Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരേസാ മെയ്‌ക്ക് ശേഷം അടുത്ത പ്രധാനമന്ത്രി ബോറിസ് ജോൺസണെന്ന സൂചനകളോടെ അവസാന റൗണ്ട് ഫലം; ആരോഗ്യ സെക്രട്ടറിയായി തിളങ്ങിയ ജെറമി പൊതുസമ്മതിയിൽ പിന്നിൽ; ബ്രിട്ടൻ കടുത്ത ദേശീയ വാദികളുടെ കൈകളിലേക്ക് എത്തുന്നതോടെ ബ്രക്‌സിറ്റിന് വേഗത കൂടും; അടുത്ത പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത മിത്രം; പ്രധാനമന്ത്രി സ്ഥാനം കയ്യിൽ കിട്ടിയാൽ അവശേഷിക്കുന്നത് വെറും 99 ദിവസം

തെരേസാ മെയ്‌ക്ക് ശേഷം അടുത്ത പ്രധാനമന്ത്രി ബോറിസ് ജോൺസണെന്ന സൂചനകളോടെ അവസാന റൗണ്ട് ഫലം; ആരോഗ്യ സെക്രട്ടറിയായി തിളങ്ങിയ ജെറമി പൊതുസമ്മതിയിൽ പിന്നിൽ; ബ്രിട്ടൻ കടുത്ത ദേശീയ വാദികളുടെ കൈകളിലേക്ക് എത്തുന്നതോടെ ബ്രക്‌സിറ്റിന് വേഗത കൂടും; അടുത്ത പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത മിത്രം; പ്രധാനമന്ത്രി സ്ഥാനം കയ്യിൽ കിട്ടിയാൽ അവശേഷിക്കുന്നത് വെറും 99 ദിവസം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ആരാണ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി? വലിയ ഊഹങ്ങൾക്കൊന്നും സ്ഥാനം നൽകാതെ ഇന്നലെ അവസാന റൗണ്ട് വോട്ടിങ് നടന്നപ്പോൾ തന്റെ പിറന്നാൾ ദിനം ആഘോഷിച്ചു കൊണ്ടാണ് ബോറിസ് ജോൺസൻ ആ പദവിയിലേക്ക് കൂടുതൽ അടുക്കുന്നത്. കഴിഞ്ഞ വട്ടം തെരേസ മേ തട്ടിത്തെറിപ്പിച്ച മോഹ പദവി ഇക്കുറി തനിക്കല്ലാതെ മറ്റാർക്കും വിട്ടു നൽകില്ലെന്ന് ബോറിസ് ഉറപ്പിച്ചു കഴിഞ്ഞു.

കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടന്ന ഹിത പരിശോധനയിൽ അവസാന നാലു പേരിൽ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ്, മൈക്കേൽ ഗോവ് എന്നിവർ അവസാന വോട്ടിങ്ങിൽ പുറംതള്ളപ്പെട്ടതോടെ ഇനി അവശേഷിക്കുന്നത് ബോറിസ് ജോൺസൻ, ജെറമി ഹണ്ട് എന്നിവർ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. എംപിമാർക്കിടയിൽ അത്ര പ്രിയങ്കരൻ അല്ലാതിരുന്നിട്ടും നേതൃ പദവി മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ബഹുദൂരം മുന്നിൽ നിന്ന വായാടി എന്നറിയപ്പെടുന്ന ''ബോജോ'' പാർട്ടി അണികൾക്കിടയിൽ ഏറെ ബഹുജന സമ്മതനാണ്. അതിനാൽ അനായാസ വിജയമാണ് ബോറിസ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം വിലയിരുത്തുമ്പോൾ തികഞ്ഞ പ്രായോഗിക വാദിയായാണ് ബോറിസ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സഹോദരൻ ജോ ജോൺസൺ ആകട്ടെ തികഞ്ഞ ഇന്ത്യൻ അനുകൂലിയാന്നെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്ന വിശേഷണമാണ് ജോയോടൊപ്പം ഉള്ളത്. ഇതേ കാര്യത്തിൽ ബോറിസും പിന്നിലല്ല. ലണ്ടൻ മേയർ ആയിരിക്കെ ഇന്ത്യയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ഡൽഹിയിലും മുംബൈയിലും ബിസിനസ് ഓഫിസുകൾ ആരംഭിക്കുന്നതിൽ ബോറിസിന്റെ റോൾ ചെറുതല്ല. ലണ്ടനിൽ പതിവായി മേയറുടെ പേരിൽ തന്നെ ദീപാവലി ആഘോഷത്തിന് ചുക്കാൻ പിടിക്കുന്ന ബോറിസ് 2016ലെ ആഘോഷത്തിന് പ്രധാന സ്‌പോൺസർ ആയി കേരള ടൂറിസത്തെ തിരഞ്ഞെടുത്തത് മലയാളികൾക്കും ഏറെ ആഹ്ലാദം പകരുന്ന വാർത്ത ആയിരുന്നു.

തെരേസ മേ മന്ത്രിസഭയിൽ വിദേശ കാര്യ മന്ത്രി ആയിരുന്നപ്പോൾ കാശ്മീർ വിഷയത്തിൽ മുൻപിൻ നോക്കാതെ അഭിപ്രായം പറഞ്ഞ ബോറിസ് ഇന്ത്യ വിരുദ്ധതയുടെ ലേബൽ എടുത്തണിഞ്ഞതും മറക്കാനാകില്ല. എന്നാൽ പിന്നീട് തെരേസയുമായി തെറ്റിപ്പിരിഞ്ഞു മന്ത്രി സ്ഥാനം നഷ്ടമായ ബോറിസ് ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. മൂന്നു വർഷം മുൻപ് ബ്രക്‌സിറ്റ് ഹിതപരിശോധനയിൽ തന്റെ നയങ്ങൾ ജനങ്ങൾ അംഗീകരിക്കപ്പെടാതിരുന്നതോടെ അന്നത്തെ പ്രധാനമന്ത്രി രാജി വച്ചപ്പോൾ ഏറ്റവും സാധ്യത കൽപിച്ചിരുന്നത് ബ്രക്‌സിറ്റ് വാദിയായ ബോറിസിന് ആയിരുന്നു. അന്നദ്ദേഹം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിരുന്നു.

മൂന്നു വർഷം മുൻപ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബ്രക്‌സിറ്റ് ഫലം വന്നപ്പോൾ ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്ന ബോറിസിന് കൂടെ ഉണ്ടായിരുന്ന മൈക്കേൽ ഗോവിന്റെ ചതി പ്രയോഗം മൂലമാണ് കപ്പിനും ചുണ്ടിനും ഇടയിൽ നിന്നോണം പ്രധാനമന്ത്രി പദവി നഷ്ടമായത്. അവസാന നിമിഷം ഗോവ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബോറിസ് മാന്യതയുടെ പേരിൽ പിന്മാറുക ആയിരുന്നു. ഈ ഘട്ടത്തിൽ പാർട്ടിയിൽ ഉണ്ടായ ഭിന്നിപ്പിൽ നിന്നാണ് സർവ സമ്മത സ്ഥാനാർത്ഥി ആയി തെരേസ ഉയർന്നു വരുന്നത്. ഇതോടെ ബ്രക്‌സിറ്റ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബോറിസിനെ വിദേശ മന്ത്രാലയ ചുമതല ഏൽപ്പിച്ചു സമാശ്വസിപ്പിക്കുക ആയിരുന്നു തെരേസ.

എന്നാൽ മൂപ്പിളമ തർക്കം അകത്തും പുറത്തും ഉണ്ടായതോടെ ബോറിസിനെ പുറത്താകുന്നതിൽ തെരേസ വിജയിച്ചു. അന്ന് മുതൽ തെരേസ മെയെ കസേരയിൽ നിന്നിറക്കാൻ ബോറിസ് നടത്തിയ കളികൾ ഒട്ടും മോശമല്ല. ഒടുവിൽ വീണ്ടും അവസരം കൈവന്നപ്പോൾ പഴയ ചരിത്രം ഓർമ്മിപ്പിച്ചു മൈക്കൽ ഗോവ് അവസാന മൂന്നു പേരിൽ ഒരാൾ ആയി മാറിയതോടെ ബോറിസ് ക്യാമ്പ് സകല ശക്തിയും പുറത്തെടുത്താണ് വെറും രണ്ടു വോട്ടിന് മൈക്കേലിനെ മൂലയ്ക്കിരുത്തിയത്. ഇതിൽ ഒരു മധുര പ്രതികാരം കൂടിയാണ് ബോറിസ് ആസ്വദിക്കുന്നത്.

എന്നാൽ ബോറിസ് നൽകുന്ന വാഗ്ദാനം അനുസരിച്ചു വെറും 99 ദിവസങ്ങളാണ് ബ്രക്‌സിറ്റിനായി അവശേഷിക്കുന്നത്. തെരേസ മേ രണ്ടു വർഷം കൊണ്ട് നടപ്പാക്കാൻ തുനിഞ്ഞ കാര്യം ഇത്ര ചെറിയ വേഗത്തിൽ ബോറിസിന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. പാർലിമെന്റിൽ വീണ്ടും അംഗീകാരം തേടുമ്പോൾ തെരേസക്ക് സംഭവിച്ച വീഴ്ച ബോറിസിനും ഉണ്ടാകില്ലേ എന്ന് കരുതുന്നവരും കുറവല്ല. എന്നാൽ തെരേസയെ എതിർത്തവരിൽ നല്ല പങ്കും ബോറിസിന് പിന്തുണ നൽകും എന്നാണ് കരുതപ്പെടുന്നത്.

കാരണം ഈ വിഷയത്തിൽ ബോറിസ് പരാജയപ്പെട്ടാൽ സർക്കാർ പിരിച്ചു വിട്ടു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഉള്ള സാധ്യത ഒട്ടു മിക്ക എംപിമാരും ആഗ്രഹിക്കുന്നില്ല. അക്കാരണത്താൽ തന്നെ തന്റെ ജോലി പ്രയാസം കൂടാതെ നടപ്പാക്കാൻ ബോറിസിന് കഴിയും എന്നാണ് വിലയിരുത്തൽ. കൂടുതൽ സ്വതന്ത്രമായും സൗഹാർദ്ദപരമായും പെരുമാറുന്ന ബോറിസിന് പാർട്ടിയിൽ സഹപ്രവർത്തകർക്കിടയിൽ കൂടുതൽ വിശ്വാസം നേടിയെടുക്കാൻ സാധിക്കും എന്ന് വിലയിരുത്തുന്നവർ അനേകമാണ്.

തെരേസ മെയ്‌ക്ക് ഇല്ലാതെ പോയതും ഈ സവിശേഷതയാണ്. അവരുടെ കടുംപിടുത്ത ശൈലിയാണ് പാർട്ടി എംപിമാരെ പോലും ശത്രുക്കളാക്കി മാറ്റിയത് എന്നത് പരസ്യമായ രഹസ്യമാണ്. ബോറിസിന്റെ സർക്കാർ കൂടുതൽ മൃദു സമീപനം സ്വീകരിക്കുന്നതിനാൽ കടുത്ത നിലപാടുകൾ എടുക്കേണ്ട സാഹചര്യത്തിൽ പോലും സമവായം സൃഷ്ടിക്കപ്പെടും എന്നാണ് ബോറിസ് അനുകൂലികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP