Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തുന്ന കുമ്മനത്തിന് ഇന്ന് ഒരുക്കിയിരിക്കുന്നത് വമ്പൻ സ്വീകരണം; സുരേന്ദ്രന് പത്തനംതിട്ടയും തുഷാർ വെള്ളാപ്പള്ളിക്ക് തൃശൂരും നൽകുന്നതോടെ ബിജെപിയുടെ മൂന്ന് പ്രധാന സീറ്റുകളിലേയും മത്സര ചിത്രം പൂർത്തിയാകുന്നു; ഇപ്പോഴും പാതിമനസ്സുള്ള തുഷാറിനെ കളത്തിൽ ഇറക്കാൻ കേന്ദ്ര ബിജെപി നേതൃത്വം കനത്ത സമ്മർദ്ദം തുടരുന്നു

തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തുന്ന കുമ്മനത്തിന് ഇന്ന് ഒരുക്കിയിരിക്കുന്നത് വമ്പൻ സ്വീകരണം; സുരേന്ദ്രന് പത്തനംതിട്ടയും തുഷാർ വെള്ളാപ്പള്ളിക്ക് തൃശൂരും നൽകുന്നതോടെ ബിജെപിയുടെ മൂന്ന് പ്രധാന സീറ്റുകളിലേയും മത്സര ചിത്രം പൂർത്തിയാകുന്നു; ഇപ്പോഴും പാതിമനസ്സുള്ള തുഷാറിനെ കളത്തിൽ ഇറക്കാൻ കേന്ദ്ര ബിജെപി നേതൃത്വം കനത്ത സമ്മർദ്ദം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിലെ താരം കുമ്മനം രാജശേഖരൻ തന്നെ. കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കാനാണ് സാധ്യത. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം തൃശൂർ സീറ്റ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു വിട്ടുകൊടുക്കും. മത്സരിക്കാൻ തുഷാർ സമ്മതിച്ചിട്ടില്ല. എന്നാൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സമ്മർദ്ദം തുടരുകയാണ്. സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനു മേഖലകൾ അടിസ്ഥാനമാക്കി നടത്തിയ അഭിപ്രായ രൂപീകരണത്തിന്റെ റിപ്പോർട്ടുകൾ ഇന്നലെ ബിജെപി കോർ കമ്മിറ്റി യോഗം ചർച്ചചെയ്തു. അടുത്ത ദിവസം റിപ്പോർട്ട് ദേശീയ നേതൃത്വത്തിനു കൈമാറും.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ സജീവമായ കെ. സുരേന്ദ്രനാണ് ചർച്ചകളിൽ എറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. കെ.സുരേന്ദ്രനു തൃശൂരിൽ മത്സരിക്കാനാണു താൽപര്യം. എന്നാൽ, തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ച് പത്തനംതിട്ടയിലേക്ക് മാറാൻ തയ്യാറായി. അതിനിടെ ഇന്ന് തിരുവനന്തപുരത്ത് കുമ്മനം എത്തുന്നുണ്ട്. മിസോറാം ഗവർണ്ണർ പദവി രാജിവച്ചെത്തുന്ന കുമ്മനത്തിന് വലിയ സ്വീകരണം ബിജെപി നൽകും. ഇന്ന് മുതൽ തന്നെ കുമ്മനം പ്രചരണത്തിൽ സജീവമാക്കും. ശബരിമലയെ ചർച്ചയാക്കുന്ന തരത്തിലാകും പ്രചരണം. തുഷാറിനെ മത്സരിപ്പിക്കാനുള്ള സമർദ്ദം അവസാന നിമിഷവും തുടരുകയാണ്. തുഷാർ മത്സരിക്കുന്നത് ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.

തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി ബിജെപി ദൂതൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണും. ദേശീയതലത്തിലെ പ്രമുഖ നേതാവ് ഇന്നോ നാളെയോ കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനുമായി ചർച്ച നടത്തുമെന്നാണു വിവരം. കഴിഞ്ഞ ദിവസങ്ങളിൽ എൻഡിഎയുടെയും ആർഎസ്എസിന്റെയും ദേശീയ നേതാക്കളുമായി തുഷാർ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. വെള്ളാപ്പള്ളി നടേശൻ മത്സരത്തിന് അനുകൂലമല്ലെന്നും എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണം ഏകോപിപ്പിക്കുകയെന്ന ചുമതല നൽകി മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്നും തുഷാർ വീണ്ടും ആവശ്യപ്പെട്ടു. മത്സരിച്ചാൽ ബിഡിജെഎസിൽ നിന്നും തുഷാറിനെ പുറത്താക്കുമെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. പിണറായിയോടാണ് വെള്ളാപ്പള്ളിക്ക് താൽപ്പര്യ. ഈ സാഹചര്യത്തിലാണ് അമിത് ഷാ തുഷാറിനെ മത്സരിപ്പിക്കാൻ വേണ്ടി ദൂതനെ കണിച്ചുകുളങ്ങരയിലേക്ക് അയക്കുന്നത്.

ഇതിനൊപ്പം ഇന്നു അമിത് ഷായും തുഷാർ വെള്ളാപ്പള്ളിയുമായി ആശയവിനിമയം നടത്തും. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കിൽ കെ. സുരേന്ദ്രൻ തൃശൂരിലേക്കു മാറുകയും സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പത്തനംതിട്ടയിൽ മത്സരിക്കുകയും ചെയ്യും. സി.വി. ആനന്ദബോസ് (കൊല്ലം), ഡോ. ബിജു (ആലപ്പുഴ), ന്യൂനപക്ഷ മോർച്ച നേതാവ് അനൂപ് ആന്റണി ജോസഫ് (ചാലക്കുടി) എന്നിവരുടെ പേരുകൾ ദേശീയ നേതൃത്വം നിർദ്ദേശിച്ചു. എം ടി. രമേശ് (കോഴിക്കോട്), ശോഭ സുരേന്ദ്രൻ, സി. കൃഷ്ണകുമാർ (പാലക്കാട്) തുടങ്ങിയ പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന്റെ പ്രതിനിധികളായ നിർമൽ കുമാർ സുരാന, വൈ. സത്യകുമാർ എന്നിവരും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.

തുഷാർ മത്സരിക്കണമെന്ന നിലപാടിൽ അമിത് ഷാ ഉറച്ചു നിൽക്കുകയാണ്. വെള്ളാപ്പള്ളിയുമായുള്ള ചർച്ചയിൽ അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണു എൻഡിഎ നേതൃത്വത്തിന്റെ പ്രതീക്ഷ. പ്രതികരണം അനുകൂലമല്ലെങ്കിൽ തുഷാറിന് ഉറച്ച തീരുമാനം എടുക്കേണ്ടി വരും. തുഷാർ മത്സരിക്കുന്നില്ലെങ്കിൽ തങ്ങളും പിന്മാറുമെന്നു കഴിഞ്ഞ ബിഡിജെഎസ് സംസ്ഥാന കൗൺസിലിൽ, സ്ഥാനാർത്ഥി പട്ടികയിലുള്ള ചിലർ അറിയിച്ചിരുന്നു. പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നുമുള്ള സമ്മർദം കാരണം മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് തുഷാർ എത്തുമെന്നാണു സൂചന. ഈ വിവാദം ബിഡിജെഎസിനേയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തുഷാർ മത്സരിച്ചാൽ എൻ.ഡി.എ. മുന്നണിക്ക് ബലം കൂടുമെന്ന് നേതാക്കൾ സൂചിപ്പിച്ചു.

മിക്കമണ്ഡലങ്ങളിലും പ്രവർത്തകർ ആഗ്രഹിക്കുന്നത് കെ. സുരേന്ദ്രനെയാണ്. കേരളത്തിലേക്ക് കുമ്മനം മടങ്ങിവന്ന് മത്സരിക്കണമെന്ന അഭിപ്രായത്തിനും മുൻഗണന ലഭിച്ചു. തുഷാർ മത്സരിക്കുമെങ്കിൽ തൃശ്ശൂർ ബിജെപി. വിട്ടുനൽകും. തിരുവനന്തപുരം, തൃശ്ശൂർ, പത്തനംതിട്ട, പാലക്കാട് എന്നിവയാണ് പാർട്ടി എ ക്ലാസ് മണ്ഡലമായി കാണുന്നത്. തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ. സുരേന്ദ്രനും മത്സരിക്കണമെന്നായിരുന്നു പൊതുവികാരം. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ സുരേന്ദ്രൻ വരണമെന്നാണ് അഭിപ്രായ രൂപവത്കരണത്തിലെ വികാരം. ശബരിമല സമരത്തിനുശേഷം സാമുദായിക സംഘടനകളുടെ പിന്തുണയും സുരേന്ദ്രന് ലഭിച്ചു.

കുമ്മനത്തിന് മോദിയുടെ ആശംസ

മിസോറം ഗവർണർപദവി ഒഴിഞ്ഞ കുമ്മനം രാജശേഖരൻ ചൊവ്വാഴ്ച തലസ്ഥാനത്തെത്തും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബിജെപി നേതാക്കളും പ്രവർത്തകരും സ്വീകരിക്കും. തുടർന്ന് ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചനടത്തിയശേഷമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. പേട്ട, ജനറൽ ആശുപത്രി, എൽ.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിക്കും. കോവിലിൽ ദർശനത്തിനുശേഷം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും.

ആർ.എസ്.എസിന്റെയും ബിജെപിയുടെയും തുടർച്ചയായ ആവശ്യം അംഗീകരിച്ചാണ് കുമ്മനത്തെ മടക്കിയയക്കാൻ ദേശീയനേതൃത്വം നിർബന്ധിതരായത്. തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കുക, എൻ.ഡി.എയുടെ കൺവീനറാക്കുക തുടങ്ങിയവയാണ് ആർഎസ്എസ്. മുന്നോട്ടുവെച്ച ആവശ്യങ്ങൾ. അതിനിടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് കുമ്മനം രാജേശഖരന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേർന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.ക്ക് കേരളത്തിൽ മികച്ചപ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്നും ബിജെപിയുടെ വർധിച്ചുവരുന്ന ജനപിന്തുണ വിജയത്തിന് സഹായിക്കുമെന്നും കുമ്മനം നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടുത്തഘട്ടത്തിൽ കേരളത്തിൽ വീണ്ടുമെത്തുമെന്ന് കുമ്മനത്തെ പ്രധാനമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP