Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുദ്ധാനുകൂല സംവിധാനങ്ങളുമായി ചൈന അതിർത്തിയിൽ 17 വൻ പാതകൾ തയ്യാറാക്കാൻ ഇന്ത്യ; കൂടാതെ തെക്കൻ കശ്മീരിലെ ദേശീയപാത 44ൽ 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പ് നിർമ്മിക്കും; ടാങ്കുകളും തോക്കുകളും അതിർത്തിയിൽ നിന്ന് പിൻവലിച്ചാൽ മാത്രേ ചർച്ചകൾ മുമ്പോട്ട് കൊണ്ടു പോകൂവെന്നും ചൈനയെ അറിയിക്കും; ഗൽവാൻ താഴ് വരയിലെ ഇരുരാജ്യങ്ങളുടേയും സൈനിക പിന്മാറ്റം ശുഭപ്രതീക്ഷ; ഇന്ത്യാ-ചൈനാ സൈനിക തല ചർച്ച നാളെ തുടങ്ങും; അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ

യുദ്ധാനുകൂല സംവിധാനങ്ങളുമായി ചൈന അതിർത്തിയിൽ 17 വൻ പാതകൾ തയ്യാറാക്കാൻ ഇന്ത്യ; കൂടാതെ തെക്കൻ കശ്മീരിലെ ദേശീയപാത 44ൽ 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പ് നിർമ്മിക്കും; ടാങ്കുകളും തോക്കുകളും അതിർത്തിയിൽ നിന്ന് പിൻവലിച്ചാൽ മാത്രേ ചർച്ചകൾ മുമ്പോട്ട് കൊണ്ടു പോകൂവെന്നും ചൈനയെ അറിയിക്കും; ഗൽവാൻ താഴ് വരയിലെ ഇരുരാജ്യങ്ങളുടേയും സൈനിക പിന്മാറ്റം ശുഭപ്രതീക്ഷ; ഇന്ത്യാ-ചൈനാ സൈനിക തല ചർച്ച നാളെ തുടങ്ങും; അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:അതിർത്തിത്തർക്കം പരിഹരിക്കാൻ ഇന്ത്യയുടെ ചൈനയും ചർച്ചയ്ക്ക്. പ്രശ്‌ന പരിഹാരത്തിനായുള്ള ഉന്നത സേനാനേതൃത്വങ്ങൾ തമ്മിലുള്ള ചർച്ചയ്ക്കു മുന്നോടിയായി സംഘർഷ മേഖലകളിലൊന്നിൽ അൽപം പിൻവാങ്ങി ഇന്ത്യ ചൈന സേനകൾ അനുകൂല സാഹഹചര്യവും ഒരുക്കി. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) നിന്ന് ചൈന 2 കിലോമീറ്ററും ഇന്ത്യ ഒരു കിലോമീറ്ററും പിന്നോട്ടു മാറി. ഇതോടെ സംഘർഷത്തിൽ അയവ് വരുകയാണ്. ചൈനാ ഉൽപ്പനങ്ങൾ ബഹിഷ്‌കരിക്കാനുള്ള ഇന്ത്യൻ കാമ്പയിൻ ഫലം കണ്ടുവെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് ചൈന ചർച്ചയ്ക്ക് തയ്യാറാകുന്നത്. അതിർത്തി പ്രശ്‌നം പരിഹരിക്കുമെന്നാണ് സൂചന.

അതിർത്തിയിൽ നാളെ നടക്കുന്ന സേനാതല ചർച്ചയിൽ അനുരഞ്ജനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സൈനിക പിന്മാറ്റം. എന്നാൽ, പാംഗോങ് ട്‌സോ തടാകത്തിന്റെ വടക്കൻ തീരത്ത് ഇരുസേനകളും പിൻവാങ്ങിയിട്ടില്ല. ഇത് ആശങ്ക ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ബൊഫോഴ്‌സ് പീരങ്കികൾ ഇന്ത്യ അതിർത്തിയിലെത്തിച്ചു. ചൈന സന്നാഹം ശക്തമാക്കിയതിനു പിന്നാലെയാണ് 60 പീരങ്കികൾ സജ്ജമാക്കിയത്. സന്നാഹത്തിൽ പിന്നാക്കം പോകുന്നതു ചർച്ചകളിൽ ചൈനയ്ക്കു മേൽക്കൈ നൽകുമെന്നു വിലയിരുത്തിയാണു നീക്കം. അതിർത്തിയോടു ചേർന്നുള്ള റോഡ് നിർമ്മാണം നിർത്തണമെന്ന ചൈനയുടെ ആവശ്യവും ഇന്ത്യ അംഗീകരിക്കില്ല. ഇന്ത്യൻ പ്രദേശത്ത് നിർമ്മാണം തുടരുമെന്നാണ് നിലപാട്.

പാക്ക്, ചൈന അതിർത്തികളിൽ സംഘർഷം പുകയുന്നതിനിടെ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ യുദ്ധവിമാനങ്ങൾക്കായി എയർസ്ട്രിപ് നിർമ്മിക്കാൻ വ്യോമസേന തീരുമാനിച്ചു. ശ്രീനഗർ ജമ്മു ദേശീയപാതയ്ക്കു സമാന്തരമായാണ് 3.5 കിലോമീറ്റർ എയർസ്ട്രിപ് ഒരുക്കുന്നത്. നിർമ്മാണം വേഗം പൂർത്തിയാക്കാൻ ദേശീയപാത അഥോറിറ്റിയോട് ആവശ്യപ്പെട്ടു. ചൈനയുമായി ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ് ഇത്. അതിനിടെ ചൈന-ഇന്ത്യ അതിർത്തി തർക്കത്തിൽ ഉപാധിയുമായി ഇന്ത്യ മുന്നോട്ടുവന്നു എന്നും റിപ്പോർട്ടുണ്ട്. ചൈനീസ് സേന നിലവിലുള്ള പ്രദേശത്തു നിന്ന് പിന്മാറണം. ടാങ്കുകളും തോക്കുകളും അതിർത്തിയിൽ നിന്ന് പിൻവലിക്കണം എന്നീ ഉപാധികളാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്.ശനിയാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചയിലാവും നിർദ്ദേശങ്ങൾ ഇന്ത്യമുന്നോട്ടുവയ്ക്കുക.

ചൈനീസ് സൈന്യം നിലവിലുള്ള സ്ഥലത്തുനിന്ന് പിന്മാറി മെയ്‌ ആദ്യവാരത്തിന് മുമ്പുള്ള സ്ഥാനത്തേക്ക് മാറണമെന്നാണ് ഇന്ത്യ നിർദ്ദേശിക്കുന്നത്. അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യഥാർഥ നിയന്ത്രണരേഖയിലെ (എൽ.എ.സി.) ഇന്ത്യ-ചൈന സംഘർഷം പരിഹരിക്കാൻ ഇരുരാജ്യത്തിന്റെയും ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള സൈനികോദ്യോഗസ്ഥരാണ് ശനിയാഴ്ച ചർച്ച നടത്തുന്നത്. ലേ ആസ്ഥാനമായ 14-ാം കോർ കമാൻഡിലെ ലെഫ്. ജനറൽ ഹരീഷ് സിങ്ങിനെ ഇതിനായി നിയോഗിച്ചതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ചൊവ്വാഴ്ചയും ഇരുരാജ്യവും സൈനികതല ചർച്ച നടത്തിയിരുന്നു.

കിഴക്കൻ ലഡാക്കിൽ എൽ.എ.സി. ലംഘിച്ച് ചൈനീസ് സൈനികർ ഇന്ത്യൻ അതിർത്തിയിൽ കടന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സ്ഥിരീകരിച്ചു. അതിർത്തിയിൽ രണ്ടാഴ്ചയിലധികമായി തുടരുന്ന സംഘർഷത്തിനൊടുവിലാണ് ഇന്ത്യ ഇക്കാര്യം സമ്മതിച്ചത്. ''ചൈനീസ് പട്ടാളക്കാർ നിയന്ത്രണരേഖയിൽ ഉണ്ടെന്നത് യാഥാർഥ്യമാണ്. അതിർത്തി എവിടെയാണെന്നതിനെച്ചൊല്ലി ഇരുരാജ്യവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. ചൈനീസ് പട്ടാളക്കാർ അതിർത്തിയിൽ ധാരാളം എത്തിയിട്ടുണ്ട്''-രാജ്‌നാഥ് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ചൈനയും ഇന്ത്യയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ ഫോൺസംഭാഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചൈന അയ്യായിരത്തോളം സൈനികരെ പുതുതായി അതിർത്തിയിൽ വിന്യസിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. അതിശക്തമായി പ്രതിരോധിക്കാൻ ഇന്ത്യയും സേനയെ രംഗത്തിറക്കി. പ്രശ്‌ന പരിഹാര ചർച്ചകൾ അടുത്ത തലത്തിൽ എത്തണമെങ്കിൽ സൈന്യത്തെ പിൻവലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതിനിടെയാണ് ആഭ്യന്തര നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ഇന്ത്യയും സജീവമാകുന്നത്. കിഴക്കൻ ലഡാക്കിലെ അതിർത്തിക്കുള്ളിൽ ഇന്ത്യ നടത്തുന്ന നിർമ്മാണങ്ങളെ ചൊല്ലി ഇരു രാജ്യങ്ങളും യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഏറ്റുമുട്ടൽ തുടരുന്നതിനിടെ, യുദ്ധസമാനമായ സാഹചര്യങ്ങളിൽ വിമാനങ്ങൾക്ക് അടിയന്തര ലാൻഡിംഗുകൾ നടത്താവുന്ന വിധം റോഡുകൾ വികസിപ്പിക്കാൻ ഇന്ത്യ ആരംഭിച്ചു.

ഇത് കൂടാതെ യുദ്ധാനുകൂല സംവിധാനങ്ങളുമായി ചൈന അതിർത്തിയിൽ 17 വൻ പാതകൾ ആണ് തയ്യാറാകുന്നത്. ആയുധ സംഭരണ അറകൾ, ഇന്ധനം, ലാൻഡിങ് ലൈറ്റുകൾ, അഗ്‌നിശമന ഉപകരണങ്ങൾ എന്നീ സജ്ജീകരങ്ങളോടെയാണ് ഈ റോഡുകൾ നിർമ്മിക്കപ്പെടുന്നത്. മൊത്തം 61 റോഡുകളാണ് ഇന്ത്യ ചൈന അതിർത്തിയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നത്. അവയിൽ വിമാനമിറങ്ങാൻ സൗകര്യമുള്ള 29 റോഡുകൾ നിർമ്മിക്കാൻ ആണ് കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

എങ്കിലും, ഇവയിൽ 13 എണ്ണം മാത്രമേ ആദ്യഘട്ടത്തിൽ പൂർത്തീകരിക്കൂ. കൂടാതെ തെക്കൻ കശ്മീരിലെ ദേശീയപാത 44 ഇൽ 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഗതാഗത മന്ത്രാലയം തുടക്കം കുറിച്ചിട്ടുള്ളത്. തെക്കൻ കശ്മീരിലെ ബിജ്‌ബെഹാര പ്രദേശത്തെ ശ്രീനഗർ-ബനിഹാൽ ഹൈവേയിലാണ് എയർസ്ട്രിപ്പ് നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP