Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൻട്രിസ്റ്റ് പാർട്ടി നേതാവായ 39കാരൻ മാക്രോൺ ഫ്രാൻസിന്റെ പ്രസിഡന്റായത് വലത് വംശീയ പാർട്ടി നേതാവിനെ നിലംപരിശാക്കി 66 ശതമാനം വോട്ടുകൾ നേടി; 64കാരിയായ ഭാര്യയുടേയും കൊച്ചു മകളുടേയും കൈ പിടിച്ച് 39കാരനായ പ്രസിഡന്റ് അധികാരമേൽക്കുന്നത് നെപ്പോളിയനെ ഓർമിപ്പിച്ചു കൊണ്ട്

സെൻട്രിസ്റ്റ് പാർട്ടി നേതാവായ 39കാരൻ മാക്രോൺ ഫ്രാൻസിന്റെ പ്രസിഡന്റായത് വലത് വംശീയ പാർട്ടി നേതാവിനെ നിലംപരിശാക്കി 66 ശതമാനം വോട്ടുകൾ നേടി; 64കാരിയായ ഭാര്യയുടേയും കൊച്ചു മകളുടേയും കൈ പിടിച്ച് 39കാരനായ പ്രസിഡന്റ് അധികാരമേൽക്കുന്നത് നെപ്പോളിയനെ ഓർമിപ്പിച്ചു കൊണ്ട്

മറുനാടൻ ഡെസ്‌ക്

പാരീസ്: യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള നടപടിക്രമങ്ങളുമായി മുമ്പോട്ട് പോകുന്ന ബ്രിട്ടന് ഈ ജോലി കൂടുതൽ കഠിനതരമാക്കുന്നതാണ് ഇന്നലെ പുറത്ത് വന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം. ഇവിടെ സെൻട്രിസ്റ്റി ഇന്റിപെന്റന്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായ ഇമാനുവൽ മാക്രോൺ ചരിത്ര വിജയം നേടിയതാണ് ഇതിന് കാരണം. 64കാരിയായ ഭാര്യയുടെയും കൊച്ചുമകളുടെയം കൈയിൽ പിടിച്ച് മാക്രോൺ ആദ്യം നടത്തിയ പ്രഖ്യാപനം ബ്രെക്സിറ്റ് തടയാൻ ഏതറ്റം വരെയും പോകുമെന്നാണ്. ഇതോടെ ഇപ്പോൾ തന്നെ ബ്രെക്സിറ്റ് വിലപേശലിൽ വെള്ളം കുടിക്കാനാരംഭിച്ച ബ്രിട്ടൻ കൂടുതൽ വലയുമെന്നുറപ്പായിരിക്കുകയാണ്.

താൻ വിജയിച്ചാൽ യൂറോപ്യൻ യൂണിയൻ തന്നെ ഇല്ലാതാക്കുമെന്ന ഭീഷണി മുഴക്കിയിരുന്ന വലത് വംശീയ പാർട്ടി സ്ഥാനാർത്ഥി നാഷണൽ ഫ്രന്റിന്റെ സ്ഥാനാർത്ഥി മാരിൻ ലി പെന്നിന നിലംപരിശാക്കിക്കൊണ്ടാണ് മാക്രോൺ ചരിത്ര വിജയം നേടിയിരിക്കുന്നത്. ഇതോടെ യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പ് ഭീഷണി ഇല്ലാതായിരിക്കുകയാണ്. 66ശതമാനം വോട്ട് നേടിയാണ് ഈ 39കാരൻ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിത്തീർന്നിരിക്കുന്നത്. ലി പെന്നിനാകട്ടെ വെറും 34.5 ശതമാനം വോട്ട് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ.

ഫ്രാൻസിന്റെയും അതിലുപരി യൂറോപ്പിന്റെയും ഭാഗധേയം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറവായിരുന്നു. പ്രാദേശികസമയം അഞ്ച് മണി വരെയുള്ള കണക്കനുസരിച്ച് തെരഞ്ഞെടുപ്പിൽ 66 ശതമാനത്തിൽ ചുവടെ മാത്രമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. എന്നാൽ 2007ൽ 75.1 ഉം 2012ൽ 72 ഉം ആയിരുന്നു ഇവിടുത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം. രാത്രി എട്ട് മണി വരെ നീണ്ട പോളിംഗിൽ രാജ്യത്തെ 25 ശതമാനത്തിനു 27 ശതമാനത്തിനും ഇടയിലുള്ളവർ പങ്കെടുത്തില്ലെന്നാണ് വിവിധ അഭിപ്രായ വോട്ടെടുപ്പുകളിലൂടെ വ്യക്തമായിരിക്കുന്നത്.

യൂറോപ്പും ലോകവും ഈ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നാണ് ഫമറിഞ്ഞയുടൻ ചരിത്രപ്രസിദ്ധമായ കൺട്രിയാർഡിൽ കൂടി നടന്ന് വന്ന് ജനക്കൂട്ടത്തോട് മാക്രോൺ വിളിച്ച് പറഞ്ഞത്. തന്നിൽ ജനം അർപ്പിച്ച വിശ്വാസത്തിന് അദ്ദേം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വലതുപക്ഷ വാദിയും കുടിയേറ്റവിരുദ്ധനുമായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതും കഴിഞ്ഞ വർഷം ബ്രിട്ടനിൽ നടന്ന റഫറണ്ടത്തിൽ ജനം ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തതും തന്റെ വിജയത്തിനുള്ള സൂചകങ്ങളായിട്ടായിരുന്നു ലി പെൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണക്ക് കൂട്ടിയിരുന്നത്.

ഈ പ്രവണതകൾ മുതലെടുത്ത് ഫ്രാൻസിൽ തീവ്ര വലതുപക്ഷ വികാരം ആളിക്കത്തിച്ച് പരമാവധി വോട്ട് നേടിയെടുത്ത് വിജയിക്കാൻ ലി പെൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഫ്രാൻസിന്റെ ആധുനികചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന ലൂയീസ് നെപ്പോളിയൻ ബോണപ്പാർട്ടിന്റെ റെക്കോർഡാണ് മാക്രോൺ തിരുത്തിയിരിക്കുന്നത്. ഇതൊരു പുതിയ ജനാധിപത്യ ഭൂമികയ്ക്ക് തുടക്കമിട്ടിരിക്കുന്നുവെന്നും ഫ്രാൻസിന്റെ സാമ്പത്തിക ദൗർബല്യവും ധാർമികച്യുതിയും തിരുത്താനുള്ള അവസരം സമാഗതമായിരിക്കുന്നുവെന്നും മാക്രോൺ വിജയത്തെ തുടർന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

1977 ഡിസംബർ 21ന് അമീൻസിലാണ് മാക്രോൺ ജനിച്ചത്. സീനിയർ സിവിൽ സെർവന്റ്, ഇൻവെസ്റ്റ്മെന്റ് ബാങ്കർ,തുടങ്ങിയ രംഗങ്ങളിൽ അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. പാരീസ് നാന്റെറെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇദ്ദേഹം ഫിലോസഫി പഠിച്ചിരുന്നു. സയൻസസ് പോയിൽ മാസ്റ്റേർസ് ഓഫ് പബ്ലിക്ക് അഫയേർസും കരസ്ഥമാക്കിയിരുന്നു. 2004ൽ ഇക്കോലെ നാഷണലെ ഡി അഡ്‌മിനിസ്ട്രേഷനിൽ ഗ്രാജ്വേഷനുമെടുത്തു. റോത്ത് ചൈൽഡ് ആൻഡ് സി ബാൻക്യൂവിലായിരുന്നു ഇദ്ദേഹം ഇൻവെസ്റ്റ്മെന്റ് ബാങ്കറായി പ്രവർത്തിച്ചിരുന്നത്.

ഇൻവെസ്റ്റ്മെന്റ് ബാങ്കറെന്ന നിലയിൽ മാക്രോൺ ഉയരങ്ങളിലെത്തുകയും മില്യണുകൾ നേടുകയും ചെയ്തു. ഇപ്പോൾ പടിയിറങ്ങിയിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ടിന്റെ 2012ലെ ആദ്യ ഗവൺമെന്റിന്റെ കാലത്ത് എക്കണോമിക് അഡൈ്വസറായി മാക്രോൺ പ്രവർത്തിച്ചിരുന്നു. അന്ന് സോഷ്യലിസ്റ്റ് പാർട്ടിയിലായിരുന്നു മാക്രോൺ. പിന്നീട് രണ്ട് വർഷത്തിന് ശേഷം മാന്വൽ വാൾസ് സർക്കാരിൽ എക്കണോമി മിനിസ്റ്ററുമായി. റേഡിയോ ഫ്രാൻസ് ചീഫ് എക്‌സിക്യൂട്ടീവ് മാത്യു ഗാലെറ്റുമായി മാക്രോണിന് സ്വവർലൈംഗിക ബന്ധമുണ്ടെന്ന ആരോപണം അതിനിടെ ഉയർന്ന് വരുകയും ചെയ്തിരുന്നു. ഗേ ലോബിയുടെ പിന്തുണ മാക്രോണിനുണ്ടെന്ന് എതിരാളികൾ പറഞ്ഞ് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

വെറും 39 വയസുള്ള മാക്രോണിന്റെ ഭാര്യയായ ബ്രിഗിറ്റെ ട്രോഗ് ന്യൂക്‌സിന് 64 വയസുണ്ട്. കൗമാരകാലത്ത് തന്നെ സ്‌കൂളിൽ പഠിപ്പിച്ചിരുന്ന ടീച്ചറും 25 വയസ് അധികമുള്ളയാളുമായ ഈ സ്ത്രീയെ മാക്രോൺ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. തങ്ങളുടെ നേതാവ് വിജയിക്കുന്നതറിഞ്ഞ് മാക്രോണിനെ പിന്തുണയ്ക്കുന്ന 10,000ത്തോളം പേർ പാരീസിലെ ചരിത്രപ്രസിദ്ധ മ്യൂസിയം ലൗവ്റെ യുടെ കൺട്രിയാർഡിൽ ഒത്ത് കൂടിയിരുന്നു. ത്രിവർണ ഫ്രഞ്ച് പതാകയും യൂറോപ്യൻ യൂണിയന്റെ നക്ഷത്ര ബാനറും ഇവർ ആവേശത്തോടെ ഉയർത്തുകയും ചെയ്തിരുന്നു.

ഫലമറിഞ്ഞ ലിപെൻ പരാജയം സമ്മതിക്കുകയും തന്റെ എതിരാളിയെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. ഏതായാലും മാക്രോണിന്റെ വിജയത്തോടെ യൂറോപ്യൻ യൂണിയന്റെയും ഫ്രാൻസിന്റെയും പുതിയൊരു ചരിത്രമാണ് തുടങ്ങുന്നതെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. ബ്രെക്സിറ്റിന്റെ പാതയിൽ ബ്രിട്ടൻ ഏറെ വിട്ട് വീഴ്ച ചെയ്യാനും ഇത് വഴിയൊരുക്കുമെന്ന പ്രവചനവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP