Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുട്ടിൻ ലോകസമാധാനത്തിന് ഭീഷണിയാണോ? എന്തുകൊണ്ടാണ് അമേരിക്ക പുട്ടിനെ ഇങ്ങനെ ഭയപ്പെടുന്നത്? പുട്ടിന്റെ അണുവായുധം മനുഷ്യകുലത്തെ ബാധിക്കുമോ? ലോകം ഉറ്റുനോക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ

പുട്ടിൻ ലോകസമാധാനത്തിന് ഭീഷണിയാണോ? എന്തുകൊണ്ടാണ് അമേരിക്ക പുട്ടിനെ ഇങ്ങനെ ഭയപ്പെടുന്നത്? പുട്ടിന്റെ അണുവായുധം മനുഷ്യകുലത്തെ ബാധിക്കുമോ? ലോകം ഉറ്റുനോക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ

മോസ്‌കോ: മൃഗീയമായ ഭൂരിപക്ഷത്തോടെ റഷ്യൻ പ്രസിഡന്റ് പദത്തിൽ വീണ്ടുമെത്തിയ വ്‌ളാദിമിർ പുട്ടിൻ ലോകത്തിനാകെ ഭീഷണിയായി മാറുമോ? സോവിയറ്റ് യൂണിയന്റെ കാലത്തുപോലും ഇല്ലാതിരുന്ന തരത്തിൽ, റഷ്യൻ പ്രസിഡന്റിലെ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ആശങ്കയോടെ കാണുന്നത് എന്തുകൊണ്ടായിരിക്കും? സിറിയയിലും യുക്രൈനിലുമൊക്കെ റഷ്യയുടെ സൈനിക നീക്കത്തെ പ്രതിരോധിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ പരാജയപ്പെട്ടത് എന്തുകൊണ്ടായിരിക്കും?

പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക ശക്തമാണെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ റഷ്യൻ ചാരനും മകൾക്കും നേരെ ബ്രിട്ടനിൽ നടന്ന ആക്രമണം. രാസായുധ വിഭാഗത്തിൽപ്പെടുന്ന വിഷമാണ് മുൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾ യൂലിയക്കും നേരെ ബ്രിട്ടനിലുണ്ടായത്. ബ്രിട്ടന്റെ സുരക്ഷാമുൻകരുതലുകളെയെല്ലാം വെല്ലുവിളിച്ച് നടന്ന ഈ സംഭവത്തിന് പിന്നിൽ റഷ്യയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും, ബ്രിട്ടൻ സംശയിക്കുന്നത് വ്‌ളാദിമിർ പുട്ടിനെയും റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളെയുമാണ്.

ജനാധിപത്യ രീതിയിലാണ് അധികാരത്തിലേറുന്നതെങ്കിലും, ഏകാധിപത്യ പ്രവണതകളാണ് പുട്ടിൻ പ്രകടിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രതിപക്ഷമില്ലാതെയാണ് റഷ്യയിൽ പുട്ടിന്റെ ഭരണം. തീരുമാനങ്ങളെ ആരും ചോദ്യം ചെയ്യുന്നുമില്ല. സിറിയയിലെയും യുക്രൈനിലെയും സൈനിക ഇടപെടലുകളിൽ പുട്ടിന്റെ അധീശത്വം ലോകം കണ്ടതാണ്. സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് രാജ്യത്തിനുണ്ടായിരുന്ന മേൽക്കോയ്മ പുട്ടിൻ തിരിച്ചുപിടിച്ചുതുടങ്ങിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തെ ഏതുരാജ്യത്തേയും ആക്രമിക്കാൻ പോന്ന ആണവായുധശേഖരം റഷ്യക്കുണ്ടെന്നാണ് കരുതുന്നത്. റഷ്യക്കുനേരെ ആക്രമണമുണ്ടായാൽ, ലോകത്ത് മറ്റൊരിടത്തും മനുഷ്യർ ബാക്കിയുണ്ടാകില്ലെന്ന് അടുത്തിടെ പുട്ടിൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇത്രയും ഏകാധിപത്യ പ്രവണതകൾ പ്രകടിപ്പിക്കുന്ന രാഷ്ട്രത്തലവന്റെ പക്കൽ ആണവായുധ ശേഖരമുണ്ടാകുന്നത് ഭയപ്പാടോടെയാണ് ലോകം കാണുന്നത്. സൈന്യത്തെ ആധുനികവത്കരിക്കുന്നതിന് പുട്ടിൻ നടത്തിയ ശ്രമങ്ങളും പഴയ കരുത്ത് തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമാണ്.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്നത് ഇപ്പോൾ ഏവരും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ട്രംപിന്റെ രഹസ്യങ്ങൾ പലതും പുട്ടിന്റെ പക്കലുണ്ടെന്നും തിരഞ്ഞെടുപ്പിനെ റഷ്യ നിയന്ത്രിച്ചിരുന്നുവെന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പുട്ടിനെ ആരാധനയോടെയാണ് താൻ കാണുന്നതെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. റഷ്യക്കെതിരേ കടുത്ത പ്രയോഗങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഇപ്പോഴും മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

രഹസ്യാന്വേഷണ രംഗത്തും ഗൂഢാലോചനകൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലും പുട്ടിനുള്ള വൈഭവം പേരുകേട്ടതാണ്. റഷ്യൻ ചാരസംഘടനയായ കെ.ജി.ബിയിൽ പ്രവർത്തിച്ചിരുന്നയാളാണ് പുട്ടിൻ. ബോറിസ് യെൽസിനുകീഴിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുട്ടിന്റെ കടന്നുവരവ് നേതൃത്വത്തിലെ പലരെയും കടപുഴക്കിക്കൊണ്ടായിരുന്നു. മോസ്‌കോയിൽ നടന്ന തീവ്രവാദി ആക്രമണങ്ങൾക്ക് പിന്നിൽ ചെചൻ തീവ്രവാദികളാണെന്ന് പുട്ടിൻ പറയുന്നുണ്ടെങ്കിലും, അധികാരത്തിലേക്ക് വരാൻ പുട്ടിൻ സ്വീകരിച്ച കുതന്ത്രമായിരുന്നോ ഇതെന്ന് സംശയിക്കുന്നവരും ഏറെയാണ്.

ചെചൻ വാസികൾക്കുനേരെ നടത്തിയ ആക്രമണങ്ങളിലൂടെയാണ് പുട്ടിൻ വളർന്നുവന്നത്. ചെച്‌നിയയെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിക്കൊണ്ട് റഷ്യക്കാരുടെ മനസ്സിൽ ദേശീയതയെന്ന വികാരം കുത്തിവെക്കാനും പുട്ടിനായി. ഈ ദേശീയ വികാരമാണ് ഇപ്പോഴും പുട്ടിൻ തിരഞ്ഞെടുപ്പ് വേളകളിൽ ആളിക്കത്തിക്കുന്നത്. റഷ്യയില്ലെങ്കിൽ ലോകമുണ്ടാവില്ലെന്ന മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കാൻ അദ്ദേഹം വിജയിച്ചത് ഈ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP