Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാനഡ മോദിയെ എതിരേറ്റത് അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കുന്നതുപോലെ; വിദേശ രാജ്യങ്ങളിലെ ഇന്ത്യയുടെ വിശ്വാസ്യതയ്ക്ക് ബ്രാൻഡ് മോദി ആവേശമാകുന്നു

കാനഡ മോദിയെ എതിരേറ്റത് അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കുന്നതുപോലെ; വിദേശ രാജ്യങ്ങളിലെ ഇന്ത്യയുടെ വിശ്വാസ്യതയ്ക്ക് ബ്രാൻഡ് മോദി ആവേശമാകുന്നു

ടൊറന്റോ: അമേരിക്കൻ പ്രസിഡന്റിനെ എതിരേൽക്കുന്നതു പോലെയുള്ള സ്വീകരണമാണ് നാലു പതിറ്റാണ്ടിനുശേഷം ഔദ്യോഗിക സന്ദർശനത്തിന് തങ്ങളുടെ രാജ്യത്തെത്തിയ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് കാനഡ ഒരുക്കിയത്. ഫ്രാൻസ്, ജർമനി പര്യടനത്തിനുശേഷം കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശ്വോജ്വല വരവേൽപാണ് കാനഡയിൽ ലഭിച്ചത്.

കാനഡയിലെ പ്രതിരോധ മന്ത്രി ജയ്‌സൺ കെനി, രാജ്യാന്തര വ്യാപാരകാര്യ മന്ത്രി എഡ് ഫാസ്റ്റ്, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വിഷ്ണു പ്രകാശ് എന്നിവർ ചേർന്ന് മോദിയെ വരവേറ്റു. വരവേൽക്കാനെത്തിയവരിലെ ഇന്ത്യക്കാരെ ഹസ്തദാനം നടത്തിയും മൊബൈലിലും മറ്റുമായി ചിത്രങ്ങൾ പകർത്തുന്നവരെ അഭിവാദ്യം ചെയ്തുമാണ് മോദി വിമാനത്താവളം വിട്ടത്.

നാലു പതിറ്റാണ്ടിനുശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ വരവിൽ നിരവധി കരാറുകളും കാനഡയുമായി ധാരണയായി. കാനഡയിലെ സസ്‌കാച്വൻ പ്രവിശ്യയിലുള്ള കാമക്കോ കോർപറേഷനിൽനിന്ന് 35 കോടി ഡോളറിന്റെ (2100 കോടിയിലേറെ രൂപ) യുറേനിയം ഇറക്കുമതി ചെയ്യാനുള്ള കരാറാണ് ഇതിൽ പ്രധാനം. ഊർജോൽപാദനത്തിനായി അഞ്ചു വർഷംകൊണ്ട് 70 ലക്ഷം പൗണ്ട് യുറേനിയമാണ് ഇന്ത്യയിലെ ആണവോർജ വകുപ്പ് ഇറക്കുമതി ചെയ്യുക. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുടെയും സാന്നിധ്യത്തിലാണ് തലസ്ഥാനമായ ഒട്ടാവയിൽ കരാറൊപ്പിട്ടത്.

കനേഡിയൻ പൗരന്മാർക്ക് 10 വർഷ കാലാവധിയുള്ള വീസയും ഓൺ അറൈവൽ വീസ സംവിധാനവും ഏർപ്പെടുത്തുമെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളിൽ സെപ്റ്റംബറോടെ തീരുമാനമാകുമെന്നും സ്റ്റീഫൻ ഹാർപർ സൂചന നൽകി. വ്യോമയാന, റയിൽ, വിദ്യാഭ്യാസ, ബഹിരാകാശ, സാമൂഹിക സുരക്ഷ, ശിശു ആരോഗ്യ പരിപാലന രംഗങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനും ധാരണയായി. ഇതിലൂടെ വിമാനത്താവള, റയിൽ ഗതാഗത വികസന-സുരക്ഷാ പദ്ധതികളിൽ കനേഡിയൻ നിക്ഷേപം ഉറപ്പാക്കും. വ്യോമയാന, ഐടി, വാഹന, കൃഷി, വസ്ത്ര, ആരോഗ്യ, നിർമ്മാണ രംഗങ്ങളിലാകും വിദ്യാഭ്യാസ-തൊഴിൽ വൈദഗ്ധ്യ സംരംഭങ്ങൾ നടപ്പാക്കുക. ഗർഭസ്ഥ ശിശുക്കളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട അഞ്ച് സംരംഭങ്ങളിൽ 25 ഡോളറാണ് (15 കോടിയിലേറെ രൂപ) നിക്ഷേപിക്കുക. ഇന്ത്യയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് ഇവിടെ പെൻഷൻ പദ്ധതിയിൽ തുടരാൻ സാമൂഹിക സുരക്ഷാ കരാറിലൂടെ സാധിക്കും.

കാൽനൂറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ ഊർജോൽപാദനം മൂന്നിരട്ടിയിലേറെ ആകുമെന്നതു കണക്കിലെടുത്താണ് സൈനികേതര ആവശ്യങ്ങൾക്കായി യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തുന്നത്. ഊർജ ഉപയോഗത്തിൽ ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യയെങ്കിൽ, യുറേനിയം ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് കാനഡയ്ക്കുള്ളത്. കരാറിലൂടെ കാനഡയ്ക്ക് ഇന്ത്യയെക്കുറിച്ചുള്ള വിശ്വാസ്യതയും മതിപ്പുമാണ് തെളിയുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. 2013ൽ ഇന്ത്യ- കാനഡ ആണവ സഹകരണത്തിന് കളമൊരുങ്ങിയതാണ് ഇപ്പോഴത്തെ കരാറിലേക്കുള്ള വഴിയൊരുക്കിയത്.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും ഇക്കാര്യത്തിൽ കാനഡ സ്വീകരിക്കുന്ന നിലപാടുകളിലും മറ്റുള്ളവരെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിലും പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്നും മോദി ചൂണ്ടിക്കാട്ടി. കനേഡിയൻ പാർലമെന്റിനുനേരെ നടന്ന ആക്രമണം ജനാധിപ്യത്തിനും മനുഷ്യവംശത്തിനും നേരെ നടന്ന ആക്രമണമാണ്. അതുകൊണ്ടുതന്നെ ഇത്തരം പോരാട്ടങ്ങൾക്കെതിരെ ലോകമനസാക്ഷി ഉണരണം. രാജ്യാന്തര ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ ഐക്യരാഷ്ട്ര സംഘടനയും ധീരമായ നിലപാട് എടുക്കണമെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും ഇത്തരം പ്രതിസന്ധികൾ നേരിടുന്നതിനാൽ ഇക്കാര്യത്തിൽ ഒരേ മനസാണുള്ളതെന്നു ഹാർപറും പ്രതികരിച്ചു. വ്യാപാര- വാണിജ്യ മേഖലകളിൽ കൂടുതൽ സഹകരണത്തിനും നിക്ഷേപത്തിനും മോദിയുടെ വരവ് ഉപകരിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർക്കൊപ്പം ഒട്ടേറെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന മോദിക്ക് വൈകുന്നേരം ടൊറന്റോയിലെ റീക്കോ കൊളീസിയത്തിൽ 'മാഡിസൺ സ്‌ക്വയർ മോഡൽ വരവേൽപ്പും ഒരുക്കിയിരുന്നു. കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറും ഇതിൽ ഭാഗമാകുന്നു എന്ന പ്രത്യേകതയാണ് ഇതിനുണ്ടായിരുന്നത്. യുഎസ്സിലും ഓസ്‌ട്രേലിയയിലും ഇതേപോലെ ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണത്തിൽ മോദി പങ്കെടുത്തിരുന്നെങ്കിലും അവിടങ്ങളിലെ ഭരണത്തലവന്മാരുടെ സാന്നിധ്യമില്ലായിരുന്നു.

പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിലൂടെ ഇവരുടെ പിന്തുണകൂടി ഉറപ്പാക്കുകയാണ് ഹാർപറുടെ ലക്ഷ്യമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. മലയാളികൾ ഉൾപ്പെടെ പന്ത്രണ്ട് ലക്ഷത്തിലേറെ ഭാരതീയരാണ് കാനഡയിലേക്കു കുടിയേറിയിട്ടുള്ളത്. ഇവരിൽ ഭൂരിപക്ഷവും പഞ്ചാബിൽനിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്. ടൊറന്റോയിൽ വ്യാഴാഴ്ച വിവിധ കൂടിക്കാഴ്ചകൾക്കുശേഷം വാൻകൂവറിലെത്തുന്ന മോദി, അവിടെ ഹൈന്ദവ- സിഖ് ക്ഷേത്രങ്ങളും സന്ദർശിച്ചാണ് ന്യൂഡൽഹിയിലേക്കു മടങ്ങുക.

അഞ്ചുവർഷം മുൻപ് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്മോഹൻ സിങ് കാനഡയിൽ എത്തിയിരുന്നെങ്കിലും അത് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു. മോദിക്കു മുൻപ് ഔദ്യോഗിക സന്ദർശനത്തിനായി ഇവിടെ എത്തിയത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു, 1973ൽ. നാൽപത്തിരണ്ടു വർഷത്തിനുശേഷം ഒരു പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നു എന്നതാണ് ഇന്ത്യൻ സമൂഹത്തിന്റെ ആവേശകരമായ കാത്തിരിപ്പിന് കാരണം. മോദിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ പൊതുചടങ്ങ് നടക്കുന്ന റീക്കോ കൊളീസിയത്തിന് ഉൾക്കൊള്ളാവുന്നതിലധികം പേരാണ് പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP