Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടകരയിൽ വണ്ടിയിറങ്ങുമ്പോൾ ലീഡറുടെ ഏകമകനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ജനക്കൂട്ടം; റെയിൽവേ സ്റ്റേഷനിലെ ആവേശോജ്ജ്വല സ്വീകരണത്തിൽ അടിപതറി കെ.മുരളീധരൻ; ട്രെയിനിൽ നിന്ന് എടുത്തുയർത്തി ആഹ്ളാദം പ്രകടനവും തുറന്ന ജീപ്പിൽ നഗര പ്രദക്ഷിണവും; പി.ജയരാജനെതിരെയുള്ള മുരളീധരന്റെ വരവ് അവിസ്മരണീയമാക്കി യുഡിഎഫ് അണികൾ

വടകരയിൽ വണ്ടിയിറങ്ങുമ്പോൾ ലീഡറുടെ ഏകമകനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ജനക്കൂട്ടം; റെയിൽവേ സ്റ്റേഷനിലെ ആവേശോജ്ജ്വല സ്വീകരണത്തിൽ അടിപതറി കെ.മുരളീധരൻ; ട്രെയിനിൽ നിന്ന്  എടുത്തുയർത്തി ആഹ്ളാദം പ്രകടനവും  തുറന്ന ജീപ്പിൽ നഗര പ്രദക്ഷിണവും; പി.ജയരാജനെതിരെയുള്ള മുരളീധരന്റെ വരവ് അവിസ്മരണീയമാക്കി യുഡിഎഫ് അണികൾ

മറുനാടൻ ഡെസ്‌ക്‌

വടകര: വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കെ.കെ.മുരളീധരന് വടകര റെയിൽവേസ്റ്റേഷനിൽ ആവേശോജ്വല സ്വീകരണം. മുരളീധരൻ എത്തുന്നതിനു മണിക്കൂറുകൾക്ക് മുൻപ് തന്നെ വടകര റെയിൽവേ സ്റ്റേഷൻ ജനനിബിഡമായിരുന്നു. ഐക്യജനാധിപത്യമുന്നണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ആർത്തിരമ്പിയെത്തിയ ജനക്കൂട്ടം എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു.വടകര പാർലമെന്റ് മണ്ഡലം എന്ത് ചിന്തിക്കുന്നു എന്നതിന്റെ സൂചനകൾ കൂടിയായി ആർത്തിരമ്പിയെത്തുന്ന ജനക്കൂട്ടം. കോൺഗ്രസ് കൊടികളും ലീഗ് കൊടികളും ആവേശത്തിൽ വാനിലേക്ക് ഉയർന്നതോടെ അക്ഷരാർത്ഥത്തിൽ ആവേശത്തിന്റെ അലകടലായി വടകര റെയിൽവേ സ്റ്റേഷൻ മാറി. ട്രെയിനിൽ നിന്ന് ഇറങ്ങാൻ പോലും മുരളിധരന് ക്ലേശിക്കേണ്ടി വന്നു.

പുഷ്പങ്ങൾ വരെ ഈ ഘട്ടത്തിൽ മുരളീധരനു നേരെ യുഡിഎഫ് പ്രവർത്തകർ വീശി അറിയുന്നുണ്ടായിരുന്നു. റെയിൽവെ സ്റ്റേഷനിൽ നൽകിയ ആവേശോജ്വല സ്വീകരണത്തിന് ശേഷം തുറന്ന ജീപ്പിലാണ് മുരളീധരനെ ആനയിച്ചത്. മുരളീധരന് നിൽക്കാൻ കഴിയാത്ത വിധം നേതാക്കളും അണികളും ജീപ്പിലേക്കും തിക്കി തിരക്കി കയറിയിരുന്നു. ജീപ്പിനു പിറകിലും മുന്നിലുമായി യുഡിഎഫ് അണികളും ആവേശത്തോടെ കൈകോർത്തു നടക്കുകയും ചെയ്തു. അതിനാൽ വളരെ പതിയെയാണ് വടകര ടൗണിലൂടെ ഈ ജീപ്പിനു കടന്നുപോകാൻ സാധിച്ചത്. അണികൾക്കും നേതാക്കൾക്കും ആവേശം പ്രകടമായിരുന്നു. പി.ജയരാജനെ പോലെ വടകരയിലെ കരുത്തനായ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നേരിടാൻ മുരളീധരനെ പോലുള്ള ഒരു സ്ഥാനാർത്ഥി വരുമെന്ന് യുഡിഎഫ് അണികളും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ മുരളീധരന്റെ വരവ് യുഡിഎഫ് അണികൾ ആഘോഷമാക്കി.

കെ.മുരളീധന്റെ വരവോടെ വടകരയിൽ കടുത്ത മത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ്. ഇടതുമുന്നണി സ്ഥാനാർത്ഥിയായ പി.ജയരാജൻ മണ്ഡലത്തിൽ സജീവ സാന്നിധ്യമായി മുൻപ് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പി.ജയരാജന് ഒത്ത സ്ഥാനാർത്ഥിയെ ലഭിക്കാത്തതിൽ നിരാശരായി നിന്ന അണികളുടെ ഇടയിലേക്കാണ് മുരളീധരൻ വന്നിറങ്ങിയത്. അതുകൊണ്ട് തന്നെ മുരളീധരന് ആവേശോജ്വല സ്വീകരണം നൽകാൻ ലീഗ് അണികൾ ഉൾപ്പെടെ മത്സരിക്കുകയായിരുന്നു. ഇതോടെ മണ്ഡലത്തിൽ കടുത്ത മത്സരത്തിനാണ് സാധ്യത തെളിയുന്നത്.

മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായതോടെ ബിജെപി അണികളിലും പ്രതീക്ഷ മൊട്ടിട്ടുണ്ട്. മുരളീധരൻ വിജയിച്ചാൽ വട്ടിയൂർക്കാവ് നിയമസഭാ സീറ്റിൽ വീണ്ടും മത്സരം വരും. ബിജെപി-ആർഎസ്എസ് അണികൾക്ക് പ്രിയങ്കരനായ കുമ്മനം രാജശേഖരൻ ആണ് വട്ടിയൂർക്കാവിൽ മുരളീധരനോട് പരാജയപ്പെട്ട സ്ഥാനാർത്ഥി. വട്ടിയൂർക്കാവിൽ തിരഞ്ഞെടുപ്പ് വന്നാൽ വീണ്ടും കുമ്മനത്തെ വിജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കാനായാണ് സംഘപരിവാർ പദ്ധതി. അതിനായാണ് തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി വൈകിപ്പിക്കുന്നത് എന്ന് വരെ ആക്ഷേപം ഉയർന്നിരുന്നു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ തോറ്റ സ്ഥാനാർത്ഥിയായി കുമ്മനത്തെ അവതരിപ്പിക്കുന്നതിലും മികച്ചത് തിരുവനന്തപുരത്ത് ലോക്‌സഭയിൽ മറ്റൊരു സ്ഥാനാർത്ഥിയെ നിശ്ചയിച്ച് കുമ്മനത്തെ വീണ്ടും വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനും ബിജെപി പദ്ധതിയിടുന്നുണ്ട്. അതിനാൽ വടകരയിലെ മുരളിയുടെ വിജയം ബിജെപി-ആർഎസ്എസ വൃത്തങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. പക്ഷെ വടകരയിൽ ആർഎസ്എസ് വോട്ടു വേണ്ടാ എന്ന പ്രഖ്യാപനം മുരളീധരൻ തന്നെ നടത്തി എന്നതും പ്രസക്തമാണ്. ഈ സാഹചര്യത്തെ തന്നെയാണ് മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായി കാലു കുത്തുന്നതും. വളരെ ശക്തമായ മത്സരത്തിനാണ് മുരളിയുടെ വരവോടെ മണ്ഡലത്തിൽ അരങ്ങ് ഒരുങ്ങുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP