Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടുകളിൽ നിന്നുള്ള ഭക്ഷണം കഴിപ്പ് ഇലക്ഷൻ തന്ത്രമല്ല; സിനിമ സെറ്റിൽ ഭക്ഷണം വൈകിയാലും തൊട്ടടുത്ത വീട്ടിൽ അന്നം ചോദിച്ച് പോകും; മത്സരരംഗത്ത് നിന്ന് പിന്മാറാൻ വേണ്ടി പറഞ്ഞ തൃശ്ശൂർ തന്നെ എത്തിപ്പെട്ടത് ദൈവനിയോഗം; എന്ത് വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞ് സിനിമരംഗത്തെ സുഹൃത്തുക്കൾ നൽകുന്നത് പൂർണ പിന്തുണ; ഒരു വീട്ടിലെത്തി ഭക്ഷണം കഴിച്ചപ്പോൾ ലഭിച്ച തിയലിന് എന്റെ അമ്മ ഉണ്ടാക്കുന്ന അതേ രുചി; കൊടും ചൂടിനോട് `പ്ഫാ പുല്ലേ` എന്ന് പറഞ്ഞ് ആക്ഷൻ ഹീറോയുടെ പ്രചാരണം മുന്നോട്ട്

വീടുകളിൽ നിന്നുള്ള ഭക്ഷണം കഴിപ്പ് ഇലക്ഷൻ തന്ത്രമല്ല; സിനിമ സെറ്റിൽ ഭക്ഷണം വൈകിയാലും തൊട്ടടുത്ത വീട്ടിൽ അന്നം ചോദിച്ച് പോകും; മത്സരരംഗത്ത് നിന്ന് പിന്മാറാൻ വേണ്ടി പറഞ്ഞ തൃശ്ശൂർ തന്നെ എത്തിപ്പെട്ടത് ദൈവനിയോഗം; എന്ത് വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞ് സിനിമരംഗത്തെ സുഹൃത്തുക്കൾ നൽകുന്നത് പൂർണ പിന്തുണ; ഒരു വീട്ടിലെത്തി ഭക്ഷണം കഴിച്ചപ്പോൾ ലഭിച്ച തിയലിന് എന്റെ അമ്മ ഉണ്ടാക്കുന്ന അതേ രുചി; കൊടും ചൂടിനോട് `പ്ഫാ പുല്ലേ` എന്ന് പറഞ്ഞ് ആക്ഷൻ ഹീറോയുടെ പ്രചാരണം മുന്നോട്ട്

ആർ പീയൂഷ്

തൃശ്ശൂർ: അഭിനയ രംഗത്തെ ഭാവാഭിനയമില്ലാതെ, താര ജാഡയൊട്ടുമില്ലാതെ ജനങ്ങൾക്കിടയിൽ ഒരു സാധാരണക്കാരനെ പോലെ ഓടി നടന്ന് വോട്ട് അഭ്യർത്ഥിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂരിന്റെ മുക്കിലും മൂലയിലും തന്റെ സാന്നിധ്യം ഉറപ്പു വരുത്താനുള്ള നെട്ടോട്ടത്തിൽ കൊടു ചൂട് പോലും വകവയ്ക്കുന്നില്ല അദ്ദേഹം. അധിക നേരം വെയിൽ ഏറ്റിട്ടില്ലാത്ത ശരീരം വെയിലേറ്റ് തളർന്നെങ്കിലും മനസ്സ് ആ തളർച്ച പുറത്ത് കാണിക്കാതെ ജന ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് സുരേഷ് ഗോപി. വെള്ളിത്തിരയിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അഭിനയിച്ചു പൊലിപ്പിച്ച താരം തങ്ങളുടെ അടുക്കലേക്ക് കടന്നു വരുമ്പോൾ തൃശ്ശൂരുകാർക്ക് അത്ഭുതവും അമ്പരപ്പും തന്നെയാണ്. താരത്തിനൊപ്പം നിന്ന് സെൽഫിയെടുക്കാനും ആ കൈയിലൊന്നും തൊടാനും ആയിരങ്ങളാണ് ഓരോ ഇടങ്ങളിലും കാത്തു നിൽക്കുന്നത്. തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുമായി മറുനാടൻ നടത്തിയ അഭിമുഖ സംഭാഷണം.

സിനിമാ നടനിൽ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മാറ്റം?

പുതിയ മുഹൂർത്തങ്ങൾ ഓരോന്നും ജീവിതത്തിൽ അനുഗ്രഹമായി വന്നു കൊണ്ടിരിക്കുകയാണ്. ഒരിക്കലും ഈ ഇലക്ഷനിൽ നിൽക്കേണ്ടി വരില്ല എന്ന് വിചാരിച്ചതാണ്. പക്ഷേ ചില രാഷ്ട്രീയ വ്യതിയാനങ്ങൾ ചില ചടുലമായ നീക്കങ്ങൾ പലതും നടത്തിയപ്പോൾ തൃശ്ശൂരിന് ഒരു സ്ഥാനാർത്ഥിയായി വരേണ്ടത് അത്യാവശ്യമാണെന്ന് എന്റെ നേതൃത്വം എന്നെ ബോദ്ധ്യപ്പെടുത്തി. നിരവധി സ്ഥലങ്ങൾ നിർദ്ധേശിച്ചപ്പോൾ തൃശ്ശൂരിൽ നിൽക്കാമെന്ന് സമ്മതിക്കുകയായിരുന്നു. അതും രക്ഷപെടാൻ വേണ്ടി പറഞ്ഞതാണ്. അവസാനം കൃത്യമായിട്ട് അത് എന്റെ അടുത്ത് തന്നെ വന്നു. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്നു പറഞ്ഞതുപോലെയായി കാര്യങ്ങൾ. തൃശ്ശൂർ തന്നെ എനിക്ക് കിട്ടി.

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്നപ്പോൾ ഉണ്ടായ പ്രതികരണം എങ്ങനെയായിരുന്നു?

നിങ്ങൾ കാണുകയല്ലേ, അത് ഞാനായി പറയേണ്ടുന്ന കാര്യം ഉണ്ടോ

കൗശലക്കാരനായ ഒരു രാഷ്ട്രീയക്കാരന് പോലും തോന്നാത്ത കാര്യങ്ങളാണ് താങ്കൾ ഈ പ്രചരണത്തിനിടയിൽ ചെയ്തത് അതിനെപറ്റി?

ഞാനൊരിക്കലും കൗശലക്കാരനായ ഒരു രാഷ്ട്രിയക്കാരനല്ല. ഒരു സാധാരണ മനുഷ്യനാണ്. ഞാൻ അത്രയോ കാലമായിട്ട് സാധാരണക്കാരോട് ചെയ്യുന്ന കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് പപ്രചരണത്തിനിടയിലും ചെയ്തത്. കമ്മ്യൂണിസ്റ്റ് എന്ന സിനിമയിൽ 2002 ൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ 16 ദിവസം അതിന് വേണ്ടി ജോലി ചെയ്യേണ്ടി വന്നു. ഒരു ലോ കോസ്റ്റ് പ്രൊഡക്ഷനായിരുന്നു അത്. പലവട്ടം സിനിമയിൽ നിന്നും പിന്മാറിയാലോ എന്നു പോലും ചിന്തിച്ചിരുന്നു കാരണം ഭക്ഷണം പോലും കിട്ടുന്നില്ലായിരുന്നു. അതിൽ അഭിനയിച്ച 16 ദിവസവും മൂന്ന് നേരം ഭക്ഷണം സമീപത്തുള്ള വിവിധ വീടുകളിൽ നിന്നാണ് കഴിച്ചിരുന്നത്. അതിനു മുൻപും ഭക്ഷണകാര്യത്തിൽ ഞാൻ കർക്കശക്കാരനായിരുന്നു. ഏഴുമണിയാകുമ്പോൾ മേക്കപ്പ് ഇട്ട് അഭിനയം തുടങ്ങും. കൃത്യം ഒരു മണിയാകുമ്പോൾ അവർ ഭക്ഷണം തന്നില്ലെങ്കിൽ തൊട്ടടുത്ത വീട്ടിൽ കയറി ഞാൻ കഴിച്ചു കളയും. അതു പോലെ തന്നെ ഷൂട്ടിങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സുരേഷ് ഒരു പത്ത് മിനിട്ട് കാത്തു നിൽക്കണെ കാറില്ല, ഇപ്പോൾ വരും എന്നു പറയുമ്പോൾ ഞാൻ നടന്ന് പോയി ഒരു ഓട്ടോ വിളിച്ചു പോയിട്ടുണ്ട്. തിരുവനന്തപുരത്ത് തന്നെ ഡ്രൈവറില്ലാതിരുന്ന സമയത്ത് പല പരിപാടികളിലും പങ്കെടുക്കാൻ ഓട്ടോയിൽ യാത്രചെയ്തിട്ടുണ്ട്. വിഷുവിനും ഓണത്തിനും ഡ്രൈവർ അവധിയായിരിക്കുമ്പോൾ എനിക്ക് വീട്ടിൽ ഇരിക്കാൻ കഴിയില്ല. അപ്പോൾ ഞാൻ ഓട്ടോ പിടിച്ച് പോകും. ഒരുപാട് ഇടങ്ങളിൽ അന്നദാനങ്ങൾ നടത്തുന്നുണ്ട്. ഓട്ടോ എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനവുമാണ് അതിലെ യാത്രയും ഒരുപാടിഷ്ടമാണ്. എത്രയോ വർഷമായുള്ള ചര്യയാണതൊക്കെ. അതിനാൽ ഇപ്പോഴത്തെ ഈ കാഴ്ചകളൊക്കെ കൗശലമാണെന്ന് നിങ്ങൾ കാണുകയും ചെയ്യരുത് പ്രചരിപ്പിക്കുകയും ചെയ്യരുത്.

സിനിമാ രംഗത്ത് നിന്നും ആരൊക്കെ പിന്തുണയുമായി എത്തിയിട്ടുണ്ട്.?

പിൻതുണയുമായി എത്തിയതായി അറിവില്ല. പക്ഷേ എല്ലാവരും വിളിച്ചു. സഹായം എന്താണ് വേണ്ടതെന്ന് വച്ചാൽ പറഞ്ഞാൽ മതി എന്നൊക്കെ പറഞ്ഞിരുന്നു. പ്രചരണത്തിനായി അവരെ ഇറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അവരൊക്കെ പേടിക്കും, ഞാൻ അത് അനുഭവിച്ച ആളാണ്.


എല്ലാ വേദികളിലും താങ്കൾ പറഞ്ഞിട്ടുണ്ട് വിശ്വാസങ്ങൾ സംരക്ഷിക്കും വിശ്വാസികൾക്കൊപ്പമാണ് എന്ന്?

ഇല്ല, അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷേ അങ്ങനെയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ധേശം മറികടന്ന് ശബരിമല ഒരു പ്രചരണ ആയുധമാക്കിയില്ലേ..?

ഇല്ല, അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. അതിന് വേണ്ടി ഞാൻ ഉപയോഗിച്ച വാക്കുകൾ വളരെ സേയ്ഫായിട്ടാണ് പറഞ്ഞത്. അതിനെ സംബന്ധിച്ച് ചോദ്യം വന്നു, മറുപടി കൊടുത്തു.

പ്രചരണത്തിനിടയിലെ മറക്കാനാവാത്ത സംഭവങ്ങൾ?

ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അഞ്ചാറു പേരുടെ നടുവിൽ നിന്നും ഒരു സ്ത്രീ തൊണ്ട കീറി ആവേശത്തോടെ എന്റെ രഥത്തിലേക്ക് നോക്കി ജയ് വിളിക്കുന്നത് കണ്ട് ഞാൻ അന്തം വിട്ടുപോയി. അങ്ങനെ സഞ്ചരിച്ച് കുറച്ചു ദൂരം ഞാൻ പോയപ്പോൾ എനിക്കവരോട് ആശയവിനിമയം നടത്തണമെന്ന് തോന്നി. ആ ഒരു ആവേശത്തെ ആദരിക്കണമെന്നും തോന്നി. അതിന് ഒരു പതിനഞ്ചു മിനിട്ട് മുൻപ് നടന്ന സ്വീകരണത്തിൽ കിട്ടിയ ഒരു കതിർക്കുല, നമ്മൾ വീടിന്റെ മുന്നിൽ കെട്ടിത്തൂക്കി ഇടുന്നത്. ആലങ്കാരികമായി ഭംഗി വരുത്തിയതായിരുന്നു അത്. എനിക്കത് വീട്ടിൽ കെട്ടിത്തൂക്കി ഇടാനുള്ള സ്ഥലം വരെ നിശ്ചയിച്ചുറപ്പിച്ചിരുന്നു മനസ്സിൽ. അതും എടുത്ത് ഒരു ബൈക്കിൽ കയറി തിരിച്ചു പോയി അവർക്ക് കൊടുത്തപ്പോൾ ഉണ്ടായ പ്രതികരണം. അതൊരിക്കലും മറക്കാനാവില്ല. പലരുടെയും തെറ്റിദ്ധാരണയാണ് സിനിമാ പ്രവർത്തകർക്കൊക്കെ എന്തോ മറ്റൊരു തട്ടാണ് എന്ന്. ഒരിക്കലും അങ്ങനെയൊന്നുമില്ല, എല്ലാം പച്ച മനുഷ്യരാണ്. ഞാനൊരു വീട്ടിൽ ചെന്നു, അത് ഒരു സാധാരണ വീടായിപോയി. ഞാൻ ചോദിച്ചതാ അവരോട്, എനിക്കിത്തിരി ചോറു തരുവോ എന്ന്. അയ്യോ ചാരായി അതിനെന്താ വാ എന്ന് പറഞ്ഞപ്പോൾ ഞാനങ്ങിറങ്ങി ചെന്നു. അവരൊട്ടും പ്രതീക്ഷിച്ചില്ല. അവിടെ ചെന്നപ്പോഴോ നല്ല തീയൽ. എന്മ്മോ.. ദാ അത് പറഞ്ഞപ്പോൾ വായിൽ വെള്ളം ഊറുന്നു. എന്റമ്മ ഉണ്ടാക്കുന്ന തീയലിന്റെ അതേ രുചി.

എനിക്കതേ വേണ്ടൂ. എനിക്ക് വീടും തരുന്ന ആൾക്കാരുമൊന്നും പ്രധാനമല്ല. അങ്ങനൊക്കെ ഒരുപാട് മൂഹൂർത്തങ്ങളുണ്ടായിട്ടുണ്ട്. നാട്ടിക പ്രദേശത്ത് ഇതു പോലെ പ്രചരണത്തിന് പോയപ്പോൾ ഉച്ചയ്ക്ക് ഒന്നേകാലായി. അപ്പോൾ പ്രചരണ പരിപാടി സംഘടിപ്പിച്ചവരോട് ചോറ് എപ്പോഴാ കഴിക്കുന്നത് എന്ന് ചോദിച്ചപ്പോൾ രണ്ട് പരിപാടി കൂടി കഴിഞ്ഞിട്ട് കഴിക്കാം എന്ന് പറഞ്ഞു. ശരി നിങ്ങളിവിടെ കാത്തു നിന്നോ എന്ന് പറഞ്ഞിട്ട് വാഹനത്തിൽ നിന്നും ഞാനിറങ്ങിപ്പോയി. ഒരു വീട്ടിൽ ചോദിച്ചു, അവിടെ ആകുന്നതേയുള്ളൂ. മീനില്ല. തൊട്ടടുത്ത വീട്ടുകാർ വിളിച്ചു. ഇവിടുണ്ട് ഇത്തിരി സമയം കാത്തു നിൽക്കാമോ എന്ന് ചോദിച്ചു. സാരമില്ല എന്നു പറഞ്ഞ് ഞാൻ ചെന്നു. അവിചെ ചെന്നപ്പോൾ നല്ല ഞണ്ടു കറി. ഉടനെ ഒരു സ്ത്രീ ഓടി പോയി തൊട്ടടുത്ത വീട്ടിൽ നിന്നും എനിക്കിഷ്ട്ടമുള്ള കൊഴുവ കൊമ്ടു വന്നു. എല്ലാം രുചികരമായിരുന്നു. എന്ത് ഭക്ഷണം എന്നുള്ളതല്ല, കിട്ടുന്ന ഭക്ഷണം നല്ല രുചിയായിരിക്കണം എത്രേയുള്ളൂ. എന്റെ വീട്ടുകാർക്ക് അതു കൊണ്ട് എന്നെ മാനേജ് ചെയ്യാൻ ഭയങ്കര എളുപ്പമാണ്. എന്റെ ഭാര്യയും അത് പറയും. ചമ്മന്തി, നല്ല വെന്ത ചോറ്, തൈര്, ഇത്തിരി നാരങ്ങാ അച്ചാറ് അതും വീട്ടിലുണ്ടാക്കിയത്, പിന്നെ ചാള പൊരിച്ചത്. അത് ഒരുപാട് മൊരിയരുത് എന്നാൽ അത്ര പച്ചയുമാകരുത്. ഇതൊക്കെയാണ് എന്റെ രുചികൾ. ഇത്രയും ഉണ്ടെങ്കിൽ 365 ദിവസവും എന്നെ ഒരു കൊമ്പനെ നിർത്തിയേക്കുന്നപോലെ ഇങ്ങനെ തോട്ടിയും ചങ്ങലയും ഒന്നുമില്ലാതെ നിർത്താം.

തൃശ്ശൂരുകാരോട് പറയാനുള്ളത്?

തൃശ്ശൂരുകാർക്ക് എന്തായാലും പുതിയൊരനുഭവം നൽകാൻ സാധിക്കുമെന്ന് എന്റെ മൂന്ന് വർഷത്തെ രാജ്യസഭാ പ്രവർത്തനം കൊണ്ട് എനിക്ക് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത തരത്തിൽ 14 കളക്ടർമാരിൽ കുറഞ്ഞതൊരു 9 കളക്ടർമാർക്കെങ്കിലും എന്റെ പ്രയത്നത്തിന് ഉൽസാഹം കാണിക്കാൻ കഴിഞ്ഞു. അവർ പറയും ഒരു സിനിമാ നടനിൽ നിന്ന് സംഭവിക്കാവുന്നതാണോ ഇങ്ങനെയുള്ള കാര്യങ്ങൾ കണ്ടെത്തി അതിന് നൽകുക എന്ന് പറയുന്നത്. അത് കൃത്യമായി ഞാൻ ചെയ്തിട്ടുണ്ട്. അതു പോലെ സുഷമാ സ്വരാജ് ജിയുടെ ഓഫീസ് വഴി നിർമലാ സീതാരാമൻ ജിയുടെ ഓഫീസ് വഴി അരുൺ ജെയ്റ്റ്ലി ജി തുടങ്ങിയവരുടെ ഓഫീസു വഴിയും എന്റെ എഴുത്തു കുത്തുകളും അതിന്റെ ഫലപ്രാപ്തിയും എല്ലാം റെക്കോഡാണ്. ആർക്കും ചോദ്യം ചെയ്യാനാവില്ല. എന്നാൽ വീഴ്ചകളും സംഭവിച്ചിട്ടുണ്ട്. വളരെ ആത്മാർത്ഥമായി പണിയെടുത്ത കീഴാറ്റൂർ, അത് പൂർണ്ണമായും വീഴ്ച എന്ന് പറയാനാവില്ല. വരട്ടെ.

കുടുംബത്തെ പിരിഞ്ഞു നിൽക്കുകയാണ് വിഷമമില്ലേ..?

ഇതൊക്കെ ശീലമാണ്. സിനിമയിലായിരുന്നപ്പോഴും പിരിഞ്ഞു നിന്നിട്ടുണ്ട്. അവരൊന്നും എന്റെ കൂടെ ലൊക്കേഷനുകളിൽ വന്നിട്ടില്ല. അവർക്കും ഇഷ്ട്മല്ല എനിക്കും ഇഷ്ടമല്ല. വീട്ടിൽ സിനിമ ചർച്ച ചെയ്യാറില്ല. വീട്ടിൽ ആകെ രാഷ്ട്രീയം ചർച്ച ചെയ്തിരുന്നത് ലീഡറുടെ കാര്യമാണ്, നയനാരുടെ കാര്യമാണ്. എ.കെ.ജിയെ വലിയ ഇഷ്ടമാണ്. വി എസ് അച്ചുതാനന്ദനെ ഇഷ്ടമാണ്. വാജ്പേയിയെ ഇഷ്ടമായിരുന്നു. അതൊക്കെ ലോല തല രാഷ്ട്രീയമായിരുന്നു. ഒരു പ്രജയെന്ന നിലയിൽ എന്റെ രാജ്യത്തെയും സംസ്ഥാനത്തെയും രാഷ്ട്രീയവുമായുള്ള എന്റെ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എനിക്ക് മറ്റുള്ളവരോട് പറഞ്ഞ് എത്തിക്കാൻ പറ്റാത്ത അവസ്ഥയിൽ ഞാനെന്റെ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കിക്കുകയാണ് എന്താണ് നോട്ട് നിരോധനം? എന്റെ വ്യാഖ്യാനങ്ങളെല്ലാം സത്യത്തോട് ചേർന്നു നിൽക്കുമ്പോൾ അവരെല്ലാം അന്തം വിട്ടു നിൽക്കുകയാണ്. എന്നിട്ടാമേ ഈ നാട്ടുകാരിങ്ങനെ പറയുന്നത്? നാട്ടുാകാരിൽ ഒരു ചെറിയ ശതമാവം ആൾക്കാർ മാത്രമേ ഇങ്ങനെ പറയുന്നുള്ളൂ. അവർ ഈ കള്ളന്മാർക്ക് കഞ്ഞി വയ്ക്കുന്ന ആൾക്കാരുമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP