Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുമെന്ന ഭരണഘടനയാണ് എന്റെ വിശ്വാസ പുസ്തകം; ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ ഏറ്റെടുക്കാൻ ഇന്ത്യയ്ക്ക് കഴിയും: അമേരിക്കൻ ദേശീയ ഗാനത്തിന്റെ അവസാന വരികൾ ഉപയോഗിച്ച് എംപിമാരുടെ കൈയടി നേടി മോദിയുടെ യുഎസ് കോൺഗ്രസ് പ്രസംഗം

വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുമെന്ന ഭരണഘടനയാണ് എന്റെ വിശ്വാസ പുസ്തകം; ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ ഏറ്റെടുക്കാൻ ഇന്ത്യയ്ക്ക് കഴിയും: അമേരിക്കൻ ദേശീയ ഗാനത്തിന്റെ അവസാന വരികൾ ഉപയോഗിച്ച് എംപിമാരുടെ കൈയടി നേടി മോദിയുടെ യുഎസ് കോൺഗ്രസ് പ്രസംഗം

വാഷിങ്ടൻ: അടുത്തടുത്ത സമയങ്ങളിൽ അമേരിക്ക സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ അമേരിക്കൻ സായിപ്പന്മാർക്ക് ചിരപരിചിതമായ മുഖമാണ്. ഇന്ത്യകണ്ട കരുത്തനായ പ്രധാനമന്ത്രിയെന്നാണ് അവർ മോദിയെ വിശേഷിപ്പിക്കുന്നത്. അമ്മയോടെ ഏറെ വാത്സല്യമുള്ള മികച്ച പ്രാസംഗികനായ വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദിയെ അവർ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എൻഎസ്ജിയിൽ അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് അമേരിക്കൻ പിന്തുണ നേടാൻ മോദിയുടെ ഇടപെടലിലൂടെ സാധിച്ചിരുന്നു. ഇപ്പോൾ അമേരിക്കൻ കോൺഗ്രസിൽ നടത്തിയ തകർപ്പൻ പ്രസംഗത്തിലൂടെയും ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കക്കാരെ കൈയിലെടുത്തു.

ഭീകരവാദവും രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികളുമെല്ലാം പരാമർശിച്ചു കൊണ്ടായിരുന്നു മോദി നടത്തിയ പ്രസംഗം. പ്രസംഗത്തിന് ഒടുവിൽ അമേരിക്കൻ ദേശീയ ഗാനത്തിലെ വരികളും കടമെടുത്ത് തന്റെ ആശയം വ്യക്തമാക്കിയ മോദിയെ കോൺഗ്രസിലെ എംപിമാർ എഴുനേറ്റ് നിന്ന് കൈയടിച്ചാണ് പ്രോത്സാഹിപ്പിച്ചത്. ഭീകരവാദത്തിന്റെ ഉടവിടം പാക്കിസ്ഥാനാണെന്ന് പറഞ്ഞു കൊണ്ടാണ് മോദി കോൺഗ്രസിനെ അഭിസംബോധന ചെയ്തത്. ഇന്ത്യൻ മഹാസമുദ്രമേഖല സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യ ഏറ്റെടുക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലൂടെ ഏഷ്യ മുതൽ ആഫ്രിക്ക വരെയും ഇന്ത്യൻ മഹാസമുദ്രം മുതൽ പസിഫിക് സമുദ്രം വരെയും പുരോഗതിയും സ്ഥിരതയും ഉറപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം വളർത്തുന്നവർക്കുള്ള നിയമപരിരക്ഷ ഇല്ലാതാക്കണം. ഭീകരതയെ മതത്തിൽനിന്നു വേർതിരിച്ചു കാണണം. ഭീകരപ്രവർത്തനത്തിന്റെ നിഴൽ ലോകമെങ്ങും പടരുകയാണെങ്കിലും അതു വിരിഞ്ഞുണ്ടായത് ഇന്ത്യയുടെ അയൽപക്കത്താണെന്നും പാക്കിസ്ഥാനെ പരോക്ഷമായി പരാമർശിച്ചു മോദി പറഞ്ഞു. രാഷ്ട്രീയലാഭത്തിനുവേണ്ടി ഭീകരപ്രവർത്തനം വളർത്തുന്നവർക്കു സമ്മാനങ്ങൾ നൽകുന്നത് അവസാനിപ്പിക്കുകയാണു ഭീകരതയ്‌ക്കെതിരായ ആദ്യനടപടി പാക്കിസ്ഥാന് എഫ്16 പോർവിമാനങ്ങൾ നൽകാനുള്ള യുഎസ് തീരുമാനത്തെ സൂചിപ്പിച്ചു മോദി പറഞ്ഞു.

ഭീകരതയെ വളർത്തുന്നവർക്കു ശക്തമായ സന്ദേശം നൽകാൻ യുഎസ് കോൺഗ്രസിനു കഴിയണം. ഭീകരവാദത്തിനുള്ള എല്ലാ നിയമസാധുതയും ഇല്ലാതാക്കണം. ലഷ്‌കറെ തയിബ, താലിബാൻ, ഐഎസ് തുടങ്ങിയ എല്ലാ സംഘടനകൾക്കും വെറുപ്പിന്റെയും കൊലയുടെയും ഒരേ തത്വചിന്തയാണുള്ളത്. ഭീകരരെ നല്ലതും ചീത്തയുമായി വേർതിരിക്കാനാവില്ല. മാനവികതയിൽ വിശ്വസിക്കുന്ന എല്ലാവരും ഒരുമിച്ചു ചേർന്നു ഭീകരതയുടെ വിപത്തിനെതിരെ ഒരേ ശബ്ദത്തിൽ പ്രതികരിക്കണമെന്നും 45 മിനിറ്റ് പ്രസംഗത്തിൽ മോദി ആഹ്വാനം ചെയ്തു. പ്രസംഗത്തിൽ ഏഴ് തവണയാണ് കോൺഗ്രസ് അംഗങ്ങൾ എഴുനേറ്റ് നിന്ന് മോദിക്ക് കൈയടി നൽകിയത്.

തന്റെ സർക്കാരിനു ഭരണഘടനയാണു യഥാർഥ വിശുദ്ധ പുസ്തകമെന്നും ആ വിശുദ്ധപുസ്തകത്തിൽ വിശ്വാസസ്വാതന്ത്ര്യം, എല്ലാ പൗരന്മാർക്കും സമത്വം എന്നിവ മൗലികാവകാശങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യ ഒന്നായി ജീവിക്കുകയും ഒന്നായി വളരുകയും ഒന്നായി ആഘോഷിക്കുകയും ചെയ്യും. തൊഴിൽരംഗത്തു ഇന്ത്യൻ യുവാക്കൾക്കു വൈദഗ്ധ്യം നൽകുക, 100 സ്മാർട് സിറ്റികൾ നിർമ്മിക്കുക, രാജ്യത്ത് ഇന്റർനെറ്റ് സൗകര്യം വ്യാപകമാക്കുക തുടങ്ങിയ ഒട്ടേറെ സ്വപ്നപദ്ധതികളാണു തന്റെ സർക്കാരിനുള്ളത്.

യോഗയ്ക്കു യുഎസിൽ ലഭിക്കുന്ന വ്യാപകമായ അംഗീകാരത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി, യോഗയ്ക്കുമേൽ ഇന്ത്യ ബൗദ്ധിക സ്വത്തവകാശം ഉന്നയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുഎസ് സഹകരണത്തിന്റെ വളർച്ചയുടെ വിവിധ മേഖലകൾ വിശദമായി പ്രതിപാദിച്ച പ്രധാനമന്ത്രി, യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു യുഎസ് പിന്തുണ ഉണ്ടാകുമെന്നു ധാരണയായെന്നും വ്യക്തമാക്കി.

പ്രതിരോധ രംഗത്ത് നിരവധി നേട്ടങ്ങളുണ്ടാക്കാൻ മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും വൈറ്റ്ഹൗസിൽ നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞതു വിവിധ മേഖലകളിലെ സഹകരണത്തിനുള്ള മാർഗരേഖ. യുഎസിന്റെ 'പ്രിയ പ്രതിരോധപങ്കാളി' എന്ന സ്ഥാനം ഇന്ത്യയ്ക്കു ലഭിക്കുന്നതു നമ്മുടെ പ്രതിരോധ മേഖലയ്ക്കു വലിയ കുതിപ്പുനൽകാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ആണവദാതാക്കളുടെ സംഘത്തിലും (എൻഎസ്ജി) മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ സംഘത്തിലും (എംടിസിആർ) ഇന്ത്യയുടെ അംഗത്വത്തിന് യുഎസ് നിർലോഭ പിന്തുണ നൽകിയതും രാജ്യത്തിനു നേട്ടമാകുമെന്നത് ഉറപ്പാണ്.

പ്രതിരോധ രംഗത്ത് അമേരിക്കൻ പങ്കാളിത്തം

ഇന്ത്യയ്ക്കു യുഎസിന്റെ ഏറ്റവുമടുത്ത പ്രതിരോധപങ്കാളിയെന്ന സ്ഥാനം നേടാൻ മോദിയുടെ സന്ദർശനത്തിലൂടെ സാധിച്ചുവെന്നാണ് വിലയിരുത്തുന്നത്. പ്രതിരോധ രംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ രണ്ടു കരാറുകൾക്ക് അന്തിമ രൂപം നൽകാനും മോദിയുടെ സന്ദർശനത്തിലൂടെ സാധിച്ചു. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായും പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടനുമായും നടത്തിയ കൂടിക്കാഴ്ചയിൽ സൈനിക സഹായ കരാറിന്റെയും സൈനിക സാങ്കേതികവിദ്യാ കൈമാറ്റ കരാറിന്റെയും കരട് രൂപമായതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.

പ്രതിരോധ സഹകരണ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതാകും പുതിയ കരാറുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. സൈനിക തുറമുഖങ്ങൾ പരസ്പരം സന്ദർശിക്കൽ, സംയുക്ത സൈനികാഭ്യാസവും പരിശീലനവും, യുദ്ധ-കലാപ ബാധിത മേഖലകളിലെ സൈനിക സഹകരണം തുടങ്ങിയ രംഗങ്ങളിലെ സഹകരണം സംബന്ധിച്ചുള്ളതാണ് ആദ്യ കരാർ. മിസൈൽ സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള സൈനിക സാങ്കേതികവിദ്യ മേഖലയിൽ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള കരാറാണ് രണ്ടാമത്തേത്. ഇന്ത്യ-യു.എസ് സൈബർ ബന്ധം സംബന്ധിച്ച പുതിയ കരാറിനും ഏകദേശ ധാരണയായിട്ടുണ്ട്.

പ്രതിരോധ രംഗത്തെ സുപ്രധാന പങ്കാളി എന്നാണ് കരാർ സംബന്ധിച്ച് പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ ഒബാമ ഇന്ത്യയെ വിശേഷിപ്പിച്ചത്. 'ഇരു രാജ്യങ്ങളിലും സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുക മാത്രമല്ല, ഇന്ത്യയെ പ്രതിരോധ രംഗത്തെ സുപ്രധാന പങ്കാളിയായി അമേരിക്ക പ്രഖ്യാപിക്കുകയാണ്' -സംയുക്ത പ്രസ്താവനയിൽ ഒബാമ വ്യക്തമാക്കി. ഇന്ത്യയുമായുള്ള സൈനിക സഹകരണം ശക്തമാക്കുക വഴി ഏഷ്യയിൽ ചൈനയെ സമ്മർദത്തിലാക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഏഷ്യയിൽ തങ്ങളുടെ സൈനിക സാന്നിധ്യം കൂടുതൽ ശക്തമാക്കാനും കരാറിലൂടെ യു.എസിന് സാധിക്കും.

നയതന്ത്ര രംഗത്ത് കുതിച്ചു ചാട്ടം, മേക്ക് ഇൻ ഇന്ത്യയ്ക്ക് നേട്ടം

നരേന്ദ്ര മോദി അമരേക്കയിലെത്തിയ യാഥാർത്ഥ്യാമാക്കിയ പുതിയ കരാർ ഇന്ത്യയുടെ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്. 'മേക് ഇൻ ഇന്ത്യ' പദ്ധതി വഴി തുടങ്ങാനിരിക്കുന്ന ആയുധ വ്യവസായങ്ങൾക്ക് നിർദിഷ്ട കരാർ വഴി ആഗോളവിപണയിലത്തൊനാകും. ഇന്ത്യയുടെ ആയുധ, മിസൈൽ സാങ്കേതിക വിദ്യ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യം യു.എസ് ഒരുക്കുകയും ചെയ്യും. ആണവ ദാതാക്കളുടെ സംഘത്തിൽ (എൻ.എസ്.ജി) ഉൾപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷയിൽ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കിയതിനു പുറമെയാണ് രണ്ടു പ്രധാന കരാറുകളിൽ കാര്യമായ പുരോഗതി ഉണ്ടായിരിക്കുന്നത്.

എംടിസിആർയിൽ ഇന്ത്യൻ സഹകരണം നേട്ടമാകും

മിസൈൽ സാങ്കേതിക വിദ്യ നിയന്ത്രണ സംഘത്തിൽ(എം ടി.സി.ആർ) ഇന്ത്യയുടെ സഹകരണം ഉറപ്പാക്കാനും മോദിയുടെ സന്ദർശനത്തിലൂടെ സാധിച്ചു. എം ടി.സി.ആർ അംഗത്വത്തിലൂടെ ഇന്ത്യക്ക് ആയുധ കയറ്റുമതി സാധ്യമാകും. മാത്രമല്ല, മിസൈൽ-ഡ്രോൺ സാങ്കേതിക വിദ്യയിൽ വൻ കുതിച്ചുചാട്ടത്തിനും ഇത് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുപുറമെ, വാഷിങ്ടണിലെ എർലിങ് ടൺ നാഷനൽ സെമിത്തേരി മോദി സന്ദർശിച്ചതും ചരിത്രമായി. കൽപന ചൗളയുൾപ്പെടെയുള്ള പ്രശസ്തരുടെ സ്മാരകങ്ങൾ നിലകൊള്ളുന്ന ഇവിടം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ മോദിക്ക് അവസരം ലഭിച്ചതും ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര സൗഹൃദത്തിന്റെ മറ്റൊരു ഉദാഹരണമായി.

ദാവൂദിനെ പിടിക്കാൻ അമേരിക്കൻ സഹായം?

ഭീകരപ്രവർത്തനം നേരിടാൻ ഇന്ത്യയ്ക്കു യുഎസ് പിന്തുണ ഉറപ്പാക്കാനും മോദിയുടെ സന്ദർശനത്തിലൂടെ സാധിച്ചു. പാക്കിസ്ഥാൻ കേന്ദ്രമാക്കിയ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി തുടങ്ങിയ ഭീകരസംഘടനകൾക്കെതിരായ പോരാട്ടത്തിൽ യുഎസ് ഇന്ത്യയെ സഹായിക്കും. ഇന്ത്യയുഎസ് ഭീകരവിരുദ്ധ സംയുക്ത പ്രവർത്തന ഗ്രൂപ്പിന്റെ അടുത്ത യോഗത്തിൽ സഹകരണത്തിന്റെ പുതിയ േമഖലകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം. പഠാൻകോട്ട് ഭീകരാക്രമണം 2011ലെ മുംബൈ ഭീകരാക്രമണത്തിനു തുല്യമായ ഭീകരപ്രവർത്തനമായി യുഎസ് പരിഗണിക്കും. പഠാൻകോട്ട് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാക്ക് ഭീകരർക്കു ശിക്ഷയുറപ്പാക്കാൻ ഈ നിലപാടു സഹായിക്കും. പാക്കിസ്ഥാനോടു ശക്തമായ നടപടികൾ സ്വീകരിക്കാൻ പത്രസമ്മേളനത്തിൽ ബറാക് ഒബാമ ആവശ്യപ്പെടുകയും ചെയ്തു. 2018ൽ ഭീകരവാദത്തെ നേരിടുന്നതു സംബന്ധിച്ച രാജ്യാന്തര ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.

ഊർജ്ജ പദ്ധതികൾക്ക് അമേരിക്കൻ സഹായം

ഇന്ത്യയിലെ സംശുദ്ധ ഊർജ പദ്ധതികൾക്കായി ആറുകോടി യുഎസ് ഡോളറിന്റെ രണ്ടു സാമ്പത്തിക സഹായ പദ്ധതികൾ ഇന്ത്യയും യുഎസും സംയുക്തമായി തുടങ്ങും. ഇതു സംബന്ധിച്ച ധാരണയും മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഉരുത്തിരിഞ്ഞു. 2020ൽ 10 ലക്ഷം വീടുകളിൽ സംശുദ്ധ, പുനരുപയോഗ ഊർജം എത്തിക്കുക,ഗ്രാമീണ മേഖലകളിൽ പുനരുപയോഗ ഊർജം ഉൽപാദനം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം. ഊർജോൽപാദനത്തിന് ഇന്ത്യയിൽ യുഎസ് ആറ് ആണവ റിയാക്ടറുകൾ സ്ഥാപിക്കും. യുഎസിലെ വെസ്റ്റിങ്ഹൗസ് ആണു റിയാക്ടറുകൾ സ്ഥാപിക്കുക. 2017 ജൂണിനുള്ളിൽ ഇതു സംബന്ധിച്ച ഇന്ത്യയിലെ ന്യൂക്ലിയർ പവർ കോർപറേഷനുമായുള്ള കരാർ നടപടികൾ പൂർത്തിയാക്കും.

ന്മ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി പ്രാവർത്തികമാക്കാൻ ഒരുമിച്ചു ശ്രമിക്കും. ഈ വർഷംതന്നെ ഇന്ത്യ ഉടമ്പടി അംഗീകരിക്കുമെന്നു വൈറ്റ്ഹൗസ് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നുവെങ്കിലും ഇന്ത്യ പിന്നീട് ഇതു നിഷേധിച്ചു. കരാർ അംഗീകരിക്കുന്നതിന് ഇന്ത്യ സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച നിയമവശങ്ങൾ പരിശോധിച്ചുവരികയാണെന്നും ന്യൂഡൽഹിയിൽ ഇന്ത്യൻ വൃത്തങ്ങൾ വ്യക്തമാക്കി. സൗരോർജ ഉൽപാദനം, വിതരണം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷനൽ സോളർ അലയൻസ് (ഐഎസ്എ) വികസിപ്പിക്കാൻ കൈകോർക്കും. ഐഎസ്എ സ്ഥാപന ഉച്ചകോടി സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP