Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിറ്റക്‌സ് ഉടമയുടെ പാർട്ടിക്ക് വോട്ട് ചെയ്യാൻ ഉറച്ച് കിഴക്കമ്പലത്തെ 80ശതമാനം നാട്ടുകാരും; ചാലക്കുടിയിൽ കിറ്റക്‌സ് എംഡി സാബു എം ജേക്കബ് മത്സരിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് യുഡിഎഫിന് തന്നെ; പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി20 കൺവെൻഷനിൽ ഉയർന്നത് മത്സരിക്കണമെന്ന ആഹ്വാനം; കേരളത്തിലെ പുത്തൻ രാഷ്ട്രീയ വിപ്ലവകാരികൾ പണി കൊടുക്കുന്നത് ആർക്കാകും?

കിറ്റക്‌സ് ഉടമയുടെ പാർട്ടിക്ക് വോട്ട് ചെയ്യാൻ ഉറച്ച് കിഴക്കമ്പലത്തെ 80ശതമാനം നാട്ടുകാരും; ചാലക്കുടിയിൽ കിറ്റക്‌സ് എംഡി സാബു എം ജേക്കബ് മത്സരിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് യുഡിഎഫിന് തന്നെ; പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി20 കൺവെൻഷനിൽ ഉയർന്നത് മത്സരിക്കണമെന്ന ആഹ്വാനം; കേരളത്തിലെ പുത്തൻ രാഷ്ട്രീയ വിപ്ലവകാരികൾ പണി കൊടുക്കുന്നത് ആർക്കാകും?

മറുനാടൻ മലയാളി ബ്യൂറോ

കിഴക്കമ്പലം: കേരളത്തിലെ വിപ്ലവകരമായ രാഷ്ട്രീയ പരീക്ഷണത്തിന്റെ വിജയകഥയാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ജനകീയ കൂട്ടായ്മ 'ട്വന്റി 20'യ്ക്ക് പറയാനുള്ളത്. ഇപ്പോഴിതാ ഈ കൂട്ടായ്മ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതോടെ ചാലക്കുടിയിലെ വിജയത്തെ നിശ്ചയിക്കുന്ന ഘടകമായി ഇത് മാറുകയാണ്. കിറ്റെക്‌സ് ഗാർമെന്റ്സ് എം.ഡി.യും ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്ററുമായ സാബു എം. ജേക്കബ് സ്ഥാനാർത്ഥിയാവാനാണ് സാധ്യത.

ഞായറാഴ്ച കിഴക്കമ്പലത്തു ചേർന്ന ട്വന്റി 20 പ്രവർത്തക കൺവെൻഷനാണ് മത്സരത്തിനിറങ്ങാൻ തീരുമാനിച്ചത്. ചീഫ് കോ-ഓർഡിനേറ്റർ മത്സരിക്കണമെന്ന് പ്രവർത്തകർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. സാബു മത്സരിച്ചാൽ അത് യുഡിഎഫിനാകും വലിയ തിരിച്ചടിയാവുക. യുഡിഎഫ് വോട്ടുകളാകും പ്രധാനമായും ട്വന്റി 20 കവർന്നെടുക്കുക. അതുകൊണ്ട് തന്നെ കിറ്റക്‌സ് ഗ്രൂപ്പിന്റെ നീക്കം ചാലക്കുടിയിലെ വിജയത്തെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകമാകും. അതിനിടെ ട്വന്റി 20യെ അനുനയിപ്പിക്കാനും നീക്കം സജീവമാണ്.

ട്വന്റി 20-യോട് ഇരു മുന്നണികളും പുലർത്തുന്ന നയത്തിൽ പ്രതിഷേധിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. ഞായറാഴ്ച കിഴക്കമ്പലം സെന്റിനറി ഹാളിൽ കൂടിയ 2200-ഓളം പ്രവർത്തകരുടെ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ടു രേഖപ്പെടുത്തേണ്ടതില്ല എന്ന തീരുമാനമാണ് പ്രവർത്തകർ പ്രകടിപ്പിച്ചത്. വിശദ ചർച്ചയ്‌ക്കൊടുവിലാണ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി വോട്ടുകൾ സ്വരൂപിക്കാൻ തീരുമാനിച്ചത്. കിഴക്കമ്പലത്തെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കിറ്റക്‌സ് ഗ്രുപ്പ് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയത്. ഇത് പഞ്ചായത്തിൽ വലിയ വിജയമായി മാറുകയും ചെയ്തു. നാട്ടുകാരുടെ പിന്തുണയോടെയാണ് മുന്നോട്ട് പോക്ക്. ലോക്‌സഭാ മത്സരത്തിന് നായകനെ തന്നെ ഇറക്കുമ്പോൾ ട്വന്റി 20 വലിയ തോതിൽ വോട്ട് നേടുമെന്നും ഉറപ്പാണ്.

പഞ്ചായത്തിലെ 80 ശതമാനം വോട്ടുകളും നേടാനാകുമെന്ന് ട്വന്റി 20 കരുതുന്നു. ഇതോടൊപ്പം സമീപ നിയമസഭാ മണ്ഡലങ്ങളിലെ നല്ലൊരു വിഭാഗം നിഷ്പക്ഷ വോട്ടുകളും ലഭിക്കുമെന്ന് ട്വന്റി 20 കരുതുന്നുണ്ട്. ട്വന്റി 20-യെക്കുറിച്ച് അറിഞ്ഞിട്ടുള്ളവർ ട്വന്റി 20-ക്ക് തന്നെ വോട്ട് നൽകുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു. ഇതാണ് രാഷ്ട്രീയപാർട്ടികൾക്ക് വെല്ലുവിളിയാകുന്നത്. കിഴക്കമ്പലത്തെ വോട്ടുകൾ ഇനി മറ്റൊരാൾക്ക് ലഭിക്കാത്ത വിധത്തിൽ കാര്യങ്ങൾ എത്തിക്കുകയാണ് ട്വന്റി 20. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമീപ സ്ഥലങ്ങളിലേക്കും സംഘടനാ പ്രവർത്തനം ഇവർ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.

എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്‌സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ്(Societies act) പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി20 കിഴക്കമ്പലം അസോസിയേഷൻ.കിറ്റക്‌സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി20 യ്ക്ക് നേതൃത്വം നൽകുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റി20. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഉണ്ടാക്കിയത്.

രണ്ടു വർഷമായി 28 കോടി രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ചത്. എന്നാൽ വികസന പരിപാടികൾ നടപ്പിലാക്കാൻ സർക്കാൻ നൂലാമാലകൾ തടസ്സമാവുന്നതായി കമ്പനി പറയുന്നു. വികസനപ്രവർത്തനങ്ങൾ കമ്പനി നടത്തുമ്പോഴും വലിയതോതിലുള്ള ജലമലിനീകരണം കമ്പനിയിൽ നിന്നും ഉണ്ടാവുന്നതായും ഇതിൽ കമ്പനിക്കുതന്നെ ഇടപെടാൻ വേണ്ടിയാണു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്‌സഭയിൽ മത്സരിച്ച് മുന്നണികൾക്ക് പണി കൊടുക്കാനുള്ള തീരുമാനം. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 2015നു മുമ്പ് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത്. 2012ൽ ഒരു പ്രവർത്തനസമിതി കമ്പനിക്കെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു പരാതി നൽകി. ഇത് കാരണം കമ്പനിയുടെ പ്രവർത്തനാനുമതി പുതുക്കാൻ പഞ്ചായത്ത് അധികാരികൾ വിസമ്മതിച്ചു. കമ്പനിയുടെ ബ്ലീച്ചിങ് യൂണിറ്റുകളിൽ നിന്ന് പുറത്തുവിടുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നായിരുന്നു പരാതി. എന്നാൽ, പിന്നീടു കേരള ഹൈക്കോടതി പരിശോധിച്ച സാമ്പിളുകളിലും, കോടതി നിയമിച്ച വിദഗ്ദ്ധസമിതിയുടെ പരിശോധനയിലും, കമ്പനി പുറത്തുവിടുന്ന മാലിന്യങ്ങൾ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങൾ ലംഘിക്കുന്നതല്ല എന്ന് കണ്ടെത്തി. എന്നിട്ടും പഞ്ചായത്ത് ലൈസെൻസ് പുതുക്കി നൽകിയില്ല.

അവസാനം, കോടതിയുടെ അന്ത്യശാസനം കാരണം ലൈസെൻസ് പുതുക്കി കിട്ടിയെങ്കിലും ദേശീയ ഗ്രീൻ ട്രിബ്യൂണൽ കേസ് നടക്കുകയാണ്. പരിസരത്തെ പട്ടികജാതി കോളനിയിൽ ഒരു പൊതുകിണർ കുഴിക്കുവാനുള്ള കമ്പനിയുടെ ശ്രമവും നിയമതിന്റെ നൂലാമാലകൾ പറഞ്ഞു പഞ്ചായത്ത് അധികാരികൾ അനുവദിച്ചില്ല. ഇതോടെയാണ് ട്വന്റി 20 പഞ്ചായത്ത് മത്സരത്തിന് ഇറങ്ങിയതും വിജയം നേടിയതും. പല തലങ്ങളിലായി 4800ഓളം പേരാണ് ഈ സംരംഭത്തിനായി ജോലിചെയ്യുന്നത്. തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ സർവേക്ക് ശേഷം ട്വന്റി ട്വന്റി, പഞ്ചായത്തിലെ 8600 കുടുംബങ്ങൾക്കായി 4 തരത്തിലുള്ള 7620 കാർഡുകൾ നൽകി. ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് അവർക്ക് 4 തരത്തിലുള്ള കാർഡുകൾ നൽകിയത്.

സമീപത്തുള്ള പട്ടികജാതി കോളനിയിലെ അന്തേവാസികൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ നൽകുക, ശൗചാലയം,പൊതുകിണർ,പൊതു പൈപ്പ് തുടങ്ങിയവ നിർമ്മിച്ചു നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് അവർ ആദ്യം നടത്തിയത്. രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് സൗജന്യ ഭക്ഷണം, നിർധനർക്ക് വിവാഹങ്ങൾ,സർജറി മുതലായ ചികിത്സകൾക്കും അവർ ധനസഹായം നൽകി. കർഷകർക്കും സഹായങ്ങൾ ചെയ്തുകൊടുത്തു. ട്വന്റി ട്വന്റി കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനായി 5 ദിന ചന്തയും സംഘടിപ്പിച്ചു.അങ്ങനെയെല്ലാം പുതിയ മാതൃക കാട്ടി. ഇതിന്റെ പ്രതിഫലനം സമീപ പഞ്ചായത്തുകളിലും ഉണ്ട്. ഇതെല്ലാം വോട്ടാകുമോ എന്ന പരീക്ഷണത്തിനാണ് ട്വന്റി ട്വന്റ് ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP