തോറ്റുപോയെന്ന് സമ്മതിക്കാൻ ഇമ്രാനും കൂട്ടർക്കും മനസുവരുന്നില്ല; ചൈന ഒഴിച്ചുള്ള രാഷ്ട്രങ്ങളെല്ലാം മുഖം തിരിച്ചെങ്കിലും ജമ്മു-കശ്മീരിൽ ആകെ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ഒളിയുദ്ധത്തിന് പുറപ്പാട്; അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും സംഘർഷം പെരുപ്പിക്കാൻ സകലവഴിയും നോക്കി അയൽക്കാർ; സെപ്റ്റംബർ 17 ന് യുഎൻ പൊതുസഭ കൂടാനിരിക്കെ അതിർത്തിയിൽ വെടിവപ്പും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവുമായി കശ്മീരിനെ അശാന്തമാക്കാൻ നീക്കം; ജാഗ്രതാ നിർദ്ദേശവുമായി മോദിസർക്കാർ
September 05, 2019 | 10:26 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി:ലോക സമൂഹത്തിന്റെ ശ്രദ്ധ കശ്മീരിലേക്ക് ആകർഷിക്കാൻ പാക്കിസ്ഥാൻ പഠിച്ച പണി പതിനെട്ടും നോക്കി വരികയാണ്. അനുച്ഛേദം 370 റദ്ദാക്കി കശ്മീശിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് വല്ലാത്ത പരിഭ്രാന്തിയിലാണ് ഇമ്രാൻ ഖാനും കൂട്ടരും. ഐക്യരാഷ്ട്രപൊതുസഭ ഈ മാസം 17 ന് ചേരാനിക്കെ വീണ്ടും തങ്ങളുടെ ആവനാഴിയിലെ അമ്പുകൾ എല്ലാം പ്രയോഗിക്കുകയാണ് അവർ. അത് മറ്റൊന്നുമല്ല. അന്താരാഷ്ട്ര അതിർത്തിയിലും, നിയന്ത്രണ രേഖയിലും സംഘർഷം കൂട്ടി ലോക ശ്രദ്ധ ക്ഷണിക്കാനുള്ള പുറപ്പാടിലാണവർ.
ജമ്മു-കശ്മീരിൽ മുഴുവൻ കുഴപ്പമാണെന്ന വരുത്തി തീർക്കാൻ ഇനിയുള്ള ദിവസങ്ങളിൽ, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമവും , അതിർത്തിയിലെ വെടിവെപ്പുമൊക്കെ കൂടുമെന്ന് ഇന്റലിജൻസ് കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്. പാക് സൈന്യത്തിന്റയും അവരുടെ പിന്തുണയുള്ള തീവ്രവാദികളുടെയും ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് തടയിടാൻ അതീവജാഗ്രതയിലാണ് സുരക്ഷാ സേന.നിയന്ത്രണരേഖയോട് ചേർന്ന് 2000 സൈനികരെ പാക്കിസ്ഥാൻ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്.
സെപ്റ്റംബർ 17 ന് തുടങ്ങുന്ന യുഎൻ പൊതുസഭാസമ്മേളനത്തിൽ മിക്ക ലോകരാഷ്ട്ര നേതാക്കളും പങ്കെടുക്കുന്നുണ്ട്. ആ സന്ദർഭത്തിൽ കശ്മീർ പ്രശ്‌നം ഉയർത്തിക്കാട്ടാനുള്ള അനുകൂല സാഹചര്യം ഒരുക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ തങ്ങൾക്കനുകൂലമായി സംസാരിക്കാൻ പാക്കിസ്ഥാൻ ലോകശക്തികളെ തുടർച്ചയായി സമീപിച്ചുവരികയാണ്. എന്നാൽ, ചൈന ഒഴികെ ഒരു രാഷ്ട്രവും പാക്കിസ്ഥാന് വേണ്ടി കൈയുയർത്തിയിട്ടില്ല.
പാക്കിസ്ഥാന്റെ അതിർത്തി ലംഘന സാധ്യതകൾ കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സമ്മേളനത്തിൽ ഹാജരാകും. കശ്മീർ പ്രശ്‌നത്തെ ചൊല്ലി ഇരുരാഷ്ട്രങ്ങളും തമ്മിൽ സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇമ്രാൻ പലവട്ടം നൽകി കഴിഞ്ഞു.
ബുധനാഴ്ച സൈന്യത്തിന്റെ 15 കോപ്‌സ് ലഫ്റ്റനന്റ് ജനറൽ കെജെഎസ് ധില്ലനും, ജമ്മു-കശ്മീർ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ മുനീർ ഖാനും പാക്കിസ്ഥാൻ തീവ്രവാദികളെ നുഴഞ്ഞുകയറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ലഷ്‌കറി തോയിബയുമായി ബന്ധപ്പെട്ട രണ്ട് പാക് പൗരന്മാരെ സൈന്യം പിടികൂടിയിരുന്നു.
ഇന്ത്യയെ പിന്തുണച്ച് അമേരിക്ക
അതേസമയം, മസൂദ് അസർ, ഹാഫിസ് സയ്ദ്, സാക്കിയുർ റഹ്മാൻ ലഖ്വി, ദാവൂദ് ഇബ്രഹിം എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യുടെ നടപടിയെ അമേരിക്ക പിന്തുണച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസർ, ലഷ്‌കർ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയ്ദ്, സാക്കിയുർ റഹ്മാൻ ലഖ്വി, 1993ലെ മുംബയ് സ്ഫോടനത്തിന്റെ സൂത്രധാരനും അധോലോക നേതാവുമായ ദാവൂദ് ഇബ്രഹിം എന്നിവരെയാണ് യു,എ.പി.എ നിയമപ്രകാരം കേന്ദ്രസർക്കാർ ഭീകരരായി പ്രഖ്യാപിച്ചത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ നൽകുന്നതായും അമേരിക്ക വ്യക്തമാക്കി. തീവ്രവാദികളായ നാല് പേരെ ഭീകരരായി പ്രഖ്യാപിക്കാൻ നിയമം ഭേദഗതി വരുത്തിയത് ഭീകരവാദത്തിനെതിരായ യു.എസിന്റെയും ഇന്ത്യയുടെയും നീക്കത്തിന് തുണയാകുമെന്ന് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ
ഇമ്രാൻ ഖാന്റെ ഇരട്ടത്താപ്പ്
യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് കൂടെക്കൂടെ പറയുന്നുണ്ടെങ്കിലും പാക് പട്ടാളത്തിന്റെ നിലപാടിൽ നിന്ന് വേറിട്ട ഒന്ന് ഇമ്രാൻ ഖാനില്ല. ''യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുകയാണ്. അതിൽ വിജയിക്കുന്നവർക്കും നഷ്ടപ്പെടാൻ ഒരുപാടുണ്ടാവും. ഒട്ടനവധി പുതിയ പ്രശ്‌നങ്ങൾ ഉടലെടുക്കാനും അത് കാരണമാവും'', ഇമ്രാൻ കഴിഞ്ഞ ദിവസവും പറഞ്ഞു.
2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമത്താവളത്തിൽ ഭീകരാക്രമണം നടത്തിയശേഷം ഇന്ത്യ പാക്കിസ്ഥാനോട് മുഖം തിരിച്ചിരിക്കുകയാണ്. ഭീകരപ്രവർത്തനം അവസാനിപ്പിച്ചാൽ മാത്രമേ അവരുമായി ചർച്ചയ്ക്കുപോലും തയ്യാറാവൂ എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഈവർഷമാദ്യം കശ്മീരിലെ പുൽവാമയിൽ ജയ്‌ഷെ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ്. ഭടന്മാർ കൊല്ലപ്പെടുകകൂടി ചെയ്തതോടെ ബന്ധം കൂടുതൽ വഷളായി. കശ്മീരിന്റെ പ്രത്യേകപദവി കൂടി എടുത്തുകളഞ്ഞതോടെ, എന്തുചെയ്യണമെന്ന് അറിയാതെ ഉഴറുകയാണ് പാക്കിസ്ഥാൻ.
