Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുവിക്കരയിൽ വി എസിന്റെ ചിത്രമുള്ള പോസ്റ്ററും കാണില്ല; കൺവെൻഷനിൽ നിന്ന് ഒഴിവാക്കിയതിന് പുറകേ പുതിയ നീക്കവുമായി ഔദ്യോഗിക പക്ഷം; പ്രചാരണത്തിന് വിജയകുമാറിന്റെ മുഖം മാത്രം മതിയെന്ന് നിർദ്ദേശം; യെച്ചൂരി പറയാതെ ഒന്നിനുമില്ലെന്ന് വി എസും; വിഭാഗീയത അരുവിക്കരയിലും സിപിഎമ്മിന് തിരിച്ചടിയാകുമോ?

ബി രഘുരാജ്‌

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞടുപ്പിലും വിഭാഗീയത എൽഡിഎഫിനു വിനയാകുമോ? സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ രംഗത്തുനിന്നു തന്നെ വിട്ടുനിൽക്കുമെന്ന സൂചന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽകിക്കഴിഞ്ഞു.

വിഭാഗീയത അരുവിക്കരയിലും സിപിഎമ്മിന് പ്രശ്‌നമാകുമെന്നാണ് സൂചന. ഇനി കേന്ദ്രനേതൃത്വം ആവശ്യപ്പെടാതെ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്നാണ് വി എസ് പറയുന്നത്. അരുവിക്കരയിലെ ഇടതുമുന്നണി കൺവെൻഷനിൽ നിന്ന് ഒഴിവാക്കിയതിലെ കടുത്ത അതൃപ്തിയാണ് വി എസിന്റെ നിലപാടുകളിൽ നിന്നു വ്യക്തമാകുന്നത്. നെയ്യാറ്റിൻകരയിലും പിറവത്തും ഉപതെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തത് വി എസ് ആയിരുന്നു. എന്നാൽ ഇത്തവണ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എൽഡിഎഫ് ഏൽപ്പിച്ചത്. ഇത് തന്നെ ബോധപൂർവം അവഗണിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണെന്നാണ് വി എസിന്റെ നിലപാട്. എന്നാൽ വി എസ് മാത്രമല്ല, പിണറായി വിജയനും കൺവെൻഷനിൽ പങ്കെടുക്കുന്നില്ലെന്ന വിശദീകരണമാണ് പാർട്ടി നേതൃത്വം നൽകുന്നത്.

എന്നാൽ അരുവിക്കര തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് പിണറായി നിറയുന്നു. തന്ത്രപരമായി തന്നെ ഒഴിവാക്കാൻ വേണ്ടി മാത്രമാണ് പിണറായി മാറി നിൽക്കുന്നതെന്നാണ് സൂചന. അതിനിടെ വിഎസിനെ പാർട്ടിയുടെ മുഖമാക്കി മാറ്റാൻ ആരേയും അനുവദിക്കില്ലെന്ന സ,ൂചനയാണ് സിപിഐ(എം) നൽകുന്നത്. തെരഞ്ഞെടുപ്പുകളിൽ വ്യക്തികേന്ദ്രീകൃതമായ പ്രചരണം സിപിഎമ്മിന്റെ നയമല്ല. എന്നാൽ പതിനഞ്ച് വർഷമായി അതിന് കേരളത്തിൽ മാറ്റം വന്നു. സ്ഥാനാർത്ഥികളുടെ ചിത്രത്തിനൊപ്പം വി എസ് അച്യുതാനന്ദനും പ്രത്യക്ഷപ്പെടുക പതിവായി. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലുമെല്ലാം വിഎസിന്റെ മുഖം സിപിഐ(എം) സ്ഥാനാർത്ഥികളുടെ പോസ്റ്ററിലെത്തി. ഇതിന് അരുവിക്കരയിൽ മാറ്റം വരും.

സ്ഥാനാർത്ഥിയായ വിജയകുമാറിന്റെ ചിത്രമുള്ള പോസ്റ്ററുകളും ബാനറുകളും മാത്രമേ തയ്യാറാക്കൂ. സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥനയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും പിണറായി വിജയന്റേയും പോലും ചിത്രം ഉണ്ടാകില്ല. കൺവെൻഷനുകൾക്കും മറ്റും ഉദ്ഘാടകന്റെ ചിത്രം ഉയർത്തികാട്ടും. രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് ആളെ എത്തിക്കാനും പ്രസംഗിക്കുന്നവരുടെ ചിത്രം ഉപയോഗിക്കും. അതിലുപരി സംസ്ഥാന ദേശീയ നേതാക്കളുടെ ചിത്രം അരുവിക്കരയിൽ സിപിഐ(എം) ഉപയോഗിക്കില്ല. വി എസ് അച്യൂതാനന്ദനെ പ്രചരണത്തിൽ നിന്ന് ഒഴിവാക്കാനുള്ള കുതതന്ത്രമായി ഇതിനെ വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരത്തിന്റെ മലയോര മേഖലയിൽ വിഎസിന് നല്ല സ്വാധീനമുണ്ട്. ഇതൊക്കെ അറിയമായിരുന്നിട്ടും സംസ്ഥാന നേതൃത്വം ഇത്തരം തീരുമാനം എടുക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കും. എന്നാൽ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുകൂല നിലപാടിലൂടെ എല്ലാം മറികടക്കാമെന്നാണ് പ്രതീക്ഷ.

യെച്ചൂരിയ്‌ക്കൊപ്പം വിഎസിനെ അരുവിക്കരയിൽ എത്തിക്കാനും നീക്കമുണ്ട്. സ്ഥാനാർത്ഥിയായ എം വിജയകുമാർ വിഎസിന്റെ അടുത്ത അനുയായി ആയിരുന്നു. എന്നാൽ കുറച്ചുകാലമായി ആ അടുപ്പമില്ല. എങ്കിലും വിഎസിനെ അരുവിക്കരയിൽ നിറയ്ക്കണമെന് ആഗ്രഹം വിജയകുമാറിനുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് അത്തരമൊരു നീക്കത്തിന് വിജയകുമാർ തയ്യാറല്ല. സിപിഐ(എം) ജില്ലാ ഘടകവും കരുതലോടെയാണ് പ്രശ്‌നത്തെ കാണുന്നത്. മാദ്ധ്യമങ്ങൾ വെറുതേ വിവാദമുണ്ടാക്കുന്ന എന്ന തരത്തിൽ കാര്യങ്ങളെ എത്തിക്കാനാണ് ശ്രമം. വിഎസുമായി സിപിഎമ്മിന് ഒരു പ്രശ്‌നവുമില്ലെന്ന് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ ആവർത്തിക്കുന്നു. അടുത്തയാഴ്ച സിപിഐ(എം) കേന്ദ്രകമ്മറ്റി യോഗം ചേരുന്നുണ്ട്. അതിൽ വിഎസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാന അജണ്ട.

അതിനിടെ അരുവിക്കരയിൽ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ തന്നെ ആയിരിക്കുമെന്ന് ഉപതിരഞ്ഞെടുപ്പിലെ സിപിഐ(എം) സ്ഥാനാർത്ഥി എം.വിജയകുമാർ പറഞ്ഞു. വി.എസിനെ മാറ്റി നിർത്തിയെന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തീയതി നടക്കുന്ന ഇടത് കൺവെൻഷനിൽ നിന്ന് വി.എസിനെ ഒഴിവാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു വിജയകുമാർ. വി എസ് പ്രചരണത്തിന് എത്തില്ലെന്നത് അബദ്ധധാരണയാണ്. സ്ഥാനാർത്ഥിയായ ശേഷം താൻ പല തവണ വി.എസിനെ കണ്ടിരുന്നെന്നും വിജയകുമാർ പറഞ്ഞു.

ഈ കേന്ദ്രകമ്മറ്റിയുടെ തീരുമാനം അരുവിക്കരയേയും സ്വാധീനിക്കും. തീരുമാനം വിഎസിന് എതിരായാൽ അരുവിക്കരയിൽ വി എസ് സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് നിറയാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രകമ്മറ്റിയിലെ ചർച്ച ഈ ഘട്ടത്തിൽ വേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതിനിടെ വി എസ് വിഷയം ചർച്ച ചെയ്യാനുള്ള പോളിറ്റ് ബ്യൂറോ കമ്മീഷന് മാത്രമേ കേന്ദ്രകമ്മറ്റി രൂപം നൽകൂ എന്നും സൂചനയുണ്ട്. മറ്റ് വിഷയങ്ങളെല്ലാം പോളിറ്റ് ബ്യൂറോ കമ്മീഷൻ പരിശോധിക്കും. അരുവിക്കരയിലെ തെരഞ്ഞെടുപ്പിന് ശേഷമേ പോളിറ്റ് ബ്യൂറോ കമ്മീഷൻ കേരളത്തിൽ എത്തൂവെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ വിഎസിനെ അരുവിക്കരയിൽ അനുനയിപ്പിച്ച് കൊണ്ട് വരാൻ കേന്ദ്ര നേതൃത്വത്തിന് കഴിയുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP