Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ തിരിച്ചടിച്ചതു സാർക്ക് രാജ്യങ്ങളിൽ ഭൂരിപക്ഷത്തേയും ഒപ്പം നിർത്തിയ ശേഷം; ചൈന പാക്കിസ്ഥാനുള്ള പരസ്യ പിന്തുണ പിൻവലിച്ചതും തിരിച്ചടിക്കു കാരണമായി; ആക്രമണം നൽകുന്നതു വെറുതെ ചൊറിഞ്ഞു കൊണ്ടിരുന്നാൽ അണുബോംബു പേടിച്ചു മിണ്ടാതിരിക്കില്ലെന്ന സൂചന

ഇന്ത്യ തിരിച്ചടിച്ചതു സാർക്ക് രാജ്യങ്ങളിൽ ഭൂരിപക്ഷത്തേയും ഒപ്പം നിർത്തിയ ശേഷം; ചൈന പാക്കിസ്ഥാനുള്ള പരസ്യ പിന്തുണ പിൻവലിച്ചതും തിരിച്ചടിക്കു കാരണമായി; ആക്രമണം നൽകുന്നതു വെറുതെ ചൊറിഞ്ഞു കൊണ്ടിരുന്നാൽ അണുബോംബു പേടിച്ചു മിണ്ടാതിരിക്കില്ലെന്ന സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നയതന്ത്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ ശേഷമാണ് മിന്നലാക്രമണത്തിന് ഇന്ത്യൻ സൈന്യം തീരുമാനിച്ചത്. സാർക്ക് രാജ്യങ്ങളിൽ പാക്കിസ്ഥാൻ തികച്ചും ഒറ്റപ്പെടുത്തി. ചൈനയും പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പായി. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം. ഉറിയിലെ ഭീകരാക്രമണത്തിന് ശേഷം ഏത് സമയവും തിരിച്ചടി പാക്കിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് തങ്ങൾക്ക് അണുബോംബുണ്ടെന്നും ഇന്ത്യക്ക് എതിരെ പ്രയോഗിക്കുമെന്ന ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിലെത്തിയത്. ഇതും ഇന്ത്യയെ ചൊടിപ്പിച്ചു. അണുബോംബ് കാട്ടിയുള്ള ഭീഷണി കൂടിയായപ്പോൾ സൈന്യത്തിന് ആക്രമണം നടത്താനുള്ള നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകി. അങ്ങനെയാണ് പാക് അധിനിവേശ കാശ്മീരിലെ ഇന്ത്യൻ സേനയുടെ മിന്നൽ ആക്രമണം.

രണ്ട് ദിവസമായി അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നുണ്ടായിരുന്നു. ഇന്ത്യയെ പ്രകോപിപ്പിക്കാനായിരുന്നു ഇത്. അപ്പോഴും ഇന്ത്യയുടെ കടന്നാക്രമണം പാക്കിസ്ഥാൻ ഇത്രവേഗം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിലയിരുത്തൽ. തീവ്രവാദത്തെ ഇനി ഏതറ്റം വരെ പോയും നേരിടുമെന്ന സൂചനയാണ് ഇന്ത്യ ഇതിലൂടെ നൽകുന്നത്. അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശിനേയും ഒപ്പം നിർത്തിയാണ് ഇന്ത്യ ഇതിന് തയ്യാറെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. സാർക്ക് സമ്മേളനത്തിൽ നിന്ന് ഇന്ത്യയ്‌ക്കൊപ്പം അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും പിന്മാറിയിരുന്നു. ഈ മൂന്ന് രാജ്യവും പാക്കിസ്ഥാനെ ഭീകരതയുടെ കേന്ദ്രങ്ങളായി മുദ്രകുത്തിയായിരുന്നു പിന്മാറിയത്. ലോകരാഷ്ട്രങ്ങളിലേയ്ക്കു ഭീകരവാദം കയറ്റി അയക്കുന്നത് പാക്കിസ്ഥാനാണെന്നും അതുകൊണ്ടു പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നും ബംഗ്ലാദേശ് ഹൈക്കമ്മിഷ്ണർ ഐക്യരാഷ്ട്രസംഘടനയോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് തൊട്ടു പിറകെയാണ് ഇന്ത്യയുടെ കടന്നാക്രമണം.

ചൈനയായിരുന്നു പാക്കിസ്ഥാന്റെ ഏറ്റവും വലിയ ശക്തി. അമേരിക്കയും ഇന്ത്യയും അടുത്തതോടെയാണ് ചൈനയുമായി പാക്കിസ്ഥാൻ അടുത്തത്. പാക് അധിനിവേശ കാശമീരിൽ ചൈനയെ സജീവമാക്കി ബന്ധം ഉറപ്പിച്ചു. പാക്കിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യക്ക് ചൈന തിരിച്ചടി കൊടുക്കുമെന്നായിരുന്നു പാക് നിലപാട്. പക്ഷേ ചൈന കഴിഞ്ഞ ദിവസം ഇന്ത്യയേയും പാക്കിസ്ഥാനേയും തങ്ങളുടെ സുഹൃത്തായി വിശേഷിപ്പിച്ചു. ചൈനയ്ക്ക് പാക്കിസ്ഥാനോട് പ്രത്യേക മമതയില്ലെന്നും പ്രഖ്യാപിച്ചു. അമേരിക്കയ്ക്കും ബ്രിട്ടണുമൊപ്പം ഇന്ത്യൻ അനുകൂല നിലപാട് ചൈനയും ആവർത്തിച്ചതിന് പിന്നാലെയായിരുന്നു സാർക്കിൽ പാക്കിസ്ഥാന്റെ ഒറ്റപ്പെടൽ. ഈ നയതന്ത്ര നീക്കം വിജയിച്ചതോടെ പാക്കിസ്ഥാനിലെ അതിർത്തി കടന്നുള്ള ആക്രമണത്തിന് മോദി പച്ചക്കൊടിക്കാട്ടുകായിരുന്നു. നേരത്തെ പാക് അധിനിവേശ കാശ്മീരിലെ കുഴപ്പങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന പാക് അവകാശവാദം ഐക്യരാഷ്ട്ര സഭയും തള്ളിക്കളഞ്ഞിരുന്നു.

മോദി അധികാരത്തിലെത്തിയതു മുതൽ പാക്കിസ്ഥാനോടുള്ള നിലപാടാണ് ചർച്ചയായത്. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ച് മോദി ഏവരേയും അൽഭുതപ്പെടുത്തി. അഫ്ഗാനിൽ നിന്ന് അപ്രതീക്ഷിതമായി പാക്കിസ്ഥാനിൽ പറന്നിറങ്ങിയും മോദി നയതന്ത്രത്തിലൂടെ പാക്കിസ്ഥാനെ അടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഭീകരാക്രമണങ്ങൾക്ക് മാത്രം കുറവുണ്ടായില്ല. പത്താൻകോട്ടിലെ ഭീകരാക്രമണം ബന്ധം താറുമാറാക്കി. ഉറിയിലും മുറിവേറ്റതോടെ തിരിച്ചടിക്കുകയല്ലാതെ മറ്റ് വഴികൾ ഇന്ത്യയ്ക്കില്ലാതെയായി. കരുതലോടെ നയതന്ത്ര നീക്കം നടത്തി ഇന്ത്യാക്കാരുടെ മനസ്സ് തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ തിരിച്ചടിച്ചു. നിയന്ത്രണ രേഖ കഴിഞ്ഞ് ഇന്ത്യ എത്തിയിട്ടും പാക് സൈന്യത്തിന് ഒന്നും ചെയ്യാനായില്ല. ഏത് സമയവും നിയന്ത്രണ രേഖ കടക്കാനുള്ള കരുത്ത് ഇന്ത്യൻ സൈന്യത്തിനുണ്ടെന്ന് തെളിയുകയാണ്.

ചില്ലുകൂട്ടിൽ സൂക്ഷിക്കാനല്ല ഞങ്ങൾ ആണവായുധം നിർമ്മിച്ചിരിക്കുന്നത്. ആവശ്യം വന്നാൽ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണിയിൽ ലോക രാജ്യങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു. തങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങി പുറപ്പെട്ടാൽ ഇന്ത്യയെ അപ്പാടെ ഇല്ലാതാക്കുമെന്നാണ് പ്രതിരോധമന്ത്രി ഖൗജ ആസിഫിന്റെ ഭീഷണി മുഴക്കിയത്. പാക്കിസ്ഥാന്റെ വ്യോമാതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ഇന്ത്യ തയ്യാറായാൽ ശക്തമായ തിരിച്ചടി നൽകും. അതിനു പാക്ക് സൈന്യം ഒരുങ്ങിയിരിക്കുന്നു.  നാലോ അഞ്ചോ രാജ്യങ്ങളുടെ എതിർപ്പ് പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാൻ ആവശ്യമായ തെളിവാകില്ലെന്നും ആസിഫ് പറഞ്ഞു ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും തകർക്കാൻ ശേഷിയുള്ള ബോംബുകൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നായിരുന്നു അസീഫിന്റെ വെല്ലുവിളി.

പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവ ഇന്ത്യയുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. ഇക്കാര്യം അമേരിക്ക അടക്കമുള്ള രാജ്യങ്ങളോട് ഇന്ത്യ വിശദീകരിക്കുകയും ചെയ്തു. അണുവായുധത്തെ പേടിച്ചൊളിക്കുന്നവരല്ല ഇന്ത്യയെന്ന സന്ദേശം ഉടൻ നൽകുകയും ചെയ്തു. സാർക്ക് രാജ്യങ്ങളുടെ പിന്തുണയും ഇന്ത്യയ്ക്ക് ഈ തീരുമാനത്തിലെത്താൻ കരുത്തായി. ലോകരാഷ്ട്രങ്ങളിലേയ്ക്കു ഭീകരവാദം കയറ്റി അയക്കുന്നത് പാക്കിസ്ഥാനാണെന്നും അതുകൊണ്ടു പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നും ബംഗ്ലാദേശ് ഹൈക്കമ്മിഷ്ണർ ഐക്യരാഷ്ട്രസംഘടനയോട് ആവശ്യപ്പെട്ടു. സാർക് സമ്മേളനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് എട്ട് അംഗരാജ്യങ്ങളിൽ നാലും പേരും സമ്മേളനത്തിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചത്. ഇത് പാക്കിസ്ഥാനു ശക്തമായ താക്കിതാണെന്നു ബംഗ്ലാദേശ് ഹൈക്കമ്മീഷ്ണർ പറഞ്ഞു. വേണ്ടിവന്നാൽ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നു പാക്ക് പ്രതിരോധമന്ത്രി പരസ്യമായി പറയുമ്പോൾ സാർക്ക് സമ്മേളനം അവിടെ എങ്ങനെ സംഘടിപ്പിക്കാനാകും എന്നതായിരുന്നു ബംഗ്ലാദേശ് ഉയർത്തിയ പ്രസക്തമായ ചോദ്യം.

ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങളാണ് സാർക്കിൽ അംഗമായിട്ടുള്ളത്. നേപ്പാൾ, മാലദ്വീപ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയവരാണ് അംഗരാജ്യങ്ങൾ. നവംബറിൽ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന സാർക് സമ്മേളനത്തിൽ നിന്ന് ഇതിൽ പകുതി രാജ്യങ്ങൾ പിന്മാറിയത് സാർക്ക് ഉച്ചകോടിയെ തന്നെ ബാധിച്ചിരുന്നു. സാർക്ക് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുണ്ടാക്കിയ ബന്ധങ്ങളുടെ തെളിവാണ് സാർക്ക് സമ്മേളനത്തെ അനിശ്ചിതത്വത്തിലാക്കിയത്. അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശിനേയും ഭൂട്ടാനേയും കൂടെ നിർത്താനുള്ള പ്രധാനമന്ത്രി മോദിയുടെ നീക്കങ്ങൾ എല്ലാ അർത്ഥത്തിലും ഫലം കണ്ടു. ഇന്ത്യയുടെ നല്ല സുഹൃത്തുക്കളായി ഈ രാജ്യങ്ങൾ മാറി. ഇത് പാക്കിസ്ഥാനെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ്. പാക് ഭീകരതയെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്‌ക്കൊപ്പം ഈ രാജ്യങ്ങളും മാറി നിൽക്കുന്നത്. നേപ്പാളും മാലദ്വീപും ശ്രീലങ്കയും ഭാവിയിൽ ഈ വഴിയേ ചിന്തിച്ചാൽ സാർക്കിൽ പാക്കിസ്ഥാൻ ഒറ്റപ്പെടും. സാർക്കിന്റെ അധ്യക്ഷ പദവിയിലുള്ള രാജ്യമായതിനാലാണ് നേപ്പാൾ ഈ ഘട്ടത്തിൽ കടുത്ത നിലപാട് എടുക്കാത്തതെന്നും സൂചനയുണ്ട്. നേപ്പാളും മാനസികമായി ഇപ്പോഴും ഇന്ത്യൻ പക്ഷത്താണ്.

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്താങ്ങുമെന്ന മാദ്ധ്യമവാർത്തകൾ ചൈന തള്ളിയത് കഴിഞ്ഞ ദിവസമാണ്. കശ്മീരടക്കമുള്ള പ്രശ്‌നങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും ചർച്ചചെയ്ത് പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചൈന വ്യക്തമാക്കി. വിദേശാക്രമണം ഉണ്ടായാൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ തിരിച്ചടി ഭയന്നാണ് ഇന്ത്യ ഉറി ആക്രമണത്തിന് തിരിച്ചടി നൽകാത്തതെന്ന വിലയിരുത്തലുമെത്തി. ഇതിനിടെയാണ് ചൈന ഔദ്യോോഗികമായി ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കുന്നത്. ഏതെങ്കിലും വിദേശരാജ്യം പാക്കിസ്ഥാനെ ആക്രമിക്കാൻ തുനിഞ്ഞാൽ സഹായിക്കുമെന്ന് ചൈനയുടെ പാക് കൗൺസിൽ ജനറൽ യു ബോറാൻ ലാഹോറിൽ പറഞ്ഞതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. എന്നാൽ, യു ബോറാൻ ഇങ്ങനെ പറഞ്ഞതായി അറിവില്ലെന്ന് ചൈനാ വിദേശകാര്യ മന്ത്രാലയ വക്താവായ ഗെങ് ഷുവാങ് പ്രതികരിച്ചു.

കശ്മീർ വിഷയത്തിൽ ചൈനയുടെ നയം വ്യക്തമാണ് ഷുവാങ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടിരുന്നു. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്ക് പരസ്യ പിന്തുണ നൽകി. ബലൂചിസ്ഥാന് വിഷയവും യുഎൻ ഗൗരവത്തോടെ പരിഗണിക്കുന്നു. കാശ്മീരിലെ പാക് അവകാശ വാദങ്ങൾ യുഎൻ തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൈന തങ്ങളുടെ നിലപാട് വിശദീകരിക്കുന്നത്. ഇത് പാക്കിസ്ഥാന് തീർത്തും തിരിച്ചടിയുമാണ്. യുഎൻ പൊതുസഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കർശന താക്കീത് നൽകിയിരുന്നു. തീഷ്ണമായ വാക്കുകളിലൂടെ പാക് ഭീകരത തുറന്നുകാണിച്ച സുഷമ പാക്കിസ്ഥാൻ കശ്മീർ സ്വപ്‌നം കാണേണ്ടെന്നും വ്യക്തമാക്കിയിരുന്നു.

യുഎൻ സമ്മേളനത്തിൽ ലോക രാഷ്ട്രങ്ങൾ മുഴുവൻ പാക്കിസ്ഥാന് എതിരായതോടെ നിലപാട് മയപ്പെടുത്താൻ ചൈന നിർബന്ധിതരായി എന്നാണ് സൂചന. അന്താരാഷ്ട്ര സമൂഹം മുഴുവൻ പാക് വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ പിന്തുണ നീട്ടി വെയ്ക്കാനാണ് ചൈനയുടെ തീരുമാനം. കാശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന വാദത്തോടെ എത്തിയ പാക്കിസ്ഥാൻ യുഎന്നിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. കാശ്മീർ പ്രശ്‌നം ഉന്നയിച്ച് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന് നവാസ് ഷെരീഫ് നൽകിയ കത്ത് യുഎൻ പരിഗണിച്ചില്ല. പൊതുസഭയിൽ നടത്തിയ പ്രസംഗങ്ങളിൽ പല അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഉന്നയിച്ചെങ്കിലും കാശ്മീർ പ്രശ്‌നത്തിൽ നിശബ്ദത പാലിച്ചതും പാക്കിസ്ഥാന് വൻ തിരിച്ചടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP