Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തിന് അമേരിക്കൻ പിന്തുണ ഉറപ്പാക്കിയത് മോദിയുടെ സമാനതകളില്ലാത്ത നയതന്ത്ര വിജയം; അംഗീകാരം ലഭിക്കുന്നതോടെ ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കാതെ എൻഎസ്ജി അംഗത്വം നേടുന്ന ആദ്യ രാജ്യമാകും: ഇൻഡോ- അമേരിക്കൻ കൂട്ടായ്മ ഭീഷണി ഉയർത്തുന്നത് ചൈനീസ് മേധാവിത്വത്തിന്

ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തിന് അമേരിക്കൻ പിന്തുണ ഉറപ്പാക്കിയത് മോദിയുടെ സമാനതകളില്ലാത്ത നയതന്ത്ര വിജയം; അംഗീകാരം ലഭിക്കുന്നതോടെ ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കാതെ എൻഎസ്ജി അംഗത്വം നേടുന്ന ആദ്യ രാജ്യമാകും: ഇൻഡോ- അമേരിക്കൻ കൂട്ടായ്മ ഭീഷണി ഉയർത്തുന്നത് ചൈനീസ് മേധാവിത്വത്തിന്

വാഷിങ്ടൺ: ലോക മാദ്ധ്യമങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി കാര്യശേഷിയുടെ നേതാവാണ്. ചുറുചുറുക്കോടെ ആഗോള നേതാക്കളുമായി ആശയവിനിമയം നടത്തുന്ന എന്തിനും പോന്ന നേതാവ്. അമേരിക്കയുമായുള്ള ആണവ കരാറിനെ തന്റെ മുൻഗാമികളായ ബിജെപിക്കാർ എതിർത്തപ്പോൾ അന്ന് മൗനം പാലിച്ച മോദി ഇപ്പോൾ പ്രധാനമന്ത്രിയായപ്പോൾ രാജ്യത്തിന്റെ ചിരകാല സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ്. ആണവദാതാക്കളുടെ ഗ്രൂപ്പിൽ (എൻ.എസ്.ജി) അംഗമാകുന്നതിനുള്ള ഇന്ത്യയുടെ നിലപാടിനെ അമേരിക്കയെ കൊണ്ട് അനുകൂല നിലപാടെടുക്കാൻ പ്രധാനമന്ത്രിയുടെ നയതന്ത്ര നിലപാടിലൂടെ സാധിച്ചിരിക്കയാണ്. എൻഎസ്ജി ഗ്രൂപ്പിൽ അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷയിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആവർത്തിത് രാജ്യത്തിന് ഏറെ ആവേശമായി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഒബാമ ഇങ്ങനെ പറഞ്ഞത്. നിലവിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഉടമ്പടികൾ കൂടുതൽ ശക്തമാക്കുന്നതിനും പുതിയവ ആരംഭിക്കുന്നതിനും തമ്മിൽ ധാരണയായെന്ന് കൂടിക്കാഴ്ചക്കുശേഷം മോദി പറഞ്ഞു.

ഇന്ത്യ ഒരു യുവരാജ്യമാണ്. ഇന്ത്യയുടെ കരുത്തിനെപ്പറ്റി യുഎസിന് നന്നായി അറിയാം. അത് ലോകക്ഷേമത്തിനായി ഉപയോഗിക്കാൻ ഇരുരാജ്യങ്ങളും ചേർന്നു പ്രവർത്തിക്കും. ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഒന്നിച്ചു പ്രവർത്തിക്കും. രണ്ടു സുഹൃദ്രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും യുഎസും നേതൃപരമായ പങ്കുവഹിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എൻഎസ്ജി പ്രവേശനത്തിനും തന്റെ സുഹൃത്ത് ഒബാമ വാഗ്ദാനം ചെയ്ത പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.

ദക്ഷിണേഷ്യയിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയുള്ള പാരിസ് കരാർ എത്രയും വേഗം നടപ്പാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. എൻഎസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ യുഎസ് പിന്തുണയ്ക്കുന്നെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. ഇക്കാര്യത്തിൽ മോദിയുടെ നേതൃത്വത്തിന് ഞാൻ നന്ദി പറയുന്നെന്നും ഒബാമ പറഞ്ഞു.

മോദിയുടെ നയതന്ത്ര വിജയത്തിലെ സുപ്രധാന ഏടാണ് ഇതെന്നാണ് വിലയിരുത്തുന്നത്. എൻഎസ്ജി അംഗത്വത്തിലേക്ക് ഒരു ചുവടു കൂടി അടുത്തതോടെ ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കാതെ എൻഎസ്ജി അംഗത്വം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയാണ് ഇന്ത്യയ്ക്ക് ലഭിക്കുക.

മിസൈൽ നിയന്ത്രിത ഗ്രൂപ്പിൽ (എം ടി.സി.ആർ) ചേരാൻ ഇന്ത്യയുടെ അവസാന തടസ്സവും നീങ്ങിയതാണ് മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ മറ്റൊരു നേട്ടം. 34 രാജ്യങ്ങളുള്ള ഗ്രൂപ്പിൽ ഇന്ത്യയുടെ പ്രവേശത്തിനുണ്ടായിരുന്ന വിലക്ക് തിങ്കളാഴ്ചയോടെ ഇല്ലാതായെന്നും ഈ രാജ്യങ്ങളിൽ ആരും എതിർപ്പ് അറിയിക്കാത്ത സാഹചര്യത്തിൽ സ്വാഭാവികമായി ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്നും എം ടി.സി.ആർ അംഗരാജ്യങ്ങളിലെ നാല് നയതന്ത്രജ്ഞർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. പുതിയ അവസരം ഇന്ത്യക്ക് ഏറ്റവും മികച്ച മിസൈൽ സാങ്കേതികവിദ്യ സ്വന്തമാക്കാനും ആളില്ലാ നിരീക്ഷണവിമാനമായ 'യു.എസ് പ്രിഡേറ്റർ' അടക്കം വാങ്ങാനും അവസരമൊരുക്കും.

ഇന്ത്യ റഷ്യയുമായി സഹകരിച്ചുണ്ടാക്കുന്ന ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് മൂന്നാംലോക രാജ്യങ്ങളിൽ വിറ്റഴിക്കാനും അംഗത്വത്തിലൂടെ സാധിക്കും. അതോടൊപ്പം മിസൈലിന്റെ പരമാവധി വിക്ഷേപണദൂരം 300 കി.മീ. എന്ന നിബന്ധന പാലിക്കേണ്ടിവരും. ഇറ്റലി നേരത്തേ ഇന്ത്യയുടെ എം ടി.സി.ആർ പ്രവേശത്തെ എതിർത്തിരുന്നു. എന്നാൽ, ഇത്തവണ എതിർത്തില്ല. നെതർലൻഡ്‌സ് ഇന്ത്യയെ അംഗമാക്കണമെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയുമുണ്ടായി. 

ഇന്ത്യയ്ക്ക് മിസൈൽ നിയന്ത്രിത ഗ്രൂപ്പിൽ അംഗത്വം ലഭിക്കുന്നത് ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായും വിലയിരുത്തപ്പെടുന്നു. ഏഷ്യാ-പെസഫിക് മേഖലയിൽ ചൈനയ്ക്കുള്ള മേധാവിത്വം അവസാനിപ്പിക്കാൻ് ഇപ്പോഴത്തെ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്ന് കരുതുന്നവർ നിരവധിയാണ്.

ഇങ്ങനെ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോൾ ഒരുപിടി നേട്ടങ്ങളുമായാണ് നരേന്ദ്ര മോദി തിരികെയെത്തുക എന്ന കാര്യം ഉറപ്പാണ്. അമേരിക്കൻ പ്രസിഡന്റ് ഒബാമയുമായുള്ള സൗഹൃദം അടക്കം ഇന്ത്യയുടെ നയതന്ത്രകാര്യങ്ങൾക്ക് വേഗം പകർന്നു. പ്രശസ്തമായ എർലിങ് ടൺ നാഷനൽ സെമിത്തേരി സന്ദർശിച്ചുകൊണ്ടാണ് മോദിയുടെ യു.എസ് സന്ദർശനം ആരംഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ (അമേരിക്കൻ സമയം) വാഷിങ്ടണിലത്തെിയ അദ്ദേഹത്തെ പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്.

ബുധനാഴ്ച അമേരിക്കൻ കോൺഗ്രസിൽ സംസാരിക്കുന്നുണ്ട്. രാജീവ് ഗാന്ധി, വാജ്‌പേയി, മന്മോഹൻ സിങ് എന്നിവരാണ് അമേരിക്കൻ കോൺഗ്രസിൽ സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ. ഇന്ത്യയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയായ കൽപന ചൗളയടക്കമുള്ള പ്രശസ്തരെയും ഒന്ന്, രണ്ട് ലോകയുദ്ധങ്ങളിലും വിയറ്റ്‌നാം യുദ്ധത്തിലും കൊല്ലപ്പെട്ട യു.എസ് സൈനികരെയും അടക്കം ചെയ്തയിടമാണ് എർലിങ് ടൺ സെമിത്തേരി. ഇവിടം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. കൽപന ചൗളയുടെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച മോദി അവരുടെ ഭർത്താവ് ഴാൻ പിയറി ഹാരിസണുമായി അൽപനേരം സംസാരിക്കുകയും ചെയ്തു. കൽപനയുടെ ജീവചരിത്രമായ 'ദി എഡ്ജ് ഓഫ് ടൈം' അദ്ദേഹം മോദിക്ക് സമ്മാനിച്ചു.

അവിടെനിന്ന് നാസയുടെ കാര്യാലയത്തിലേക്ക് തിരിച്ച മോദി ഇന്തോ-അമേരിക്കൻ ബഹിരാകാശ യാത്രികയായ സുനിത വില്യംസുമായി കൂടിക്കാഴ്ച നടത്തി. നാസയിലെ മുതിർന്ന ഗവേഷകരുമായും സംസാരിച്ചു. സുനിത വില്യംസിന്റെ പിതാവ് ദീപക് പാണ്ഡ്യയെ സന്ദർശിച്ച മോദി അദ്ദേഹവുമായി ഗുജറാത്തിയിലാണ് സംസാരിച്ചത്. അഹ്മദാബാദിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് സുനിതയുടെ കുടുംബം. ബുധനാഴ്ച മെക്‌സികോയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന മോദി അവിടെ നിന്ന് ന്യൂഡൽഹിയിലേക്ക് തിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP