Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിൽ മത്സരിക്കാൻ തൃണമൂൽ കോൺഗ്രസും; ജയിച്ചില്ലെങ്കിലും ജയിക്കുന്നവരെ പലരെയും തോൽപിക്കുമെന്ന് അവകാശം; ചെങ്ങന്നൂരിൽ സ്ഥാനാർത്ഥി ശോഭനാ ജോർജ്; പ്രഖ്യാപിക്കാൻ സാക്ഷാൽ മമത എത്തിയേക്കും

കേരളത്തിൽ മത്സരിക്കാൻ തൃണമൂൽ കോൺഗ്രസും; ജയിച്ചില്ലെങ്കിലും ജയിക്കുന്നവരെ പലരെയും തോൽപിക്കുമെന്ന് അവകാശം; ചെങ്ങന്നൂരിൽ സ്ഥാനാർത്ഥി ശോഭനാ ജോർജ്; പ്രഖ്യാപിക്കാൻ സാക്ഷാൽ മമത എത്തിയേക്കും

കൊച്ചി : ചെങ്ങന്നൂരിൽ ശോഭന ജോർജിനെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ മമത ബാനർജിയെത്തും. കോൺഗ്രസിലെ അസഹിഷ്ണുതയേറ്റ് കുഴഞ്ഞ ശോഭന എങ്ങടവുമില്ലാത്ത സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസ് സഹായഹസ്തം നീട്ടിയത്.

ഇരുമുന്നണികളിലും സീറ്റിനായി പോയെങ്കിലും ശോഭനയെ ആരും ഏറ്റെടുത്തില്ലെന്ന് മാത്രമല്ല ദയനീയമായി തള്ളിക്കളയുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് സംസ്ഥന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂരാണ് ശോഭനയെ സ്ഥാനാർത്ഥിയാക്കുന്ന വിവരം പുറത്തുപറഞ്ഞത്. എന്നാൽ സംശയം പ്രകടിപ്പിച്ച മാദ്ധ്യമ പ്രവർത്തകരോട് ശോഭനയെ സ്ഥാനാർത്ഥിയാക്കിയശേഷം മാദ്ധ്യമ പ്രവർത്തകർക്കുമുന്നിൽ എത്തിക്കുമെന്ന് ഉറപ്പ് പറയുകയും ചെയ്തു. ഏറ്റവും ഒടുവിൽ കോൺഗ്രസ് പാളയം വിട്ട് ബംഗാളിൽ സി പി എം തറവാട് പൊളിച്ചടുക്കിയ മമത ബാനർജി താരപരിവേഷം ചാർത്തിയാണ് കോൺഗ്രസ് - സി പി എം സ്ഥാനാർത്ഥിക്കെതിരെ ശോഭനയെ കൊണ്ടുവരാൻ തൃണമൂൽ തയ്യാറെടുക്കുന്നത്.

അതേസമയം സംസ്ഥാനത്തെ ഒരു സീറ്റിലും ജയിക്കാൻ കഴിയുമെന്ന് തൃണമൂൽ വീരവാദം നടത്തുന്നില്ല. പക്ഷെ പല സീറ്റിലും തോൽപ്പിക്കാൻ കുഴിയുമെന്ന വാദമാണ് തൃണമൂൽ കോൺഗ്രസിന്. .അഞ്ചു ലക്ഷം മെമ്പർഷിപ്പുള്ള പാർട്ടിക്ക് താരതമ്യേന ഒരു മണ്ഡലത്തിൽ 5000 വോട്ടുകൾ പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെവന്നാൽ പലയിടങ്ങളിലും പലർക്കും തോൽവി സമ്മാനിക്കാൻ കഴിയും.

മാത്രമല്ല കോൺഗ്രസിന് സമാനമായ കൊടി. അതേ നിറം. ഒരേ അജണ്ട.നേതാവാകട്ടെ കോൺഗ്രസ് ഗ്‌ളാമറിൽ രാജ്യത്ത് ഏറ്റവും അധികം ശ്രദ്ധപിടിച്ചു പറ്റിയ വനിത. തൃണമൂൽ കോൺഗ്രസിന് ഇത്രയും മതി തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ. കാരണം കോൺഗ്രസ് ആണെന്ന് തെറ്റിദ്ധരിച്ച് ജനങ്ങൾ വോട്ടുചെയ്യുമെന്നാണ് തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂരിന്റെ കണ്ടെത്തൽ.

തെരഞ്ഞെടുപ്പിൽ അപരന്മാർ വോട്ടു തട്ടുന്നതുപോലെ ചുളുവിൽ വോട്ടുനേടാനാണ് തൃണമൂലിന്റെ പരിപാടി. അല്ലാതെ സംസ്ഥാനത്തെ ഒരു സീറ്റിലും ജയിക്കുമെന്ന് അവകാശവാദം തൃണമൂൽ കോൺഗ്രസ് ഉന്നയിക്കില്ലെന്നും മനോജ് പറയുന്നു. എന്നാൽ കോൺഗ്രസിന്റെ മറപറ്റി വോട്ടു പിടിച്ചാൽ നാമമാത്ര വോട്ടുകൾ നേടി നേരത്തെ വിജയിച്ച പല വമ്പന്മാരും തോൽക്കുമെന്നാണ് തൃണമൂൽ കരുതുന്നത്. ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് വി എം സുധീരൻ തോറ്റത് 1100 വോട്ടുകൾക്കാണ്. എന്നാൽ അപരനായ വി എസ് സുധീരൻ പിടിച്ചെടുത്തത് 8900 വോട്ടുകളും. കരുത്തനായ സുധീരന് അടിതെറ്റിയെങ്കിൽ പിന്നെ അപരറോളിൽ സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിലും സ്ഥാനാർത്ഥികളെ നിർത്തുന്ന പാർട്ടിക്ക് പലരെയും തോൽപ്പിക്കാൻ കഴിയുമെന്നാണ് മനോജ് പറയുന്നത്.

മൽസരത്തിന്റെ ഭാഗമായി പാർട്ടിയുടെ 70 പേരടങ്ങുന്ന ആദ്യവട്ട സ്ഥാനാർത്ഥി പട്ടിക മനോജ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. രണ്ടാംവട്ട ലിസ്റ്റ് രംഗം കൊഴുപ്പിക്കാൻ സംസ്ഥാനത്ത് എത്തുന്ന സാക്ഷാൽ മമത ബാനർജി പ്രഖ്യാപിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും മനോജ് മൽസരരംഗത്തില്ല. മറ്റ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കാനുള്ളതുകൊണ്ടുതന്നെ മൽസര രംഗത്തുനിന്നും മാറുന്നതായും മനോജ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ അഞ്ചു മണ്ഡലങ്ങിൽ തൃണമൂലിന് നല്ല വേരാട്ടമാണുള്ളത്. അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് ജില്ലയിൽ രൂപീകരിച്ചിട്ടുള്ള തൊഴിലാളി യൂണിയനിൽ ഇപ്പോൾ നാട്ടുകാരും അംഗത്വം എടുത്തിട്ടുണ്ട്. ഇവരിൽ നല്ലൊരു ഭാഗവും എറണാകുളം ജില്ലയിലാണ് ഉള്ളത്. മനോജിന്റെ ഉടക്കുവിദ്യ ഫലിച്ചാൽ പെരുമ്പാവൂരിലും അങ്കമാലിയിലും ആലുവയിലും തൃണമൂലിന് സ്വാധീനം ചെലുത്താൻ കഴിയും. പക്ഷെ കേരളത്തിൽ മമത എത്തുന്നത് കോൺഗ്രസിനെ എതിർക്കാനോ അതോ ആജീവനാന്ത ശത്രുവായ സി പി എമ്മിന്റെ മുഖം പൊളിക്കാനോയെന്ന് നേതാക്കൾക്ക് ഇപ്പോഴും അറിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP