Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യയുമായി സൗഹൃദം വേണ്ട; പുട്ടിനെതിരെ ഉപരോധവും ഏർപ്പെടുത്തണം; സിറിയിൻ പ്രസിഡന്റിനെ വിചാരണ ചെയ്യണം; ട്രംപിന്റെ രാഷ്ട്രീയത്തോടും താൽപ്പര്യക്കുറവ്; ലക്ഷ്യം യൂറോപ്യൻ യൂണിയന്റെ സ്വയം പര്യാപ്തതയും; മാക്രോണിൽ നിന്ന് ഫ്രഞ്ച് ജനത പ്രതീക്ഷിക്കുന്നത് വിപ്ലവമോ?

റഷ്യയുമായി സൗഹൃദം വേണ്ട; പുട്ടിനെതിരെ ഉപരോധവും ഏർപ്പെടുത്തണം; സിറിയിൻ പ്രസിഡന്റിനെ വിചാരണ ചെയ്യണം; ട്രംപിന്റെ രാഷ്ട്രീയത്തോടും താൽപ്പര്യക്കുറവ്; ലക്ഷ്യം യൂറോപ്യൻ യൂണിയന്റെ സ്വയം പര്യാപ്തതയും; മാക്രോണിൽ നിന്ന് ഫ്രഞ്ച് ജനത പ്രതീക്ഷിക്കുന്നത് വിപ്ലവമോ?

മറുനാടൻ ഡെസ്‌ക്

പാരീസ്: അപാരമായ ബുദ്ധിശക്തിയും അളവില്ലാത്ത ഇച്ഛാശക്തിയും അസാധാരണമായ വ്യക്തിജീവിതവുമാണ് ഇമ്മാനുവൽ മാക്രോണിന്റെ സവിശേഷതകൾ. ആഗ്രഹിക്കുന്നത് എന്തും നേടാനുറച്ച് മനസ്സും. അതുകൊണ്ട് തന്നെ ഫ്രാൻസിന്റെ അടുത്ത പ്രസിഡന്റായി മാക്രോൺ തെരഞ്ഞെടുക്കപ്പെടുന്നതിനെ പ്രതീക്ഷയോടെയാണ് ഫ്രഞ്ച് ജനത കാണുന്നത്. അമേരിക്കയും റഷ്യയും ഒന്നിച്ചെതിർത്തിട്ടും ഫ്രാൻസിലെ പരമ്പരാഗത വോട്ടിങ് പാറ്റേർണിനെ തകർത്തെറിഞ്ഞ് മാക്രോൺ അധികാരത്തിലെത്തി. അതുകൊണ്ട് തന്നെ ഇനി പുതിയൊരു ഫ്രഞ്ച് വിപ്ലവമാണു ലോകം പ്രതീക്ഷിക്കുന്നത്.

മിതവാദി പാർട്ടിയായ ഒൻ മാർഷിന്റെ സ്ഥാനാർത്ഥിയായിരുന്നു മക്രോൺ. മെയ്‌ 14-നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാൻസ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേൽക്കും. കഴിഞ്ഞ ദിവസം എമ്മാനുവേൽ മക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിവരങ്ങൾ ചോർത്തിയിരുന്നു. കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി ചോർത്തിയ വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യമാക്കുകയും ചെയ്തു. മക്രോൺ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് തീരുമാനിച്ചിരുന്ന പാരീസിലെ ലൂവ്ര് മ്യൂസിയത്തിന്റെ പരിസരത്തുള്ള ചത്വരത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ പൊതി കണ്ടെത്തിയതിനെത്തുടർന്നാണ് ഒഴിപ്പിക്കലുണ്ടായത്. മാക്രോണിന്റെ വിജയത്തെ ചിലർ എന്തുമാത്രം ഭയക്കുന്നുവെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഉറച്ച നിലപാടാണ് ഈ രാഷ്ട്രീയ ശത്രുക്കളുടെ എണ്ണം കൂട്ടാൻ കാരണം. റഷ്യയുമായി സൗഹൃദം വേണ്ടെന്നും ഉപരോധം ഏർപ്പെടുത്തണമെന്നും പറയുന്ന മാക്രോൺ സൗഹൃദപരമായ രാജ്യാന്തര കാഴ്ചപ്പാടാണ് മുന്നോട്ട് വയ്ക്കുന്നത്. യൂറോപ്യൻ യൂണിയന് അനുകൂലവുമാണ്. സിറിയ പ്രസിഡന്റ് ബഷർ അൽ അസദിനെ രാജ്യാന്തര ട്രിബ്യൂണലിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഇതെല്ലാം നടപ്പാക്കാൻ മാക്രോൺ ഇറങ്ങി പുറപ്പെട്ടാൽ അതിനെ ലോക രാജ്യങ്ങൾ എങ്ങനെ എടുക്കുമെന്നതാണ് പ്രധാനം. ഈ സാഹചര്യത്തിലാണ് മാക്രോണിന്റെ വിജയത്തെ വിപ്ലവത്തിന് തുല്യമായി വിലയിരുത്തപ്പെടുന്നത്. ഒരു വർഷം മുമ്പ് മാത്രം തുടങ്ങിയ പാർട്ടിയുടെ അമരത്തിരുന്നാണ് ഈ വിജയം മാക്രോൺ നേടുന്നതും. ഒൻ മാർഷ് 'മുന്നോട്ട്' എന്നർഥമാണ് തന്റെ പാർട്ടിക്ക് മാക്രോൺ നൽകിയത്. സോഷ്യലിസ്റ്റ് പാർട്ടി വിട്ടശേഷം സ്ഥാപിച്ച, ഒരു വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത മിതവാദി പ്രസ്ഥാനത്തിന് ഫ്രഞ്ച് ജനതയുടെ മനസ്സിലുള്ള പ്രതീക്ഷയുടെ തെളിവാണ് മാക്രോണിന്റെ വിജയം.

അമേരിക്കൻ പ്രസിഡന്റെ ട്രംപും മാക്രോണിനെ പിന്തുണച്ചിരുന്നില്ല. മാക്രോണിന്റെ തോൽവിക്കായി അമേരിക്കയും ചരടുവലിച്ചു. അതായത് റഷ്യയേയും അമേരിക്കയേയും തോൽപ്പിച്ചാണ് മാക്രോൺ അധികാരത്തിലെത്തുന്നത്. എന്നാൽ ട്രംപുമായി വ്യക്തിപരമായി മാക്രോണു ചെറിയൊരു സാദൃശ്യമുണ്ട്. രണ്ടുപേർക്കും അവരവരുടെ ഭാര്യമാരുമായി പ്രായവ്യത്യാസം 20 വയസ്സിനു മുകളിൽ. ട്രംപിന്റെ ഭാര്യ മെലനിയ അദ്ദേഹത്തേക്കാൾ 23 വയസ്സിന് ഇളയതാണെങ്കിൽ മാക്രോണിന്റെ ഭാര്യ ബ്രിജിത്ത് അദ്ദേഹത്തേക്കാൾ 25 വയസ്സ് മൂത്തതാണ്. അതിന് അപ്പുറം ട്രംപുമായി ഒരു സാമ്യവും മാക്രോണിനില്ല. അതുകൊണ്ട് തന്നെ അമേരിക്കയുമായുള്ള ഫ്രാൻസിന്റെ ഇനിയുള്ള ബന്ധം എന്താകുമെന്നതും ഏറെ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്.

മക്രോൺ 65.42 ശതമാനം വോട്ടുകൾ നേടിയാണ് മാക്രോൺ വിജയം കൈപ്പിടിയിലാക്കിയത്. അതിതീവ്ര വലതു പക്ഷക്കാരിയായ മറൈൻ ലീ പെനായിരുന്നു മക്രോണിന്റെ എതിരാളി. 39 കാരനായ മക്രോൺ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ബഹുമതിയും സ്വന്തമാക്കി. തത്വശാസ്ത്രത്തിലും സാഹിത്യത്തിലും സംഗീതത്തിലും തൽപരനായ മക്രോൺ ഐ.ജി.എഫിൽ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. കഴിഞ്ഞദിവസം നടന്ന ടെലിവിഷൻ സംവാദത്തിൽ മക്രോണിനായിരുന്നു മുൻതൂക്കം. എന്നാൽ അന്ന് അതിനെ വെല്ലുവിളിച്ച ലീ പെൻ തെരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്നും മാക്രോൺ ജയിച്ചാൽ രാജ്യം ഇല്ലാതാകുമെന്നും പ്രഖ്യാപിച്ചിരുന്നു.

21 ഡിസംബർ 1977 വടക്കൻ ഫ്രാൻസിലെ അമ്യായിലാണ് മാക്രോണിന്റെ ജനനം. ഉദാരസാമ്പത്തിക നയത്തിന്റെ വക്തവുമാണ്. യൂറോസോണിനു പ്രത്യേക ബജറ്റും പ്രത്യേക മന്ത്രിയുമുൾപ്പെടെ യൂറോപ്യൻ യൂണിയൻ ശക്തിപ്പെടുത്തണമെന്നും ഇയു- കാനഡ ഉടമ്പടി പോലെ കൂടുതൽ സ്വതന്ത്ര വ്യാപാര ഉടമ്പടികൾ വേണമെന്നും ആവശ്യപ്പെടുന്നു. നാറ്റോയുടെ പ്രതിരോധച്ചെലവു ജിഡിപിയുടെ 2% എന്ന നാറ്റോ നിർദ്ദേശം 2025 നു മുൻപു പാലിക്കുമെന്നാണ് മാക്രോണിന്റെ വാഗ്ദാനങ്ങളിൽ ഒന്ന്. നാറ്റോയിലുമുപരിയായുള്ള യൂറോപ്യൻ പ്രതിരോധ സംവിധാനം വേണമെന്നും അഭിപ്രായവുമുണ്ട്. ആറായിരം കോടി യൂറോയുടെ ബജറ്റ് മിച്ചം യാഥാർഥ്യമാക്കുക; അഞ്ചു വർഷം കൊണ്ട് അയ്യായിരം കോടി യൂറോയുടെ പൊതു മൂലധനനിക്ഷേപം. പരിസ്ഥിതി പദ്ധതികളും തൊഴിൽ പരിശീലനവും സാങ്കേതിക മുന്നേറ്റവും പൊതുമേഖലയിലെ അടിസ്ഥാനസൗകര്യവികസനവും ലക്ഷ്യമിട്ടുള്ള നടപടികളും മുന്നോട്ട് വയ്ക്കുന്നു.

കുടിയേറ്റം വിഷയത്തിലും വ്യക്തമായ കാഴ്ചപാടുണ്ട്. ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവു പ്രധാന മാനദണ്ഡമാക്കി മാത്രം ഫ്രഞ്ച് പൗരത്വം നൽകണമെന്നതാണ് നിലപാട്. യൂറോപ്യൻ യൂണിയൻ അതിർത്തി കാക്കാൻ 5000 അംഗങ്ങളുള്ള സുരക്ഷാസേന വേണമെന്നും ഫ്രാൻസിന്റെ മതേതര മൂല്യങ്ങളെക്കുറിച്ച് എല്ലാ മതനേതാക്കൾക്കും സമഗ്രബോധവൽക്കരണം നൽകണമെന്നും ആവശ്യപ്പെടുന്നു. ജൂണിലെ പാർലമെന്റ് തിരഞ്ഞെടുപ്പ്. ജൂൺ 11നും 18നുമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 577 സീറ്റുകളിലും ഒൻ മാർഷ് സ്ഥാനാർത്ഥിയെ നിർത്താനാണു മാക്രോണിന്റെ തീരുമാനം. 50% വനിതാ സംവരണവും ബാക്കി സ്ഥാനാർത്ഥികളിൽ പരമാവധി പുതുമുഖങ്ങൾക്കു മുൻഗണനയുമാണ് മനസ്സിലുള്ള തന്ത്രങ്ങൾ.

രണ്ടു വർഷം മുൻപു പാരിസിൽ സംഗീതപരിപാടിക്കിടെ ഭീകരാക്രമണമുണ്ടായപ്പോൾ പ്രത്യാക്രമണം നയിച്ച പൊലീസ് മേധാവി മാക്രോണിന്റെ സ്ഥാനാർത്ഥിപ്പട്ടികയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP