Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർച്ചയായി പറ്റിക്കുന്നവർക്കുവേണ്ടി മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി തുറന്നു പറഞ്ഞു; വട്ടിയൂർക്കാവിൽ കുമ്മനത്തിന്റെ ഫളക്സ് വച്ച് വോട്ട് പിടിത്തം തുടങ്ങി; സൂപ്പർതാരത്തിന്റെ മനം മാറ്റിയത് നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാമത് എത്തിയത്

തുടർച്ചയായി പറ്റിക്കുന്നവർക്കുവേണ്ടി മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി തുറന്നു പറഞ്ഞു; വട്ടിയൂർക്കാവിൽ കുമ്മനത്തിന്റെ ഫളക്സ് വച്ച് വോട്ട് പിടിത്തം തുടങ്ങി; സൂപ്പർതാരത്തിന്റെ മനം മാറ്റിയത് നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാമത് എത്തിയത്

അരുൺ ജയകുമാർ

തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി മത്സരിക്കില്ലെന്ന് ഉറപ്പായി. നേമത്ത് ഒ രാജഗോപാൽ മത്സരിക്കാൻ തയ്യറായതും വട്ടിയൂർക്കാവ് മണ്ഡല പരിധിയിലെ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയുടെ മൂന്നാംസ്ഥാനവുമാണ് സുരേഷ് ഗോപിയെ ഈ തീരുമാനത്തിലെത്തിച്ചതെന്നാണ് സൂചന. രാജഗോപാൽ നേമത്ത് മത്സരിച്ചിരുന്നില്ലെങ്കിൽ അവിടെ മത്സരിക്കാൻ സുരേഷ് ഗോപിക്ക് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ ആർഎസ്എസ് നേതൃത്വം ഇടപെട്ട് രാജഗോപാലിനുള്ള അതൃപ്തി മാറ്റിയതോടെ നേമത്ത് മുതിർന്ന നേതാവ് മത്സരിക്കാൻ സമ്മതിച്ചു. തൊട്ടു പിന്നാലെയായിരുന്നു വട്ടിയൂർക്കാവിലെ ബിജെപിയുടെ അപ്രതീക്ഷിത പിന്നോട്ട് പോകൽ.

മത്സരത്തിനില്ലെന്ന് സുരേഷ് ഗോപി ആവർത്തിച്ചതോടെ വട്ടിയൂർക്കാവിൽ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായി വോട്ട് പിടിത്തവും തുടങ്ങി. ബിഡിജെഎസുമായി സീറ്റ് വിഭജനം ബിജെപി തുടരുന്നതേ ഉള്ളൂ. എന്നാൽ വട്ടിയൂർക്കാവിനായി ആരും അവകാശ വാദം ഉന്നയിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് വട്ടിയൂർക്കാവിൽ പ്രചരണം തുടങ്ങുന്നത്. കുമ്മനം രാജശേഖരന് വോട്ട് അഭ്യർത്ഥനയുമായി ഫ്ളാക്‌സുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതോടെ ആറന്മുളയിലോ ഏറ്റുമാനൂരോ കുമ്മനം മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കും അവസാനമായി. ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിന് കാരണം. ഇതോടെ നേമത്തും വട്ടിയൂർക്കാവിലുമാകും തിരുവനന്തപുരത്തെ ആർഎസ്എസ് നേതൃത്വം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും വ്യക്തമായി. രണ്ടിടത്തും പരിവാർ പ്രസ്ഥാനങ്ങൾ പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു.

സുരേഷ് ഗോപി മത്സരത്തിനില്ലാത്തത് തിരിച്ചടിയാണെന്ന് ബിജെപി വിലയിരുത്തുന്നു. എന്നാൽ എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് പറ്റില്ലെന്ന നിലപാട് സുരേഷ് ഗോപി എടുക്കുകയായിരുന്നു. വട്ടിയൂർക്കാവിൽ ബിജെപിക്ക് സാധ്യതയുണ്ടെന്ന് ഏവരും കരുതുന്നു. എന്നാൽ കെ മുരളീധരനാണ് കോൺഗ്രസ് സ്ഥാനാർത്ഥി അതുകൊണ്ട് തന്നെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലുണ്ടായ മേൽകൈ ബിജെപിക്ക് ആവർത്തിക്കാനാകുമോ എന്ന സംശയവുമുണ്ട്. ഇതിനിടെയാണ് വാഴോട്ട്‌കോണത്ത് ഉപതെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 700ഓളം വോട്ടുകൾ കുറയുകയും ചെയ്തു. നേരത്തെ ഇവിടെ രണ്ടാംസ്ഥാനത്തായിരുന്നു ബിജെപി.

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ മേഖലയിൽ പിന്നോട്ട് പോയി. അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരൻ നേരിട്ട് ഇടപെടൽ നടത്തി. ഇതോടെ ബിജെപി വോട്ടുകൾ കോൺഗ്രസ് പക്ഷത്തേക്ക് മറിഞ്ഞു. സിപിഐ(എം) വിജയിച്ചപ്പോഴും വോട്ടുകളിൽ വർദ്ധനവുണ്ടാക്കി കോൺഗ്രസ് രണ്ടാമത് എത്തുകയും ചെയ്തു. ഈ രാഷ്ട്രീയം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദിശാ സൂചകമായി സുരേഷ് ഗോപി കാണുന്നു. മുരളീധരൻ മുന്നിൽ നിൽക്കുമ്പോൾ കോൺഗ്രസിനെ തോൽപ്പിച്ച് സീറ്റ് പിടിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ മത്സരത്തിനില്ലെന്ന് സുരേഷ് ഗോപി ബിജെപി നേതൃത്വത്തെ അറിയിച്ചു.

ഇതോടെയാണ് വട്ടിയൂർക്കാവിൽ കുമ്മനം മതിയെന്ന് ആർഎസ്എസ് തീരുമാനം എടുത്തത്. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പാർട്ടി അധ്യക്ഷനായി പ്രചരണവും തുടങ്ങി. വീടുകൾ കയറിയുള്ള പ്രചരണവും തുടങ്ങി കഴിഞ്ഞു. ബിജെപി കൗൺസിലർമാർ ജയിച്ച വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇതോടെ ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷിന് പുതിയ സീറ്റ് കണ്ടെത്തേണ്ട സാഹചര്യവും ഉണ്ടാവുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിച്ചത് രാജേഷായിരുന്നു. കുമ്മനം വട്ടിയൂർക്കാവിൽ എത്തുമ്പോൾ രാജേഷ് നെടുമങ്ങാട്ടേക്കോ പാറശ്ശാലയിലേക്കോ മാറുമെന്നാണ് സൂചന.

വാഴോട്ട് കോണത്തെ തോൽവി പരിഗണിച്ച് കരുതലോടെയാകും ഇനിയുള്ള തീരുമാനങ്ങൾ. പിപി മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കവും സജീവമാണ്. എല്ലാവരേയും ഒരുമിച്ച് നിർത്തിയുള്ള പ്രചരണമാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഇതിനെ ചില കോണുകൾ എതിർക്കുന്നുമുണ്ട്. ഏതായാലും അതൊന്നും വകവയ്ക്കാതെ മുന്നോട്ട് പോകാനാണ് തീരുമാനം. തെരഞ്ഞെടുപ്പിന് രണ്ട് മാസമുള്ളതിനാൽ എല്ലാ വിവാദങ്ങളേയും ഒഴിവാക്കി നീങ്ങാനുള്ള സമയമുണ്ടെന്നാണ് ആർഎസ്എസ് പക്ഷം.

അതിനിടെ തിരുവനന്തപുരം സെൻട്രലിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ആശയക്കുഴപ്പം തീരുന്നുമില്ല. കെ സുരേന്ദ്രനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് നീക്കം. എന്നാൽ മഞ്ചേശ്വരമോ കാസർഗോഡോ ഇല്ലെങ്കിൽ മത്സരത്തിനില്ലെന്ന് സുരേന്ദ്രനും പറയുന്നു. കഴക്കൂട്ടം മണ്ഡലത്തിൽ ബിഡിജെഎസും അവകാശ വാദം ഉന്നയിക്കുന്നു. ഇതോടെ വി മുരളീധരൻ പ്രതിഷേധത്തിലുമാണ്. വളരെ നാൾ മുമ്പ് തന്നെ ഈ മണ്ഡലത്തിൽ മുരളീധരൻ പ്രചരണം തുടങ്ങിതുമാണ്. ഇതെല്ലാം തിരുവനന്തപുരം ജില്ലയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP