Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദിയിലെ അധികാര കൈമാറ്റം കടുത്ത അഭിപ്രായ ഭിന്നതകൾക്കൊടുവിൽ; ഇന്നലെ വരെ കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫ് ഇനി വെറുതെ ഇരിക്കില്ല; പുരോഗമന ചിന്താഗതിക്കാരനായ പുതിയ കിരീടാവകാശി സൗദിയുടെ ചരിത്രം പൊളിച്ചെഴുതുമോ? സൗദിയിലെ അധികാര തർക്കം തുടരും

സൗദിയിലെ അധികാര കൈമാറ്റം കടുത്ത അഭിപ്രായ ഭിന്നതകൾക്കൊടുവിൽ; ഇന്നലെ വരെ കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫ് ഇനി വെറുതെ ഇരിക്കില്ല; പുരോഗമന ചിന്താഗതിക്കാരനായ പുതിയ കിരീടാവകാശി സൗദിയുടെ ചരിത്രം പൊളിച്ചെഴുതുമോ? സൗദിയിലെ അധികാര തർക്കം തുടരും

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി ഭരണത്തിലെ പിന്തുടർച്ചാവകാശത്തിൽ മാറ്റം വരുത്തിയ സൽമാൻ രാജാവിന്റെ നീക്കം അഭിപ്രായ ഭിന്നതകൾക്കൊടുവിലായിരുന്നു. കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെ മാറ്റി മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി സൽമാൻ രാജാവ് പ്രഖ്യാപിച്ചത് അസ്വാഭാവിക നടപടിയാണ്. ഇതിനെതിരെ മുഹമ്മദ് ബിൻ നായിഫ് കരുതലോടെ നീങ്ങാനാണ് സാധ്യത. ഈ അധികാര തർക്കം പൊട്ടിത്തെറിയിലെത്തതിരിക്കാനുള്ള കരുതൽ സൽമാൻ രാജാവും എടുക്കുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അടുപ്പവും അദ്ദേഹത്തിന് സൗദിയിൽ നൽകിയ സ്വീകരണവും ലോകമാകെ സസൂക്ഷ്മം വീക്ഷിച്ചിരുന്നു. ഇറാന്റെ സ്വാധീനത്തിൽ കഴിയുന്ന ഖത്തറിനെതിരേ ഏർപ്പെടുത്തിയ ഉപരോധവും സൗദിയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മുഖമുദ്രയായി. ഇതും മുഹമ്മദ് ബിൻ സൽമാന്റെ തീരുമാനമായിരുന്നു. സൗദിയുടെ തീരുമാനത്തെ യുഎഇ, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളും മറ്റൊരു അറബ് രാജ്യമായ ഈജിപ്തും പിന്തുണയ്ക്കുകയും ചെയ്തു. ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധവും വന്ന സാഹചര്യത്തിൽ മുഹമ്മദ് ബിൻ സൽമാന്റെ പുതിയ പദവി സൗദിയുടെ വരും കാലത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുകയെന്നാണ് വിലയിരുത്തൽ. സൗദിയുടെ സാമ്പത്തിക രംഗത്ത് നിർണായക ഇടപെടലുകളാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിക്കൊണ്ടിരിക്കുന്നത്. എണ്ണയെ ആശ്രയിച്ച് മാത്രം സാമ്പത്തിക വളർച്ച എന്ന സൗദിയുടെ സാമ്പ്രദായിക രീതി മാറ്റാനാണ് രാജകുമാരന്റെ പ്രധാന നീക്കം.

എന്നാൽ മുഹമ്മദ് ബിൻ നായിഫ് തീർത്തും അസംതൃപ്തനാണ്. സൗദിയിലെ ഭരണ രീതി അനുസരിച്ച് രാജാവിനെ പരസ്യമായി ചോദ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് മാത്രമാണ് പരസ്യ വിമർശനങ്ങൾ ഉയരാത്തത്. മുഹമ്മദ് ബിൻ സൽമാനും മുഹമ്മദ് ബിൻ നായിഫും തമ്മിലെ ഭിന്നത നേരത്തെ തന്നെ സൽമാൻ രാജാവിന് തലവേദനയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സൗദിയിലെ യുവ ജനതയെ വിശ്വാസത്തിലെടുക്കാനാണ് മാറ്റം. ഇതിന് മുമ്പും സൽമാൻ രാജാവും നായിഫും തമ്മിലെ ഭിന്നത അതിരൂക്ഷമാണെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇത് രൂക്ഷമായതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. ഭരണത്തിൽ മകന് കൂടുതൽ പങ്കാളിത്തം നൽകുന്നുവെന്ന പരാതി നായിഫിന് ഉണ്ടായിരുന്നു. ഇനും മാറ്റങ്ങൾക്ക് ഭരണതലത്തിൽ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നവരും ഉണ്ട്. സൗദിയിൽ നിലനിന്നിരുന്ന സഹോദരന്മാരിലൂടെ അധികാരം കൈമാറുന്ന വ്യവസ്ഥിതി മാറ്റി രാജാവിൽ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും കഴിവുറ്റ മകനിലേയ്ക്ക് അധികാരം കൈമാറുന്ന രീതിയിലേയ്ക്ക് മാറണമെന്ന സൽമാൻ രാജാവിന്റെ ആഗ്രഹത്തിനനുസരിച്ചാണ് പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രഖ്യാപിക്കുന്നത്.

'മിസ്റ്റർ എവരിതിങ്' എന്നപേരിൽ അറബ് ലോകത്ത് സുപരിചിതനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 1985 ഓഗസ്റ്റ് 31നാണ് ജനിച്ചത്. 2015 ജനുവരി 23 ന് സൽമാൻ രാജാവ് ചുമതലയേൽക്കുന്ന സമയത്തു തന്നെ മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചിരുന്നു. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അന്ന് മുപ്പത്തിയൊന്നുകാരനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പുതിയ പ്രഖ്യാപനത്തോടെ സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്ത് നിന്നാണ് ഉപപ്രധാനമന്ത്രി പദത്തിലേക്ക് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉയർത്തപ്പെടുന്നത്. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റുന്നതിനായി സൽമാൻ രാജാവ് നിയോഗിച്ച സമിതിയുടെ തലവൻ കൂടിയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ . പുതിയ പ്രഖ്യാപനത്തോടെ രാജാവിന് ശേഷം രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മാറി .

യെമനിലെ സൈനിക നീക്കങ്ങൾക്കും എണ്ണ വിലത്തകർച്ചയിൽ തളർന്ന സൗദിയെ നൂതന വിദ്യകളിലൂടെ ഉന്നതിയിലേക്കു നയിക്കുകയും ചെയ്തതാണ് മുഹമ്മദ് ബിൻ സൽമാന് ഗുണകരമായത്. സൗദിയുടെ ആഭ്യന്തര സുരക്ഷയും തീവ്രവാദ വിരുദ്ധ നീക്കങ്ങളും ശക്തിപ്പെടുത്താനാണ് മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതെന്നാണു വിലയിരുത്തൽ. ഇതോടെ സൗദിയുടെ അടുത്ത ഭരണാധികാരിയാകാൻ മുപ്പത്തൊന്നുകാരനായ മുഹമ്മദ് ബിൻ സൽമാന് കൂടുതൽ വഴിതെളിഞ്ഞു. യെമനിലെ ഹുതികൾക്കെതിരായ സൈനിക നടപടികൾക്കു നേതൃത്വം നൽകിയത് മുഹമ്മദ് ബിൻ സൽമാനായിരുന്നു. എണ്ണവിലത്തകർച്ചയിൽ സൗദി വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുമെന്നു കണ്ടപ്പോൾ വൈവിധ്യമുള്ള പദ്ധതികളുമായി സാമ്പത്തിക നിലയെ പിടിച്ചുനിർത്താൻ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ശ്രമങ്ങൾ ലോകത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

സർക്കാർ അധീനതയിലുണ്ടായിരുന്ന സൗദി അരാംകോ എണ്ണക്കമ്പനിയുടെ ഓഹരികൾ വിറ്റഴിച്ചു ധനസമാഹാരണം നടത്തി എണ്ണവില പ്രതിസന്ധിയിൽനിന്നു കരകയറാൻ സൗദിയെ സഹായിച്ചതാണ് മുഹമ്മദ് ബിൻ സൽമാന്റെ ഏറ്റവും ദീർഘവീക്ഷണമുള്ള തീരുമാനമായി വിലയിരുത്തുന്നത്. നിരവധി സബ്സിഡികളും നിർത്തലാക്കിയിരുന്നു. 2014-ലെ എണ്ണവിലത്തകർച്ചയിൽ സൗദിയിലെ സാമ്പത്തിക വ്യവസ്ഥ അങ്ങേയറ്റം തളർച്ചാഭീഷണിയായിലായിരുന്നു. നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി. അപ്പോഴാണ് ഓഹരി വിറ്റഴിക്കലും പുതുതലമുറ സാമ്പത്തിക ശാസ്ത്രത്തിൽ അധിഷ്ഠിതമായ നവീന പ്രവർത്തികളുമായി മുഹമ്മദ് ബിൻ സൽമാൻ രംഗത്തെത്തിയത്. യാഥാസ്ഥിതികമായ നിലപാടുകളും രീതികളും വച്ചുപുലർത്തുന്ന സൗദിയിൽ മാറിച്ചിന്തിക്കുന്ന യുവ ഭരണാധികാരികൂടിയാണ് മുഹമ്മദ് ബിൻ സൽമാൻ. യുവാക്കൾക്ക് സംഗീതത്തിൽ കൂടുതൽ ഇടപഴകാനുള്ള സൗകര്യം ഒരുക്കിയതാണ് ഇതിലൊന്ന്. യുവാക്കൾക്ക് കൂടുതൽ സാഹചര്യങ്ങളൊരുക്കി സൗദിയിൽ മൊത്തത്തിലുള്ള സാമൂഹികമാറ്റത്തിനാണ് മുഹമ്മദ് ബിൻ സൽമാൻ തയ്യാറെടുക്കുന്നത്.

യുവാക്കൾക്കു വിനോദത്തിനു കൂടുതൽ സൗകര്യങ്ങളൊരുക്കാനാണ് മുഹമ്മദ് ബിൻ സൽമാന്റെ പദ്ധതി. പ്രതിരോധ മന്ത്രിയെന്ന നിലയിലും വളരെ മികച്ച പ്രകടനാണ് മുഹമ്മദ് ബിൻ സൽമാൻ കാഴ്ചവച്ചത്. ഇതും കിരീടാവകാശി എന്ന നിലയിലേക്കു സ്ഥാനക്കയറ്റം കിട്ടുന്നതിൽ സഹായകമായി. യെമനിൽ ഷിയാ ഹൂതിപ്പടയ്ക്കെതിരായ സൈനിക നീക്കത്തിന് ചുക്കാൻ പിടിച്ചതിലൂടെ ഭീകര വിരുദ്ധ പോരാട്ടത്തിൽ സൗദി നിലപാട് വ്യക്തമായി. അതേസമയം, വിദേശകാര്യ നിലപാടുകളിലും വളരെ പുരോഗമനാത്മകമായ സമീപനമാണ് മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നത്. സൽമാൻ രാജാവിന്റെ മൂന്നാം ഭാര്യ ഫഹ്ദ ബിൻത് ഫലാഹ് ബിൻ സുൽത്താനിലുള്ള നാല് മക്കളിൽ മൂത്തവനാണ് മുഹമ്മദ് രാജകുമാരൻ. കിങ് സൗദ് യൂണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദമുള്ള മുഹമ്മദ് ബിൻ സൽമാൻ ആണ് രാജാവിനുള്ള നിർണായക നിർദ്ദേശങ്ങൾ നൽകിയിരുന്നത്.

സൽമാൻ രാജാവ് റിയാദ് ഗവർണറായിരുന്ന സമയത്താണ് മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തിന്റെ ഉപദേശകസ്ഥാനത്തേക്ക് വന്നുകൊണ്ട് രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. പിന്നീട് പിതാവിനൊപ്പം നിഴലായി ഇദ്ദേഹം ഉണ്ടായിരുന്നു ജീവകാരുണ്യരംഗത്തും യുവജനക്ഷേമ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മുഹമ്മദ് രാജകുമാരൻ 2011 ൽ സ്ഥാപിച്ചതാണ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് ചാരിറ്റി ഫൗണ്ടേഷൻ അഥവാ മിസ്‌ക് ഫൗണ്ടേഷൻ.പിതാവ് റിയാദ് ഗവർണറായിരിക്കുന്ന സമയത്ത് സ്വകാര്യ മേഖലയിൽ രാജ്യവികസനത്തിനുള്ള പര്യവേഷണങ്ങൾ നടത്തിയിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിനുള്ള അടിത്തറ പാകുകയായിരുന്നു.

അതിനിടെ സൗദി കിരീടാവകാശിയായി നിയോഗിക്കപ്പെട്ട മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനായുള്ള അനുസരണ പ്രതിജ്ഞ തുടങ്ങി. മുൻകിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിൻ നയേഫ് രാജകുമാരനാണ് മക്ക അൽസഫ കൊട്ടാരത്തിൽ പുതിയ കിരീടാവകാശിക്ക് ആദ്യമായി അനുസരണ പ്രതിജ്ഞ ചെയ്തത്. രാത്രി തറാവീഹ് നമസ്‌കാരത്തിനുശേഷം രാജകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും അടക്കമുള്ളവർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി അംഗീകരിച്ച് അനുസരണ പ്രതിജ്ഞ ചെയ്തു. പ്രവിശ്യകളിൽ പ്രവിശ്യാ ഗവർണർമാരും സബ് ഗവർണർമാരും മർകസ് മേധാവികളുമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രതിനിധീകരിച്ച് അനുസരണ പ്രതിജ്ഞ സ്വീകരിച്ചത്. അനുസരണ പ്രതിജ്ഞയ്ക്കായി വരും ദിവസങ്ങളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

പിന്തുടർച്ചാവകാശ സമിതി രൂപീകരിച്ച ശേഷം ആദ്യമായാണ് ഒരു കിരീടാവകാശിയെ തെരഞ്ഞെടുക്കുന്നതിന് ഇത്രയും കൂടുതൽ അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നത്. 34 ൽ 31 അംഗങ്ങളുടെ പിന്തുണയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ലഭിച്ചത്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി തെരഞ്ഞെടുക്കുന്നതിനെ പിന്തുണക്കുന്ന കത്ത് മുഹമ്മദ് ബിൻ നയേഫ് രാജകുമാരൻ രാജാവിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇത് സമ്മർദ്ദത്തിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP