Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മംഗൾയാൻ ശ്രദ്ധ നേടാതിരിക്കാൻ പാശ്ചാത്യ ഗൂഢാലോചന ശക്തം; ക്യൂരിയോസിറ്റിയുടെ പുതിയ ചിത്രങ്ങൾക്ക് വൻ പ്രചാരണം; ഇന്ത്യക്ക് ദാനം ചെയ്യുന്ന പണത്തെക്കുറിച്ച് എങ്ങും ചർച്ച

മംഗൾയാൻ ശ്രദ്ധ നേടാതിരിക്കാൻ പാശ്ചാത്യ ഗൂഢാലോചന ശക്തം; ക്യൂരിയോസിറ്റിയുടെ പുതിയ ചിത്രങ്ങൾക്ക് വൻ പ്രചാരണം; ഇന്ത്യക്ക് ദാനം ചെയ്യുന്ന പണത്തെക്കുറിച്ച് എങ്ങും ചർച്ച

പാശ്ചാത്യരാജ്യങ്ങൾ മനുഷ്യവംശത്തിന് ചെയ്ത സംഭാവനകളെ ഒരിക്കലും കുറച്ച് കാണാനാവില്ല. മനുഷ്യവംശത്തിന്റെ ഗതി തിരിച്ചു വിട്ട സുപ്രധാന കണ്ടുപിടിത്തങ്ങളിലധികവും പടിഞ്ഞാറൻ നാടുകളിലെ ശാസ്ത്രപ്രതിഭകളുടെ സംഭാവനയാണ്. എന്നാൽ കാലാന്തരത്തിൽ ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളും ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ വൻ നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ ഭാരതത്തിന്റെ യശസ്സുയർത്തിയ ചൊവ്വാപര്യവേഷണ പദ്ധതിയായ മംഗൾയാൻ. പാശ്ചാത്യ മാദ്ധ്യമങ്ങൾ ഈ വിജയത്തിന് പ്രാധാന്യം നൽകി പ്രചാരണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ നേർ വിപരീതമായി പ്രതികരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതായത് മംഗൾയാനിന്റെ പ്രാധാന്യം കുറയ്ക്കാൻ പാശ്ചാത്യരാജ്യങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ സംശയമുയരുന്നത്. ഇതിന്റെ ഭാഗമായി മംഗൾയാനിന്റെ പ്രാധാന്യം നഷ്ടപ്പെടുത്താനെന്നോണം നാസയുടെ ചൊവ്വാദൗത്യമായ ക്യൂരിയോസിറ്റിയെ സംബന്ധിച്ച വാർത്തകൾക്ക് അമിത പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നതായി കാണാം.

ക്യൂരിയോസിറ്റി അയച്ച വിചിത്രമായ ചിത്രങ്ങളെക്കുറിച്ചുള്ള വിശദമായ വാർത്തകൾ ഡെയിലി മെയിൽ അടക്കമുള്ള പാശ്ചാത്യമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. അതായത് ചൊവ്വയുടെ ഉപരിതലത്തിലെ അപൂർവാകൃതി പൂണ്ട പാറകളുടെ ചിത്രങ്ങൾ ക്യൂരിയോസിറ്റി അയച്ചിരിക്കുന്നു. ഒരു ട്രാഫിക് സിഗ്‌നൽ ലൈറ്റിന് സമാനമായ വിചിത്രമായ പാറക്കഷണം അതിലൊന്നാണ്. ഇതിന് അമിത പ്രാധാന്യം ഡെയിലി മെയിൽ നൽകിയതായി കാണാം. 1.8 മീറ്റർ ഉയരമുള്ള ഈ പാറയുടെ ചിത്രം ക്യൂരിയോസിറ്റി റോവറിന്റെ ലെഫ്റ്റ് ഹാൻഡ് സൈഡ് മാസ്റ്റ് ക്യാമറയാണ് പകർത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങളിൽ നിന്നും ഈ പാറക്കഷണത്തിന്റെ വിചിത്രാകൃതി തിരിച്ചറിഞ്ഞത് ബ്രിസ്റ്റോളിലെ വീഡിയോ ജേർണലിസ്റ്റായ ജോയ് സ്മിത്താണെന്നും റിപ്പോർട്ടിൽ പറയുന്നു. താൻ തിരിച്ചറിഞ്ഞ ഈ പാറയുടെ രൂപം ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെ പലരും തന്റെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നുവെന്നു ജോയ് സ്മിത്ത് പറയുന്നു.

ഇതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ക്യൂരിയോസിറ്റി ബോളിന്റെ ആകൃതിയിലുള്ള ഒരു പാറക്കഷണം ചൊവ്വയുടെ ഉപരിതലത്തിൽ കണ്ടെത്തിയതിനും ഡിസ്‌കവറി ന്യൂസ് അടക്കമുള്ള പാശ്ചാത്യ മാദ്ധ്യമങ്ങൾ അമിതപ്രാധാന്യം നൽകിയിരുന്നു. ക്യൂരിയോസിറ്റി ഇപ്പോൾ നില കൊള്ളുന്ന ചൊവ്വയിലെ മൗണ്ട്ഷാർപ്പിന്റെ ബേസ് അത്ഭുതപ്പെടുത്തുന്ന മേഖലയാണെന്നും ഇതിലൂടെ ചൊവ്വയുടെ ചരിത്രം അനാവരണം ചെയ്യാനാകുമെന്നുമുള്ള രീതിയിൽ വൻ പ്രാധാന്യമാണ് ക്യൂരിയോസിറ്റിക്ക് ലഭിക്കുന്നത്.

തങ്ങൾക്ക് ഇതു വരെ സാധിക്കാത്ത ചൊവ്വാദൗത്യം ഇന്ത്യം വിജയിപ്പിക്കരുതെന്ന ഉദ്ദേശ്യത്തോടെ പാശ്ചാത്യ മാദ്ധ്യമങ്ങൾ മംഗൾയാന്റെ പ്രയാണത്തിന് മുമ്പെ തന്നെ പ്രചാരണം നടത്തിയിരുന്നു. പത്തു മാസം മുമ്പ് പര്യവേഷണം നടത്തിയപ്പോൾ അനേകം കോടി രൂപ ഇതിനായി പൊടിക്കുന്ന രാജ്യത്തിന് എന്തിന് ജീവകാരുണ്യ സഹായം നൽകണമെന്ന് ബിബിസിയും ഡെയ്‌ലി മെയിലും മുൻകൈ എടുത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ബ്രിട്ടൻ ഇന്ത്യക്ക് ധനസഹായമായി നൽകിയ 280 മില്യൺ പൗണ്ടിനെ മുൻനിർത്തിയായിരുന്നു ഈ വിമർശനങ്ങൾ.

ചൊവ്വയിലേക്കുള്ള ആദ്യദൗത്യങ്ങൾ ഒരു രാജ്യത്തിനും വിജയിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന സാധ്യതയിൽ മുറുകെപ്പിടിച്ച് മംഗൾയാൻ ചൊവ്വയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് വരെ അതിനെതിരെ ബിബിസി വാർത്തയെഴുതിയിരുന്നു. എന്നാൽ മംഗൾയാന്റെ വിജയത്തെത്തുടർന്ന് മണിക്കൂറുകൾക്കകം ബിബിസിക്ക് ഇന്ത്യയെ പ്രകീർത്തിച്ച് വാർത്ത കൊടുക്കേണ്ടിയും വന്നു. ഇപ്പോൾ ക്യൂരിയോസിറ്റിക്ക് അമിത പ്രാധാന്യം നൽകാൻ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ മുൻകൈയെടുക്കുന്നതും മംഗൾയാന്റെ ഇമേജ് തകർക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണെന്ന് വ്യക്തമാണ്. കോടിയിലധികം വരുന്ന ജനത്തിന് ശുദ്ധജലം പോലും ലഭ്യമാകാൻ സാധിക്കാത്ത രാജ്യം ചൊവ്വയിൽ ജലമുണ്ടോയെന്ന് പര്യവേഷണം നടത്താൻ കോടികൾ പൊടിക്കുന്നതിനെ വിമർശിച്ച പാശ്ചാത്യ മാദ്ധ്യമങ്ങളും ചില പാശ്ചാത്യ രാജ്യങ്ങളുടെ നേതാക്കളും തന്നെയാണ് മംഗൾയാന്റെ പ്രാധാന്യം കുറയ്ക്കാൻ ക്യൂരിയോസിറ്റിയുടെ വിശേഷങ്ങൾ പെരുപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്.

ബ്രിട്ടനും ചൈനയും പരാജയപ്പെട്ട ചൊവ്വാ ദൗത്യത്തിൽ ഇന്ത്യ പ്രഥമശ്രമത്തിൽ തന്നെ വിജയിച്ചതിൽ അമേരിക്കയ്ക്കും റഷ്യൻ യൂറോപ്യൻ സ്‌പേസ് ഏജൻസികൾക്കും അസൂസയുണ്ടെന്ന് നേരത്തെ വ്യക്തമായ വസ്തുതയാണ്. ഇന്ത്യ ഇതു സംബന്ധിച്ച പരീക്ഷണം ആരംഭിച്ചത് മുതൽ ഇത് വെളിവായിരുന്നു. ആദ്യം രാജ്യത്തെ പട്ടിണി മാറ്റുകയും എല്ലാവർക്കും കിടപ്പാടം നൽകുകയും ചെയ്തിട്ട് പോരെ ഈ പാഴ്‌ച്ചെലവ് എന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ മാദ്ധ്യമങ്ങളിലൂടെ ചോദിച്ചത്. അതിനാൽ മംഗൾയാന്റെ വിജയം പാശ്ചാത്യർക്ക് ഇപ്പോഴും വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ലോകശക്തികളായ ബ്രിട്ടനും ചൈനയെയും പോലുള്ളവർ പരാജയപ്പെട്ടിടത്താണ് ഇന്ത്യ വിജയിച്ചിരിക്കുന്നത്. റഷ്യയും അമേരിക്കയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും മാത്രമാണ് ചൊവ്വാ ദൗത്യത്തിൽ ഇതിന് മുമ്പ് വിജയം വരിച്ചത്. ഒറ്റയ്ക്കുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ബ്രിട്ടൻ അത് ഉപേക്ഷിച്ച് യൂറോപ്യൻ സ്‌പേസ് ഏജൻസിക്കൊപ്പം കൂടിയത്. സ്വന്തം നിലിയിൽ ശ്രമിച്ചെങ്കിലും ചൈനയും ജപ്പാനും പരാജയപ്പെടുകയും ചെയ്തു. വിജയിച്ചതൊക്കെ വിജയിച്ചു ഇനി മംഗൾയാന്റെ പ്രാധാന്യം കുറയ്ക്കുകയാണ് ഏക വഴിയെന്ന് ഗൂഢാലോചന നടത്തുന്ന കുത്സിതശക്തികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ക്യൂരിയോസിറ്റിക്ക് ഇപ്പോൾ അമിത പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാണ്. ഇന്ത്യക്ക് ദാനം നൽകുന്ന പണത്തെക്കുറിച്ച് അഥവാ ധനസഹായത്തെക്കുറിച്ചും പല ലോക രാഷ്ട്രങ്ങളിലും ഈ അവസരത്തിൽ ചർച്ചകൾ അരങ്ങേറുന്നുണ്ട്. ഇത്രയധികം പുരോഗമിച്ചുവെന്ന് നടിക്കുന്ന ഒരു രാജ്യത്തിന് ഇനി എന്തിനാണ് തങ്ങൾ ധനസഹായം നൽകുന്നതെന്നാണ് ചില രാഷ്ട്രങ്ങൾ അസൂയയോടെ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP