Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കുടക്കീഴിൽ ആദ്യം ഒബാമയും മിഷേലും ഇറങ്ങി; പിന്നാലെ മറ്റൊരു കുട ചൂടി സാഷയും മാലിയയും; ബന്ധശത്രുക്കളായ ക്യൂബയുടെ മണ്ണിൽ ഒരു അമേരിക്കൻ പ്രസിഡന്റ് കാലു കുത്തിയത് ഇങ്ങനെ

ഒരു കുടക്കീഴിൽ ആദ്യം ഒബാമയും മിഷേലും ഇറങ്ങി; പിന്നാലെ മറ്റൊരു കുട ചൂടി സാഷയും മാലിയയും; ബന്ധശത്രുക്കളായ ക്യൂബയുടെ മണ്ണിൽ ഒരു അമേരിക്കൻ പ്രസിഡന്റ് കാലു കുത്തിയത് ഇങ്ങനെ

ഹവാന: പുതിയ ചരിത്രമെഴുതി ദ്വിദിന സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ക്യൂബയിൽ. 88 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ക്യൂബയിൽ കാലുകുത്തുന്നത്. പതിറ്റാണ്ടുകൾ നീണ്ട ശത്രുതയും ശീതയുദ്ധത്തിന്റെ മരവിപ്പും അകൽച്ചയും അവസാനിപ്പിച്ച് ഒബാമയും കുടുംബവും എത്തി. ചെറു മഴയത്ത് കുട ചൂടി അവർ ക്യൂബയിൽ ഇറങ്ങി.

പ്രദേശിക സമയം ഞായറാഴ്ച വൈകിട്ട് 4.15ഓടെയാണ് പ്രസിഡന്രിനേയും കുടുംബത്തെയും വഹിച്ചുകൊണ്ടുള്ള ഔദ്യോഗിക വിമാനം എയർഫോഴ്‌സ വൺ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിക്‌സ് ഒബാമയെയും കുടുംബത്തെയും സ്വീകരിച്ചു. എൺപത്തി എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ക്യൂബയിൽ കാലുകുത്തുന്നത്. 1928 ജനുവരി 19ന് കാൽവിൻ കൂളിഡ്ജ് ആണ് അവസാനം ക്യൂബ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ്.

ഒബാമയും ഭാര്യയുമാണ് ആദ്യം വിമാനത്തിൽ നിന്ന് ക്യൂബൻ മണ്ണിലിറങ്ങിയത്. മഴയുള്ളതിനാൽ ഒരു കുടയിലായിരുന്നു ഇരുവരും. തൊട്ടുപിറകെ മക്കളായ സാഷയും മാലിയയും. ലാറ്റിൻ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായുള്ള സന്ദർശനത്തിൽ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുകയാണ് ഒബാമയുടെ മുഖ്യ ലക്ഷ്യം. കഴിഞ്ഞ വർഷമാണ് അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ മദ്ധ്യസ്ഥതയിലാണ് തർക്കങ്ങൾ തീർപ്പാക്കിയത്. വാഷിങ്ടണിലും ഹവാനയിലും ഇരു രാജ്യങ്ങളും വീണ്ടും എംബസികൾ തുറക്കുകയും ചെയ്തു.

ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോയും ഒബാമയും തമ്മിലുള്ള ഉച്ചകോടി ഇന്ന് നടക്കും. ഭാര്യ മിഷേലും ഒബാമയെ അനുഗമിക്കും. റൗൾ കാസ്‌ട്രോയോടൊപ്പം ഒബാമ ഹവാനയിൽ ഒരു ബേസ് ബാൾ മത്സരം വീക്ഷിക്കും. ക്യൂബൻ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻ എന്ന് വിശേഷിപ്പിക്കുന്ന കവിയും പത്രപ്രവർത്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായിരുന്ന ജോസ് മാർട്ടിയുടെ സ്മാരകത്തിൽ ഇന്ന് നടക്കുന്ന അനുസ്മരണച്ചടങ്ങിൽ ഒബാമ പങ്കെടുക്കും. പിന്നീട് ക്യൂബൻ വ്യവസായികളുമായി ചർച്ച നടത്തും. തുടർന്ന് റെവല്യൂഷണറി പാലസിൽ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോയുമായി ഉച്ചകോടി. നാളെ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ ക്യൂബൻ പൊതു സമൂഹത്തിന്റെ പ്രതിനിധികളുമായി ഒബാമ ചച്ച നടത്തും. വൈകിട്ട് അലീഷ്യ അലോൺസോ ഗ്രാന്റ് തിയേറ്ററിൽ ഒബാമ ക്യൂബൻ ജനതയെ അഭിസംബോധന ചെയ്യും.

യു.എസ് ക്യൂബ ബന്ധത്തിലെ ഏറ്റവും വലിയ കല്ലുകടിയായ ഗ്വാണ്ടനാമോ പ്രശ്‌നവും ഇന്ന് പ്രസിഡന്റ് റൗൾ കാസ്‌ട്രോയുമായുള്ള ചർച്ചയിൽ വിഷയമാകും. ഗ്വാണ്ടനാമോ തിരിച്ച് നൽകണമെന്നാണ് ക്യൂബയുടെ ആവശ്യം. അല്ലാതെയുള്ള ഒരു ഒത്തുതീർപ്പും പൂർണമാകില്ലെന്നാണ് റൗൾ കാസ്‌ട്രോയുടെ നിലപാട്. ഇത് അംഗീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. 53 വർഷമായ ക്യൂബയ്‌ക്കെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ നീക്കത്തെ യുഎസ് കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടി എതിർത്തിരുന്നു. പ്രസിഡന്റിനുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് വ്യാപാര - സഞ്ചാര ഉപരോധങ്ങളിൽ ഒബാമ ഇളവു വരുത്തിയത്.

ആദ്യദിവസം ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന ഒബാമ അത്താഴവിരുന്നിലും പങ്കെടുക്കും. രണ്ടാം ദിവസം ക്യൂബൻ ടിവിയിൽ പ്രസംഗിക്കും. ക്യൂബൻ വിമതരുമായുള്ള കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്. വിരമിച്ച പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോയുമായി കൂടിക്കാഴ്ച ഉണ്ടാവില്ലെന്നാണു സൂചനകൾ. അതിനിടെ ഫിഡലുമായി ഒബാമയുടെ കൂടിക്കാഴ്ചയ്ക്കും സാഹചര്യമൊരുക്കാൻ ക്യൂബ നടപടികൾ എടുക്കുന്നുണ്ട്. അത് സംഭവിച്ചാൽ ഒബാമയുടെ സന്ദർശനം വലിയ നയതന്ത്ര പ്രാധാന്യം നേടുമെന്ന് ഉറപ്പ്. എന്നാൽ ഗ്വാണ്ടനാമോ വിഷയം തന്നെയാകും ഇതിന്റെ സാധ്യതകൾ നിർണ്ണയിക്കുക.

ഇന്നലെ എത്തിയ ഒബാമ ഭാര്യ മിഷേലിനൊപ്പം പഴയ ഹവാനയിലെ പ്രധാന കേന്ദ്രങ്ങൾ നടന്നു കണ്ടു. ഹവാന കത്തീഡ്രലിൽ അദ്ദേഹത്തെ ഹവാന ലാറ്റിൻ അതിരൂപത ആർച്ച് ബിഷപ് കർദ്ദിനാൾ ഒർട്ടേഗ സ്വീകരിച്ചു. യു.എസ് ക്യൂബ ബന്ധം മെച്ചപ്പെടുത്താൻ കത്തോലിക്കാ സഭ വലിയ പങ്ക് വഹിച്ചതാണ്. പഴയ ഹവാനയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളായ പ്ലാസ ഡി അർമാസ്, സിറ്റി മ്യൂസിയം, പ്ലാസ ഡി വീജാ, പ്ലാസ ഡി സാൻഫ്രാൻസിസ്‌കോ എന്നിവിടങ്ങളും സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP