Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോൺഗ്രസുകാരുടെ തലയിൽ തലച്ചോറില്ല, ചകിരിച്ചോർ; വട്ടിയൂർക്കാവ് ആരുടെയും വത്തിക്കാനല്ലെന്ന് ചില സമുദായങ്ങൾക്ക് മനസിലായി; വട്ടിയൂർക്കാവും കോന്നിയുമുൾപ്പടെ ചില മണ്ഡലങ്ങൾ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലർ ഊറ്റംകൊണ്ടു; ആ അഹങ്കാരത്തിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം; ഒരു സമുദായവും ഇന്നയാൾക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞാൽ ജനങ്ങൾ അതനുസരിച്ച് വോട്ടു ചെയ്യില്ല; ഷാനിമോൾക്ക് അരൂരിൽ അനുകൂലമായത് സഹതാപ തരംഗം: വെള്ളപ്പള്ളി നടേശന്റെ പ്രതികരണം ഇങ്ങനെ

കോൺഗ്രസുകാരുടെ തലയിൽ തലച്ചോറില്ല, ചകിരിച്ചോർ; വട്ടിയൂർക്കാവ് ആരുടെയും വത്തിക്കാനല്ലെന്ന് ചില സമുദായങ്ങൾക്ക് മനസിലായി; വട്ടിയൂർക്കാവും കോന്നിയുമുൾപ്പടെ ചില മണ്ഡലങ്ങൾ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലർ ഊറ്റംകൊണ്ടു; ആ അഹങ്കാരത്തിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം; ഒരു സമുദായവും ഇന്നയാൾക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞാൽ ജനങ്ങൾ അതനുസരിച്ച് വോട്ടു ചെയ്യില്ല; ഷാനിമോൾക്ക് അരൂരിൽ അനുകൂലമായത് സഹതാപ തരംഗം: വെള്ളപ്പള്ളി നടേശന്റെ പ്രതികരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെയും എൻഎസ്എസിനെയും രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. വട്ടിയൂർക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വട്ടിയൂർക്കാവും കോന്നിയുമുൾപ്പടെ ചില മണ്ഡലങ്ങൾ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലർ ഊറ്റംകൊണ്ടു. ആ അഹങ്കാരത്തിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിനെതിരെയും വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചു. കോൺഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ വീണു. ഒരു സമുദായത്തിന്റെ തടവറയിൽ നിന്ന് ഒരു പാർട്ടിക്ക് പ്രവർത്തിക്കാനാകില്ല. കോൺഗ്രസുകാരുടെ തലയിൽ തലച്ചോറില്ല. ചകിരിച്ചോറാണ്. ജനവികാരം മനസിലാക്കണമെന്നും കെപിസിസി പ്രസിഡന്റ് വെറും സീറോയാണെന്നും ഈ പണി അവസാനിപ്പിച്ച് വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്നും വെള്ളപ്പള്ളി നടേശൻ പറഞ്ഞു. ഒരു സമുദായവും ഇന്നയാൾക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞാൽ ജനങ്ങൾ അതനുസരിച്ച് വോട്ടു ചെയ്യുമെന്ന് കരുതുന്നില്ല. ഷാനിമോൾക്ക് അരൂരിൽ സഹതാപമാണുള്ളതെന്നും വെള്ളപ്പള്ളി നടേശൻ പറഞ്ഞു.

നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുകുമാരൻ നായരെ വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചിരുന്നു. ജാതിഭ്രാന്താണ് സുകുമാരൻ നായർ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ എൻഎസ്എസ് തീരുമാനിച്ചതിനെ തുടർന്നായിരുന്നു വിമർശനം. അതേസമയം എൻഎസ്എസ് പിന്തുണ ഫലം കണ്ടില്ലെന്നാണ് സൂചന. പൂർണമായും എൽഡിഎഫിനെ പിന്തുണയക്കുന്ന രീതിയിലേക്കാണ് വട്ടിയൂർക്കാവിൽ ഫലം പോയത്. അതേസമയം വൻ നേട്ടമാണ് സിപിഎം ഉണ്ടാക്കിയത്. വികെ പ്രശാന്തിന് 54782 വോട്ടാണ് ലഭിച്ചത്. എന്നാൽ ബിജെപിക്ക് ഇവിടെ വൻ തിരിച്ചടിയാണ് ഉണ്ടായത്. എണ്ണിയ എല്ലാ റൗണ്ടിലും 2000 വോട്ടുകൾ ബിജെപിക്ക് കുറഞ്ഞിരുന്നു. മണ്ഡലത്തിൽ യുഡിഎഫ് എൽഡിഎഫിന് വോട്ട് മറിച്ചെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പടുക്കുമ്പോൾ സാമുദായിക സംഘടനകളുടെ പിന്തുണ തേടി അലഞ്ഞ മുന്നണികൾക്ക് അമ്പരപ്പാകുന്നതാണ് തെരഞ്ഞെടുപ്പു ഫലം. സമദൂരം വിട്ട് ശരിദൂരത്തിലേക്ക് മാറിയ എൻ.എസ്.എസിന് കനത്ത ആഘാതമായി കോന്നിയിലെയും വട്ടിയൂർക്കാവിലെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ മിന്നുന്ന വിജയം. ഇരുമണ്ഡലങ്ങളിലും എൻ.എസ്.എസിന്റെ കൂടി അഭിപ്രായം തേടിയശേഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. രണ്ടിടങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി പരസ്യമായിത്തന്നെ എൻ.എസ്.എസ് രംഗത്തിറങ്ങിയിരുന്നു. വൻപരാജയം എൻ.എസ്.എസ് നേതൃത്വത്തെ അക്ഷരാർത്ഥത്തിൽത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

1974 മുതൽ 1996 വരെ എൻ.ഡി.പി എന്ന സ്വന്തം രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി എൻ.എസ്.എസ് യു.ഡി.എഫിലുണ്ടായിരുന്നു. 96 ൽ എൻ.ഡി.പി പിരിച്ചുവിട്ട ശേഷം സമദൂരമെന്ന നിലപാടായിരുന്നു എൻ.എസ്.എസ് സ്വീകരിച്ചത്. അതിന് ശേഷം ആദ്യമായാണ് പ്രഖ്യാപിത നിലപാടുമായി എൻ.എസ്.എസ് രംഗത്ത് വരുന്നത്. ശബരിമലയിലെ വിശ്വാസസംരക്ഷണ വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും വിശ്വാസികളെ വഞ്ചിച്ചതിൽ പ്രതിഷേധിച്ചാണ്് ഇരുകക്ഷികൾക്കുമെതിരെ നിലപാടെടുക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

വട്ടിയൂർക്കാവിലേയും കോന്നിയിലേയും എൻ.എസ്.എസ് പോക്കറ്റുകളടക്കം വൻ മുന്നേറ്റമാണ് എൽ.ഡി.എഫ് നടത്തിയത്. മുന്നോക്ക സമുദായത്തിന്റെ യു.ഡി.എഫിനുള്ള പരസ്യ പിന്തുണ പിന്നോക്ക വിഭാഗങ്ങൾ കൂട്ടത്തോടെ എൽ.ഡി.എഫിന് വോട്ട് ചെയ്യുന്ന അവസ്ഥയുണ്ടാക്കി. എന്ന് മാത്രമല്ല നായർ സമുദായം വോട്ട് ചെയ്യുന്നത് എൻ.എസ്.എസ് നേതൃത്വം പറയുന്നതനുസരിച്ചല്ല എന്ന ഇടത് നേതാക്കളുടെ വാദവും ശരിവയ്ക്കുന്നതാണ്. നാൽപ്പത് ശതമാനത്തിലേറെ നായർ പ്രാതിനിധ്യമുള്ള വട്ടിയൂർക്കാവിൽ മറ്റൊരു സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാക്കുന്ന കാര്യം യു.ഡി.എഫ് ഒരു ഘട്ടത്തിലും പരിഗണിച്ചിരുന്നില്ല. ആ സങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചടുക്കുന്നതാണ് ഈഴവസമുദായാംഗമായ പ്രശാന്തിന്റെ മിന്നുന്ന വിജയം.

കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയായി മുൻ എം.എൽഎ അടൂർ പ്രകാശ് നിർദ്ദേശിച്ചപ്പോൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന എൻ.എസ്.എസിന്റെ കടുംപിടിത്തത്തെ തുടർന്നാണ് അവരുടെ നോമിനിയായ പി.മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയത്. ഇരു മണ്ഡലങ്ങളിലും എൻ.എസ്.എസ് കരയോഗങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു. യു.ഡി.എഫിന് ഇതിൽ അമിതമായ ആത്മവിശ്വാസവുമുണ്ടായിരുന്നു. അതിനെല്ലാം ശക്തമായ തിരിച്ചടിയാണുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP