Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്രമന്ത്രി സ്ഥാനം നൽകാതെ കുമ്മനം രാജശേഖരനെ തിരിച്ചയച്ചത് വട്ടിയൂർക്കാവിൽ താമര വിരിയിക്കാനോ? വിജയം മാത്രം മുന്നിൽ കണ്ട് ബിജെപിയും കോൺഗ്രസും; മൂന്നാം സ്ഥാനമെന്ന നാണക്കേട് എങ്ങനെ മറികടക്കും എന്നറിയാതെ സിപിഎം; കിട്ടിയ 'പണി' തിരിച്ചു കൊടുക്കാനൊരുങ്ങി സിപിഐ; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേ അണിയറ നീക്കങ്ങൾ ശക്തമാക്കി പാർട്ടികൾ

കേന്ദ്രമന്ത്രി സ്ഥാനം നൽകാതെ കുമ്മനം രാജശേഖരനെ തിരിച്ചയച്ചത് വട്ടിയൂർക്കാവിൽ താമര വിരിയിക്കാനോ? വിജയം മാത്രം മുന്നിൽ കണ്ട് ബിജെപിയും കോൺഗ്രസും; മൂന്നാം സ്ഥാനമെന്ന നാണക്കേട് എങ്ങനെ മറികടക്കും എന്നറിയാതെ സിപിഎം; കിട്ടിയ 'പണി' തിരിച്ചു കൊടുക്കാനൊരുങ്ങി സിപിഐ; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേ അണിയറ നീക്കങ്ങൾ ശക്തമാക്കി പാർട്ടികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്രമന്ത്രി സ്ഥാനം ഇല്ലെന്നുറപ്പായതോടെ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ തന്നെ ബിജെപി സ്ഥാനാർത്ഥിയാകും എന്ന പ്രചരണം ബലപ്പെടുന്നു. ലോക്‌സഭയിലെ പരാജയത്തിന്റെ ക്ഷീണം ഉപതെരഞ്ഞെടുപ്പിൽ തീർക്കാനാകും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കുമ്മനം രാജശേഖരൻ തന്നെ സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പിക്കാനാകും എന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.

കെ മുരളീധരൻ വടകരയിൽ നിന്നും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് തിരിഞ്ഞിരുന്നു. കെ മുരളീധരൻ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെക്കാൾ 7622 വോട്ടുകൾ കൂടുതൽ നേടിയായിരുന്നു നിയമസഭയിലെത്തിയത്. കെ മുരളീധരൻ അന്ന നേടിയത് 51322 വോട്ടുകളാണ്. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരൻ 43700 വോട്ടുകൾ നേടി. 40441 വോട്ടുകളുമായി സിപിഎമ്മിന്റെ ടി എൻ സീമ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് ഷെയർ വർദ്ധിപ്പിക്കുന്ന പ്രകടനമാണ് കുമ്മനം വട്ടിയൂർക്കാവിൽ കാഴ്‌ച്ചവെച്ചത്. മുന്നിലെത്താനായില്ലെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 2836 വോട്ടുകളാക്കി കുറക്കാൻ കുമ്മനത്തിന് കഴിഞ്ഞു. ശശി തരൂർ 53545 വോട്ടുകൾ വട്ടിയൂർക്കാവിൽ നേടിയപ്പോൾ കുമ്മനം 50709 വോട്ടുകളുമായി തൊട്ടുപിന്നിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ വോട്ടുകൾ രണ്ടു പാർട്ടികളും നേടിയപ്പോൾ ഇടതുപക്ഷം നാൽപ്പതിനായിരത്തിൽ നിന്നും 2914ലേക്ക് കൂപ്പുകുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തരംഗം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഗുണം കൂടി കുമ്മനം രാജശേഖരന് ഉപതെരഞ്ഞെടുപ്പിൽ ലഭിക്കും എന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്.

ബിജെപി ജില്ലാപ്രസിഡന്റ് എസ്.സുരേഷ്, മുൻ സംസ്ഥാനസെക്രട്ടറി ആർ.വി. രാജേഷ് എന്നിവരാണു സീറ്റിനു നോട്ടമുള്ള ജില്ലാതല സ്ഥാനാർത്ഥികൾ. സംസ്ഥാനവക്താവ് എം.എസ് കുമാറും പരിഗണിക്കപ്പെട്ടേക്കാം. സുരേഷ് ഗോപിയായിക്കൂടേയെന്നു ചോദിക്കുന്നവരുണ്ടെങ്കിലും രാജ്യസഭാംഗമായ അദ്ദേഹം അതു വിട്ടു നിയമസഭയിലേക്കു മത്സരിക്കുമോയെന്ന മറുചോദ്യം ഉയരുന്നു. സംസ്ഥാനത്തെ പ്രമുഖനേതാക്കളെ ആരെയെങ്കിലും ഇറക്കാൻ തീരുമാനിച്ചാൽ സംസ്ഥാനപ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയടക്കമുള്ളവരുടെ പേരുകൾ ഉയർന്നേക്കാം. എങ്കിലും നിലവിലെ സാഹചര്യത്തിൽ കുമ്മനം രാജശേഖരൻ എന്ന പേരിന് മുകളിൽ മറ്റൊരു പേര് വെക്കാൻ ബിജെപി നേതൃത്വം രണ്ടാമത് ഒന്നുകൂടി ആലോചിക്കും.

കോൺഗ്രസിന് കനത്ത വെല്ലുവിളി

കെ. മുരളീധരന്റെ സിറ്റിങ് സീറ്റ് നിലനിർത്തുക എന്ന വെല്ലുവിളിയാണു യുഡിഎഫിനു മുന്നിൽ. ലോക്‌സഭാതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും നേടിയ ലീഡ് യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടും. എന്നാൽ, ഭൂരിപക്ഷം വളരെ കുറഞ്ഞും ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും തമ്മിലുള്ള വ്യ്തയാസവും എല്ലാം കോൺഗ്രസിന് മുന്നിൽ വെല്ലുവിളിയാണ്. കെ മുരളീധരനെ പോലെ ശക്തനായ ഒരു നേതാവിനെ സ്ഥാനാർത്ഥിയാക്കാനായില്ലെങ്കിൽ കോൺഗ്രസിന് കാര്യങ്ങൾ അത്ര ലളിതമാകില്ല.

മൂന്നു മുന്നണികളും സ്ഥാനാർത്ഥിത്വത്തിലേക്ക് ഔദ്യോഗികമായി ഇനിയും കടന്നിട്ടില്ലെങ്കിലും അനൗപചാരിക സംഭാഷണങ്ങളും സ്ഥാനാർത്ഥിത്വത്തിനായുള്ള കരുനീക്കങ്ങളും ശക്തമാണ്. സിറ്റിങ് സീറ്റെന്ന അനുകൂല്യവും ലോക്‌സഭാതിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റവും മൂലം കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ വൻ ഇടി തന്നെയാണ് ആരംഭിച്ചിരിക്കുന്നത്.

ഐ ഗ്രൂപ്പിലെ മുരളിയുടെ സീറ്റായതിനാൽ തങ്ങളുടെ വിഭാഗത്തിലുള്ള ഒരാൾക്ക് അവകാശപ്പെട്ടതാണെന്ന വിശ്വാസമാണ് അവർക്ക്. എൻ. പീതാംബരക്കുറുപ്പ്, മുരളിയുടെ സഹോദരി കൂടിയായ പത്മജാവേണുഗോപാൽ, കെ. മോഹൻകുമാർ എന്നിവരുടെ പേരുകൾ മുന്നിലുണ്ട്. എയിലെ പ്രമുഖരായ തമ്പാനൂർരവി, പാലോട് രവി എന്നിവരുടെ പേരുകളും ഉയർന്നു.

എൻഎസ്എസിനു സ്വാധീനമുള്ള മണ്ഡലത്തിൽ സംഘടനയുടെ പിന്തുണയാണ് കെപിസിസി നിർവാഹകസമിതി അംഗമായ ശാസ്തമംഗലം മോഹന്റെ സാധ്യത. യുവനേതാക്കളായ ജ്യോതി വിജയകുമാർ, പി.എസ്. പ്രശാന്ത്, ആർ.വി രാജേഷ് എന്നിവർക്കായി വാദിക്കുന്നവരും പാർട്ടിയിലുണ്ട്. മുരളി ഒഴിയുന്ന സീറ്റായതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിനാകും പാർട്ടി പ്രഥമ പരിഗണന നൽകുക.

ഇടമില്ലാതെ ഇടതുമുന്നണി

രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട മണ്ഡലം എന്നതു തന്നെയാണ് ഇടതുമുന്നണിക്കുള്ള വെല്ലുവിളി. പിണറായി സർക്കാർ കേരളം ഭരിക്കുമ്പോൾ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നിൽ രാഷ്ട്രീയമായി നിരന്തരം പിന്തള്ളപ്പെടുന്നുവെന്നത് ഇടതുമുന്നണിയെ വേട്ടയാടുന്നുണ്ട്. ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരന് ഇവിടെ ലഭിച്ചത് 29414 വോട്ടു മാത്രം. അതുകൊണ്ടു തന്നെ ഉപതിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം അഭിമാനപ്രശ്‌നമാണ്.

മേയർ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമാണ്. എ.എ. റഷീദ്, എസ്‌പി.ദീപക് എന്നിവരും പരിഗണനയിലുണ്ട്. വി. ശിവൻകുട്ടിയുടെ പേരും പറയുന്നവരുണ്ട്. വട്ടിയൂർക്കാവിൽ സ്ഥിരമുണ്ടാകുന്ന ക്ഷീണം മറികടക്കാൻ സാമുദായികവോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന സ്വതന്ത്രസ്ഥാനാർത്ഥിയെ പരീക്ഷിക്കണമെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്.

തിരുവനന്തപുരത്തുകൊടുത്തത് വട്ടിയൂർക്കാവിൽ കിട്ടും

പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകൾ കോൺഗ്രസിന് മറിച്ചു എന്ന വികാരം സിപിഐയിൽ ശക്തമാണ്. വട്ടിയൂർക്കാവിൽ മുപ്പതിനായിരം വോട്ടുപോലും തികച്ചു കിട്ടിയില്ല എന്നതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. സിപിഐക്കുള്ളിലെ പടലപ്പിണക്കവും മുൻകാലങ്ങളിലേതിനെക്കാൾ ശക്തമാണ്. തോൽപ്പിക്കാനായി സീറ്റുനൽകി എന്നാണ് സി ദിവാകരനെ പിന്തുണയ്ക്കുന്നവരുടെ ആക്ഷേപം. കാനം രാജേന്ദ്രന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം സിപിഐയിൽ പുകയുകയാണ്. ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ സിപിഐ വോട്ടുകൾ ആർക്കു വീഴും എന്നതും ഉപതെരഞ്ഞെടുപ്പിലെ വിജയത്തെ സ്വാധീനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP