Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരു പറഞ്ഞു മോദിയുടെ വിദേശ യാത്ര വെറും ധൂർത്താണെന്ന്? 50,000 പാവങ്ങൾക്ക് ഒടുവിൽ മാതൃരാജ്യമായി; സംഘർഷം ഒഴിയുമ്പോൾ ലാഭിക്കുന്നത് കോടികളുടെ പ്രതിരോധ ബജറ്റ്

ആരു പറഞ്ഞു മോദിയുടെ വിദേശ യാത്ര വെറും ധൂർത്താണെന്ന്? 50,000 പാവങ്ങൾക്ക് ഒടുവിൽ മാതൃരാജ്യമായി; സംഘർഷം ഒഴിയുമ്പോൾ ലാഭിക്കുന്നത് കോടികളുടെ പ്രതിരോധ ബജറ്റ്

ധാക്ക: ദക്ഷിണേഷ്യയിലെ സൗഹൃദമാണ് വലുതെന്ന് വ്യക്തമാക്കിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. അയൽരാജ്യങ്ങളുമായി നല്ല ബന്ധമുണ്ടെങ്കിൽ ആർക്കും ഇന്ത്യയെ തൊടാൻ കഴയില്ല. നേപ്പാളിലും ബംഗ്ലാദേശിലും മോദി അത് തെളിയിക്കുകയാണ്. അയൽ രാജ്യങ്ങളെ തന്റെ നയതന്ത്രമികവിലൂടെ പറയുന്നിടത്ത് നിർത്താൻ മോദിക്ക് കഴിയുന്നു. ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും മോദി സാധിച്ചെടുത്തത് അത് തന്നെയാണ്. നാലുപതിറ്റാണ്ടു നീണ്ട അതിർത്തിത്തർക്കത്തിന് അറുതിവരുത്തി ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ സൗഹൃദത്തിന്റെ മാത്രം പാതയിലെത്തുന്നു. അതിർത്തികളിലെ തർക്കം തീർന്നാൽ പിന്നെ ഒന്നും പേടിക്കേണ്ടതില്ല. ബംഗ്ലാദേശുമായി അതിർത്തികരാർ ഉണ്ടാക്കിയ മോദി, പാക്കിസ്ഥാനും ചൈനയ്ക്കുമെല്ലാം നൽകുന്ന സന്ദേശം സൗഹൃദത്തിന്റേതാണ്. പരസ്പരം പോരടിക്കാതെ സഹകരണമെന്ന സന്ദേശം.

തർക്ക വിഷയമായിരുന്ന ഭൂപ്രദേശങ്ങൾ പരസ്പരം കൈമാറാനുള്ള ചരിത്രപ്രാധാന കരാറിലാണ് ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുടെ സാന്നിധ്യത്തിൽ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരായ എസ്. ജയശങ്കറും ഷാഹിദുൾ ഹഖുമാണ് കരാറിൽ ഒപ്പുവച്ചത്. ഏറ്റവും വലിയ നയതന്ത്ര വിദഗ്ധനായി വിലയിരുത്തപ്പെട്ട ആദ്യ പ്രധാനമന്ത്രി ജവർഹർലാൽ നെഹ് റുവിന് പോലും ഇതിന് സമാനമായ ഒന്ന് രാജ്യത്തിന് നൽകാനായില്ല. ഇന്ത്യയുടെ വിദേശകാര്യ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലാണ് കരാർ. ബംഗാളിനും കൊൽക്കത്തയ്ക്കും ഏറെ ആശ്വാസമാകുന്ന തീരുമാനം. അതുകൊണ്ട് കൂടിയാണ് എല്ലാത്തിനും സാക്ഷിയാകാൻ മമതാ ബാനർജിയുമെത്തിയത്. ഇതിലൂടെ 50000 പേർക്കാണ് മാതൃരാജ്യത്തെ നേടാൻ കഴിഞ്ഞത്.

കഴിഞ്ഞമാസം പാർലമെന്റ് പാസാക്കിയ അതിർത്തിഭൂമി കൈമാറ്റ കരാർ (എൽബിഎ) പ്രകാരമാണ് ഭൂപ്രദേശങ്ങൾ കൈമാറുന്നത്. ഇതുപ്രകാരം ബംഗ്ലാദേശ് അതിർത്തിക്കുള്ളിലുള്ള 111 ഇന്ത്യൻ എൻക്ലേവുകളാണ് ഇന്ത്യ വിട്ടുകൊടുക്കുന്നത്. ആകെ 17160 ഏക്കർ പ്രദേശം വരും ഇത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ ബംഗ്ലാദേശ് ഭരണത്തിലുള്ള 51 എൻക്ലേവുകൾ അവർ കൈമാറും. ഇത് 7110 ഏക്കറോളം വരും. ഇതോടെ, ഇന്ത്യക്ക് പതിനായിരം ഏക്കറോളം ഭൂമി നഷ്ടമാകും. ഈ പ്രദേശങ്ങളിലെ 50,000 പേരുടെ പൗരത്വം സംബന്ധിച്ച അവ്യക്തത ഇതോടെ നീങ്ങും. ഇവർക്കു സ്വന്തം ഇഷ്ടപ്രകാരം ഏതു രാജ്യത്തേക്കു വേണമെങ്കിലും പോകാം. എൻക്ലേവുകൾ കൈമാറുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുനരധിവാസ പാക്കേജും കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഒരു രാജ്യത്തിന്റെ ഭൂപരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന, എന്നാൽ മറ്റൊരു രാജ്യത്തിനു ഭരണാവകാശമുള്ള ഭൂപ്രദേശമാണ് എൻക്ലേവ്. ബംഗ്ലാദേശ് അതിരിനുള്ളിൽ ഇന്ത്യൻ പ്രദേശങ്ങളുണ്ട്. ഇന്ത്യൻ അതിരിനുള്ളിൽ ബംഗ്ലാദേശിന്റെയും. മിക്കവയും ഇരുരാജ്യങ്ങളും തമ്മിലുള്ള 4,096 കിലോമീറ്റർ അതിർത്തിക്കടുത്താണ്. ഇരുരാജ്യങ്ങളുടെയും ശ്രദ്ധ കിട്ടാത്തതിനാൽ വികസനം എത്തിനോക്കാത്തവയാണ് ഈ എൻക്ലേവുകളി!ൽ മിക്കതും. 1974 ൽ ഇരുനൂറ് എൻക്ലേവുകൾ പരസ്പരം കൈമാറാൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് മുജിബുർ റഹ്മാനും തമ്മിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ മുജിബുറഹ്മാനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനാൽ ഈ ധാരണ നിലവിൽ വന്നില്ല. ഇന്ദിരയും മുജിബുറഹ്മാനും കരാർ ഒപ്പിടുന്നതിന്റെ ചിത്രം ഉൾപ്പെടുത്തിയ കൂറ്റൻ ബോർഡുകൾ ഇന്നലെ ധാക്ക നഗരത്തിൽ സ്ഥാപിച്ചിരുന്നു.

അതിർത്തി ധാരണയ്ക്കു പുറമെ, തീവ്രവാദം തടയൽ, സമുദ്ര സുരക്ഷ ഉറപ്പാക്കൽ, മനുഷ്യക്കടത്തു നിയന്ത്രണം, വ്യാജ ഇന്ത്യൻ കറൻസിയുടെ അച്ചടി തടയൽ എന്നിവയുൾപ്പെടെ 22 കരാറുകളിലാണു മോദിയുടെ ബംഗ്ല സന്ദർശനത്തിന്റെ ആദ്യദിനം ഒപ്പുവച്ചത്. ബംഗ്ലാദേശിന് ഇന്ത്യ 12,600 കോടി രൂപയുടെ സഹായം നൽകാനും ധാരണയായി. ബംഗ്ലാദേശിൽ ഇന്ത്യൻ നിക്ഷേപം വർധിപ്പിക്കാൻ പ്രത്യേക സാമ്പത്തിക മേഖലകൾക്കും തുടക്കമിടും. ഇരുരാജ്യങ്ങൾക്കിടയിൽ രണ്ടു ബസ് സർവീസുകൾക്കും ഇന്നലെ തുടക്കമായി. കൊൽക്കത്ത ധാക്ക അഗർത്തല, ധാക്ക ഷില്ലോങ് ഗുവാഹത്തി ബസ് സർവീസുകൾ മോദിയും ഹസീനയും മമതാ ബാനർജിയും ചേർന്നാണു ഫ്‌ലാഗ് ഓഫ് ചെയ്തത്. കൊൽക്കത്ത ധാക്ക അഗർത്തല ബസ് ബംഗാളിൽനിന്നു ത്രിപുരയിലേക്കുള്ള യാത്രാദൂരം 560 കിലോമീറ്റർ (മൂന്നിലൊന്ന്) കുറയ്ക്കും.

ബംഗ്ലാദേശുമായുള്ള സമുദ്രകരാറിന് സാധ്യതകൾ ഏറെയാണ്. ഇത് പ്രകാരം ചിറ്റഗോഗിലേയും മോഗഌയിലേയും തുറമുഖങ്ങൾ ഇന്ത്യൻ കപ്പലുകൾക്ക് ഉപയോഗിക്കാനാകും. ചരക്ക് കപ്പലുകൾ സിംഗപൂരിലെത്തി സാധനങ്ങൾ ഇറക്കിയ ശേഷം വീണ്ടും ബംഗ്ലേദേശിലേക്ക് എത്തിക്കുന്ന സാഹചര്യമാണ് ഇത് ഒഴിവാക്കുന്നത്. 30- 40 ദിവസത്തെ കാലതാമസമാണ് ഇതിലൂടെ ഒഴിവാകുന്നത്. ഇത്തരത്തിൽ തുറമുഖം ഉപയോഗിക്കാൻ ഇന്ത്യയും ബംഗ്ലാദേശും തയ്യാറകുന്നതും ആദ്യമായാണ്. ചൈനയുടെ സഹായത്തോടെ വികസിപ്പിച്ച തുറമുഖമാണ് ചിറ്റഗോംഗിലേത്. ഇവിടേയ്ക്കാണ് സഹകരണത്തിന് ഇന്ത്യയുമെത്തുന്നത്. തുറമുഖത്തിലൂടെയുള്ള ബംഗ്ലാദേശിന്റെ വികസന സ്വപ്‌നങ്ങൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ എത്തുന്നുവെന്നതാണ് പ്രധാനം.

നദീജലം പങ്കുവയ്ക്കുന്നതിനുള്ള സാധ്യതകളും ഇരുരാജ്യങ്ങളും തേടുന്നുണ്ട്. ടീസ്ത, ഫെനി നദികളിലെ തർക്കങ്ങൾ പരിഹരിക്കാനും മുൻകൈയെടുക്കുമെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്. സമുദ്ര മേഖലയിലെ സഹകരണം ഉറപ്പാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കും. നിലവിൽ ബംഗ്ലാദേശ് അതിർത്തിയിലെ നിരീക്ഷണത്തിന് കോടികളാണ് കോസ്റ്റ് ഗാർഡ് ചെലവാക്കുന്നത്. പരസ്പര സഹകരണം എത്തുമ്പോൾ ഇതിന് മാറ്റം വരും. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടേയും താൽപ്പര്യം സംരക്ഷിക്കാൻ കഴിയും. കള്ളനോട്ട് തടയാനും ഇത് നിർണ്ണായകമാണ്. കടൽമാർഗ്ഗമുള്ള വ്യാജനോട്ടുകളുടെ വ്യാപനത്തിന് തടയിടാൻ ഒരുമിച്ചുള്ള നീക്കത്തിലൂടെ കഴിയും. ഈ സമുദ്രമേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം കൂട്ടുന്നതാണ് തീരുമാനങ്ങൾ.

ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളുടെ ചുമതലയിൽ ഈ റൂട്ടിൽ രണ്ടു ബസുകളാണ് ഓടിക്കുന്നത്. ധാക്ക ഷില്ലോങ് ഗുവാഹത്തി ബസ് സർവീസ് നടത്തുന്നതു ബംഗ്ലാദേശ് സർക്കാരാണ്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം സംസ്ഥാനങ്ങളിലുള്ളവർക്കു ബസ് സർവീസ് ഏറെ ഗുണമാകും. റയിൽഗതാഗതം പുനരാരംഭിക്കൽ, കപ്പൽപാതകൾ, നദീജലം പങ്കുവയ്ക്കൽ എന്നിവ സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ധാക്ക വിമാനത്താവളത്തിൽ ഷെയ്ഖ് ഹസീന മോദിയെ സ്വീകരിച്ചു. രാഷ്ട്രീയമായി അകലം സൂക്ഷിക്കുന്ന മമത ബാനർജി മോദിയോടൊപ്പം ബംഗ്ലാദേശിലെത്തിയതിനെ ഇന്ത്യയിലെ രാഷ്ട്രീയനിരീക്ഷകർ കൗതുകപൂർവമാണു കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP