Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് ക്യൂവിൽ നിന്നും വോട്ട് ക്യൂവിലേക്ക് ജനങ്ങൾ ചുവടുവെക്കുമ്പോൾ വിലയിരുത്തപ്പെടുക മോദി ഭരണം; എന്തു വിലയും കൊടുത്ത് യുപി ഭരണം പിടിക്കാൻ കച്ചമുറുക്കി ബിജെപി; ദേശീയ പ്രാധാന്യം നിലനിർത്താൻ പഞ്ചാബിലും ഗോവയിലും കോൺഗ്രസിന് ഭരണം തിരിച്ചു പിടിക്കണം; വെല്ലുവിളിയായി ആംആദ്മിയുടെ സാന്നിധ്യവും: അഞ്ച് സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് നിർണായമാകുന്നത് ഇങ്ങനെ

നോട്ട് ക്യൂവിൽ നിന്നും വോട്ട് ക്യൂവിലേക്ക് ജനങ്ങൾ ചുവടുവെക്കുമ്പോൾ വിലയിരുത്തപ്പെടുക മോദി ഭരണം; എന്തു വിലയും കൊടുത്ത് യുപി ഭരണം പിടിക്കാൻ കച്ചമുറുക്കി ബിജെപി; ദേശീയ പ്രാധാന്യം നിലനിർത്താൻ പഞ്ചാബിലും ഗോവയിലും കോൺഗ്രസിന് ഭരണം തിരിച്ചു പിടിക്കണം; വെല്ലുവിളിയായി ആംആദ്മിയുടെ സാന്നിധ്യവും: അഞ്ച് സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് നിർണായമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 50 ദിവസത്തിലേറെ ഇന്ത്യൻ ജനത അനുഭവിച്ച ദുരിതം സമ്മാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപ്പര്യത്താൽ പ്രഖ്യാപിച്ച നോട്ട് നിരോധനമായിരുന്നു. കള്ളപ്പണത്തിന് എതിരായ സർജിക്കൽ സ്‌ട്രൈക്കായി നടത്തിയ പ്രഖ്യാപനം രാജ്യത്തിന്റെ സമസ്ത മേഖലയെയും ബാധിച്ചു. അതുകൊണ്ട് തന്നെ നോട്ട് ക്യൂവിൽ നിന്നും ജനങ്ങൾ വോട്ട് ക്യൂവിലേക്ക് നീങ്ങുമ്പോൾ വിലയിരുത്തപ്പെടുക കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിന്റെയും മോദിയുടെയും അതിപ്രധാനമായ ഈ നയങ്ങൾ തന്നെയാകും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരിമാർച്ചിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസിനും ബിജെപിക്കും പുറമേ ആം ആദ്മിയും കച്ചമുറുക്കി രംഗത്തുണ്ടെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.

ദേശീയ രാഷ്ട്രീയത്തിന്റെ ദിശ തന്നെ നിർണയിക്കുന്ന അതീവ പ്രാധാന്യം അർഹിക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ഇതിൽ വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലേക്ക് തന്നെയാണ് എല്ലാവരുടെയും നോട്ടവും. കാരണം യുപി പിടിച്ചാൽ ഇന്ത്യ പിടിച്ചു എന്ന ആ പഴയ മുദ്രാവാക്യത്തിന് ഇപ്പോഴും ഏറെ കരുത്തുണ്ട് എന്നതു തന്നെയാണ് ഇതിന് കാരണം. ഉത്തർപ്രദേശിൽ ബിജെപി ഭരണം പിടിച്ചാൽ അത് അതീവ നിർണായകമാകും. ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി മോദി കൂടുതൽ കരുത്തനാകും. കൂടുതൽ പരിഷ്‌ക്കരണങ്ങളിലേക്ക് അദ്ദേഹം കടക്കുകയും ചെയ്യും. ഇത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും നിർണായകമാകും. മോദിക്ക് അദ്ദേഹത്തിന് ഇഷ്ടമുള്ളയാളെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുള്ള കരുത്തു പകരുന്നതാകും ബിജെപി യുപി ഭരണം പിടിച്ചാൽ സംഭവിക്കുക. എന്നാൽ, മോദിയെ മാത്രം മുന്നിൽ നിർത്തിയുള്ള ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് നേരിടൽ ബിജെപിയെ സംബന്ധിച്ചിടത്തോളം കഠിനമായ കാര്യമാണ്.

ഒരു വശത്ത് അഖിലേഷ് യാദവെന്ന യുവ രാഷ്ട്രീയക്കാരന്റെ മുഖം സമാജ് വാദി പാർട്ടിക്ക് നേട്ടമാകും. ബിഎസ്‌പിയുടെ കാര്യത്തിൽ മായവതിയുണ്ട് താനും. എന്നാൽ, ബിജെപിക്ക് പ്രാദേശികമായി എടുത്തുകാട്ടാൻ കഴിയുന്ന ഒരു നേതാവില്ലെന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ, അമിത്ഷായുടെ നേതൃത്വത്തിൽ കുറേക്കാലങ്ങലായി നടക്കുന്ന ശക്തിപ്പെടുത്തൽ ഗുണകരമാകുമെന്ന വിശ്വാസം ബിജെപിക്കുണ്ട്. എന്നാൽ, ബിജെപിയെ നേരിടാൻ ബിഹാർ മോഡൽ സഖ്യം ഇനിയും രൂപം കൊള്ളാൻ സാധ്യതയുണ്ട്. എസ്‌പിക്കൊപ്പം കോൺഗ്രസ് ചേരുമെന്നാണ് പ്രതീക്ഷ. ഇതിൽ ഇനിയും തീരുമാനമാകാനുണ്ട്.

സമാജ്വാദി പാർട്ടിയിലെ യാദവപോര് ഇനിയും അവസാനിച്ചിട്ടില്ല. മുലായവും അഖിലേഷും തമ്മിലുള്ള ഈ തമ്മിലടിയിൽ തന്നെയാണ് ബിജെപിയുടെ പ്രതീക്ഷയും. പാർട്ടിയിലെ കുടുംബകലഹമാണ് അച്ഛനെയും മകനെയും രണ്ട് ദിശയിൽ എത്തിച്ചത്. ഇതിനിടെ മികച്ച ഒരുക്കങ്ങൽ നടത്തി മായാവതിയും ഭരണം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഷീലാ ദീക്ഷിത്തിനെ മുന്നിൽ നിർത്തിയുള്ള പരീക്ഷണത്തിനാണ് കോൺഗ്രസ്. ഈ പരീക്ഷണം വിജയം കാണാൻ ഇടയില്ലെങ്കിലും സീറ്റ് വർദ്ധിപ്പിക്കുക എന്നതാണ് രാഹുലിന്റെ മനസിലുള്ള കാര്യം. ഇതിലൂടെ കോൺഗ്രസ് വിമുക്ത ഭാരതം എന്ന ബിജെപി മുദ്രാവാക്യത്തെ മറികടക്കാൻ കോൺഗ്രസിന് സാധിച്ചേക്കും. 403 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തർപ്രദേശിൽ അധികം പ്രതീക്ഷ വെക്കാത്ത കോൺഗ്രസിന് അധികാരം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയുള്ളത് രണ്ട് സംസ്ഥാനങ്ങളിലാണ്. പഞ്ചാബിലും ഗോവയിലുമാണിത്. എന്നാൽ, രണ്ടിടങ്ങളിലും കോൺഗ്രസിന് വെല്ലുവിളി ആകുന്നത് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയാണ്. ശിരോമണി അകാലിദൾബിജെപി സഖ്യമാണ് പഞ്ചാബിലെ നിലവിലെ ഭരണപക്ഷം. 2007ൽ കോൺഗ്രസിനെ വീഴ്‌ത്തി അധികാരത്തിലെത്തിയ എൻഡിഎ സഖ്യം തുടർച്ചയായ രണ്ടാം തവണയാണ് അധികാരം പിടിച്ചത്. എന്നാൽ, രണ്ട് തവണത്തെ തിരിച്ചടിക്ക് പകരം വീട്ടുക എന്നതാണ് ക്യാപ്റ്റൻ അമരീന്ദർ സിങും ലക്ഷ്യമിടുന്നത്. പഞ്ചാബിൽ ആംആദ്മിപാർട്ടിയുടെ വരവോടെ അകാലിദൾ ബിജെപി സഖ്യവും കോൺഗ്രസും തമ്മിലുള്ള ത്രികോണ മൽസര പ്രതീതിയാണ് ഇവിടെ.

ഗോവയിലാണ് കോൺഗ്രസ് വീമ്ടും പ്രതീക്ഷ വെക്കുന്ന മറ്റൊരു സ്ഥലം. കോൺഗ്രസും ബിജെപിയും നേരിട്ട് മത്സരിക്കുന്ന ഗോവയിലെ ഭരണം തിരിച്ചു പിടിച്ചാൽ അത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്ന കാര്യമാകും. എന്നാൽ, ശക്തമായ നേതൃത്വം ഇല്ലെന്നതാണ് കോൺഗ്രസിന് തിരിച്ചടിയാകുന്ന ഘടകം. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡിൽ പാർട്ടി ദേശീയ നേതൃത്വം വലിയ പ്രതീക്ഷ വെക്കുന്നില്ല. ബിജെപി ഇവിടെ അട്ടിമറിയിലൂടെ ഭരണം പിടിക്കാൻ പല ശ്രമങ്ങളും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇവിടെ വിജയിച്ചേ പറ്റൂ. വീഴാതിരിക്കാൻ കോൺഗ്രസും ഫൈറ്റു ചെയ്യുമെന്നത് ഉറപ്പാണ്.

മണിപ്പൂരിൽ കോൺഗ്രസ് വീണ്ടും അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. ഇറോം ശർമ്മിളയുടെ രാഷ്ട്രീയ സ്വാധീനവും ഇവിടെ നിർണായകമാകും. ഭരണത്തുടർച്ച നേടുകയെന്നതാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. വലിയ മൽസരമൊന്നുമില്ലാതെയാണ് 2012ൽ 60 സീറ്റുകളിൽ 42ഉം പിടിച്ച് കോൺഗ്രസ് അധികാരത്തിലേറിയത്. ഒക്രം ഇബോബി സിങിന്റെ നേതൃത്വത്തിൽ തുടർച്ചയായി അധികാരം നിലനിർത്താമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ചെറിയ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ കോൺഗ്രസിന് സാധിച്ചേക്കുമെങ്കിലും ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്ക് തന്നെയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചുവരാൻ സാധിക്കണമെങ്കിൽ യുപിയിൽ മുന്നേറ്റം അനിവാര്യമാണ്. ഇതിന് അഖിലേഷ് യാദവുമായി സഖ്യമാകാം എന്നാണ് കോൺഗ്രസിന്റെ ധാരണ.

മുലായവും അഖിലേഷും ഒറ്റയ്‌ക്കൊറ്റയ്ക്ക് തെരഞ്ഞെടുപ്പ് നേരിടാൻ തീരുമാനിച്ചാൽ അഖിലേഷിനെ ഒപ്പം കൂട്ടാനാണ് കോൺഗ്രസിന് താൽപര്യം. ഇരു കൂട്ടരും തമ്മിൽ സഖ്യചർച്ചകൾ സജീവമാണെന്നതിന്റെ സൂചന നൽകി ഷീലാ ദീക്ഷിത് അഖിലേഷ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന പ്രസ്താവനയും നടത്തിയിരുന്നു. സമാജ്‌വാദി പാർട്ടിയിലെ കലഹത്തിൽ ശക്തമായത് അഖിലേഷ് പക്ഷമാണ്. മുലായം സിങ് യാദവിനേയും ശിവ്പാൽ യാദവിനേയും പാർട്ടിക്കുള്ളിൽ കടത്തിവെട്ടാൻ അഖിലേഷിന് കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ എംഎൽഎമാർ അഖിലേഷിന്റെ പക്ഷമായതിനാൽ തന്നെ പാർട്ടി അവകാശത്തിനും ചിഹ്നത്തിനും നിയമസാധുതയുണ്ടെന്നതും മുലായത്തിനെതിരായ പോരിൽ അഖിലേഷിനെ ശക്തനാക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് യുപിയിൽ അഖിലേഷിനൊപ്പം ചേർന്ന് ബിജെപിയെ നേരിടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ നിർണായ തീരുമാനങ്ങൾ ഇനിയും വരാനുണ്ട്. നോട്ട് പ്രതിസന്ധി ഇനിയും തീരാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് എത്തുന്നത്. അതുകൊണ്ട് തന്നെ ഫണ്ട് കണ്ടെത്തുക എന്നത് എല്ലാ പാർട്ടികളെയും സംബന്ധിച്ചിടത്തോളം നിർണായക തീരുമാനമാണ് താനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP