Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യയുടെ സംരക്ഷണ വലയം തകർക്കാൻ എളുപ്പമല്ലെന്ന് മനസിലാക്കി ആവേശം കയറി ഉടൻ യുദ്ധമെന്ന് പ്രഖ്യാപിച്ച ട്രംപ് നിലപാട് മയപ്പെടുത്തി; സിറിയക്കെതിരെയുള്ള തെളിവുകൾ പരിശോധിക്കുന്നതേയുള്ളുവെന്ന് അമേരിക്ക; യുദ്ധത്തെ അതിജീവിക്കാൻ ജനങ്ങൾക്ക് പരിശീലനം നൽകി റഷ്യ; സിറിയയുടെ പേരിലുള്ള ആശങ്ക അൽപം അയഞ്ഞെങ്കിലും എത്തു പിടിയുമില്ലാതെ ലോകം

റഷ്യയുടെ സംരക്ഷണ വലയം തകർക്കാൻ എളുപ്പമല്ലെന്ന് മനസിലാക്കി ആവേശം കയറി ഉടൻ യുദ്ധമെന്ന് പ്രഖ്യാപിച്ച ട്രംപ് നിലപാട് മയപ്പെടുത്തി; സിറിയക്കെതിരെയുള്ള തെളിവുകൾ പരിശോധിക്കുന്നതേയുള്ളുവെന്ന് അമേരിക്ക; യുദ്ധത്തെ അതിജീവിക്കാൻ ജനങ്ങൾക്ക് പരിശീലനം നൽകി റഷ്യ; സിറിയയുടെ പേരിലുള്ള ആശങ്ക അൽപം അയഞ്ഞെങ്കിലും എത്തു പിടിയുമില്ലാതെ ലോകം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കഴിഞ്ഞ ശനിയാഴ്ച സിറിയൻ സൈന്യം വിമതരുടെ കൈവശമുള്ള ദൗമയിൽ നടത്തിയ രാസായുധ പ്രയോഗവുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ ആരംഭിച്ച യുദ്ധഭീഷണി പുതിയ വഴിത്തിരിവിലേക്ക്. പ്രസ്തുത രാസായുധപ്രയോഗത്തിന് പ്രതികാരമായി സിറിയയെ ഉടൻ ആക്രമിക്കുമെന്ന് വീരവാദം പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ നിലപാട് മയപ്പെടുത്തിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. സിറിയക്ക് മേൽ റഷ്യ തീർത്ത സംരക്ഷണ വലയം തകർക്കാൻ എളുപ്പമല്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ട്രംപ് ഒരു ചുവട് പിന്നോട്ട് വച്ചതെന്നും സൂചനയുണ്ട്.

എന്നാൽ സിറിയക്കെതിരെയുള്ള തെളിവുകൾ പരിശോധിക്കുന്നതേയുള്ളൂവെന്ന് പറഞ്ഞ് ഇതിൽ നിന്നും തടിതപ്പാനാണ് ട്രംപ് ശ്രമിക്കുന്നത്. അതേ സമയം യുദ്ധത്തെ അതിജീവിക്കാൻ ജനങ്ങൾക്ക് പരിശീലനം നൽകാനും റഷ്യ ആരംഭിച്ചിട്ടുണ്ട്.ചുരുക്കിപ്പറഞ്ഞാൽ സിറിയയുടെ പേരിലുള്ള ആശങ്ക അൽപം അയഞ്ഞെങ്കിലും ഇക്കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന എത്തുംപിടിയുമില്ലാതെ ലോകം വലയുകയാണ്. തന്റെ മുതിർന്ന ഉപദേശകരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സിറിയക്കെതിരെ പ്രതികാരപൂർവം ഉടനടി ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ സിറിയക്ക് നേരെ മിസൈൽ ഉടനടി അയക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതുടൻ സംഭവിക്കാൻ സാധ്യത വളരെ കുറവാണെന്നും വ്യക്തമായിട്ടുണ്ട്. നയതന്ത്രപരമായതും നീതിപൂർവകവുമായ തീരുമാനം സിറിയയുടെ കാര്യത്തിൽ ഉടനടിയെടുക്കുമെന്നാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സിറിയൻ പ്രസിഡന്റ് ആസാദിന്റെ ഭരണകൂടം ദൗമയിൽ രാസായുധ പ്രയോഗം നടത്തിയയെന്നതിന് തെളിവുണ്ടെന്നാണ് യുഎന്നിലെ യുഎസിന്റെ അംബാസിഡറായ നിക്കി ഹാലെ പ്രസ്താവിച്ചിരിക്കുന്നത്. രാസായുധ പ്രയോഗം നടത്തിയിട്ടുണ്ടോ എന്നതിന്റെ തെളിവ് യുഎസ് നിലവിലും തേടിക്കൊണ്ടിരിക്കുന്നുവെന്നാണ് ഡിഫെൻസ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറയുന്നത്.

സിറിയക്ക് മേൽ എപ്പോഴാണ് വ്യോമാക്രമണം നടത്തുകയെന്ന് തനിക്ക് പറയാനാവില്ലെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ ട്വീറ്റ്. എന്നാൽ ഇത്തരം ഒരു ആക്രമണം ഉടൻ ഉണ്ടാകുമെന്നും അതിൽ യുകെ യുഎസിനൊപ്പം അണിചേരുമെന്നുമാണ് ഇക്കഴിഞ്ഞ ദിവസം കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ പ്രസ്താവിച്ചിരിക്കുന്നത്. തെരേസയുടെ കാബിനറ്റ് ഇന്നലെ അതിന് അനുമതി നൽകിയിട്ടുമുണ്ട്.രാസായുധം ആസാദ് പ്രയോഗിച്ചുവെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും തക്കസമയത്ത് പ്രതികരിക്കുമെന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ അമേരിക്കയിൽ നിന്നും ആക്രമണത്തിനായി ഒരു സൂചന ലഭിക്കാൻ കാത്തിരിക്കുകയാണ് സഖ്യകക്ഷികളെന്നും റിപ്പോർട്ടുണ്ട്. റഷ്യ തങ്ങളുടെ സ്മാർട്ട് മിസൈലുകളെ നേരിടാൻ തയ്യാറെടുക്കാൻ മുന്നറിയിപ്പേകിക്കൊണ്ട് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് പ്രകോപനം മൂർധന്യത്തിലെത്തിച്ചിരുന്നത്.സിറിയയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇനിയുമെടുത്തിട്ടില്ലെന്നാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 പേരുടെ മരണത്തിനും നിരവധി പേരുടെ പരുക്കേൽക്കലിനും കാരണമായ രാസായുധ പ്രയോഗത്തോട് പ്രതികരിക്കാൻ അധികനേരം കാത്തിരിക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നായിരുന്നു ഇന്നലെ രാവിലെ ട്രംപിന്റെ നിലപാട്.

എന്നാൽ ട്രംപിന്റെ മുതിർന്ന ഉപദേശകർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ട്രംപ് നിലപാട് മയപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സിറിയൻ സൈന്യം നടത്തിയെന്ന് പറയപ്പെടുന്ന പ്രസ്തുത രാസായുധ പ്രയോഗത്തിന് വേണ്ടത്ര തെളിവുകളില്ലെന്നും അതിനാൽ എടുത്ത് ചാടി ആക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്നുമായിരുന്നു ഉപദേശകർ ട്രംപിന് മുന്നറിയിപ്പേകിയത്.സിറിയക്ക് മേൽ പറക്കുന്ന ഏത് മിസൈലിനെയും വെടിവച്ചിടുമെന്നായിരുന്നു ബുധനാഴ്ചത്തെ റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പേകിയത്. എന്നാൽ റഷ്യയുടെ പ്രതിരോധത്തെ തകർക്കുന്ന സ്മാർട്ട് മിസൈലുകളായിരിക്കും തങ്ങൾ സിറിയക്ക് മേൽ വർഷിക്കുകയെന്നാണ് ട്രംപ് അതിനുള്ള മറുപടിയായി ഭീഷണി മുഴക്കിയത്.

ഇതോടെ യുദ്ധം ഏത് സമയത്തും പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയും ശക്തമായിരുന്നു.സിറിയയെയും അതിന്റെ ഭരണാധികാരി ബാഷർ അൽ ആസാദിനെയും സംരക്ഷിക്കുന്നതിനായി അത്യന്താധുനിക എസ്-400 മിസൈൽ പ്രതിരോധ സംവിധാനമാണ് റഷ്യവിന്യസിച്ചിരിക്കുന്നത്. സിറിയക്ക് ചുററും ഉരുക്ക് സംരക്ഷണ കവചമാണ് ഇതിലൂടെ റഷ്യ ഒരുക്കിയിരിക്കുന്നത് അതിന്റെ പരിധിയിലേക്ക് കടന്നു വരുന്ന വിമാനങ്ങളെയും ഹ്രസ്വദൂരമുൾപ്പെടെയുള്ള ക്രൂയിസ്, ബാലിസ്റ്റിക്മിസൈലുകളെയും ചെറുക്കാനും തകര്ക്കാനും ശേഷിയുള്ള പ്രതിരോധ സംവിധാനമാണ് എസ്-400.

നിലവിലെ കടുത്ത സാഹചര്യത്തിൽ മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ സാധ്യതയേറെയാണെന്നും അതിനെ നേരിടാനും രക്ഷപ്പെടാനും തയ്യാറെടുക്കണമെന്നും സ്റ്റേറ്റ് ടെലിവിഷനായ റോസ്സിയ-24 ന്യൂസാണ് റഷ്യ രാജ്യത്തെ ജനങ്ങൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിത്തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. മൂന്നാം ലോക മഹായുദ്ധ സമയത്ത് ബോംബ് ഷെൽട്ടറുകളിൽ കഴിയുമ്പോൾ കഴിക്കാനായി മികച്ച ഭക്ഷണം തന്നെ പായ്ക്ക് ചെയ്തെടുക്കണമെന്നും ടിവി അവതാരകർ ജനങ്ങളോട് നിർദ്ദേശിക്കുന്നുണ്ട്.

ഇതിനായി ടിന്നിലടച്ച മാംസാഹാരവും അരിഭക്ഷണവും വെള്ളവും കരുതേണ്ടിയിരിക്കുന്നുവെന്നാണ് നിർദ്ദേശം.ഇതിന് പുറമെ ബോംബുകളുടെ റേഡിയേഷനിൽ നിന്നും സംരക്ഷിക്കുന്നതിനായി അയഡിൻ കരുതണമെന്നും നിർദ്ദേശമുണ്ട്. സിറിയൻ പ്രശ്നത്തിന്റെ പേരിൽ അമേരിക്കയും റഷ്യയും തമ്മിൽ ഉയർന്ന് വന്നിരിക്കുന്ന പുതിയ യുദ്ധ ഭീഷണികൾ റഷ്യൻ ജനങ്ങൾക്കിടയിൽ കടുത്ത യുദ്ധഭീതിയാണുയർത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP