Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നേരത്തെ തിരിച്ചടി തുടങ്ങിയിരുന്നോ? ഇപ്പോൾ നടന്ന സർജിക്കൽ അറ്റാക്ക് മറ്റൊരു മ്യാന്മാർ മോഡൽ; വെളിപ്പെടുത്തിയതിലേറെ നാശം ഇന്ത്യൻ സൈന്യം പാക് ഭാഗത്ത് വരുത്തി വച്ചെന്ന് വിലയിരുത്തൽ

ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നേരത്തെ തിരിച്ചടി തുടങ്ങിയിരുന്നോ? ഇപ്പോൾ നടന്ന സർജിക്കൽ അറ്റാക്ക് മറ്റൊരു മ്യാന്മാർ മോഡൽ; വെളിപ്പെടുത്തിയതിലേറെ നാശം ഇന്ത്യൻ സൈന്യം പാക് ഭാഗത്ത് വരുത്തി വച്ചെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: അതിർത്തി കടന്ന് പാക്കിസ്ഥാനിൽ 'സർജിക്കൽ അറ്റാക്ക്' നടത്തിയെന്നും നിരവധി ഭീകരരേയും അവർക്ക് സഹായം നൽകിയവരേയും കൊന്നൊടുക്കിയെന്നും ഇന്ത്യൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽസ് മേധാവി ലെഫ്. ജനറൽ രൺബീർ സിങ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയതിനു പിന്നാലെ ഉറി ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടി ദിവസങ്ങൾക്കു മുമ്പേതന്നെ തുടങ്ങിയിരുന്നുവെന്ന വാദവും പ്രബല ചർച്ചയാകുന്നു.

നിരവധി ആക്രമണങ്ങൾ ബുധനാഴ്ച രാത്രി ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിൽ നടത്തിയെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറായി നിന്നിരുന്ന നിരവധി ഭീകരരേയും അവർക്ക് സഹായം ചെയ്തുകൊടുക്കുന്നവരേയും (പാക് സൈന്യം) നിർവീര്യമാക്കിയെന്നുമാണ് ഓപ്പറേഷൻസ് മേധാവി വ്യക്തമാക്കിയിട്ടുള്ളത്. പക്ഷേ ഉറി ആക്രമണം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇന്ത്യ ഇത്തരം ആക്രമണങ്ങൾ നടത്തിയതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇതോടെ മുമ്പ് മ്യാന്മാറിൽ ഇന്ത്യൻ സൈന്യം കടന്നുകയറി ആക്രമണം നടത്തുകയും ദിവസങ്ങൾക്കുശേഷം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തതിനു സമാനമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ഇന്ത്യ കുറച്ചുദിവസമായി പാക് കേന്ദ്രങ്ങളിൽ സജീവ ആക്രമണം നടത്തുന്നുണ്ടെന്നും പാക് ്അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾ തകർക്കുന്നുണ്ടെന്നുമുള്ള വാദമാണ് ഉയരുന്നത്.

പാക് അധീന കാശ്മീരിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ ഇന്ത്യൻ സൈന്യം 20 ഭീകരരെ കൊന്നതായും മൂന്ന് ഭീകര പരിശീലന കേന്ദ്രങ്ങൾ നശിപ്പിച്ചതായുമുള്ള വാർത്തയാണ് സെപ്റ്റംബർ 22ന് പുറത്തുവന്നിരുന്നത്. 200 ഓളം പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റതായും ദി ക്വിന്റ് എന്ന ഓൺലൈൻ മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്തത്. വിമർശനമുയരുകയും ഇക്കാര്യം ആർമി നിഷേധിക്കുകയും ചെയ്‌തെങ്കിലും തങ്ങൾ വാർത്തയിൽ ഉറച്ചുനിൽക്കുന്നതായി അവർ വ്യക്തമാക്കുന്നു.

മ്യാന്മാർ ആക്രമണവേളയിൽ സംഭവിച്ചതുപോലെ ആക്രമണം നടന്ന് ദിവസങ്ങൾക്കുശേഷമാണ് ഇന്ത്യ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോഴത്തേതുമെന്നും നിരവധി ആക്രമണങ്ങൾ നടത്തിയതായി ഓപ്പറേഷൻസ് മേധാവി പറഞ്ഞതോടെ അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകിയെന്നത് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാകുകയാണിപ്പോൾ. യുഎൻ സമ്മേളനം നടക്കുന്ന വേളയായതിനാലാണ് ഇന്ത്യ ഔദ്യോഗിക സ്ഥിരീകരണം വൈകിച്ചതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

അതേസമയം, ഉറി ആക്രമണത്തിന് പാക്കിസ്ഥാന് ചുട്ട മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് വ്യക്തമാക്കിയതും ഈ സാഹചര്യത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു. ഉറി സെക്ടറിൽ തന്നെ മിലിട്ടറി ഹെലികോപ്റ്ററിൽ പാക് അധീന കാശ്മീരിൽ ഇറക്കിയ 1820 സൈനികരുൾപ്പെടുന്ന രണ്ടു എലൈറ്റ് ഗ്രൂപ്പ് കമാൻഡോകളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. നുഴഞ്ഞുകയറാൻ ഒരുങ്ങിയ പത്തു ഭീകരർ ഇന്ത്യൻ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

ശക്തമായ ആക്രമണമാണ് ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സേന ഉറി സെക്ടറിൽ നടത്തുന്നതെന്നും പാക് സേനാഭാഗത്തും ഭീകര ക്യാമ്പുകളിലുമായി ഇരുന്നുറോളം പേർക്ക് പരിക്കേറ്റതായും സെപ്റ്റംബർ 20നും 21നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സൈനിക കേന്ദ്രങ്ങളിൽ നിന്ന് തന്നെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

ഏതായാലും ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈന്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നേരത്തേയും ആക്രമണം നടന്നിരുന്നുവെന്ന വിവരം ശരിയാകാനാണ് സാധ്യതയെന്ന വിലയിരുത്തലാണ് ഉയരുന്നത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച് ശക്തമായ തിരിച്ചടി നൽകിയ ശേഷം ഇക്കാര്യം പുറത്തുവിടാനാണ് സൈന്യം ഉദ്ദേശിച്ചിരുന്നതെന്നും തിരിച്ചടി ഫലപ്രദമായി നടപ്പാക്കിയെന്നും പുതിയ വെളിപ്പെടുത്തലുകളിൽ വ്യക്തമാകുന്നു. ഇക്കാര്യം ഇപ്പോൾ ഔദ്യോഗികമായി പാക്കിസ്ഥാനെ അറിയിക്കുകയും ചെയതിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ അതിർത്തികടന്നുള്ള ആക്രമണത്തെ പാക്കിസ്ഥാൻ അപലപിക്കുകയും ഇതിനു പിന്നാലെ യുദ്ധസാഹചര്യം ഉണ്ടായ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവുണ്ടാവുകയും ചെയ്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP