Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നവാസ് ഷെരീഫിനെ അഴിക്കുള്ളിലാക്കിയത് പാനമ പേപ്പർസിന്റെ വെളിപ്പെടുത്തൽ; ലണ്ടനിലെ സമ്പന്ന പ്രദേശമായ അവെൻ ഫീൽഡിൽ നാല് ആഡംബര ഫ്ളാറ്റുകൾ സ്വന്തമാക്കിയ കേസിൽ കോടതി ശിക്ഷിച്ചതോടെ നാട്ടിൽ എത്തിയ ഉടനെ അറസ്റ്റ്; അധികാരം ഒഴിഞ്ഞാലുള്ള ജയിൽ ജീവിതവും വിദേശത്തേക്കുള്ള ഒളിച്ചോട്ടവും പാാക് ജനാധിപത്യത്തിൽ പതിവ് പല്ലവി

നവാസ് ഷെരീഫിനെ അഴിക്കുള്ളിലാക്കിയത് പാനമ പേപ്പർസിന്റെ വെളിപ്പെടുത്തൽ; ലണ്ടനിലെ സമ്പന്ന പ്രദേശമായ അവെൻ ഫീൽഡിൽ നാല് ആഡംബര ഫ്ളാറ്റുകൾ സ്വന്തമാക്കിയ കേസിൽ കോടതി ശിക്ഷിച്ചതോടെ നാട്ടിൽ എത്തിയ ഉടനെ അറസ്റ്റ്; അധികാരം ഒഴിഞ്ഞാലുള്ള ജയിൽ ജീവിതവും വിദേശത്തേക്കുള്ള ഒളിച്ചോട്ടവും പാാക് ജനാധിപത്യത്തിൽ പതിവ് പല്ലവി

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: ഇന്ത്യയ്‌ക്കൊപ്പം പിറവികൊണ്ട രാജ്യമാണെങ്കിലും പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ജനാധിപത്യം എന്നത് പൂർണ്ണ അർത്ഥത്തിൽ എത്തിപ്പെട്ടിട്ടില്ല. ജനാധിപത്യ സർക്കാറുകളെ അട്ടിമറിക്കാൻ തക്കം പാർത്തിരിക്കുന്ന പട്ടാളമാണ് അവിടെയുള്ളത്. രാഷ്ട്രീയവും തികഞ്ഞ അനിശ്ചിതത്വം നിറഞ്ഞതാണെന്ന കാര്യത്തിലും ആർക്കും തർക്കമുണ്ടാകില്ല. ആ രാഷ്ട്രീയ അനിശ്ചിതത്വം തന്നെയാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഇപ്പോൾ അഴിക്കുള്ളിലാക്കിയിരിക്കുന്നത്. ഇന്നലെ പാക്കിസ്ഥാൻ വന്നിറങ്ങിയതിന് പിന്നാലെ ഷെരീഫിനെ അറസ്റ്റു ചെയ്തത് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ്.

പാനമ പേപ്പർ ലീക്‌സ് പുറത്തുവിട്ട അഴിമതി വിവരങ്ങളെ തുടർന്നാണ് ഷെരീഫിനെ കോടതി ശിക്ഷിക്കുന്നത്. ലണ്ടനിലെ സമ്പന്ന പ്രദേശമായ അവെൻ ഫീൽഡിൽ നാല് ആഡംബര ഫ്‌ളാറ്റുകൾ സ്വന്തമാക്കിയ കേസിലാണ് ശിക്ഷിച്ചത്. ശരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോർട്ടുകൾ കണ്ടുകെട്ടി. 68 കാരനായ ശരീഫിന് 10 വർഷവും 44 കാരിയായ മകൾക്ക് ഏഴ് വർഷവുമാണ് ശിക്ഷ വിധിച്ചത്. മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരൻ ഷെഹബാസിനെയും കാണാൻ നവാസ് ശരീഫിന് അനുമതി നൽകി. രാത്രി 9.15ഓടെ ലാഹോറിലെ അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിലിറങ്ങിയ ഉടനെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പാക്കിസ്ഥാനിലെ വരുംതലമുറക്കുവേണ്ടിയുള്ള ത്യാഗമാണിതെന്നും ഇത്തരം അവസരം പിന്നീടു ലഭിച്ചെന്നുവരില്ലെന്നും ശരീഫ് പാക്കിസ്ഥാനിലേക്കുള്ള യാത്രക്കിടെ അബൂദബി വിമാനത്താവളത്തിൽ പ്രതികരിച്ചു. ഉന്നതരുടെ അനധികൃത സമ്പാദ്യ വിവരങ്ങൾ പാനമ രേഖകൾ വഴി പുറത്തുവന്നതിനെ തുടർന്ന് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) എടുത്ത മൂന്ന് കേസുകളിലൊന്നിലാണ് ശിക്ഷ വിധിച്ചത്. അഞ്ചുതവണ മാറ്റിവെച്ചശേഷം പ്രഖ്യാപിച്ച വിധിപ്രകാരമാണ് അറസ്റ്റ്.

അർബുദ ബാധിതയായ ഭാര്യ കുൽസൂം നവാസിന്റെ ചികിത്സക്കായി ലണ്ടനിലായിരുന്നു ശരീഫും കുടുംബവും. ജൂലൈ 25ന് പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള അറസ്റ്റ് പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ പറഞ്ഞു. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മകൾ മറിയത്തിനും മരുമകൻ സഫ്ദറിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. വിചാരണക്ക് ഹാജരാകാതിരുന്ന ശരീഫിന്റെ മക്കളായ ഹസനെയും ഹുസൈനെയും ഒളിവിലുള്ള പ്രതികളായി കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

അധികാരം ഒഴിഞ്ഞാൽ ജയിൽവാസമോ ഒളിച്ചോട്ടമോ പാക്കിസ്ഥാനിൽ പതിവുള്ളകാര്യമാണ്. പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് നവാസിന്റെ ജയിൽവാസമെന്നതും ശ്രദ്ദേയമാണ്. പാക്ക് രാഷ്ട്രീയ ചരിത്രത്തിലാദ്യമായി രണ്ട് ജനാധിപത്യസർക്കാരുകൾ പൂർണകാലാവധി പൂർത്തിയാക്കി മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. 2008-13ൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) സർക്കാർ കാലാവധി പൂർത്തിയാക്കി അടുത്ത ജനാധിപത്യ സർക്കാരിന് അധികാരം കൈമാറിയതുതന്നെ ചരിത്രസംഭവമായിരുന്നു. 2013-18ൽ പാക്കിസ്ഥാൻ മുസ്ലിംലീഗ് (പിഎംഎൽ) സർക്കാരും കാലാവധി പൂർത്തിയാക്കിയതോടെ രാജ്യത്ത് ജനാധിപത്യ സർക്കാരും വാഴും എന്ന നിലവന്നു.

ഈ മാസം 25നു നടക്കുന്ന തിരഞ്ഞെടുപ്പിൽ നവാസ് ഷരീഫിന്റെ പിഎംഎലിനായിരുന്നു ഇതുവരെയുള്ള അഭിപ്രായസർവേകളിൽ മേൽക്കൈ. പാനമ രേഖകളുടെ പശ്ചാത്തലത്തിൽ നവാസ് ഷരീഫ് പ്രധാനമന്ത്രിപദത്തിൽനിന്നു പുറത്താക്കപ്പെടുകയും പിന്നാലെ ആജീവനാന്ത രാഷ്ട്രീയ വിലക്ക് വരികയും ചെയ്തതോടെ സഹോദരൻ ഷഹബാസ് ഷരീഫ് ആണു പാർട്ടിയെ നയിക്കുന്നത്. പുതിയ സംഭവങ്ങളെ രാഷ്ട്രീയ പകപോക്കലായി ഷഹബാസ് വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ജനവിധിയെ ബാധിക്കുമെന്നു തന്നെയാണു വിലയിരുത്തൽ. മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാക്ക് തെഹ്രീകെ ഇൻസാഫ് (പിടിഐ) ആണ് രണ്ടാം സ്ഥാനത്തെന്നാണു പൊതുനിഗമനം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും ഇമ്രാൻ ഖാന്റെ പാർട്ടി തരംഗമാകുമെന്നായിരുന്നു സർവേകളെങ്കിലും ഫലം വന്നപ്പോൾ പ്രകടനം ദയനീയമായിരുന്നു.

പാക്ക് ചരിത്രത്തിൽ മൂന്നു തവണ പ്രധാനമന്ത്രിപദം വഹിച്ച ഏക വ്യക്തിയാണ് നവാസ് ഷരീഫ്. വൻ വ്യവസായി കൂടിയായ അദ്ദേഹം രാജ്യത്തെ ഏറ്റവും സമ്പന്നരിൽ ഒരാളുമാണ്. 1999ൽ പർവേസ് മുഷറഫ് പട്ടാളവിപ്ലവം നടത്തി നവാസ് ഷരീഫിനെ അധികാരത്തിൽനിന്നു പുറത്താക്കിയതിനു പിന്നാലെ അഴിമതിക്കേസിലും മറ്റുമായി അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ സൗദി അറേബ്യയിൽ സുരക്ഷിതപ്രവാസം. 2008ലെ പൊതുതിരഞ്ഞെടുപ്പിനാണ് പിന്നീട് ഷരീഫ് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയത്. പത്തുവർഷത്തെ ജയിൽശിക്ഷയുടെ വിധി വരുമ്പോഴും ഷരീഫും കുടുംബവും ലണ്ടനിലായിരുന്നു.

മറ്റൊരു മുൻപ്രധാനമന്ത്രി ബേനസീർ ഭൂട്ടോയും പ്രവാസം കഴിഞ്ഞ് 2008ലെ തിരഞ്ഞെടുപ്പിനു വേണ്ടിയാണ് രാജ്യത്തു തിരിച്ചെത്തിയത്. അത് അവരുടെ അന്ത്യയാത്രയാവുകയും ചെയ്തു. 2002ൽ ബേനസീറിന് മൂന്നുവർഷം തടവുവിധിച്ചിരുന്നെങ്കിലും വിദേശത്തായതിനാൽ നടപ്പായില്ല. ബേനസീറിന്റെ പിതാവ് സുൽഫിക്കർ അലി ഭൂട്ടോയും അധികാരക്കസേരയിൽനിന്നു ജയിലിലേക്കാണു പോയത്. പീപ്പിൾസ് പാർട്ടി (പിപിപി) വിമത നേതാവായിരുന്ന അഹമ്മദ് റാസ കസൂരിയുടെ പിതാവിന്റെ വധത്തിന് ഉത്തരവിട്ടതും കസൂരിയെ വധിക്കാൻ ശ്രമിച്ചതുമായ കുറ്റങ്ങളുടെ കേസിൽ അദ്ദേഹത്തിനു വധശിക്ഷ വിധിച്ചു. 1979 ഏപ്രിൽ നാലിന് അതു നടപ്പാക്കുകയും ചെയ്തു.

അധികാരം വിട്ടതോടെ പർവേസ് മുഷറഫിനും കേസിന്റെ കാലമായി. ബേനസീർ ഭൂട്ടോ വധക്കേസും രാജ്യദ്രോഹവും ഉൾപ്പെടെ ഒട്ടേറെ കേസുകൾ. ഇപ്പോൾ പിടികിട്ടാപ്പുള്ളിയും. ആദ്യം ലണ്ടനിൽ അഭിയം തേടിയിരുന്ന മുഷറഫ് പിന്നീടു കുറച്ചുകാലം രാജ്യത്തെത്തി 'വീട്ടുതടങ്കൽ' അനുഭവിച്ച ശേഷം ഇപ്പോൾ ദുബായിൽ പ്രവാസത്തിലാണ്. മുൻ പ്രസിഡന്റും ബേനസീർ ഭൂട്ടോയുടെ ഭർത്താവുമായ ആസിഫ് അലി സർദാരിക്കും ഇഷ്ടം ദുബായ് വാസം തന്നെ. അഴിമതിക്കേസിൽ മുൻപുതന്നെ ജയിൽവാസം അനുഭവിച്ചിട്ടുള്ള സർദാരി, 1997ൽ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതുതന്നെ ജയിലിൽനിന്നാണ്. ഒന്നുകിൽ അധികാരത്തിൽ സ്വയം മറന്നതിന്റെ തിക്തഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP