Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിഴക്കൻ ചൈനീസ് നഗരം ഫൂജിയനുമായി ഏഴാം നൂറ്റാണ്ടുതൊട്ട് വ്യാപാര ബന്ധം; ദീർഘകാലം ഫൂജിയൻ ഗവർണറായിരുന്ന ഷീ ജിൻ പിങ്; തമിഴ് രാജകുമാരൻ ബോധി ധർമ്മൻ ചൈനക്ക് പകർന്നു കൊടുത്തത് സെൻബുദ്ധിസവും ചികിത്സയുടെയും ആയോധനകലയുടെയും നൂതന പാഠങ്ങങ്ങളും; തമിഴ്‌നാട്ടിൽ സ്വാധീനമുറപ്പിക്കണം എന്ന ബിജെപിയുടെ താൽപ്പര്യവും നിർണ്ണായകമായി; മോദി- ഷീ ജിൻപിങ് കൂടിക്കാഴ്ചക്ക് ചരിത്ര നഗരമായ മഹാബലിപുരം വേദിയായതിന് പിന്നിലെ നയതന്ത്ര രാഷ്ട്രീയം ഇങ്ങനെ

കിഴക്കൻ ചൈനീസ് നഗരം ഫൂജിയനുമായി ഏഴാം നൂറ്റാണ്ടുതൊട്ട് വ്യാപാര ബന്ധം; ദീർഘകാലം ഫൂജിയൻ ഗവർണറായിരുന്ന ഷീ ജിൻ പിങ്; തമിഴ് രാജകുമാരൻ ബോധി ധർമ്മൻ ചൈനക്ക് പകർന്നു കൊടുത്തത് സെൻബുദ്ധിസവും ചികിത്സയുടെയും ആയോധനകലയുടെയും നൂതന പാഠങ്ങങ്ങളും; തമിഴ്‌നാട്ടിൽ സ്വാധീനമുറപ്പിക്കണം എന്ന ബിജെപിയുടെ താൽപ്പര്യവും നിർണ്ണായകമായി; മോദി- ഷീ ജിൻപിങ് കൂടിക്കാഴ്ചക്ക് ചരിത്ര നഗരമായ മഹാബലിപുരം വേദിയായതിന് പിന്നിലെ നയതന്ത്ര രാഷ്ട്രീയം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംങ്ങും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്കായുടെ വേദിയായി ചെന്നൈയിലെ മഹാബലിപുരം തിരഞ്ഞെടുത്തപ്പോൾ പലരും ചോദിക്കുന്ന പ്രധാനകാര്യം എന്തുകൊണ്ട് ന്യുഡൽഹി ഒഴിവാക്കി ഇതുപോലെ ഒരു ചരിത്ര നഗരം തെരഞ്ഞെടുത്തുവെന്നത്. ഇതിൽ ഒന്നാമത്തേത്, തമിഴ്‌നാടിന് പ്രധാനമന്ത്രിയും ബിജെപിയും നൽകുന്ന പ്രാധാന്യമാണ്. തമിഴ്‌നാട്ടിൽ രാഷ്ട്രീയ ആധിപത്യനുള്ള ബിജെപിയുടെ നീക്കങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഹിന്ദി ഭാഷാ വിവാദം തണുപ്പിക്കാനായും ഇതുകൊണ്ട് പ്രാധാനമന്ത്രി മോദിക്കും കൂട്ടർക്കുമായി. ഷീ ജിൻപിംങ്ങുമായി ചരിത്രസ്മാരകങ്ങൾ സന്ദർശിക്കവെ മോദി ധരിച്ചിരുന്ന അരക്കൈയൻ ഷർട്ടും മുണ്ടും വേഷ്ടിയുമായിരുന്നു. പരമ്പരാഗതമായ ചെട്ടിയാർ വസ്ത്രം തമിഴ്മക്കളുടെ മനസ്സിൽ കയറിക്കൂടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ്.

മഹാബലിപുരത്തിനും ചൈനയുമായുള്ള ചരിത്രപരമായ ബന്ധമാണ് ഇവിടം തിരഞ്ഞെടുക്കാനുള്ള കാരണമായി ഔദ്യോഗികമായി പറയുന്നത്. കിഴക്കൻ ചൈന നഗരമായ ഫൂജിയനുമായി ഏഴാം നൂറ്റാണ്ടിൽ വ്യാപാരബന്ധമുണ്ടായിരുന്ന പല്ലവ രാജാക്കന്മാരുടെ രാജധാനിയായിരുന്നു മഹാബലിപുരം. ഷി ജിൻപിങ് നേരത്തേ ഫൂജിയൻ ഗവർണറായിരുന്നു. മഹാബലിപുരത്തു നിന്നു അഞ്ചാംനൂറ്റാണ്ടിൽ ചൈനയിലേക്ക് പോയ പോയ തമിഴ് രാജകുമാരൻ ബോധിധർമനാണു സെൻ ബുദ്ധിസം ചൈനയിൽ പ്രചരിപ്പിച്ചത്.

സെൻ ബുദ്ധിസം മാത്രമല്ല, ചികിത്സയുടെയും ആയോധനകലയുടെയും നൂതന പാഠങ്ങൾ പകർന്നുകടുത്തതും ബോധിധർമ്മൻ തന്നെ. അദ്ദേഹത്തിന്റെ പേരിൽ കാന്റൻ പ്രവിശ്യയിൽ ക്ഷേത്രമുണ്ട്. ഏഴാം നൂറ്റാണ്ടിൽ മഹാബലിപുരം സന്ദർശിച്ച ചൈനീസ് സഞ്ചാരി ഹുവാൻ സാംഗ് തന്റെ യാത്രയെക്കുറിച്ചു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ ആരോവില്ലിൽ ഏറെക്കാലം താമസിച്ചിട്ടുള്ള ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവ സാഹുയ് ആണു മഹാബലിപുരത്തിന്റെ പേര് ഉച്ചകോടിക്കായി നിർദേശിച്ചതെന്നാണു സൂചന.

ചൈനയുടെയും പേർഷ്യയുടെയും റോമിന്റെയും നാണയങ്ങൾ മഹാബലിപുരത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് മഹാബലിപുരത്തിന്റെ രാജ്യാന്തര വ്യവസായ ബന്ധങ്ങൾക്ക് തെളിവാണ്. കലകളോടും ശില്പവിദ്യയോടും മാമല്ലനുണ്ടായിരുന്ന അടുപ്പത്തിന്റെ അടയാളങ്ങൾ ഇന്നും മഹാബലിപുരത്തുണ്ട്. 2004ലെ സുനാമിയിൽ മഹാബലിപുരത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന കൂടുതൽ തെളിവുകൾ കണ്ടെടുക്കപ്പെട്ടിരുന്നു.പല്ലവ രാജവംശത്തിന്റെ രാജധാനിയായിരുന്നു ചരിത്ര മുറങ്ങുന്ന കടലോര നഗരമായ മഹാബലി പുരം.പല്ലവകാലഘട്ടത്തിലെ കലാകാരന്മാർ കല്ലിൽകൊത്തിയ പ്രൗഢിയേറിയ ശില്പങ്ങളാലും മനോഹരമായ തീരദേശത്താലും ഇവിടം പ്രശ്സതമാണ്.

ബംഗാൾ ഉൾക്കടലിന്റെ ഓരം ചേർന്നുകിടക്കുന്ന മഹാബലിപുരം പല്ലവ രാജവംശം ഏഴാമത്തെയും എട്ടാമത്തെയും നൂറ്റാണ്ടുകളിൽ പടുത്തുയർത്തിയ നഗരമാണ്. പല്ലവരാജാവായ നരസിംഹവർമൻ ഒന്നാമനാണ് മാമല്ലപുരം എന്ന നഗരം സൃഷ്ടിച്ചത്. പിന്നീട് മഹാബലിപുരമെന്നും അറിയപ്പെട്ടു. പല്ലവന്മാരുടെ വാസ്തുവിദ്യാശൈലികൾ ചൈനക്കാരെ സ്വാധീനിച്ചിട്ടുണ്ട്. പല്ലവന്മാർക്ക് ചൈനക്കാരുമായി കടൽവഴി വ്യാപാരബന്ധവും ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.

രാജ്യത്ത് മറ്റെങ്ങും കാണാത്ത ശില്പചാതുരിയാണ് മഹാബലിപുരത്തിന്റെ പ്രധാന സവിശേഷത. ദൈവങ്ങളും സാധാരണ മനുഷ്യരും ക്ഷേത്രങ്ങളും ഗുഹകളും ആനകളും സിംഹങ്ങളും ആടുകളും ആമകളും കാട്ടുപന്നിയും പൂച്ചയും എലികളും വാനരന്മാരും പക്ഷികളും എന്നുവേണ്ട ഒട്ടുമിക്ക ചരാചരങ്ങളെയും ശില്പങ്ങളിൽ കാണാം. സൂര്യനും ചന്ദ്രനും ഗന്ധർവന്മാരും അപ്‌സരസുകളും വേട്ടക്കാരും സന്ന്യാസിമാരുമൊക്കെ പാറകളിൽ കൊത്തിവെക്കപ്പെട്ടിരിക്കുന്നു. മിക്കവയും ഒറ്റക്കല്ലിൽ തീർത്തവയാണ്. ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ തുറമുഖപട്ടണമായിരുന്ന മഹാബലിപുരം 'യുനെസ്‌കോ'യുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

'അർജുനന്റെ തപം' എന്ന വലിയ കരിങ്കൽശില്പമാണ് നരേന്ദ്ര മോദിയും ഷി ജിൻ പിങും ഒരുമിച്ച് സന്ദർശിക്കുന്ന ഒരിടം. പാശുപതാസ്ത്രത്തിനുവേണ്ടിയുള്ള അർജുനന്റെ തപസ്സാണ് ഇതിന്റെ ഇതിവൃത്തമെന്നാണ് അനുമാനം. 'കൃഷ്ണന്റെ വെണ്ണക്കല്ല്' എന്നറിയപ്പെടുന്ന കൂറ്റൻ ഉരുളൻകല്ലും ഇരുനേതാക്കളും ഒരുമിച്ച് സന്ദർശിക്കും. ഒരു ചെരിവിൽ താങ്ങൊന്നുമില്ലാതെ നിൽക്കുന്ന കൂറ്റൻ ഉരുളൻകല്ലാണ് ഇത്. പ്രസിദ്ധമായ 'ഷോർ ടെമ്പിൾ' ആണ് ഇരുവരും സന്ദർശിക്കുന്ന മറ്റൊരിടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP