Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ അവസാന ഘട്ടത്തിലേക്ക്; നാളെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 44ഉം ബിജെപിയുടെ സിറ്റിങ് സീറ്റുകൾ; ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുമ്പോൾ നിലനിൽപ്പിനായി പോരാടി തൃണമൂലും ആം ആദ്മിയും; പ്രചരണത്തിൽ കത്തിനിന്നത് ദീദിയും മോദിയും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ അവസാന ഘട്ടത്തിലേക്ക്; നാളെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 44ഉം ബിജെപിയുടെ സിറ്റിങ് സീറ്റുകൾ; ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുമ്പോൾ നിലനിൽപ്പിനായി പോരാടി തൃണമൂലും ആം ആദ്മിയും; പ്രചരണത്തിൽ കത്തിനിന്നത് ദീദിയും മോദിയും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അടുത്ത അഞ്ചു വർഷത്തെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന പ്രക്രിയ അവസാന ഘട്ടത്തിലേക്ക്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിന് നാളെ രാജ്യം വേദിയാകും. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആറാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിലെയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 483 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയാകും.

ബീഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ 8 വീതം മണ്ഡലങ്ങൾ. ഹരിയാന 10, ഡൽഹി 7, ഉത്തർപ്രദേശ് 14, ജാർഖണ്ട് 4 എന്നിവിടങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിൽ റീപോളിംഗും നടക്കുന്നുണ്ട്. 979 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

കേന്ദ്രമന്ത്രി മനേക ഗാന്ധി, എസ്‌പി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്, ബിജെപിയുടെ പ്രഗ്യ സിങ് ഠാക്കൂർ, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ എന്നിവരാണ് നാളെ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ. പ്രജ്ഞാ സിങ് ഠാക്കൂറും ദിഗ്‌വിജയ് സിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാൽ, മനേക ഗാന്ധി ജനവിധി തേടുന്ന സുൽത്താൻപുർ, ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ് മൽസരിക്കുന്ന ധൻബാദ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായ ഗുണ, മുൻക്രിക്കറ്റ് താരം ഗൗതം ഗംഭീറും ആംആദ്മി പാർട്ടിയുടെ അതിഷിയും കോൺഗ്രസ് ഡൽഹി മുൻ അധ്യക്ഷൻ അർവിന്ദർ സിങ് ലൗലിയും ഏറ്റുമുട്ടുന്ന ഈസ്റ്റ് ഡൽഹി എന്നിവ ശ്രദ്ധേയ മണ്ഡലങ്ങളാണ്.


കൂടുതലും ബിജെപിയുടെ സിറ്റിങ് സീറ്റുകൾ

ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്ക് നിർണ്ണായകമാണ് ആറാം ഘട്ട വോട്ടെടുപ്പ്. ഹിന്ദി ഹൃദയഭൂമിയിലെ മണ്ഡലങ്ങളിൽ ബിജെപി-കോൺഗ്രസ് നേർക്ക് നേർ പോരാട്ടമാണ് നടക്കുന്നത്. നാളെ വോട്ടെടുപ്പ് നടക്കുന്ന
59 സീറ്റുകളിൽ 44 സീറ്റിലും 2014ൽ വിജയിച്ചത് ബിജെപിയായിരുന്നു. കേവലം രണ്ടു സീറ്റുകൾ മാത്രമാണ് അന്ന് കോൺഗ്രസിന് വിജയിക്കാനായത്. ഗുണയിലും, റോഹ്തക്കിലും മാത്രമായി കോൺഗ്രസ് ഒതുങ്ങിയിരുന്നു. യുപിയിൽ 2009ൽ ജയിച്ച നാലു മണ്ഡലങ്ങൾ തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് പോരാട്ടം. എഎപി-കോൺഗ്രസ്-ബിജെപി ത്രികോണ മത്സരത്തിനാകും തലസ്ഥാന നഗരമായ ഡൽഹി വേദിയാവുക.

മോദി തരംഗം ആഞ്ഞടിച്ച 2014ൽ 59ൽ 44 സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു.തൃണമൂൽ കോൺഗ്രസ് എട്ടും കോൺഗ്രസ് രണ്ടും എൽജെപി, അപ്‌നാ ദൾ, എസ്‌പി എന്നിവർ ഓരോ സീറ്റും ഐഎൻഎൽഡി ഒരു സീറ്റും നേടിയിരുന്നു. എൻഡിഎ 46, യുപിഎ- 2, മറ്റുള്ളവർ-11 എന്‌നിങ്ങനെയായിരുന്നു കക്ഷിനില.

യുപിയിലെ 14ൽ 12 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. ഒരിടത്ത് സഖ്യകക്ഷിയായ അപ്‌നാദൾ വിജയം കണ്ടു. യുപിയിലെ പരമ്പരാഗത വൈരികളും പരസ്പരം മത്സരിച്ചിരുന്നവരുമായ സമാജ് വാദി പാർട്ടിയും ബഹുജൻ സമാദ് വാദി പാർട്ടിയും സഖ്യം രൂപീകരിച്ചതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. യുപിയിലെ ശക്തി കേന്ദ്രങ്ങളിൽ ബിജെപിക്ക് മഹാസഖ്യം കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഹരിയാനയിലെ 10ൽ ബിജെപി 7, നാഷണൽ ലോക്ദൾ രണ്ട്, കോൺഗ്രസ് ഒന്ന് എന്നിങ്ങനെയാണ് കഴിഞ്ഞ തവണത്തെ സ്‌കോർ. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം ഹരിയാനയിൽ ബിജെപിക്ക് മറികടക്കാനാകുമോ എന്നതും ഇത്തവണത്തെ വിജയത്തിനെ സ്വാധീനിക്കും. ഡൽഹിയിലെ ഏഴു സീറ്റുകളും ബിജെപി 2014ൽ തൂത്തുവാരിയെങ്കിൽ ഇത്തവണ ശക്തമായ ത്രികോണ മൽസരമാണ് നടക്കുന്നത്. ബംഗാളിൽ തൃണമൂലിന്റെ കോട്ടകൾ വിറപ്പിക്കുകയാണ് ബിജെപി. വലിയ മുന്നേറ്റം ഇവിടെ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.


മമതയും മോദിയും ഏറ്റുമുട്ടിയ പ്രചരണം


പ്രധാനമായും പശ്ചിമബംഗാൾ കേന്ദ്രീകരിച്ചായിരുന്നു ആറാം ഘട്ട പ്രചരണം കത്തിനിന്നത്. ഫോനി ചുഴലിക്കാറ്റ് കടന്നു വന്നെങ്കിലും വിവാദങ്ങളെയും തെരഞ്ഞെടുപ്പ് ചൂടിനെയും കെടുത്തുവാൻ ചുഴലിക്കാറ്റിനും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ നേടിയ സിറ്റുകളിൽ ചിലത് നഷ്ടമായാലും അത് ബംഗാളിൽ നിന്ന് നികത്താം എന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. അതേസമയം മമത ബാനർജിക്ക് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. മമതയും മോദിയും തമ്മിലുള്ള വാക്‌പോരായിരുന്നു പ്രചരണരംഗത്ത് ഏറെയും.

ഡൽഹിയിൽ ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാകില്ല എന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാൽ യുപിയിലെ മഹാസഖ്യം എങ്ങനെ തങ്ങൾക്ക് വെല്ലുവിളി ഉയർത്തും എന്ന ആശങ്ക പാർട്ടിക്കുണ്ട്. അതുകൊണ്ടു തന്നെ ബംഗാളിൽ നിന്നും പരമാവധി സീറ്റുകൾ നേടുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. കൂട്ടുകക്ഷി സർക്കാരിന് തന്ത്രപരമായ തീരുമാനങ്ങൾ എടുക്കാനാകില്ലെന്നായിരുന്നു മോദിയുടെ പ്രചരണം. രാജീവ് ഗാന്ധിയുടെയും മമത ബാനർജിയുടെയും അഴിമതിയായിരുന്നു മോദിയുടെ പ്രധാന ആരോപണം.

ഒരു കാലത്ത് ഇടതു കോട്ടയായിരുന്ന പശ്ചിമ ബംഗാളിലെ എട്ടു സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഇടതുപക്ഷത്തിന് യാതൊരു റോളുമില്ലാതെയാണ് ആറാംഘട്ടം നടക്കുന്നത്. 19നാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും. 23നാണ് വോട്ടെണ്ണൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP