Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉച്ചയ്ക്ക് ഒരു മണി ആയാൽ ഏതെങ്കിലും വീട്ടിൽ കയറി 'ഇച്ചിരി ചോറു തരുവോ' എന്നു ചോദിച്ച് 'സർജിക്കൻ ഉച്ചയൂണ്'; കൊച്ചു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ കൈയിലെടുത്ത് ലാളിക്കും; താരത്തെ കണ്ട് വീട്ടുകാർ മതിമറന്നപ്പോൾ കുഞ്ഞിന് പേരിടൽ കർമ്മവും നിർവ്വഹിച്ചു; കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന മോഹന വാഗ്ദാനം; സുരേഷ്‌ഗോപിയുടെ പ്രചരണത്തിൽ നിറയുന്നത് 'സിനിമാറ്റിക് ട്വിസ്റ്റ്'

ഉച്ചയ്ക്ക് ഒരു മണി ആയാൽ ഏതെങ്കിലും വീട്ടിൽ കയറി 'ഇച്ചിരി ചോറു തരുവോ' എന്നു ചോദിച്ച് 'സർജിക്കൻ ഉച്ചയൂണ്'; കൊച്ചു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ കൈയിലെടുത്ത് ലാളിക്കും; താരത്തെ കണ്ട് വീട്ടുകാർ മതിമറന്നപ്പോൾ കുഞ്ഞിന് പേരിടൽ കർമ്മവും നിർവ്വഹിച്ചു; കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന മോഹന വാഗ്ദാനം; സുരേഷ്‌ഗോപിയുടെ പ്രചരണത്തിൽ നിറയുന്നത് 'സിനിമാറ്റിക് ട്വിസ്റ്റ്'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തെ ശരിക്കും ഇളക്കി മറിച്ചു കൊണ്ടാണ് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വോട്ടു പിടിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു വീട്ടിൽ കയറി 'ഇച്ചിരി ചോറു തരുവോ' എന്നു ചോദിച്ച് ഉച്ചയൂൺ കഴിച്ച സുരേഷ് ഗോപി ആ പ്രദേശത്തെ നാട്ടുകാരുടെ പ്രീതി പിടിച്ചു പറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉണ്ടായെങ്കിലും സംഗതി നല്ല പ്രചരണ തന്ത്രമാണെന്ന് ബിജെപിക്കാർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതോടെ ജാഢകൾ ഒന്നുമില്ലാത്ത നേതാവാണെന്ന് തെളിയിക്കാൻ അദ്ദേഹം ഈ 'സർജിക്കൻ ഉച്ചയൂൺ' ശൈലി പിന്തുടരാൻ തന്നെ തീരുമാനിച്ചു.

മുൻകൂട്ടി ചോറു കഴിക്കാൻ നിശ്ചയിക്കുന്ന പരിപാടി ഒഴിവാക്കിയാണ് സുരേഷ് ഗോപി ഉച്ചയൂൺ കഴിക്കുന്നത്. മണി ഒന്നടിച്ചാൽ അദ്ദേഹം ഊണു കിട്ടാനുള്ള മാർഗ്ഗങ്ങൾ തേടും. സമയമായാൽ പിന്നെ ആരെയും നോക്കില്ല. പര്യടനം നടക്കുന്നിടത്ത് ആദ്യം കാണുന്ന വീട്ടിൽ സുരേഷ് ഗോപിയെത്തും. ജാഡകളൊന്നുമില്ലാതെ ചോറ് ചോദിക്കും. ചോറ് ചോദിക്കുന്ന സിനിമാതാരത്തെ കണ്ട് വീട്ടുകാർ അമ്പരക്കും. പിന്നെ ഉള്ള വിഭവങ്ങൾ നൽകി ചോറു നൽകും.

ഇന്നലെ നാട്ടിക നിയോജകമണ്ഡലത്തിലെ പര്യടനത്തിനിടെ തളിക്കുളം ബീച്ചിലെ കുറുക്കംപര്യ വീട്ടിൽ വിബിന്റെ വീട്ടിലായിരുന്നു ഇത്തരത്തിൽ സുരേഷ് ഗോപിക്ക് ഉച്ചയൂണ്. സ്ഥാനാർത്ഥിയെ കാണാൻ വീടിന് മുൻവശം നിന്നിരുന്ന വിബിന്റെ ഭാര്യ അപർണ്ണകുമാരിയോട് ചാളക്കറിയുണ്ടോയെന്നായിരുന്നു അന്വേഷണം. ആദ്യം പകച്ചുപോയ അപർണ്ണ ഞണ്ടുകറിയുണ്ടെന്ന് മറുപടി നൽകി.

എങ്കിൽ കുറച്ച് ചോറാകാമെന്ന് പറഞ്ഞ് സ്ഥാനാർത്ഥി വാഹനത്തിൽ നിന്നിറങ്ങി. ഞണ്ടുകറിയും കൂട്ടി സമൃദ്ധിയായി ഉച്ചയൂണ് കഴിച്ചു. ഭക്ഷണം ഇഷ്ടമായോയെന്ന് ചോദിച്ച അപർണ്ണയോട് പാത്രം തിരിച്ചുവേണോയെന്നായിരുന്നു മറുചോദ്യം. ഭക്ഷണം കഴിഞ്ഞു അപർണ്ണയോടും കുടുംബത്തോടും അയൽവാസികളോടുമൊപ്പം ഫോട്ടോയെടുത്ത സുരേഷ് ഗോപി പര്യടനം തുടർന്നു. ഇതാണ് സുരേഷ് ഗോപിയുടെ പ്രചരണ ശൈലി. ഈ പ്രചരണ ശൈലി ഇനിയും പിന്തുടരാനാണ് തീരമാനം.

ഇവിടം കൊണ്ടും നിൽക്കുന്നില്ല, എല്ലാറ്റിനും ഒരു സിനിമാറ്റിക് സ്റ്റൈലാണ് സുരേഷ് ഗോപിക്കുള്ളത്. പ്രസംഗിക്കുമ്പോൾ സിനിമാ ഡയലോഗുകൾ പറയുന്നതു പോലെ കാര്യങ്ങൾ പറയും. വീട്ടിൽ കയറി വോട്ടു ചോദിച്ചാൽ കുഞ്ഞുങ്ങളെ ലാളിക്കും. ഇങ്ങനെ കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനെ നാളിക്കുക മാത്രമല്ല, പേരിടൽ കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. തൃപ്രയാർ പ്രചരണത്തിനിടെയാണ് താരം കുഞ്ഞിന് നൈദിക് എന്ന് പേരിട്ടത്. ധർമിഷ്ഠനായി വളരാൻ ആശീർവദിച്ച് ആ കുഞ്ഞിന് സുരേഷ് ഗോപി പേരിട്ടത്. തീരദേശത്തെ പര്യടനത്തിനിടെയാണ് ആലുങ്ങൽ ഷാജി, ദിനി ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞിന് പേരിടൽ നടത്തിയത്. ധർമിഷ്ഠൻ എന്നാണ് പേരിന് അർഥം. തളിക്കുളം ത്രിവേണിയിലായിരുന്നു പേരിടൽ.

പ്രചരണ വാഗ്ദാനത്തിലും സുരേഷ് ഗോപി എല്ലാവരെയും കടത്തിവെട്ടു. മോദി 15 ലക്ഷം അക്കൗണ്ടിൽ ഇട്ടുതരും എന്നു പറയുന്നത് പോലുള്ള പ്രചരണമാണ് അവിടെയുള്ളത്. ഏറ്റവും ഒടുവിൽ സുരേഷ് ഗോപി നൽകിയ വാഗ്ദാനം മെട്രോ ദ്വീർഘിപ്പിക്കും എന്നതായിരുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് താരം ഇകാര്യം വ്യക്തമാക്കി കൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

'ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്,' താരം കുറിച്ചു. ചെയ്യും എന്നത് വെറും വാക്കല്ല, ചെയ്തിരിക്കുമെന്ന മുദ്രാവാക്യവും പോസ്റ്ററിൽ കാണാം. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്തത് മുതൽ നിരവധി വിമർശനങ്ങളാണ് താരം നേരിട്ടത്. അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിൽ ജില്ലാ കലക്ടർ ടിവി അനുപമ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP