Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ക്രിമിനൽ കേസ് വിവരങ്ങൾ പ്രചാരമില്ലാത്ത പത്രങ്ങളിൽ നൽകി തടിതപ്പുന്ന പരിപാടി നടപ്പില്ല; പല സ്ഥാനാർത്ഥികളും പരസ്യം നൽകുന്നത് തീരെ പ്രചാരമില്ലാത്ത പത്രങ്ങളിൽ; പ്രചാരമുള്ള മൂന്ന് പത്രങ്ങളിൽ പരസ്യം ചെയ്‌തേ മതിയാവൂ; കർശന നിർദ്ദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

ക്രിമിനൽ കേസ് വിവരങ്ങൾ പ്രചാരമില്ലാത്ത പത്രങ്ങളിൽ നൽകി തടിതപ്പുന്ന പരിപാടി നടപ്പില്ല; പല സ്ഥാനാർത്ഥികളും പരസ്യം നൽകുന്നത് തീരെ പ്രചാരമില്ലാത്ത പത്രങ്ങളിൽ; പ്രചാരമുള്ള മൂന്ന് പത്രങ്ങളിൽ പരസ്യം ചെയ്‌തേ മതിയാവൂ; കർശന നിർദ്ദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തങ്ങളുടെ കേസ് വിവരങ്ങൾ പ്രചാരമില്ലാത്ത പത്രങ്ങളിൽ നൽകി തടി തപ്പുന്ന പരിപാടി നടപ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരമുള്ള 3 പത്രങ്ങളിൽ പരസ്യം ചെയ്യണം. മൂന്ന് ചാനലുകളിൽ ഏഴു സെക്കന്റ് വീതം വിവരം പരസ്യമായി നൽകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദ്ദേശിച്ചു.

സുപ്രീം കോടതി നിർദ്ദേശമായതിനാൽ ഇക്കാര്യത്തിൽ ഇളവ് നൽകാനാവില്ല. പല സ്ഥാനാർത്ഥികളും തീരെ പ്രചാരമില്ലാത്ത പത്രങ്ങളിൽ പരസ്യം നൽകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദ്ദേശം പുറപ്പെടുവിച്ചത്. സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിക്കുമ്പോൾ പരസ്യം നൽകേണ്ട കാര്യം ഒാർമിപ്പിച്ചു വരണാധികാരി സി 3 ഫോം നൽകാറുണ്ട്. പാർട്ടി, അല്ലെങ്കിൽ സംഘടന, മണ്ഡലം, കോടതി, കേസ് ഏതു നിയമ പ്രകാരം, അതിന്റെ വകുപ്പ്, ശിക്ഷിക്കപ്പെട്ടെങ്കിൽ അതുസംബന്ധിച്ച മുഴുവൻ കാര്യങ്ങളും, ശിക്ഷാ കാലാവധി എന്നിവ പരസ്യത്തിൽ ഉണ്ടാകണം. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തീയതിക്കു ശേഷം വോട്ടെടുപ്പിനു 2 ദിവസം മുൻപായി നടപടി പൂർത്തിയാക്കണം. ദൃശ്യമാധ്യമങ്ങളിൽ വോട്ടെടുപ്പിനു 48 മണിക്കൂർ മുൻപുവരെ പരസ്യം ചെയ്യാം. രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്‌സൈറ്റിലും ഇതു നൽകിയിരിക്കണം എന്നാണ് നിബന്ധന.

കേസുകൾ പത്രങ്ങളിൽ പരസ്യപ്പെടുത്തണമെന്ന നിബന്ധനയിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഏറെ കേസുകളുള്ള കെ.സുരേന്ദ്രനെ പോലുള്ളവർ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേന്ദ്രനെതിരെ 242 കേസുകളാണുള്ളത്. ഇവയുടെ വിശദാംശങ്ങളടക്കം ഒരു തവണ പ്രസിദ്ധീകരിക്കാൻ 20 ലക്ഷം രൂപ വേണം. മൂന്നു തവണയാകുമ്പോൾ 60 ലക്ഷം രൂപ ആവശ്യമുണ്ട്. ഇത് ബുദ്ധിമുണ്ടാക്കുന്നതായി എൻഡിഎ കമ്മീഷനെ അറിയിച്ചിരുന്നു.

പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പട്ടികയനുസരിച്ചു പ്രചാരമുള്ള ഒരു പത്രത്തിൽ വായനക്കാർ ശ്രദ്ധിക്കുന്ന സ്ഥലത്തു 3 തവണ പ്രസിദ്ധീകരിച്ച് അതിന്റെ രേഖകൾ തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനാണു നിർദ്ദേശം. ഒരു പ്രധാന ദൃശ്യമാധ്യമത്തിലും 3 തവണ പരസ്യം ചെയ്യണം. ഇതേ രീതിയിലാണു പാർട്ടിയും ചെയ്യേണ്ടത്. ദൃശ്യമാധ്യമത്തിൽ പരസ്യം 7 സെക്കൻഡ് കാണിക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ ചെലവു തിരഞ്ഞെടുപ്പു പ്രചാരണ വകയിൽ ഉൾപ്പെടുത്താം. വിവരങ്ങൾ മറച്ചുവയ്ക്കുകയും തെറ്റായരീതിയിൽ പ്രതിപാദിക്കുകയും ചെയ്യുന്നതു ശക്തമായ നടപടിക്ക് ഇടയാക്കും. കഴിഞ്ഞവർഷം സെപ്റ്റബംർ 9ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് വിവരങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP