Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുലിന് പ്രിയങ്കയെന്നപോലെ ജഗന് വേണ്ടി ആന്ധ്രയെ ഇളക്കിമറിച്ച് ഷർമിള; വൈഎസ്ആറിന്റെ മകൾ സാരഥിയാകുന്നതോടെ വൈഎസ്ആർ കോൺഗ്രസിനെ ഏറ്റെടുത്ത് നാട്ടുകാർ; പ്രിയങ്കയുടെ കാര്യത്തിലെന്നപോലെ പിതാവിനെ അകാലത്തിൽ നഷ്ടപ്പെട്ട ഷർമിള പാർട്ടിയെ നയിക്കുന്നത് മത്സരരംഗത്തുനിന്ന് വിട്ടുനിന്നുകൊണ്ട്; അമ്മ വിജയമ്മയും മകൾക്കൊപ്പം പ്രചരണത്തിനായി കളത്തിൽ

രാഹുലിന് പ്രിയങ്കയെന്നപോലെ ജഗന് വേണ്ടി ആന്ധ്രയെ ഇളക്കിമറിച്ച് ഷർമിള; വൈഎസ്ആറിന്റെ മകൾ സാരഥിയാകുന്നതോടെ വൈഎസ്ആർ കോൺഗ്രസിനെ ഏറ്റെടുത്ത് നാട്ടുകാർ; പ്രിയങ്കയുടെ കാര്യത്തിലെന്നപോലെ പിതാവിനെ അകാലത്തിൽ നഷ്ടപ്പെട്ട ഷർമിള പാർട്ടിയെ നയിക്കുന്നത് മത്സരരംഗത്തുനിന്ന് വിട്ടുനിന്നുകൊണ്ട്; അമ്മ വിജയമ്മയും മകൾക്കൊപ്പം പ്രചരണത്തിനായി കളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: ദേശീയരാഷ്ട്രീയത്തിൽ ഏറ്റവും ചർച്ചയാകുന്ന ഊഷ്മള ബന്ധമാണ് രാഹുലിന്റെയും പ്രിയങ്കയുടേയും. സഹോദരന് വേണ്ടി തിരഞ്ഞെടുപ്പ് വേദികളിൽ നിറഞ്ഞുനിൽക്കുകയും ശക്തമായ വാക്കുകളിലൂടെ എതിരാളികളെ വിമർശിക്കുകയും ചെയ്യുന്ന പ്രിയങ്ക ഇപ്പോൾ കോൺഗ്രസിന്റെ പ്രിയങ്കരിയായിക്കഴിഞ്ഞു.

ഈയിടെ വയനാട്ടിൽ രാഹുൽ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ കൂടെ പ്രിയങ്കയും എത്തിയതോടെ അവരെ ഒരുനോക്ക് നേരിൽക്കാണാൻ ആയിരങ്ങളാണ് വയനാട്ടിലേക്ക് മറ്റു ജില്ലകളിൽ നിന്നുപോലും ഒഴുകിയെത്തിയത്. സഹോദരന് വേണ്ടി പ്രിയങ്ക അമേഠിയും പ്രചരണത്തിനുണ്ട്. ഇതെല്ലാം മാധ്യമങ്ങളിൽ വലിയ ചർച്ചയുമാകുന്നു.

സമാന രീതിയിൽ ആന്ധ്രയിലുമുണ്ട് ഈ തിരഞ്ഞെടുപ്പു വേളയിൽ ഒരു സഹോദര-സഹോദരി ബന്ധം. വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻ മോഹന്റെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസാണ് ഇക്കുറി ആന്ധ്ര കീഴടക്കാൻ പോരാട്ടത്തിന് ശക്തമായി മുൻനിരയിൽ തന്നെ ഉള്ളത്.

ജഗന്റെ സഹോദരിയും വൈഎസ്ആറിന്റെ മകളുമായ ഷർമിളയാണ് ഇവിടെ പ്രിയങ്കയുടെ സ്ഥാനത്ത് സഹോദരന്റെ തിരഞ്ഞെടുപ്പ് പടയോട്ടത്തിന്റെ സാരഥി. അന്തരിച്ച മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും ജഗൻ മോഹൻ റെഡ്ഡിയുടെ അനുജത്തിയുമായ വൈ.എസ്.ഷർമിള ആന്ധ്രയെ ഇളക്കിമറിച്ചുള്ള പ്രചരണത്തിലാണ് ഇപ്പോൾ.

പ്രിയങ്കയ്ക്കും ഷർമിളയ്ക്കും ഏറെ സമാനതകളുമുണ്ട്. ഇരുവരുടെയും പിതാക്കന്മാർ അകാലത്തിൽ മരിച്ചു. രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇയുടെ ചാവേറാക്രമണത്തിൽ ആണ് കൊല്ലപ്പെട്ടതെങ്കിൽ ഒരു ഹെലികോപ്റ്റർ അപകടത്തിലാണ് രാജശേഖര റെഡ്ഡിയുടെ മരണം. പ്രിയങ്കയെ പോലെ തന്നെ ഷർമിളയുടെയും സഹോദരൻ തന്നെയാണ് പാർട്ടിയെ നയിക്കുന്നത്.

രാജ്യത്തു നെഹ്‌റു കുടുംബത്തിനു ലഭിക്കുന്ന സ്‌നേഹം ആന്ധ്രയിൽ രാജശേഖര റെഡ്ഡിയുടെ കുടംബത്തിനും ഒരു പരിധി വരെ അവകാശപ്പെടാം. അത്രയ്ക്കും ജനങ്ങൾ മനസ്സിലേറ്റിയ പാർട്ടിയാണ്. കോൺഗ്രസ് നേതാവായിരുന്നു റെഡ്ഡി. എന്നാൽ പിന്നീട് ഇവരുടെ വിഭാഗത്തെ കോൺഗ്രസ് തള്ളിപ്പറഞ്ഞപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് എന്ന പാർട്ടി പിറന്നത്. ഇതോടെ കോൺഗ്രസ് ആന്ധ്രയിൽ നിന്ന് ഔട്ടാകുകയും ചെയ്തു.

നിലവിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഏതു സീറ്റിൽനിന്നു വേണമെങ്കിലും ഷർമിളയ്ക്കു മത്സരിക്കാം. എന്നാൽ പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ദൗത്യമേറ്റെടുത്ത് ഷർമിള തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മാറി നിൽക്കുകയാണ്. വെഎസ്ആർ കോൺഗ്രസിൽ ജഗന്മോഹൻ കഴിഞ്ഞാൽ ജനപ്രിയ നേതാവ് ഷർമിളയാണ്. ജഗന്മോഹൻ സിബിഐ കേസിൽപ്പെട്ടു ജയിലിൽ കിടന്നപ്പോൾ പാർട്ടിയെ നയിച്ചത് ഷർമിളയും അമ്മ വിജയമ്മയും ചേർന്നാണ്.

ജഗന്റെ 3600 കിലോമീറ്റർ പദയാത്രയിൽ സജീവമായുണ്ടായിരുന്ന ഷർമിള ഇക്കുറി ആന്ധ്രയിലൂടെ ബസ് യാത്രയിലാണ്. മിക്കയിടത്തും വലിയ ആൾക്കൂട്ടം 'ഞാൻ രാജണ്ണയുടെ മകൾ. ജഗനണ്ണയുടെ സഹോദരി. രാജണ്ണയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ജഗനണ്ണയുടെ ഭരണം വരണം' പ്രസംഗത്തിലൂടെ ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന് വോട്ടുചോദിക്കുകയാണ് ഷർമിള. പ്രചാരണത്തിനായി പ്രത്യേകം തയാറാക്കിയ വലിയ ബസിലാണ് ആന്ധ്ര പര്യടനം.

എപ്പോഴും മാറുന്ന വാക്ക്, എപ്പോഴും മാറുന്ന വേഷം. അതാണ് ചന്ദ്രബാബു നായിഡു. ബാബു വന്നാൽ ജോബ് വരുമെന്നു ടിഡിപി പറയുന്നു.. പറയൂ.. ആർക്കെങ്കിലും ജോലി കിട്ടിയോ? എൻടി രാമറാവു സ്വ്ക്വയറിൽ ബസിനുമുകളിൽ കയറിനിന്ന് ഷർമിള കത്തിക്കയറുന്നു. ഷർമിള ആന്ധ്ര മുഴുവൻ പര്യടനം നടത്തുമ്പോൾ പുലിവെന്തുലയിൽ കാര്യങ്ങൾ നോക്കുന്നത് അമ്മ വിജയമ്മയും ജഗന്റെ ഭാര്യ ഭാരതി റെഡ്ഡിയുമാണ്. ഷർമിളയുടെ ഭർത്താവ് എം.അനിൽകുമാർ ആന്ധ്രയിൽ അറിയപ്പെടുന്ന ബൈബിൾ പ്രഭാഷകനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP