Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു വശത്ത് നിരന്തരം പ്രകോപനവുമായി പാക്കിസ്ഥാൻ; ലഡാക്കിലും സിക്കിമിലും നിയന്ത്രണരേഖ ലംഘിക്കുന്നത് പതിവാക്കിയ ചൈന; ഇതുവരെ ഇന്ത്യയുടെ സാമന്ത രാജ്യമായിരുന്ന നോപ്പാളിനും ഇപ്പോൾ ഉടക്കു മൂട്; നേപ്പാളിന്റെ പ്രശ്‌നം മാനസസരോവർ തീർത്ഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിർമ്മിച്ചതിൽ; ചൈനയുടെ പ്രശ്‌നം വ്യാപാര മേഖലയിൽ ഒറ്റപ്പെട്ടപ്പോൾ ഇന്ത്യ മുതലെടുപ്പിന് ശ്രമിക്കുന്നത്; ഇന്ത്യയുടെ അതിർത്തികൾ പുകയുന്നു

ഒരു വശത്ത് നിരന്തരം പ്രകോപനവുമായി പാക്കിസ്ഥാൻ; ലഡാക്കിലും സിക്കിമിലും നിയന്ത്രണരേഖ ലംഘിക്കുന്നത് പതിവാക്കിയ ചൈന; ഇതുവരെ ഇന്ത്യയുടെ സാമന്ത രാജ്യമായിരുന്ന നോപ്പാളിനും ഇപ്പോൾ ഉടക്കു മൂട്; നേപ്പാളിന്റെ പ്രശ്‌നം മാനസസരോവർ തീർത്ഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിർമ്മിച്ചതിൽ; ചൈനയുടെ പ്രശ്‌നം വ്യാപാര മേഖലയിൽ ഒറ്റപ്പെട്ടപ്പോൾ ഇന്ത്യ മുതലെടുപ്പിന് ശ്രമിക്കുന്നത്; ഇന്ത്യയുടെ അതിർത്തികൾ പുകയുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയൽരാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരം സൗഹൃദങ്ങൾക്ക് വേണ്ടി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതും ഇന്ത്യയുടെ പതിവാണ്. എന്നാൽ, കോവിഡ് ലോകക്രമം തന്നെ മാറ്റുന്ന കാലത്ത് ഇന്ത്യയ്ക്ക് മൂന്നു വശത്തും ശത്രുക്കൾ വളഞ്ഞിരിക്കയാണ്. ഒരു വശത്ത് പാക്കിസ്ഥാൻ നിരന്തരം പ്രകോപനം തുടരുമ്പോൾ തന്നെ മറുവശത്ത് ലഡാക്കിലും സിക്കിമിലുമായി ചൈനയും അതിർത്തിലംഘനം പതിവാക്കി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ്. ഇന്ത്യയുടെ സാമന്തരാജ്യമായി അറിയപ്പെട്ട നേപ്പാൾ പോലും ഇപ്പോൾ ഇന്ത്യയോട് മുഖം കറപ്പിച്ചു കാര്യങ്ങൾ പറയുന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിർമ്മിച്ചതിലാണ് നേപ്പാൾ ഇന്ത്യയോട് പിണങ്ങിയത്. ഈ വിഷയം പ്രശ്‌നമായതിന് പിന്നിൽ ചൈനീസ് ഇടപെടലും ഇന്ത്യ സംശയിക്കുന്നുണ്ട്.

ലഡാക്കിലും സിക്കിമിലും നിയന്ത്രണരേഖയിലെ പതിവു സൈനിക നിരീക്ഷണം പോലും ചൈന തടസ്സപ്പെടുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ചൈനീസ് പ്രകോപനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ചൈനീസ് അതിർത്തി ഇന്ത്യൻ സേന ലംഘിച്ചെന്ന ആരോപണം മന്ത്രാലയം തള്ളി. ഇന്ത്യ- ചൈന സംഘർഷം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി ലഡാക്ക്, സിക്കിം പ്രദേശങ്ങളോടു ചേർന്ന നിയന്ത്രണ രേഖയിൽ ഇരുഭാഗത്തും കഴിഞ്ഞ ദിവസങ്ങളിൽ സൈനിക സന്നാഹം ശക്തമാണ്.

ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച ഇന്ത്യക്കെതിരെ ആരോപണവുമായി ആദ്യം ചൈന രംഗത്തെത്തിയത്. ഇരു മേഖലകളിലും നിയന്ത്രണ രേഖ മാറ്റാനുള്ള ശ്രമമാണ് ഇന്ത്യയുടെതെന്നായിരുന്നു ആരോപണം. എന്നാൽ, ആരോപണം തള്ളിയ ഇന്ത്യ സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. ലഡാക്കിലെ പുതിയ തർക്കം മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച സൂചനയാണെന്ന് കഴിഞ്ഞ ദിവസം യു.എസ് കുറ്റപ്പെടുത്തിയിരുന്നു. ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ, ഇന്ത്യയുടെ അതിർത്തി മേഖലകളിൽ സംഘർഷം പുകയുന്നു. 2 മാസമായി പാക്കിസ്ഥാനും ഏതാനും ആഴ്ചകളായി ചൈനയും വെല്ലുവിളി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ അതീവ ജാഗ്രതയിലാണ്. ഇതിനു പുറമേ, തർക്കമുന്നയിച്ച് നേപ്പാളും രംഗത്തുവന്നിട്ടുണ്ട്.

2017 ൽ സിക്കിമിലെ ദോക് ലാ സംഭവത്തിനു ശേഷം ഇന്ത്യ ചൈന അതിർത്തിയിലെ ഏറ്റവും രൂക്ഷമായ സംഘർഷമാണ് ഇപ്പോഴത്തേതെന്നു സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ സംഘർഷം വടക്കൻ സിക്കിമിലും ജമ്മു കശ്മീരിലെ കിഴക്കൻ ലഡാക്കിലുമാണ്. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വര, പാങ്ങ്യോങ് തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിൽ ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നു. കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളും പങ്കിടുന്ന അതിർത്തി 826 കിലോമീറ്റർ ദൂരത്തിലാണ്. ഗാൽവൻ താഴ്‌വര ഇവിടെ ഇന്ത്യ റോഡ് നിർമ്മിച്ചതാണു ചൈനയുടെ എതിർപ്പിനു കാരണം. റോഡ് പൂർണമായി ഇന്ത്യൻ ഭാഗത്താണെങ്കിലും അതിർത്തിയിൽ ഏതു കാലാവസ്ഥയിലും സൈന്യത്തെ എത്തിക്കാൻ കഴിയുന്നവിധം റോഡ് നിർമ്മിക്കുന്നതിലാണ് എതിർപ്പ്.

പാങ്ങ്യോങ് തടാകത്തിന്റെ വടക്കൻ തീരം ഇവിടെ തർക്കങ്ങൾ പതിവ്. തടാകക്കരയിലേക്ക് അടുത്തിടെ ഇന്ത്യ സേന റോഡ് നിർമ്മിച്ചതും ചൈനയ്ക്കു രസിച്ചില്ല. ഈ മാസം 5ന് ഇവിടെ പട്ടാളക്കാർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഈ ഭാഗത്തെ 8 മലനിരകളിൽ (സേനാ ഭാഷയിൽ 8 ഫിംഗേഴ്‌സ്) നാലാമത്തേതാണ് (ഫിംഗർ 4) അതിർത്തിയെന്ന നിലപാടിലാണ് ഇന്ത്യൻ സേന നിൽക്കുന്നത്. രണ്ടാമത്തേതാണ് അതിർത്തിയെന്ന് വാദിച്ച് ഇന്ത്യയെ 10 കിലോമീറ്ററോളം പിന്നോട്ടു തള്ളാൻ ചൈന ശ്രമിക്കുന്നു. ഒരിഞ്ചു പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ.

കോവിഡിന്റെ പേരിൽ രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ട ചൈനയെ വ്യാപാര മേഖലയിൽ കടത്തിവെട്ടാൻ ഇന്ത്യ നടത്തുന്ന നീക്കങ്ങളിൽ അവർക്ക് അമർഷമുണ്ട്. അതിർത്തിത്തർക്കങ്ങൾ കുത്തിപ്പൊക്കി സംഘർഷമുണ്ടാക്കാൻ ചൈനയെ പ്രേരിപ്പിക്കുന്നത് ഇതാവാമെന്നാണ് വിലയിരുത്തൽ. ആപ്പിളിനെ അടക്കം മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചൈനീസ് എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.

പതിവു പരിപാടിയുമായി പാക്കിസ്ഥാൻ

അതിർത്തിയിൽ പാക്കിസ്ഥാൻ പതിവായി നടത്താറുള്ള ആക്രമണം ഇപ്പോഴും തുടരുകയാണ്. ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിലും നിയന്ത്രണ രേഖയിലുമുടനീളം (ലൈൻ ഓഫ് കൺട്രോൾ എൽഒസി) 2 മാസമായി പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നു. പ്രത്യാക്രമണവുമായി ഇന്ത്യ തിരിച്ചടിക്കുന്നു. ആക്രമണത്തിന്റെ മറവിൽ ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടുകയാണു പാക്ക് ലക്ഷ്യം. പൂഞ്ച്, ബാരാമുള്ള, നൗഷേര, കുപ്വാര, ഉറി, ആർ.എസ്. പുര എന്നിവിടങ്ങളിൽ സംഘർഷം നിലനിൽക്കുന്നു. ജനവാസ മേഖലകൾ ലക്ഷ്യമിട്ടാണു പാക്ക് ആക്രമണം. നുഴഞ്ഞുകയറാൻ അവസരം നോക്കി അതിർത്തിക്കപ്പുറമുള്ള താവളങ്ങളിൽ 300 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇന്റിലിജൻസ് വിവരം.

കശ്മീരിൽ 2 ഭീകരാക്രമണങ്ങളിൽ 2 ബിഎസ്എഫ് ജവാന്മാരും ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചിരുന്നു. ബൈക്കിലെത്തിയ ഭീകരർ ശ്രീനഗറിനു സമീപം ജവാന്മാരായ റാണാ മണ്ഡൽ, ജിയാവുൽ ഹഖ് എന്നിവരെ വെടിവച്ചുകൊന്നു. ജവാന്മാരുടെ തോക്കുകളും ഭീകരർ തട്ടിയെടുത്തു. ദക്ഷിണ കശ്മീരിലെ പുൽവാമയിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിലാണു പൊലീസ് ഉദ്യോഗസ്ഥനായ അനൂജ് സിങ് വീരമൃത്യു വരിച്ചത്. മുഹമ്മദ് ഇബ്രാഹിം എന്ന പൊലീസുകാരനു പരുക്കേറ്റു. സമാന ആക്രമണങ്ങൾ കൂടി വരുന്ന അവസ്ഥയാണ് ഇപ്പോൾ കാശ്മീരിലുള്ളത്.

ഒരു റോഡു വെട്ടി, കൂട്ടുകാരൻ പിണങ്ങി

ഒരു ഇന്ത്യൻ സംസ്ഥാനം എന്ന നിലയിലാണ് നേപ്പാൾ ഇപ്പോഴും പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ സാമന്ത രാജ്യം. എങ്കിലും ഒരു റോഡു പണിതതിന്റെ പേരിലാണ് നേപ്പാൾ ഇന്ത്യയുമായി ഇപ്പോൾ പിണങ്ങിയിരിക്കുന്നത്. മാനസസരോവർ തീർത്ഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിർമ്മിച്ചതിലാണ് നേപ്പാളിനു പ്രതിഷേധം. ലിപുലേഖ് ചുരത്തിന്റെ തെക്കേ അറ്റത്തുള്ള കാലാപാനി പ്രദേശം തങ്ങളുടേതാണെന്ന് നേപ്പാൾ. ഇന്ത്യ നേപ്പാൾ ടിബറ്റ് അതിർത്തിയിലെ മുക്കവലയാണിത്.

പൂർണമായി തങ്ങളുടെ അധികാരത്തിലുള്ള സ്ഥലത്താണ് റോഡ് നിർമ്മിച്ചതെന്നും തീർത്ഥയാത്രയ്ക്കായി മുൻപു മുതലുള്ള പാതയാണിതെന്നും ഇന്ത്യ. റോഡിനെതിരെ നേപ്പാൾ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയും രംഗത്തു വന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം ചൈനയുടെ ഇടപെടൽ ആണെന്ന് ഇന്ത്യ സംശയിക്കുന്നു. ശ്രീലങ്കയിലെ ഇപ്പോഴത്തെ ഭരണകൂടം അടക്കം ചൈനീസ് ചാഴ്‌വുള്ളവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ചുറ്റുപാടുമായി സുഹൃത്തുക്കളേക്കാൾ ശത്രുക്കളാണോ എന്ന് സംശയിക്കേണ്ട നിലയിലാണ് ഇപ്പോൾ കാര്യങ്ങൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP