Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണനോട് സോഷ്യൽമീഡിയ; ഇത് ന്യൂജനറേഷൻ രാഷ്ട്രീയമെന്ന് മറുപടിയും; ഒമ്പതാം വയസിൽ മത്സ്യബന്ധനത്തിന് കടലിൽ ഇറങ്ങിയ രാധാകൃഷ്ണൻ പിഎസ് സി ചെയർമാൻ പദവിയിൽ ചവിട്ടിക്കയറി; ഇപ്പോൾ കളത്തിലിറങ്ങുന്നത് വിജയം വീശിയെടുക്കാൻ തന്നെ; ഇച്ഛാശക്തി കൊണ്ട് ജീവിതവിജയം നേടിയ രാധാകൃഷ്ണന്റെ കഥ ഇങ്ങനെ

ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണനോട് സോഷ്യൽമീഡിയ; ഇത് ന്യൂജനറേഷൻ രാഷ്ട്രീയമെന്ന് മറുപടിയും; ഒമ്പതാം വയസിൽ മത്സ്യബന്ധനത്തിന് കടലിൽ ഇറങ്ങിയ രാധാകൃഷ്ണൻ പിഎസ് സി ചെയർമാൻ പദവിയിൽ ചവിട്ടിക്കയറി; ഇപ്പോൾ കളത്തിലിറങ്ങുന്നത് വിജയം വീശിയെടുക്കാൻ തന്നെ; ഇച്ഛാശക്തി കൊണ്ട് ജീവിതവിജയം നേടിയ രാധാകൃഷ്ണന്റെ കഥ ഇങ്ങനെ

പി.വിനയചന്ദ്രൻ

ആലപ്പുഴ: ഇങ്ങനെയൊക്കെ ചെയ്യാമോ...? കുറച്ചു ദിവസങ്ങളായി സോഷ്യൽമീഡിയ ഡോ.കെ.എസ്.രാധാകൃഷ്ണനോട് ചോദിക്കുന്ന ചോദ്യമാണിത്. കോൺഗ്രസിന്റെ ബുദ്ധിജീവിയും നേതാക്കൾക്ക് ക്ലാസെടുക്കുന്ന ഗുരുനാഥനുമായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്ണൻ കോൺഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നതാണ് സോഷ്യൽമീഡിയ ചർച്ചയാക്കിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കളെയെല്ലാം മറികടന്ന്, അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷായിൽ നിന്ന് നേരിട്ട് അംഗത്വം സ്വീകരിച്ചാണ് രാധാകൃഷ്ണൻ ബിജെപിയിലെത്തിയത്. ആലപ്പുഴയിൽ ബിജെപിയുടെ കരുത്തനായ സ്ഥാനാർത്ഥി എന്നാണ് രാധാകൃഷ്ണനെ ബിജെപി വിലയിരുത്തുന്നത്.

കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയുടെ വൈസ്ചാൻസലറും സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനുമായിരുന്ന ശേഷമാണ് രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയാവുന്നത്. രണ്ട് വൻ പദവികളും കോൺഗ്രസ് നൽകിയതാണെന്ന ആക്ഷേപമാണ് സോഷ്യൽമീഡിയ ഉയർത്തുന്നത്. കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്മാരിൽ ഒരാളായിരുന്നു രാധാകൃഷ്ണൻ. ഐ ഗ്രൂപ്പിൽ നിന്ന് പ്രബലനായി വളർന്നുവരുന്ന ടി.എൻ.പ്രതാപനെ ഒതുക്കാൻ ഉമ്മൻ ചാണ്ടിയാണ് ധീവര സമുദായത്തിൽപെട്ട രാധാകൃഷ്ണനെ പി.എസ്.സി ചെയർമാനാക്കിയതെന്നും പരസ്യമായ രഹസ്യമാണ്.

എന്നാൽ മാതാ അമൃതാനന്ദമയിയുടെ ശുപാർശയോടെ രാധാകൃഷ്ണൻ ശബരിമല കർമ്മസമിതിയുടെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടുകയും പൊടുന്നനെ ബിജെപി സ്ഥാനാർത്ഥിയാവുകയുമായിരുന്നു. ആലപ്പുഴയിൽ രണ്ട് മുസ്ലിം വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥികളാണ് ഇടതു- വലതു മുന്നണികൾക്ക്, ആരിഫും ഷാനിമോൾ ഉസ്മാനും. ഈ സാഹചര്യത്തിൽ അവിടെ ഹിന്ദുവോട്ടുകളുടെ ധ്രുവീകരണമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. മാത്രമല്ല, അമൃതാനന്ദമയിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ആലപ്പുഴ.

കേരള സർവകലാശാലയിലെ മലയാളം പ്രൊഫസറും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനുമായ എൻ.പത്മറാവുവാണ് രാധാകൃഷ്ണനെതിരെ ആദ്യം രംഗത്തെത്തിയത്. ആദർശബോധമില്ലാത്ത ഇയാൾക്ക് വീക്ഷണം മുതൽ എന്തെല്ലാം കൊടുത്തു എന്നായിരുന്നു റാവുവിന്റെ കുറിപ്പ്. '' കേരളത്തിലെ കോൺഗ്രസിൽ നിന്ന് മേടിക്കാവുന്നതിന്റെ പരമാവധി മേടിച്ചു.ഇനി കേന്ദ്രത്തിലെ കോൺഗ്രസിൽ നിന്ന് എന്തെല്ലാം അടിച്ചുമാറ്റാം എന്ന് കണക്കുകൂട്ടിയിരിക്കുമ്പോൾ അവരുടെ കൈയിലിരുപ്പു കൊണ്ട് കേന്ദ്ര ഭരണവും പോയി, കേരള ഭരണവും പോയി. വെടക്കൻ നസ്രാണി പോയത് കണ്ടില്ലേ ! അത്രയ്ക്കും വലിയ കോൺഗ്രസ് ഒന്നുമല്ലല്ലോ ഈ കെ എസ്....? ഇനി എംപി ആയില്ലെങ്കിലൊരു ഗവർണർ അത് കഴിഞ്ഞാൽ കേന്ദ്രമന്ത്രി അഥവാ അംബാസഡർ! ഇതൊക്കെ വേണ്ടെന്ന് വെക്കാൻ ഇയാള് മഹാത്മാവോ ഗാന്ധിയോ അല്ലല്ലോ! ഇത് താൻ ഡാ ന്യൂ ജൻ!'' ഇത്തരത്തിലായിരുന്നു സോഷ്യൽമീഡിയയുടെ പ്രതികരണം. അതായത് കോൺഗ്രസ് വിട്ട് രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നതിനെ നവതരംഗ രാഷ്ട്രീയമായാണ് സോഷ്യൽമീഡിയ വിലയിരുത്തുന്നത്.

കോൺഗ്രസിന്റെ ഭാഗത്തുനിന്നപ്പോഴാണ് സ്ഥാനമാനങ്ങൾ കിട്ടിയതെങ്കിലും രാധാകൃഷ്ണന് അതിനുള്ള സംശയരഹിതവും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തതുമായ യോഗ്യതയുള്ളതിനാലായിരുന്നുവെന്നാണ് മറ്റൊരു പ്രതികരണം. ഒരു കോടതിയിലും അത് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. തനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയത്തിൽ വിശ്വസിക്കാനുള്ള രാധാകൃഷ്ണന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനും ആർക്കും അവകാശമില്ല. ഒരാൾക്ക് ഇരിക്കാനും കിടക്കാനും മറ്റൊരാൾ ലക്ഷ്മണ രേഖ വരയ്ക്കുന്നത് ജനാധിപത്യപരല്ല. ഇങ്ങനെ പോവുന്നു സോഷ്യൽമീഡിയയിലെ യുദ്ധം. അദ്ധ്യാപകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, വാഗ്മി, വിദ്യാഭ്യാസ വിദഗ്ധൻ, സാംസ്‌കാരിക നായകൻ, ദാർശനികൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച ഡോ. കെ. എസ്. രാധാകൃഷ്ണൻ പി.എസ്.സി ചെയർമാന്റെ ഭരണഘടനാ പദവിയിലിരുന്നശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യയാളാണ്.

എറണാകുളം ജില്ലയിലെ മുളവുകാടിൽ മുക്കുവ കുടുംബത്തിൽ ജനിച്ച് കേവലം ഒൻപതാമത്തെ വയസിൽ മത്സ്യബന്ധനം തൊഴിലാക്കിയ കെ. എസ്. രാധാകൃഷ്ണൻ, ജോലി ചെയ്ത് പഠിച്ച് ദാരിദ്ര്യത്തോടും ജീവിതത്തിലെ ദുഃഖകരമായ അവസ്ഥകളോടും പോരാടി ജീവിച്ച്, സ്വപ്രയത്‌നത്താൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി സർക്കാർ കോളേജിൽ ഫിലോസഫി അദ്ധ്യാപകനായി. ദരിദ്ര ധീവര കുടുംബത്തിൽ ജനിച്ച കെ. എസ്. രാധാകൃഷ്ണൻ, സ്വപ്രയത്‌നത്താലാണ് ജീവിതത്തിന്റെ പടവുകൾ ഓരോന്നും കയറിയത്. വെളിച്ചപ്പാടായിരുന്ന അച്ഛന്റെ മരണശേഷം പട്ടിണിയുടെ ദിനങ്ങളായിരുന്നു. അക്കാലത്ത് മൈക്കാട് പണി മുതൽ വിവിധങ്ങളായ പണികൾ ചെയ്ത് കുടുംബം പുലർത്തുകയും പഠിക്കുകയും ചെയ്തു. അഞ്ചാം ക്ലാസിൽ ആദ്യ ഇംഗ്‌ളീഷ് പ്രസംഗം ചെയ്ത അദ്ദേഹത്തെപ്പോലെയുള്ള ഇംഗ്ലീഷ് പ്രഭാഷകർ ചുരുക്കമാണ്. കുട്ടിക്കാലത്തെ കാവ്യാനുശീലം അദ്ദേഹത്തെ കവിതയിൽ കൂടുതൽ അഗാധ ജ്ഞാനമുള്ളവനാക്കി. വരുമാനത്തിൽ നിന്നും ഒരു തുക എന്നും പാവപ്പെട്ട കുട്ടികളുടെ ഫീസിനും ജീവകാരുണ്യത്തിനുമായി ഇപ്പോഴും ചെലവിടുന്നു.

പ്രമുഖ മലയാള ദിനപത്രത്തിൽ പത്രപ്രവർത്തകനും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ പബ്‌ളിക്കേഷൻ അസിസ്റ്റന്റുമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി വിഭാഗം അദ്ധ്യാപകനായിരിക്കെ വൈസ് ചാൻസലറായി നിയമിതനായി. ഇരുപത് വർഷങ്ങളോളം വിവിധ സർക്കാർ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. അദ്വൈത ഫിലോസഫി, ഗസ്സിയൻ സ്റ്റഡീസ്, മതാന്തര പഠനം, ഭാരതീയ സൗന്ദര്യശാസ്ത്രവും ഫിലോസഫിയും എന്നീ മേഖലകളിൽ പാണ്ഡിത്യം തെളിയിച്ചു. 1994 ൽ കാലിക്കട്ട് സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടി. 'അദ്ധ്യാത്മരാമായണത്തിലെ എഴുത്തച്ഛന്റെ അദ്വൈതദർശന'മായിരുന്നു ഗവേഷണ വിഷയം.

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ന്യൂ ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച്, ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ്, കാലിക്കട്ട് സർവ്വകലാശാലയിലെ ഗാന്ധിയൻ ചെയർ എന്നിവയുടെ ഗവേണിങ് ബോഡി അംഗമായിരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു ജി സി) യുടെ വിവിധ കമ്മിറ്റികളിൽ വിദഗ്ധ അംഗമായും പ്രവർത്തിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മാർഗരേഖ തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്നു.

പതിനാറ് പുസ്തകങ്ങളുടെ രചയിതാവാണ്. ഗാന്ധിജി: നവോത്ഥാന ദാർശനികൾ, ക്രിസ്തു ദർശനം, കുറ്റവും ശിക്ഷയും, ഗാന്ധിജിയുടെ രാമരാജ്യ ദർശനം, ശ്രീനാരായണ ഗുരുവും ഗാന്ധിയും, ഇസ്ലാം ജനാധിപത്യ സമൂഹത്തിൽ, മാർക്‌സിസവും അദ്വൈത വേദാന്തവും, സൗന്ദര്യശാസ്ത്രം - ഒരു പഠനം എന്നിവയാണ് ചില പുസ്തകങ്ങൾ. നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അൻപതിലധികം ദേശീയ-അന്തർദ്ദേശീയ കോൺഫറൻസുകളിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നൂറിലധികം റേഡിയോ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന സത്യദീപത്തിൽ സമകാലിക സംഭവങ്ങളെ അധികരിച്ച് എഴുതിയ 'സമീക്ഷ' എന്ന പ്രതിവാര പംക്തി പ്രശസ്തമായിരുന്നു.

ഇപ്പോൾ മാതൃഭൂമി ദിനപത്രത്തിൽ ഞായറാഴ്ച ദിവസങ്ങളിൽ 'മഹാഭാരത വിചാരങ്ങൾ' എന്ന പേരിൽ പ്രതിവാരപംക്തി എഴുതുന്നു. ഫിലോസഫി അദ്ധ്യാപകനെന്ന നിലയിൽ വിദേശത്തും സ്വദേശത്തും അനേകം ശിഷ്യസമ്പത്തുള്ള ഡോ. കെ. എസ്. രാധാകൃഷ്ണൻ പതിറ്റാണ്ടുകളായി ക്രിസ്ത്യൻ സെമിനാരികളിലും മദ്രസകളിലും ആശ്രമങ്ങളിലും ഫിലോസഫി പഠിപ്പിക്കുന്നു. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി, വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, പൂന പേപ്പൽ സെമിനാരി, തൃശൂരിലെ മുളയം മേരിമാത മേജർ സെമിനാരി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായി പ്രവർത്തിച്ചു. പറവൂർ ഗവ. എൽ. പി. എസ്., പൊന്നാരിമംഗലം ഹിദായത്തുൽ ഇസ്ലാം എൽ. പി. എസ്., പൊന്നാരിമംഗലം സെന്റ് ജോസഫ്‌സ് യു. പി. എസ്., എറണാകുളം മുനവറുൾ ഇസ്ലാം ഹൈസ്‌കൂൾ, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാതാപിതാക്കൾ: പരേതരായ കെ. എ. സുകുമാരൻ, ലക്ഷ്മിക്കുട്ടി. ഭാര്യ: ശ്രീകുമാരി. മക്കൾ: അശ്വതി, രേവതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP