Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തി സമാധാനത്തിന് 1993 മുതൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറുകളുടെ പകർപ്പുമായി ചർച്ച നയിച്ച് ലഫ്. ജനറൽ ഹരീന്ദർ; ഏപ്രിലിലെ അതിർത്തിസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ചൈന; നിയന്ത്രണ രേഖയ്ക്കുള്ളിലെ റോഡ് നിർമ്മാണം തുടരുമെന്ന നിലപാടിൽ ഇന്ത്യയും; അതിർത്തി പ്രശ്‌നത്തിന് സൈനിക തലത്തിൽ പരിഹാരം അകലെ; വേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലെ ചർച്ച തന്നെ; ഇന്ത്യാ-ചൈനാ അതിർത്തി തർക്കത്തിന് ഉടനൊന്നും പരിഹാരമുണ്ടാകില്ല

അതിർത്തി സമാധാനത്തിന് 1993 മുതൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറുകളുടെ പകർപ്പുമായി ചർച്ച നയിച്ച് ലഫ്. ജനറൽ ഹരീന്ദർ; ഏപ്രിലിലെ അതിർത്തിസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ചൈന; നിയന്ത്രണ രേഖയ്ക്കുള്ളിലെ റോഡ് നിർമ്മാണം തുടരുമെന്ന നിലപാടിൽ ഇന്ത്യയും; അതിർത്തി പ്രശ്‌നത്തിന് സൈനിക തലത്തിൽ പരിഹാരം അകലെ; വേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലെ ചർച്ച തന്നെ; ഇന്ത്യാ-ചൈനാ അതിർത്തി തർക്കത്തിന് ഉടനൊന്നും പരിഹാരമുണ്ടാകില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തി തർക്കത്തിന് പരിഹാരമുണ്ടാക്കാൻ ഇന്നലെ നടന്ന ചർച്ചകൾ ഫലം കാണുമോ എന്ന ആശങ്ക അതിശക്തം. ഇന്ത്യയും ചൈനയും നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന സൂചന ചൈന നൽകി കഴിഞ്ഞു. ഇത് പ്രതിസന്ധി അടുത്ത ചർച്ചകളിൽ രൂക്ഷമാക്കും. എന്നാൽ അടുത്ത ചർച്ച എന്നാണെന്നതിലും വ്യക്തതയില്ല. സാധാരണ ചർച്ചകൾ മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. നിർണ്ണായക തീരുമാനങ്ങളിലേക്കൊന്നും കാര്യങ്ങളെത്തിയില്ല. അതിർത്തർക്കം വഷളാക്കുന്ന രീതിയിൽ കൂടുതൽ നടപടികൾ പാടില്ലെന്ന് ഇന്ത്യയുടെയും ചൈനയുടെയും കരസേനാ കമാൻഡർമാർ നടത്തിയ ചർച്ചയിൽ ധാരണ. പ്രശ്‌നപരിഹാരത്തിനു വ്യക്തമായ വഴി തെളിഞ്ഞില്ലെന്നതാണ് വസ്തുത.

സൈനിക തല ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാകില്ല. ഇതിന് വേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ ചർച്ചയാണ്. രണ്ട് രാജ്യങ്ങളും ഇപ്പോഴും കുറ്റപ്പെടുത്തൽ തുടരുകയാണ്. വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. ഇത് പ്രശ്‌നങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കും. ലഡാക്കിൽ ഏപ്രിലിൽ ഉണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ പോകണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഒരുമാസമായി നിലനിൽക്കുന്ന സംഘർഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സുപ്രധാന സൈനികതല ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കുന്നത് നിർത്തണമെന്നും നിലവിൽ എത്തിച്ചിരിക്കുന്നവരെ മുഴുവൻ തിരികെ അയയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് 14 കോർപ്സ് കമാൻഡറായ ലഫ്. ജനറൽ ഹരിന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ചൈനയെ പ്രതിനിധീകരിച്ച് സൗത്ത് സിൻജിയാങ് മിലിട്ടറി റീജിയൺ കമാൻഡറായ മേജർ ജനറൽ ലിയു ലിൻ ആണ് പങ്കെടുത്തത്. സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപം റോഡ് നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ചൈനീസ് സംഘം ആവശ്യപ്പെട്ടു. എന്നാൽ നിയന്ത്രണ രേഖയ്ക്കുള്ളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അക്കാര്യത്തിൽ ചൈന എതിർപ്പ് ഉന്നയിക്കേണ്ട സാഹചര്യമില്ലെന്നും ഇന്ത്യ നിലപാടെടുത്തു. ഇത് ചൈന അംഗീകരിക്കില്ല. ഇതു കൊണ്ട് തന്നെ പ്രശ്‌ന പരിഹാരം നീളാണാണ് സാധ്യത.

മൂന്നുമണിക്കൂറോളം നീണ്ട ചർച്ചയുടെ പൂർണ വിവരങ്ങൾ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ചർച്ചയുടെ വിവരങ്ങൾ സൈനികോദ്യോഗസ്ഥർ കരസേനാ മേധാവി എം.എം. നരവനെ, നോർത്തേൺ ആർമി കമാൻഡർ വൈ.കെ. ജോഷി എന്നിവർക്കു മുന്നിൽ വിശദീകരിക്കുകയാണ്. ഇതിന് ശേഷമാകും ഔദ്യോഗിക പ്രസ്താവന വരിക. സനകളുടെ പിന്മാറ്റമടക്കമുള്ള വിഷയങ്ങൾ വരും ദിവസങ്ങളിൽ നയതന്ത്ര, രാഷ്ട്രീയ ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് സാഹചര്യമൊരുക്കാൻ സംഘർഷം ഒഴിവാക്കുക എന്ന ധാരണ മാത്രമാണു സേനാതലത്തിൽ രൂപപ്പെട്ടത്.

ലേ ആസ്ഥാനമായുള്ള 14 കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ്, ദക്ഷിണ ഷിൻചിയാങ് മേഖല കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവർ തമ്മിലുള്ള ചർച്ച രാവിലെ 8.30നാണ് നിശ്ചയിച്ചിരുന്നതെങ്കിലും 3 മണിക്കൂർ വൈകി. കിഴക്കൻ ലഡാക്കിലെ ചുഷുൽ സെക്ടറിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിൽ 11.30ന് ആരംഭിച്ച ചർച്ച 4 മണിക്കൂർ നീണ്ടു. അതിർത്തിത്തർക്കത്തിൽ സൈനികർ തമ്മിൽ കഴിഞ്ഞ മാസമാദ്യമുണ്ടായതു പോലെയുള്ള കയ്യാങ്കളി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.സേനാതലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പതിമൂന്നാം ചർച്ചയായിരുന്നു ഇന്നത്. ബ്രിഗേഡിയർ, മേജർ ജനറൽ റാങ്കിലുള്ള ഓഫിസർമാർ മുൻപ് പങ്കെടുത്ത ചർച്ചകൾ ഫലം കണ്ടിരുന്നില്ല.

അതിർത്തി സമാധാനത്തിന് 1993 മുതൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറുകളുടെ പകർപ്പുമായാണ് ലഫ്. ജനറൽ ഹരീന്ദർ ചർച്ചയ്‌ക്കെത്തിയത്. ഏപ്രിലിലെ അതിർത്തിസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം വാദിച്ചു. കിഴക്കൻ ലഡാക്കിൽ പാംഗോങ് ട്‌സോ തടാകത്തിന്റെ വടക്കൻ തീരത്ത് കടന്നുകയറിയ ചൈനീസ് സേനാംഗങ്ങൾ പിന്മാറുക, ഗൽവാൻ താഴ്‌വര, ഡെംചോക് എന്നിവിടങ്ങളിലെ കടന്നുകയറ്റ നീക്കം അവസാനിപ്പിക്കുക, അതിർത്തി സേനാ വിന്യാസം ഒഴിവാക്കുക, യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ പട്രോളിങ്ങിനു തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇന്ത്യ മുന്നോട്ടു വച്ചു. റോഡ് നിർമ്മാണം പാടില്ലെന്ന ആവശ്യമാണ് ചൈന ഉയർത്തിയത്. ഇതിനോട് ഇന്ത്യയും പ്രതികരിച്ചില്ല.

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സൈനിക, നയതന്ത്രതല ചർച്ച തുടരാനാണ് ധാരണ. ഇരുരാജ്യത്തിന്റെയും സ്ഥാനപതിമാരും വിദേശമന്ത്രാലയം ഉദ്യോഗസ്ഥരും വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ 1993ൽ ഒപ്പിട്ട ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് പരിഗണന നൽകിയായിരുന്നു സൈനിക തല ചർച്ച. അതിർത്തിയിൽ ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന അജൻഡ. ഇതിനായി യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള പ്രദേശങ്ങളിൽനിന്ന് ടാങ്കുകളും കവചിതവാഹനങ്ങളും ഇരുപക്ഷവും പിൻവലിക്കേണ്ടതുണ്ട്.

പാംഗോങ് തടാകതീരത്ത് നിരീക്ഷണത്തിനായി നടത്തുന്ന റോഡ് നിർമ്മാണം തടസ്സപ്പെടുത്തരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സൈനിക, നയതന്ത്ര ചർച്ച വഴി പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നതായി ചർച്ചയ്ക്കു മുന്നോടിയായി സൈന്യം പ്രസ്താവന ഇറക്കി. ഇന്ത്യൻ സംഘത്തെ നയിച്ച ലെഫ്. ജനറൽ ഹരീന്ദർസിങ് കാർഗിലിൽ അടക്കം സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മിലിട്ടറി ഇന്റലിജൻസ് ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. വടക്കൻ കശ്മീരിൽ കമാൻഡറായും കോംഗോയിൽ യുഎൻ ദൗത്യസംഘത്തിന്റെ ബ്രിഗേഡിയറായും പ്രവർത്തിച്ച അനുഭവസമ്പത്തുമുണ്ട്. അദ്ദേഹം കരസേനാ മേധാവി എം എം നരവനെയെ ചർച്ചയുടെ വിശദാംശം ധരിപ്പിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശമന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർക്ക് വിവരങ്ങൾ കൈമാറി.

മെയ് അഞ്ചിനും ആറിനും തടാകതീരത്തും ഗൽവാൻ താഴ്‌വരയിലും ദെംചോക്കിലും ദൗലത് ബേഗ് ഒൽദിയിലും ഇരു രാജ്യങ്ങളുടെയും സൈനികർ മുഖാമുഖം വന്നു. ഇതേതുടർന്നാണ് പ്രശ്നപരിഹാര ചർച്ചകൾ ആരംഭിച്ചത്. ഇതിനകം 15 റൗണ്ട് ചർച്ച വിവിധ തലങ്ങളിൽ നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP