Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന നിമിഷം വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും അപ്രത്യക്ഷമായ വോട്ടുകളിൽ മിക്കതും കോൺഗ്രസുകാരുടേയും ബിജെപിക്കാരുടേയും; മിക്ക മണ്ഡലങ്ങളിലും നാടകീയമായ അട്ടിമറി വഴി കുറഞ്ഞത് 1000 പേരുടെ എങ്കിലും വോട്ട്; ഓരോ മണ്ഡലത്തിലെ പല ബൂത്തുകളിൽ പല ഐഡി കാർഡുകൾ വഴി ഒരാളെ തന്നെ വോട്ട് ചെയ്യിപ്പിച്ചും അട്ടിമറി; വോട്ടിങ് മെഷീനുകൾ രംഗം പിടിച്ചിട്ടും കള്ളവോട്ട് കാര്യത്തിൽ സിപിഎമ്മിനെ തോൽപ്പിക്കാനാവാതെ യുഡിഎഫും ബിജെപിയും

അവസാന നിമിഷം വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും അപ്രത്യക്ഷമായ വോട്ടുകളിൽ മിക്കതും കോൺഗ്രസുകാരുടേയും ബിജെപിക്കാരുടേയും; മിക്ക മണ്ഡലങ്ങളിലും നാടകീയമായ അട്ടിമറി വഴി കുറഞ്ഞത് 1000 പേരുടെ എങ്കിലും വോട്ട്; ഓരോ മണ്ഡലത്തിലെ പല ബൂത്തുകളിൽ പല ഐഡി കാർഡുകൾ വഴി ഒരാളെ തന്നെ വോട്ട് ചെയ്യിപ്പിച്ചും അട്ടിമറി; വോട്ടിങ് മെഷീനുകൾ രംഗം പിടിച്ചിട്ടും കള്ളവോട്ട് കാര്യത്തിൽ സിപിഎമ്മിനെ തോൽപ്പിക്കാനാവാതെ യുഡിഎഫും ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വോട്ടർ ഐഡികാർഡിൽ ഫോട്ടോയുണ്ട്. ബൂത്തിലെ പട്ടികയിലും ഫോട്ടോ. എന്നിട്ടും കേരളത്തിൽ കള്ളവോട്ട് ഇപ്പോഴും സജീവമായി നടക്കുന്നു. സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നാണ് കള്ളവോട്ട് ആരോപണം ഉയരുന്നത്. എങ്ങനെയാണ് ഇത്തരത്തിൽ വോട്ട് ചെയ്യിപ്പിക്കുന്നതെന്ന് ആർക്കും പിടിത്തം കിട്ടുന്നില്ല. അത്യാധുനിക സംവിധാനങ്ങളുമായി വോട്ടിങ് മെഷീനെത്തിയിട്ടും കള്ള വോട്ട് തടയാൻ ഇപ്പോഴും കമ്മീഷന് കഴിയുന്നില്ല. സിസിടിവി ക്യാമറ വച്ചിട്ടും കാര്യമില്ല. ഇത് ബിജെപിയേയും കോൺഗ്രസിനേയും വെട്ടിലാക്കുകയാണ്. സിപിഎം ശക്തികേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നതാണ് വസ്തുത. ഗൾഫിലുള്ള ആളുകളെ വോട്ടുകൾ നാട്ടിൽ ചെയ്തുവെന്ന തരത്തിലാണ് കണ്ണൂരിൽ നിന്നുള്ള റിപ്പോർട്ടുകൾ. പ്രവാസി വോട്ടിന്റെ സാധ്യതയാണ് ദുരുപയോഗപ്പെടുത്തുന്നത്.

വോട്ടിങ് മെഷീനെ കുറിച്ചുള്ള പരാതിയും തെരഞ്ഞെടുപ്പ് ദിനം ചർച്ചയായി. എന്നാൽ പരാതിക്കാർ അത് തെളിയിക്കാൻ ബാധ്യസ്ഥരായിരുന്നു. ഇതോടെ ചിലർ അറസ്റ്റിലായി. പിന്നെ പരാതിയും കേട്ടില്ല. വോട്ടർ പട്ടികയിൽ പലരുടേയും പേരുകൾ കാണാതിരുന്നതു കേരളത്തിലെ പല ജില്ലകളിലും വ്യാപക പരാതിക്കിടയാക്കി. തൃശൂർ ജില്ലയിൽ ആയിരത്തിലേറെ വോട്ടർമാരുടെ പേരുകളാണ് പട്ടികയിൽ നിന്ന് അപ്രത്യക്ഷമായത്. കഴിഞ്ഞ തവണ വോട്ട് ചെയ്ത പലരുടെയും പേരുകൾ ഇത്തവണ പട്ടികയിലില്ലെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. പലരും ബൂത്തുകളിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഇത്തരം പ്രശ്‌നം നേരിടുന്നവർ തന്റെ ഓഫിസിനെ സമീപിക്കണമെന്ന് തരൂർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ആർക്കിടെക്റ്റ് ശങ്കർ ഉൾപ്പെടെ പലരുടെയും പേരുകൾ ഇത്തവണ പട്ടികയിലുണ്ടായിരുന്നില്ല. സിനിമാ താരം ജോജൂ ജോർജിനും ഇത് കാരണം വോട്ട് ചെയ്യാനായില്ല. എന്നാൽ ഏറെ സാധാരണക്കാർക്ക് വോട്ട് നഷ്ടമായി. ത്രികോണ ചൂടുണ്ടായിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആളുകൾ ബൂത്തിലെത്തി മടങ്ങി. തങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പുള്ള വോട്ടുകൾ ഭരണ സ്വാധീനം ഉപയോഗിച്ച് തന്ത്രപരമായി നീക്കിയതായിരുന്നു ഇതിനും കാരണം.

ഇരട്ട വോട്ട് ആരോപണവും സജീവമായിരുന്നു. ഒരാൾ തന്നെ പല സ്ഥലത്ത് വ്യത്യസ്ത വോട്ടിങ് ഐഡി ഉപയോഗിച്ചും വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത് നടന്നില്ല. നേരത്തെ തന്നെ ക്രമക്കേട് കണ്ടെത്തി കോൺഗ്രസും ബിജെപിയും പരാതി കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇരട്ട് വോട്ട് ചെയ്യുന്നവരെ പിടിക്കാൻ കമ്മീഷൻ പ്രത്യേക ഇടപെടൽ നടത്തി. ഈ സാഹചര്യത്തിൽ കേസ് വരുമെന്ന ഭയത്തിൽ ഇത്തരം വോട്ടർമാർ ഇന്നലെ വീട്ടിനുള്ളിൽ തന്നെ ഇരുന്നു. ഇത് ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെയാണ് ഈ തട്ടിപ്പ് നടന്നതെന്ന ആരോപണം സജീവമാണ്.

ഇടുക്കി ജില്ലയിൽ പലരുടെയും പേരുകൾ പട്ടികയിൽ നിന്നു നീക്കം ചെയ്തതായാണു പരാതി. ജീവിച്ചിരിക്കുന്ന നൂറുകണക്കിന് ആളുകളെ മരിച്ചു പോയവരുടെ ലിസ്റ്റിൽപെടുത്തിയെന്നും പേരുകൾ വെട്ടിമാറ്റിയെന്നുമാണ് ആരോപണം. ജില്ലയിലെ വിവിധ ബൂത്തുകളിൽ അവസാനവട്ടമായി വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണു പലരുടെയും പേരുകൾ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത പലരും പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തിരിച്ചറിയൽ രേഖകളുമായി എത്തിയപ്പോഴാണു തട്ടിപ്പ് മനസ്സിലായത്. ഇവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ഇത്തരത്തിൽ നീക്കം ചെയ്ത ഭൂരിപക്ഷം പേരും യുഡിഎഫ് അനുകൂലികളാണെന്ന് പറയുന്നു. ഇതിനു പിന്നിൽ എൽഡിഎഫ് പ്രവർത്തകരും ഇടതു സർവീസ് സംഘടനാ ഭാരവാഹികളുമാണെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

കൊല്ലം ജില്ലയിലും വോട്ടർ പട്ടികയിൽ നിന്നു പേരു വെട്ടിയെന്ന പരാതി വ്യാപകമായി ഉയർന്നു. തൃശൂർ ജില്ലയിൽ ആയിരത്തിലേറെ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ കാണാതായി. കരടു വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലെ പട്ടികയിലും ഉൾപ്പെട്ടവരാണ് അന്തിമ വോട്ടർ പട്ടികയിൽ നിന്നു പുറത്തായത്. യുഡിഎഫ് അനുഭാവികളുടെയും പ്രവർത്തകരുടെയും കുടുംബങ്ങളാണ് വോട്ടവസരം നഷ്ടപ്പെട്ടവരിലേറെയും. എറണാകുളം എസ്ആർവി സ്‌കൂളിലെ 88ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ പേരുകൾ പട്ടികയിൽ ഇല്ലായിരുന്നു. കുസാറ്റ് മുൻ പ്രോവൈസ് ചാൻസലർ പൗലോസ്‌ േജക്കബിന്റെയും കുടുംബാംഗങ്ങളുടെയും 4 വോട്ടുകൾ നഷ്ടമായി. കന്യാസ്ത്രീകൾ ഉൾപ്പെടെ 15 പേർക്ക് ഇവിടെ വോട്ടു ചെയ്യാൻ കഴിയാതെ മടങ്ങേണ്ടി വന്നതായി പറയുന്നു.

കൊല്ലം ജില്ലയിൽ പട്ടത്താനം ഗവ. എസ്എൻഡിപി യുപി സ്‌കൂൾ, വിഷ്ണത്തുകാവ് ക്ഷേത്രത്തിനു സമീപം, അഞ്ചൽ ഏരൂർ ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലെ ബൂത്തുകളിൽ കള്ളവോട്ട് നടന്നു. പട്ടത്താനത്തെ ബൂത്തിൽ രണ്ടാമത്തെ വോട്ടായാണു കള്ളവോട്ട് വീണത്. കായംകുളത്ത് സിപിഐ നേതാവായ നഗരസഭാ കൗൺസിലർ ജലീൽ എസ്. പെരുമ്പളത്ത് ഇരട്ടവോട്ട് ചെയ്തതായി യുഡിഎഫ് പരാതി നൽകി. ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89ാം നമ്പർ ബൂത്തിലും കൊയ്‌പ്പള്ളി കാരാഴ്മ സ്‌കൂളിലെ 82ാം നമ്പർ ബൂത്തിലുമാണ് ജലീൽ ഒരേ പേരിൽ വോട്ട് ചെയ്തതെന്നാണു പരാതി.

ആറാട്ടുപുഴ കള്ളിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ 127ാം നമ്പർ ബൂത്തിൽ യഥാർഥ വോട്ടറായ കരിത്തറയിൽ അംബിക വോട്ട് ചെയ്യാൻ എത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടു. പ്രിസൈഡിങ് ഓഫിസർ യഥാർഥ വോട്ടറെക്കൊണ്ട് ടെൻഡർ വോട്ട് ചെയ്യിച്ചാണു പ്രശ്‌നം പരിഹരിച്ചത്. ആറാട്ടുപുഴ പനയ്ക്കൽ സ്‌കൂളിലെ 134 ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയയാൾ വിരലിൽ മഷി പുരട്ടിയശേഷം വോട്ട് ചെയ്യാതെ തിരിച്ചുപോയി. വോട്ടർക്ക് അതിനുള്ള അവകാശമുള്ളതിനാൽ ആരും എതിർത്തില്ല.

പാലക്കാട് ജില്ലയിൽ ആലത്തൂർ കണ്ണമ്പ്ര പഞ്ചായത്തിലെ 4 ബൂത്തുകളിൽ സഹായം ആവശ്യമായ വോട്ടർമാർക്കു വേണ്ടി സിപിഎം പ്രവർത്തകർ വോട്ടു ചെയ്തതായി പരാതിയുണ്ട്. പരാതിയെത്തുടർന്ന് ആലത്തൂർ ഡിവൈഎസ്‌പി ഇടപെട്ട് 2 പൊലീസുകാരെ മാറ്റി. അനിൽ അക്കര എംഎൽഎ കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്. വിളയൂർ യൂണിയൻ എഎൽപി സ്‌കൂളിലെ 26ാം ബൂത്തിലും 24ാം ബൂത്തിലും അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ പാടവയൽ 165ാം ബൂത്തിലും കള്ളവോട്ടിനു ശ്രമം നടന്നതായി പരാതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP