Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സബർമതി തീരത്ത് ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം ഊഞ്ഞാലാടി ജിൻപിങ്; ചൈനീസ് പ്രസിഡന്റിന്റെ ഭാര്യയ്ക്ക് വളകൾ സമ്മാനിച്ച് മോദി: ഗുജറാത്തിലേക്ക് ശതകോടികളുടെ നിക്ഷേപം ഒഴുകാൻ കരാറുകളായി

സബർമതി തീരത്ത് ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം ഊഞ്ഞാലാടി ജിൻപിങ്; ചൈനീസ് പ്രസിഡന്റിന്റെ ഭാര്യയ്ക്ക് വളകൾ സമ്മാനിച്ച് മോദി: ഗുജറാത്തിലേക്ക് ശതകോടികളുടെ നിക്ഷേപം ഒഴുകാൻ കരാറുകളായി

അഹമ്മദാബാദ്: അഹമ്മദാബാദിലെത്തി ഇന്ത്യൻ സന്ദർശനത്തിന് തുടക്കമിട്ട ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ സന്ദർശനത്തിന്റെ ആദ്യദിനം ഗുജറാത്തിന് വാരിക്കോരി ആനുകൂല്യങ്ങൾ നൽകി. ഗുജറാത്തിൽ ശതകോടകളുടെ നിക്ഷേപത്തിന് അവസരം ഒരുക്കുന്ന കരാറുകളിലാണ് ഇന്നലെ ഒപ്പുവച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിലും ഗുജറാത്തിനെ കൈവിടാൻ ഒരുക്കമല്ലെന്ന് പറഞ്ഞ് ഒരിക്കൽ കൂടി നരേന്ദ്ര മോദി തന്റെ ഗുജറാത്തി സ്‌നേഹം പങ്കുവെക്കുകയായിരുന്നു ഈ കരാറുകളിലൂടെ. ജിൻപിംഗിന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഈ കരാറുകൾ ഒപ്പിട്ടത്.

ഗുജറാത്തിൽ വ്യവസായ പാർക്ക്, ചൈനയിലെ ഗ്വാംഗ്ഷുവും അഹമ്മദാബാദും തമ്മിലുള്ള സഹകരണം, ഗ്വാംഗ്‌ദോങ് പ്രവിശ്യയും ഗുജറാത്തും തമ്മിലുള്ള സാഹോദര്യം എന്നിവയ്ക്കുള്ള കരാറുകളിലൂടെ അടിസ്ഥാന സൗകര്യ വികസനം, റെയിൽവെ വികസനം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതികൾക്ക് വേണ്ടി ഗുജറാത്തിലാകും ചൈനീസ് കമ്പനികൾ നിക്ഷേപം ഇറക്കുക. ഗുജറാത്തിന് ചൈനയിലെ ഏറ്റവും സമ്പന്ന പ്രവിശ്യയായ ഗ്വാങ് ദോങ്ങിന്റെ സഹോദരി പദവിയും അഹമ്മദാബാദിന് ഗ്വാങ്‌ദോങ്ങിന്റെ തലസ്ഥാനമായ ഗ്വാങ്‌സൂവിന്റെ സഹോദരീനഗര പദവിയും നൽകുന്നതാണ് ധാരണാപത്രത്തിൽ ഒന്ന്.

ഇന്നലെ സബർമതി ആശ്രമത്തിലും പ്രധാനമന്ത്രി മോദിക്കൊപ്പം ചൈനീസ് പ്രസിഡന്റ് സന്ദർശിച്ചു. വെളുത്ത ഷർട്ടിനു മുകളിൽ ഖാദി ജാക്കറ്റ് ധരിച്ച് ഇന്ത്യക്കാരനെപ്പോലെയാണ് ചൈനീസ് പ്രസിഡന്റ് സബർമതിയിലെത്തിയത്. ചൈനീസ് പ്രസിഡന്റിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നേഹോപഹാരമായിരുന്നു ഓഫ്-വൈറ്റ് നിറത്തിലുള്ള ഖാദി ജാക്കറ്റ്. ഒരു കാലത്തു മഹാത്മാ ഗാന്ധി താമസിച്ചിരുന്ന ശാന്തസുന്ദരമായ ആശ്രമം കൗതുകത്തോടെയും ആദരത്തോടെയും ചിൻപിങ് ചുറ്റിനടന്നു കണ്ടു. ആശ്രമത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിശദീകരിച്ചു നരേന്ദ്ര മോദിയും ഒപ്പം നടന്നു.

ആശ്രമത്തിലെ പ്രശസ്തമായ 'ഹൃദയകുഞ്ജിലിരുന്നു ചർക്ക കറക്കാനും ചിൻപിങ് സമയം കണ്ടെത്തി. അതിനു മുൻപ് ജിൻപിങ് മോദിക്കൊപ്പം ഊഞ്ഞാലാടി. നാടോടി നൃത്തം ആസ്വദിച്ചു. സബർമതി നദിക്കരയിൽ പരമ്പരാഗത ഗുജറാത്തി കലാപരിപാടികളായിരുന്നു ഒരുക്കിയത്. ഷിൻപിങ്ങും പത്‌നിയും ആശ്രമത്തിലെ പരമ്പരാഗത കട്ടിലിലും ഇരുന്നുനോക്കി വിസ്മയം പങ്കിട്ടു. നദിക്കരയിൽ നരേന്ദ്ര മോദിക്കൊപ്പമായിരുന്നു ഇരുവരുടെയും അത്താഴം.

അതിഥികൾക്കായി 150 ഗുജറാത്തി വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ജിൻപിംഗിന്റെ ഭാര്യ പെങ് ലിയുവാന് മോദി വളകൾ സമ്മാനിച്ചു. മോദിക്കൊപ്പം രാത്രിയോടെ ചൈനീസ് പ്രസിഡന്റും സംഘവും ഡൽഹിയിലേക്ക് പോയി. ഇന്ന് ന്യൂഡൽഹിയിലെ രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ വച്ച് സി ജിൻപിംഗിന് ഔപചാരികമായ സ്വീകരണം നൽകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണാബ് മുഖർജി, വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, സ്പീക്കർ സുമിത്ര മഹാജൻ, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തുടങ്ങിയ നേതാക്കളുമായി സി ജിൻപിങ് കൂടിക്കാഴ്ച നടത്തും. റെയിൽ, മെട്രോ സിറ്റി തുടങ്ങി നിരവധി മേഖലകളിലായി ഇരുപതോളം ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP