Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വയനാടിന് വേണ്ടി തമ്മിൽ തല്ലുമ്പോൾ മാസ് എൻട്രിയുമായി രാഹുൽ ഗാന്ധി എത്തുമോ? ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ശക്തി കൂട്ടാൻ രാഹുൽ എത്തുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഊർജ്ജം പകർന്ന് വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റും; അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നും രാഹുലിന്റെ പുതുരാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും തൃത്താല എംഎൽഎ

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വയനാടിന് വേണ്ടി തമ്മിൽ തല്ലുമ്പോൾ മാസ് എൻട്രിയുമായി രാഹുൽ ഗാന്ധി എത്തുമോ? ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ശക്തി കൂട്ടാൻ രാഹുൽ എത്തുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഊർജ്ജം പകർന്ന് വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റും; അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നും രാഹുലിന്റെ പുതുരാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും തൃത്താല എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവുമധികം വിജയസാധ്യതയുള്ള ലോക്‌സഭാ മണ്ഡലമാണ് വയനാട്. ഈ സീറ്റിന് വേണ്ടി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തമ്മിൽ ശക്തമായി തമ്മിൽ തല്ലുന്ന അവസ്ഥയാണുള്ളത്. ഇതോടെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം അവതാളത്തിലായി. സ്ഥാനാർത്ഥിയെ കാത്തിരുന്ന കോൺഗ്രസുകാർ മടുത്ത സാഹചര്യത്തിൽ വി ടി ബൽറാം ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടു. ഈ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെക്കുകാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം എന്ന ആവശ്യമാണ് ബൽറാം ഉയർത്തുന്നത്. അദ്ദേഹം വയനാട്ടിൽ മത്സരിക്കേണ്ടത് പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യമാണെന്ന വിധത്തിലാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് അത് വയനാട് ആകട്ടെ എന്ന നിലപാട് ബൽറാം കൈക്കൊള്ളുന്നത്.

വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.

വയനാട് സീറ്റിനെച്ചൊല്ലി എ,ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിലാണ് ബൽറാമിന്റെ ഇത്തരമൊരു പോസ്റ്റ് എത്തുന്നത്. ടി.സിദ്ദീഖിനെ വയനാട്ടിൽ മത്സരിപ്പിക്കണം എന്ന നിലപാടിലുറച്ചു നിൽക്കുകയാണ് എ ഗ്രൂപ്പ്. തർക്കമുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഡൽഹിയിൽ ഇന്ന് അവസാനവട്ട ചർച്ചകളും നടക്കുന്നുണ്ട്.

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ജനവിധി തേടിയാൽ അതിന്റെ അലയടികൾ തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണ്ണാടകയിലും ആന്ധ്രയിലും തെലുങ്കാനയിലും വീശിയടിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വയനാട്ടിൽ മത്സരിക്കണം എന്ന ആവശ്യം ഉയയർന്നത്. രാഹുൽ വയനാട്ടിൽ എത്തിയാൽ സംസ്ഥാനത്ത് കോൺഗ്രസ് തരംഗത്തിന് തന്നെ സാധ്യതയുണ്ട്. തമിഴ്‌നാട്ടിലും കർണാടകത്തിലും അതിന്റെ ഗുണം ലഭിക്കും. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അമേഠിക്ക് പുറമേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്നും കൂടി മൽസരിക്കണമെന്ന ആവശ്യം ഉയരുന്നത്.

രാഹുൽ കർണാടകയിൽ നിന്നും മൽസരിക്കണമെന്ന് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. 'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നു മത്സരിക്കണമെന്നു രാഹുൽ ഗാന്ധിയോട് അപേക്ഷിക്കുന്നു. അദ്ദേഹം ദക്ഷിണേന്ത്യയിൽ നിന്നുള്ള നമ്മുടെ പ്രതിനിധിയായിരിക്കണം. അതിനായി കർണാടക തിരഞ്ഞെടുക്കണം' ദിനേഷ് ഗുണ്ടു റാവു ട്വിറ്ററിൽ കുറിച്ചു.

പിസിസി പ്രസിഡന്റിന്റെ ആവശ്യത്തിനു പിന്തുണയുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും രംഗത്തെത്തി. കർണാടക എപ്പോഴും കോൺഗ്രസ് നേതാക്കളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കാര്യത്തിൽ അതു തെളിഞ്ഞതാണ്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായ രാഹുൽ ഗാന്ധി കർണാടകയിൽ നിന്നു മത്സരിച്ച് പുതിയ വികസന മാതൃക സൃഷ്ടിക്കണമെന്നു സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥും രാഹുൽ ഗാന്ധിയെ സംസ്ഥാനത്ത് മത്സരിക്കാൻ ക്ഷണിച്ചിരുന്നു. രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴൊക്കെ കോൺഗ്രസ് നേതാക്കൾ ദക്ഷിണേന്ത്യയിൽ നിന്നു മത്സരിച്ചിട്ടുണ്ടെന്നു പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സമാന ആവശ്യം ഉന്നയിച്ചതായാണ് സൂചന. അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ 1978ൽ ഇന്ദിരാ ഗാന്ധി കർണാടകയിലെ ചിക്മംഗളൂരുവിൽ നിന്നും 1999ൽ കോൺഗ്രസ് അധ്യക്ഷയായിരിക്കെ സോണിയ ഗാന്ധി ബെല്ലാരിയിൽ നിന്നും മത്സരിച്ചു വിജയിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നേതാക്കളുടെ ആവശ്യം. യുപിയിലെ അമേഠിയാണ് നിലവിൽ രാഹുൽ ഗാന്ധിയുടെ മണ്ഡലം. ഇതിനു പുറമെ ദക്ഷിണേന്ത്യയിൽ നിന്നു കൂടി മത്സരിക്കണമെന്നാണ് ആവശ്യം. 2014ലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലും യുപിയിലുമായി രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു.

വയനാട് യു.ഡി.എഫിന്റെ പരമ്പരാഗത മണ്ഡലവും ഉറച്ച കോട്ടയുമായാണ് വിലയിരുത്തപ്പെടുന്നത്. ഈ സീറ്റിന് വേണ്ടി തർക്കം മൂർച്ഛിക്കുന്നതിനിടൊണ് ബൽറാമിന്റെ അഭിപ്രായം പുറത്തുവന്നത്. വയനാട് സീറ്റിന് വേണ്ടി ടി സിദ്ദിഖിന് വേണ്ടി എ ഗ്രൂപ്പും ഷാനിമോൾ ഉസ്മാന് വേണ്ടി ഐ ഗ്രൂപ്പും പിടിമുറിക്കിയിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി വയനാട്ടിൽ ഷാനിമോൾ ഉസ്മാന് നൽകി ആലപ്പുഴയിൽ ടി സിദ്ദിഖിനെ മത്സരിപ്പിക്കാനുള്ള ഫോർമുലയിൽ ചർച്ചകൾ നടക്കുകയാണ്.

ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള സിറ്റിങ് എംപി ആയ രാഹുൽ ഗാന്ധി വീണ്ടും അവിടെ നിന്ന് തന്നെ ജനവിധി തേടും. വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ മോദിപ്രഭാവം മങ്ങി യു.പി.എയ്ക്ക് പ്രതീക്ഷ കൈവരികയും കോൺഗ്രസിന് മേൽക്കൈ ലഭിക്കുകയും ചെയ്താൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് രാഹുൽ. അതുകൊണ്ട് കൂടിയാണ് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് കൂടി മത്സരിക്കണമെന്ന ചർച്ച സജീവമാണ്. കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കർണാടകയും കേരളവും. രാഹുലിന്റെ വരവ് പൊതുവിൽ പ്രതീക്ഷ കല്പിക്കുന്ന ദക്ഷിണേന്ത്യയിൽ, പാർട്ടിക്ക് പ്രചാരണരംഗത്ത് കൂടുതൽ സജീവത കൈവരുത്തുമെന്നും കരുതുന്നു. എന്നാൽ നേതൃത്വത്തിലെ ഒരു വിഭാഗം ഈ പ്രചാരണങ്ങളെ തള്ളുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP