Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യയുമായി ഇനി വഴക്കില്ലെന്ന് തുറന്ന് പറഞ്ഞ് അമേരിക്കയും ബ്രിട്ടണും; ഐസിസിനെ തകർക്കാൻ ഒരുമിച്ച് പോരാടാൻ അഭ്യർത്ഥിച്ച് ഒബാമയും കാമറൂണും പുട്ടിന് മുമ്പിൽ; പാരീസ് ആക്രമണത്തിൽ ലോകം ഒരുമിച്ചപ്പോൾ ഐസിസിന്റെ ഉന്മൂലനതയ്ക്കുള്ള യുദ്ധം തുടരുന്നു

റഷ്യയുമായി ഇനി വഴക്കില്ലെന്ന് തുറന്ന് പറഞ്ഞ് അമേരിക്കയും ബ്രിട്ടണും; ഐസിസിനെ തകർക്കാൻ ഒരുമിച്ച് പോരാടാൻ അഭ്യർത്ഥിച്ച് ഒബാമയും കാമറൂണും പുട്ടിന് മുമ്പിൽ; പാരീസ് ആക്രമണത്തിൽ ലോകം ഒരുമിച്ചപ്പോൾ ഐസിസിന്റെ ഉന്മൂലനതയ്ക്കുള്ള യുദ്ധം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

അംഗാറ: ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി നേരിടാൻ അമേരിക്കയും റഷ്യയും കൈകോർക്കുന്നു. പാരീസിലെ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സിറിയയിലെ ആഭ്യന്തര പ്രതിസന്ധിക്ക് ജനാധിപത്യത്തിലൂടെ പരിഹാരം കണ്ട് അധികാരക്കൈമാറ്റമാണ് ഇരു കൂട്ടരും ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഐസിസിനെ തുടച്ചു നീക്കാനും യോജിച്ച് പ്രവർത്തിക്കും. സിറിയയിലെ പോരാട്ടങ്ങളിൽ റഷ്യയും അമേരിക്കയും രണ്ട് വഴിക്ക് പോയത് ഐസിസിന് തുണയായിരുന്നു. സിറിയിലെ ബാഷർ അൽ ആസദിന്റെ ഭരണത്തെ അമേരിക്ക അനുകൂലിക്കിച്ചിരുന്നില്ല. ആസദിനെതിരായ പോരാട്ടത്തിന് വിമതർക്ക് അമേരിക്ക എല്ലാ പിന്തുണയും നൽകി. ഇതോടെ വിമതർ കരുത്തരുമായി. ഈ ആഭ്യന്തര യുദ്ധത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയത് ഐസിസായിരുന്നു. വിമതരും ഐസിസും ഒരുമിച്ച് ആസദിനെതിരെ പോരാട്ടം തുടങ്ങിയതോടെ സിറിയ കലാപഭൂമിയായി. ഈ ഘട്ടത്തിൽ സിറിയയിലെ തീവ്രവാദ വിരുദ്ധ പോരാട്ടം റഷ്യ ഏറ്റെടുത്തു. ഇത് അമേരിക്കയും റഷ്യയും തമ്മിലെ ഭിന്നത രൂക്ഷമാക്കി.

എന്നാൽ സിറിയയിൽ വന്മുന്നേറ്റമാണ് റഷ്യ നടത്തിയത്. ഐസിസിന്റെ ശക്തിയും ചോർന്നു. ഇതിനിടെയിൽ ഐസിസ് ഭീകരനായ ജിഹാദി ജോണിനെ അമേരിക്കൻ സൈന്യം വധിക്കുകയും ചെയ്തു. യുദ്ധത്തിന്റെ നേതൃത്വം റഷ്യയ്ക്ക് ലോക രാജ്യങ്ങൾ നൽകിയതോടെയായിരുന്നു ഇത്. ഇതോടെ ഐസിസ് അമേരിക്കയടക്കമുള്ള നാറ്റോ കക്ഷികളുമായി തെറ്റി. അതിന്റെ പ്രതിഫലനമായിരുന്നു ലോകത്തെ നടുക്കിയ പാരീസ് ആക്രമണങ്ങൾ. 150ലധികം പേർ പാരീസിൽ കൊല്ലപ്പെട്ടതോടെ ലോക നേതാക്കൾ വീണ്ടും ഒന്നിച്ചിരുന്നു. ഇതിന്റെ ആദ്യ പടിയായി യു.എസ്. വിദേശകാര്യ സെക്രട്ടറി ജോൺ കെറിയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവറോവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ഏകദേശ ധാരണയായി. ഓസ്ട്രിയയിലെ വിയന്നയിൽ ഇന്റർനഷണൽ സിറിയ സപ്പോർട്ട് ഗ്രൂപ്പ് (ഐ.എസ്.എസ്.ജി) യോഗത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. അതിന് ശേഷം റഷ്യൻ പ്രസിഡന്റ് വഌഡിമർ പുട്ടിനുമായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ തന്നെ ചർച്ച നടത്തി. കൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണും.

സിറിയയിൽ യുഎൻ നേതൃത്വത്തിലുള്ള മധ്യസ്ഥ ചർച്ചയിലൂടെ രാഷ്ട്രീയമാറ്റത്തിന് അമേരിക്കയും റഷ്യയും ധാരണയിൽ എത്തിയതായി സൂചന. ജി 20 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച് അനൗദ്യോഗിക തീരുമാനമായതായി വൈറ്റ് ഹൗസ് വക്താവും റഷ്യൻ വാർത്താ ഏജൻസിയും വെളിപ്പെടുത്തി. സിറിയ നിലപാടിന്റെ പേരിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായശേഷം ആദ്യമായാണ് ഒബാമയും പുടിനും ചർച്ച നടത്തുന്നത്. 35 മിനിറ്റ് നീണ്ട ചർച്ചയുടെ വിശദാംശങ്ങൾ പരസ്യമാക്കിയിട്ടില്ല. ഫ്രാൻസിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള ചർച്ച. സിറിയയിൽ വെടിനിർത്തൽ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരുരാജ്യങ്ങളും അംഗീകരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

ഐഎസിനെ നേരിടേണ്ടതിന്റെ പ്രാധാന്യം ഇരുരാജ്യങ്ങൾക്കും ബോധ്യമുണ്ടെന്നും സമീപനത്തിൽ മാത്രമാണു തർക്കമെന്നും ക്രെംലിൻ വിദേശകാര്യ ഉപദേഷ്ടാവ് യൂറി യുഷാകോവിനെ ഉദ്ധരിച്ചു റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു. സിറിയയിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾ ഐഎസിനെയല്ല, മറിച്ച്, സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ എതിർക്കുന്ന വിമതരെ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. യുക്രെയ്ൻ വിമതരെ പിന്തുണയ്ക്കുന്ന റഷ്യൻ നിലപാടും അമേരിക്കയുടെ അപ്രീതിക്കു കാരണമായിരുന്നു തൽക്കാലം ഈ വിവാദമെല്ലാം മാറ്റി വയ്ക്കും. ഈ പ്രശ്‌നങ്ങള്ൾ യുഎൻ പരിഹരിക്കും. അമേരിക്കയുടേയും റഷ്യയുടേയും ലക്ഷ്യം ഐസിസ് മാത്രമായി മാറും. ഇതോടെ ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിന് പുതിയ മുഖം വരും.

ഐ.എസ്സിനെതിരായ നീക്കത്തിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത നീക്കത്തിന് സാധിക്കുമെന്ന് ജോൺ കെറിയും വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ സംയുക്തനീക്കം പുനരാരംഭിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് ജോൺ കെറി പറഞ്ഞു. ചില സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. പാരീസിലെപ്പോലുള്ള സംഭവവികാസങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അമേരിക്കയും റഷ്യയും ഉൾപ്പെടെ എല്ലാ രാജ്യങ്ങളും ഇതിനെതിരെ രംഗത്തിറങ്ങണമെന്നും റഷ്യൻ വിദേശകാര്യമന്ത്രി ലവറോവും ആവശ്യപ്പെട്ടു. യുക്രൈനിലെ സൈനിക ഇടപെടലിനെച്ചൊല്ലി അമേരിക്കയുടെ നേതൃത്വത്തിലുള്ള നറ്റോ സഖ്യം റഷ്യയുമായുള്ള സൈനിക സഹകരണം കഴിഞ്ഞവർഷം അവസാനിപ്പിച്ചിരുന്നു. ഇതിൽ മാറ്റം വരുത്താൻ ഐ.എസ്സിനെതിരായ സംയുക്തനീക്കം അമേരിക്കയെ പ്രേരിപ്പിക്കുമെന്നാണ് സൂചന.

സിറിയയിൽ ഐ.എസ്.എസ്.ജി. ഗ്രൂപ്പിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് ബാഷർ അൽ അസദിന്റെ കാര്യത്തിൽ ഇരുകൂട്ടർക്കും വിരുദ്ധനിലപാടാണ്. അസദിനെ സഹായിക്കുന്ന നിലപാടാണ് റഷ്യയുടേതെന്ന് അമേരിക്ക ആരോപിക്കുന്നു. ഇക്കാര്യത്തിലും ഇരുകൂട്ടരും ധാരണയാകേണ്ടിവരും. യുഎന്നിന്റെ ഇടപെടലോടെ ഇത് സാധ്യമാകുമെന്നാണ് സൂചന. ഇതിനും പുട്ടിനും ഒബാമയും സമ്മതിച്ചിട്ടുണ്ട്. ഈ ചർച്ചയോടെ തന്നെ ഐസിസിനെതിരെ സംയുക്ത സൈനിക നീക്കമെന്ന നിലയിലേക്ക് കാര്യങ്ങളെത്തും. അമേരിക്കയും നാറ്റോ കക്ഷികളുമായി സഹകരിച്ചാണ് സിറിയയിൽ നിലവിൽ സൈനിക ഇടപെടൽ നടത്തുന്നത്. റഷ്യയ്‌ക്കൊപ്പം ഇറാനും സൗദിയും അടക്കമുള്ള രാജ്യങ്ങൾ. ചൈനയും ഈ കൂട്ടുകെട്ടിനൊപ്പമായിരുന്നു. യുഎഇയെ പോലുള്ള രാജ്യങ്ങളും റഷ്യയ്ക്ക് പിന്തുണ അറിയിച്ചതോടെ അമേരിക്ക പ്രതിസന്ധിയിലാവുകയും ചെയ്തു. റഷ്യയെ വിരട്ടാനായി ആണവ പോർമുനകൾ വിന്യസിക്കുമെന്ന് ബ്രിട്ടണും അറിയിച്ചു. അങ്ങനെ ലോക ശക്തികൾ രണ്ടു വഴിക്ക് നീങ്ങിയത് വലിയ അനിശ്ചിതത്വം ഉണ്ടാക്കി.

റഷ്യയ്ക്ക് എതിരെ പോരാടാൻ അമേരിക്ക സിറിയിലെ വിമതർക്ക് ഹെലികോപ്ടറിലൂടെ ആയുധവും വിതറി. ഇതൊക്കെ ഐസിസിനാണ് ലഭിച്ചത്. റഷ്യയുടെ യുദ്ധം സിറിയയിലെ സാധാരണക്കാരെയാണ് കൊന്നൊടുക്കുന്നതെന്നും അമേരിക്ക പറഞ്ഞിരുന്നു. ഇതൊന്നും യുദ്ധത്തിൽ നിന്ന് പിന്മാറാൻ റഷ്യയെ പ്രേരിപ്പിച്ചില്ല. അത്യാധുനിക മിസൈലുകളുമായി യുദ്ധം തുടരുക തന്നെ ചെയ്തു. അതിനിടെയാണ് പുതിയ വഴിത്തരിവുകൾ ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP