ ആന്റോ ആന്റണിയുമായും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിൽ എ എം ആരിഫുമായും രമ്യാ ഹരിദാസ് ആലത്തൂരിൽ പി കെ ബിജുവുമായും മികച്ച പോരാട്ടത്തിൽത്തന്നെ. എതിർ സ്ഥാനാർത്ഥികളെ നിലംതൊടീക്കാത്ത മൽസരം. ബിജെപി സ്ഥാനാർത്ഥികളായ ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലും വി ടി രമ പൊന്നാനിയിലും ശക്തമായ മൽസരത്തിലുണ്ട്. പക്ഷേ, ത്രികോണ മൽസരമുണ്ടാക്കുന്ന സാന്നിധ്യമാകാൻ ഇരുവർക്കും കഴിയുന്നില്ല.

ജനം എങ്ങനെ ചിന്തിക്കുന്നു?

കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും വരരുത് എന്ന് ചിന്തിക്കുന്നവരാണ് കേരളത്തിൽ അധികവും. പകരം വരുന്ന സർക്കാർ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ. അതേസമയം, ജനവിരുദ്ധ നയങ്ങൾക്കെതിരേ തിരുത്തൽ ശക്തിയായി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും ആശയപരവുമായ സാന്നിധ്യം ഉണ്ടാകണം എന്നും വലിയൊരു വിഭാഗം ചിന്തിക്കുന്നു. കേരളം മാത്രമാണ് ഇപ്പോൾ ഇടതുപക്ഷത്തിനു കൂടുതൽ സീറ്റുകൾ നൽകാൻ ശേഷിയുള്ള സംസ്ഥാനം എന്നും അവർ മനസ്സിലാക്കുന്നു. ഇതാണ് കൂടുതൽ മണ്ഡലങ്ങളെ പ്രവചനാതീതമാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. നിശ്ശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ ഈ മണ്ഡലങ്ങളിലെ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും തീരുമാനമെടുക്കും.

അവസാന മണിക്കൂറുകളെ സ്വാധീനിക്കുന്ന ചില കാര്യങ്ങൾ

- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ടാം ഘട്ട സന്ദർശനം.
- തലസ്ഥാനത്തെ തീരമേഖലയിൽ എ കെ ആന്റണിയുടെ റോഡ് ഷോ.
- തിരുവനന്തപുരത്ത് ശബരിമല കർമസമിതിയും വി എസ് ഡി പിയും ബിജെപിക്കു വേണ്ടി നടത്തുന്ന നിശ്ശബ്ദ പ്രചാരണം
- മുസ്ലിം മേഖലകളിൽ വെൽഫെയർ പാർട്ടി നടത്തുന്ന യുഡിഎഫ് അനുകൂല പ്രചാരണം.
- എൻഡിഎയ്ക്ക് ജയസാധ്യത ഇല്ലെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ സംഘപരിവാർ വോട്ടുകളുടെ കാര്യത്തിൽ എടുക്കുന്ന തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP