Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജശേഖരൻ ഇല്ലായിരുന്നുവെങ്കിൽ നാല് ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ ആയേനെ; ആറന്മുള ഗ്രാമവാസികളുടെയും ആറന്മുള അപ്പന്റെയും അനുഗ്രഹം എപ്പോഴും ഉണ്ടാകും; നൂറു കണക്കിന് ഏക്കർ ഭൂമി കോൺക്രീറ്റ് ആകാത്തത് കുമ്മനത്തിന്റെ പോരാട്ട വീര്യം കൊണ്ടും; തലയിൽ കൈവച്ച് അനുഗ്രഹിച്ച് ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് സുഗതകുമാരി; ഈ അനുഗ്രഹം ആറന്മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്ന് കുമ്മനവും; മിസോറാം മുൻ ഗവർണ്ണർ പ്രചരണത്തിൽ സജീവമാകുമ്പോൾ

രാജശേഖരൻ ഇല്ലായിരുന്നുവെങ്കിൽ നാല് ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ ആയേനെ; ആറന്മുള ഗ്രാമവാസികളുടെയും ആറന്മുള അപ്പന്റെയും അനുഗ്രഹം എപ്പോഴും ഉണ്ടാകും; നൂറു കണക്കിന് ഏക്കർ ഭൂമി കോൺക്രീറ്റ് ആകാത്തത് കുമ്മനത്തിന്റെ പോരാട്ട വീര്യം കൊണ്ടും; തലയിൽ കൈവച്ച് അനുഗ്രഹിച്ച് ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് സുഗതകുമാരി; ഈ അനുഗ്രഹം ആറന്മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്ന് കുമ്മനവും; മിസോറാം മുൻ ഗവർണ്ണർ പ്രചരണത്തിൽ സജീവമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളികളുടെ മനസ്സിൽ ഇടംനേടിയ സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വമാണ് സുഗതകുമാരി. ആറന്മുള സമരനായിക. മിസോറാം ഗവർണ്ണർ പദവി രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ കുമ്മനം രാജശേഖരൻ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നത് സുഗതകുമാരിക്ക് അടുത്ത് നിന്നാണ്. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് സുഗതകുമാരിയിൽ നിന്ന് കുമ്മനത്തിന് ലഭിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിക്ക് തിരുവനന്തപുരത്ത് ലഭിക്കാനിടയുള്ള പൊതുജന പിന്തുണയുടെ തെളിവാണ് സുഗതകുമാരിയുടെ വാക്കുകൾ. കേരളം അംഗീകരിച്ച കവയത്രിയിൽ നിന്ന് വന്നത് ബിജെപി ആഗ്രഹിച്ചതിലും വലിയ വാക്കുകളാണ്. കേരളത്തിലെ സമര പോരാട്ടങ്ങളുടെ നായകനാണ് കുമ്മനമെന്ന് പറയുകയാണ് സുഗതകുമാരി. അതുകൊണ്ട് തന്നെ സുഗതകുമാരിയുടെ വാക്കുകൾ ബിജെപിക്കാർ ചർച്ചയാക്കുമെന്നും ഉറപ്പാണ്.

കുമ്മനം രാജശേഖരന് ആറന്മുള ഗ്രാമവാസികളുടെയും ആറന്മുള അപ്പന്റെയും അനുഗ്രഹം എപ്പോഴും ഉണ്ടാകുമെന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി. കുമ്മനം ഇല്ലായിരുന്നുവെങ്കിൽ ആറന്മുളയിലെ 3-4 ഗ്രാമങ്ങൾ കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയേനെ. നൂറു കണക്കിന് ഏക്കർ ഭൂമി കോണ്ക്രീറ്റ് ആകാത്തത് കുമ്മനത്തിന്റെ പോരാട്ട വീര്യം കൊണ്ടാണെന്നും അവർ അനുസ്മരിച്ചു. സുഗതകുമാരിയുടെ അനുഗ്രഹം ആറന്മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്ന് കുമ്മനം പറഞ്ഞു. ആശുപത്രിവാസത്തിന് ശേഷം വിശ്രമിക്കുന്ന സുഗതകുമാരിയെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ എസ് സുരേഷും ഒപ്പമുണ്ടായിരുന്നു. പ്രചരണം തുടങ്ങുന്നതിന് മുന്നോടിയായാണ് കുമ്മനം സുഗതകുമാരിയെ കാണാനെത്തിയത്. കഴിഞ്ഞ ദിവസമാണ് കുമ്മനം തിരുവനന്തപുരത്ത് എത്തിയത്. പ്രത്യക്ഷപ്രചരണം ഏറെ അടുപ്പമുള്ള സുഗതകുമാരിയുടെ വീട്ടിൽ നിന്ന് തുടങ്ങുകയും ചെയ്തു.

കുമ്മനവുമായി ഏറെ വ്യക്തിബന്ധമുണ്ട് സുഗതകുമാരിക്ക്. ആറന്മുളയിലെ വിമാനത്താവള വിരുദ്ധ സമരം നയിച്ചത് കുമ്മനമായിരുന്നു. സുഗതകുമാരി അടക്കമുള്ളവർ ഈ സമരത്തിന്റെ ഭാഗമായിരുന്നു. ആറന്മുളയിലെ സമരത്തിൽ പലവിധ സമ്മർദ്ദമുണ്ടായി. എന്നാൽ ഇതിന് വഴങ്ങാതെ സമരം നയിക്കുകയാണ് കുമ്മനം ചെയ്തത്. സുഗതകുമാരിയേയും വി എസ് അച്യുതാനന്ദനേയും അടക്കമുള്ളവരെ മുന്നിൽ നിർത്തി രാഷ്ട്രീയത്തിന് അപ്പുറമുള്ള സമരം. ഇത് ഓർമിപ്പിച്ചു കൊണ്ടാണ് കുമ്മനത്തെ സുഗതകുമാരി പുകഴ്‌ത്തിയതും അനുഗ്രങ്ങൾ അർപ്പിച്ചതും. ഫലത്തിൽ കുമ്മനത്തിന് പ്രത്യക്ഷ പിന്തുണ പ്രഖ്യാപിക്കുകയാണ് സുഗതകുമാരി ചെയ്യുന്നത്.

തിരുവനന്തപുരത്ത് അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സിറ്റിങ് എംപിയായ ശശി തരൂരിന് വലിയ സ്വാധീനമുണ്ട്. ഇതിനെ മറികടന്ന് വീറും വാശിയുമുള്ള പോരാട്ടം ഉറപ്പാക്കാനാണ് കുമ്മനത്തെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. കാലിൽ തൊട്ട് വന്ദിച്ചാണ് സുഗതകുമാരിയുടെ അനുഗ്രഹം കുമ്മനം തേടിയത്. അതിന് ശേഷമാണ് കുമ്മനത്തെ പുകഴ്‌ത്തി സംസാരിച്ചത്. 1984 ലാണ് ആദ്യമായി കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ഇറങ്ങിയത്. പുതുതായി രൂപീകരിച്ച ഹിന്ദു മുന്നണിയായിരുന്നു തട്ടകം. 1984 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദുമുന്നണി സ്ഥാനാർത്തിയായി പി. കേരളവർമ രാജായെ അവതരിപ്പിച്ചതും കുമ്മനമായിരുന്നു. അ

1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കുമ്മനം 23,000 ലേറെ വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. ഇടതുമുന്നണിയിലെ ശങ്കരനാരായണപിള്ളയായിരുന്നു ഒന്നാം സ്ഥാനത്ത്. ഐക്യജനാധിപത്യ മുന്നണിയിലെ പി. ഉണ്ണിക്കൃഷ്ണൻ നായർ (എൻ.സി.പി.) മൂന്നാം സ്ഥാനത്തും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്നുമാസം മുമ്പ് ബിജെപി. സംസ്ഥാന പ്രസിഡന്റായി നിയമിക്കപ്പെട്ട കുമ്മനം വട്ടിയൂർക്കാവിൽ മത്സരിച്ച് കെ. മുരളീധരനു താഴെ രണ്ടാം സ്ഥാനത്തെത്തി. സിപിഎമ്മിലെ ടി.ആർ. സീമയായിരുന്നു മൂന്നാമത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടുനിൽക്കുമ്പോൾ മിസോറാം ഗവർണറായി നിയോഗിക്കപ്പെട്ട കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തുന്നത് തിരുവനന്തപുരത്തെ ബിജെപിയുടെ സാധ്യതകൾ കൂട്ടിയിട്ടുണ്ട്.

കുമ്മനം എല്ലാവർക്കും സ്വീകാര്യനായ വ്യക്തി: ആർച്ച് ബിഷപ്പ് സൂസപാക്യം

എല്ലാവർക്കും സ്വീകാര്യനായ വ്യക്തിത്വമാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റേതെന്ന് ലത്തീൻ കാതോലിക്കാ ആർച്ച് ബിഷപ്പ് ഡോ സൂസെപാക്യം. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള നേതാവാണ് കുമ്മനം. അതിലുപരി നല്ല മനുഷ്യനാണ്. ഗവർണർ പദവി പോലെയുള്ള ഉന്നത സ്ഥാനം ഉപേക്ഷിക്കാൻ കഴിഞ്ഞത് സ്വാർത്ഥത ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തിയ കുമ്മനത്തെ ആദ്ദേഹം സ്വീകരിച്ചു. ഓഖി ദുരന്ത ശേഷം കുമ്മനം നടത്തിയ ഇടപെടലും അദ്ദേഹം അനുസ്മരിച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം സൂസെപാക്യത്തെ പറ്റി തിരക്കിയതായി കുമ്മനം പറഞ്ഞു.

നേരിൽ കാണുമ്പോൾ അന്വേഷണം അറിയിക്കാൻ പ്രധാനമന്ത്രി ഏല്പിച്ചിരുന്നുവെന്ന് കുമ്മനം പറഞ്ഞു. ഓഖി ദുരന്ത സമയത്ത് എത്തിയപ്പോൾ പ്രധാനമന്ത്രി തന്റെ ആരോഗ്യ വിവരം അന്വേഷിച്ചത് ഇപ്പോഴും അത്ഭുതമായി തോന്നുന്നുവെന്ന് സൂസെപാക്യം പറഞ്ഞു. കുമ്മനത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP