Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പൂർണ്ണ ആണവ നിരായുധീകരണത്തിന് കിം തയ്യാറാകുമെന്ന് അമേരിക്കൻ പ്രതീക്ഷ; ഉപരോധങ്ങൾ മാറ്റിയെടുത്ത് രാജ്യത്തെ സാമ്പത്തിക ശക്തിയാക്കാൻ ഉറച്ച് ഉത്തര കൊറിയൻ ഭരണാധികാരി; ലോക സമാധാനത്തിന് വേണ്ടി അവർ കൈകൊടുത്തു; ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂരിൽ തുടക്കം; ഭ്രാന്തനെന്നും കുള്ളൻ റോക്കറ്റെന്നും വിളിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞവർ സമാധാനം ഉറപ്പിക്കാനുള്ള ചർച്ചയിൽ; ചരിത്രം തിരുത്തിക്കുറിച്ച കൈകൊടുക്കൽ ഇങ്ങനെ

സമ്പൂർണ്ണ ആണവ നിരായുധീകരണത്തിന് കിം തയ്യാറാകുമെന്ന് അമേരിക്കൻ പ്രതീക്ഷ; ഉപരോധങ്ങൾ മാറ്റിയെടുത്ത് രാജ്യത്തെ സാമ്പത്തിക ശക്തിയാക്കാൻ ഉറച്ച് ഉത്തര കൊറിയൻ ഭരണാധികാരി; ലോക സമാധാനത്തിന് വേണ്ടി അവർ കൈകൊടുത്തു; ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂരിൽ തുടക്കം; ഭ്രാന്തനെന്നും കുള്ളൻ റോക്കറ്റെന്നും വിളിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞവർ സമാധാനം ഉറപ്പിക്കാനുള്ള ചർച്ചയിൽ; ചരിത്രം തിരുത്തിക്കുറിച്ച കൈകൊടുക്കൽ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സിംഗപൂർ: നാല് അമേരിക്കൻ പ്രസിഡന്റുമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ഡൊണാൾഡ് ട്രംപിന് സാധിക്കുന്നത്. ലോകം കാത്തിരിക്കുന്ന അമേരിക്കൻ-ഉത്തര കൊറിയ ഉച്ചകോടിക്ക് സിംഗപ്പൂരിൽ തുടക്കമായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിമ്മും ഫോട്ടോയ്ക്ക് പോസ് ചെയ്തു. അതിന് ശേഷം കൈകൊടുത്ത് ചർച്ചയും തുടങ്ങി. ഇനി എല്ലാ കണ്ണുകളും ഈ ചർച്ചയുടെ തീരുമാനം അറിയാനുള്ള ആകാംഷയിലാണ്.

'പോൺ സ്റ്റാർ' വിവാദത്തിലും പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും വലഞ്ഞിരിക്കുന്ന ട്രംപിന് കിട്ടിയ സുവർണ്ണാവരമാണ് ഈ ഉച്ചകോടി. ആണവനിരായുധീകരണത്തിന് ഉത്തര കൊറിയ തയാറായില്ലെങ്കിൽ ഉച്ചകോടിയിൽ നിന്ന് ഇറങ്ങിപ്പോരുമെന്ന ഭീഷണിയും ട്രംപ് മുഴക്കുന്നു. ഉത്തര കൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണത്തിന്മേൽ ട്രംപ് കടുംപിടിത്തം നടത്തുമ്പോൾ ചർച്ചയുടെ ഗുണഫലത്തിലേറെയും ഉത്തര കൊറിയയിലേക്കു 'കൊണ്ടുപോകാനാകും' കിമ്മിന്റെ ശ്രമം. ലോകത്തിനു മുന്നിൽ ഉത്തര കൊറിയയ്ക്കുള്ള 'വില്ലൻ' പ്രതിച്ഛായ ഇല്ലാതാക്കുകയെന്നതാണ് ആദ്യലക്ഷ്യം. രാജ്യാന്തരവേദികളിൽ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കവും. അങ്ങനെ ട്രംപിനും കിമ്മിനും ഏറെ നിർണ്ണായകമാണ് ഈ കൂടിക്കാഴ്ച. അതുകൊണ്ട് തന്നെ ഇരുനേതാക്കളും കൈകൊടുക്കുമ്പോൾ ലോകവും പ്രതീക്ഷയിൽ.

സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിൽ ഇരുപുറവുമിരുന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നും ചർച്ച ചെയ്യുമ്പോൾ, ലോകം സമാധാനത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുവെക്കുകയാണ്. ഉത്തരകൊറിയ അണ്വായുധം താഴെവയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.എസ്. ചർച്ചയ്ക്കിരിക്കുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടൽ. ഇത്തരമൊരു കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഉത്തരകൊറിയ ആണവനിരായുധീകരണം നടപ്പാക്കുന്നത് ഉത്തരകൊറിയ, യു.എസ്., ദക്ഷിണകൊറിയ, ജപ്പാൻ എന്നിവയുൾപ്പെടെ ലോകരാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അപൂർവം പേർക്ക് മാത്രമാണ് ഇങ്ങനെയൊരവസരം ലഭിക്കുന്നത്. അത് നന്നായി പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ചരിത്ര കൂടിക്കാഴ്തയാണ് സിംഗപ്പൂരിൽ നടക്കുന്നത്. ഇരു നേതാക്കളും കൈകൊടുത്താണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. 14 അംഗ സംഘവുമായാണ് ട്രംപ് ചർച്ചയ്ക്ക് എത്തിയത്. ഇതിൽ പകുതി വനിതകളും. നയതന്ത്ര തലത്തിൽ ്മിടുമിടുക്കരാണ് എല്ലാവരും. കിമ്മും തോറ്റുകൊടുക്കാതെ എല്ലാം നേടിയെടുക്കാനും. കിമ്മിന്റെ അച്ഛനും മുത്തച്ഛനും നയതന്ത്രം പറഞ്ഞു കൊടുത്ത പരിചയ സമ്പന്നൻ കിം യോങ് ചോലും ഉത്തര കൊറിയൻ സംഘത്തിനൊപ്പമുണ്ട്. ഈ മുൻ ഇന്റലിജന്റ്‌സ് മേധാവി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു തന്നെ യുഎസുമായുള്ള ഉത്തര കൊറിയൻ നയതന്ത്ര ബന്ധത്തിലാണ്. ഇതും കിം-ട്രംപ് കൂടിക്കാഴ്ചയെ സ്വാധീനിക്കും. നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധങ്ങൾ കൊണ്ടു വീർപ്പുമുട്ടുകയാണ് ഉത്തര കൊറിയ. സാമ്പത്തിക വളർച്ചയിലേക്ക് രാജ്യത്തെ നയിക്കാൻ സമാധാനമെന്ന പുതു വഴിയാണ് കിമ്മും ആഗ്രഹിക്കുന്നത്.

ആണവ പദ്ധതികളെല്ലാം പൂർണമായി ഉപേക്ഷിക്കുകയും ആയുധങ്ങൾ നശിപ്പിക്കുകയും ചെയ്യണമെന്നതാണു യുഎസിനെ സംബന്ധിച്ചിടത്തോളം ഉത്തര കൊറിയയുടെ ആണവനിരായുധീകരണം കൊണ്ടു ലക്ഷ്യമിടുന്നത്. ആണവായുധങ്ങളെല്ലാം ഉത്തര കൊറിയയിൽ നിന്നു മാറ്റണമെന്നും ആവശ്യമുണ്ട്. ഇതു സംബന്ധിച്ച പരിശോധനകൾക്കായി രാജ്യാന്തര നിരീക്ഷകരെയും അനുവദിക്കണം. എന്നാൽ ഇതിന് ഉത്തരകൊറിയ പൂർണമായും ഒരുക്കമല്ല. ഒറ്റയടിക്ക് എല്ലാ ആയുധങ്ങളും ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് കിം. ഘട്ടംഘട്ടമായി ഒഴിവാക്കാമെന്നും ട്രംപിനെ അറിയിക്കും. ഇതിനോട് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം. കുറച്ചുമാസം മുമ്പുവരെ ഭ്രാന്തനെന്നും കുള്ളൻ റോക്കറ്റെന്നും വിളിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞവരാണ് അമേരിക്കയും ഉത്തര കൊറിയയും. ആദ്യമായാണ് ഒരു യു.എസ്. പ്രസിഡന്റും ഉത്തരകൊറിയൻ നേതാവും കൂടിക്കാഴ്ച നടത്തുന്നത്. ഉത്തരകൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കുമോ എന്നതാണ് പ്രധാനം. അതിന് കിം സമ്മതിച്ചാൽ ട്രംപ് കൈകൊടുത്ത് പിരിയും. സിങ്കപ്പൂരിലെ സെന്റോസാ ദ്വീപിലുള്ള കാപെല്ലാ ഹോട്ടലിലാണ് ചരിത്ര കൂടിക്കാഴ്ച നടക്കുന്നത്.

2017 ജൂലൈയിൽ നടന്ന ഒരു മിസൈൽ പരീക്ഷണമാണ് അമേരിക്കാ-ഉത്തരകൊറിയ ബന്ധത്തെ അതിരൂക്ഷമായ സ്ഥിതിയിലെത്തിച്ചത്. യുഎസിന്റെ അധീനതയിലുള്ള ദ്വീപിലേക്കു വരെ എത്താൻ ശേഷിയുള്ള ആ മിസൈലിന്റെ പരീക്ഷണത്തെ ഭീതിയോടെ അമേരിക്ക കണ്ടു. ഇതോടെ ട്രംപ് കിമ്മിനെ അതിരൂക്ഷമായി കളിയാക്കി. കിമ്മിനെ 'ലിറ്റിൽ റോക്കറ്റ്മാൻ' എന്നു വിളിച്ചായിരുന്നു അധിക്ഷേപം. അതോടെ അസഭ്യമെന്നു തന്നെ പറയാവുന്ന തരത്തിലുള്ള കിമ്മിന്റെ മറുപടിയെത്തി. തീക്കളിയാണു കിം നടത്തുന്നതെന്നായിരുന്നു ഇതിനു ട്രംപിന്റെ മറുപടി. അതിനു കിം തിരിച്ചടിച്ചതാകട്ടെ, വയസ്സായതിനാൽ ട്രംപിനു സ്ഥിരബുദ്ധി നഷ്ടപ്പെട്ടെന്നു പറഞ്ഞും. കിമ്മിനു മുഴുവട്ടാണെന്നു ട്രംപ് തിരിച്ചടിച്ചതോടെ ലോകത്തെയാകെ ഞെട്ടിച്ച ആ മറുപടിയെത്തി 'യുഎസ് ഒന്നോർത്താൽ നന്ന്. എന്റെ മേശയിൽ ഒരു 'ന്യൂക്ലിയർ ബട്ടനു'ണ്ടെന്ന കാര്യം'. 'എന്റെ വിരൽത്തുമ്പിലുമുണ്ട് ആണവ ബട്ടൺ. അതുപക്ഷേ ഉത്തര കൊറിയയേക്കാൾ ഏറെ വലുതാണെന്നു മാത്രം...' കിമ്മിന്റെ ആ ഭീഷണിക്ക് അതിലും ശക്തമായ ട്രംപിന്റെ മറുപടി

മുന്നാംലോക മഹായുദ്ധത്തിലേക്ക് ലോകം നീങ്ങുന്നുവെന്ന് ഏവരും കരുതി. ഇതിനിടെ അപ്രതീക്ഷിത ട്വിസ്റ്റുകൾ. ഇതാണ് ചർ്ച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇപ്പോൾ ഇരുരാജ്യത്തലവന്മാരും കൂടിക്കാഴ്ച നടത്തുമ്പോൾ അതു ചരിത്രനിമിഷമാകുകയാണ്. ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. നാല് യുഎസ് പ്രസിഡന്റുമാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് ട്രംപ് നേടിയെടുത്തിരിക്കുന്നത്. അതും ഉത്തരകൊറിയയ്ക്കു മുന്നിൽ ഒരു തരത്തിലും അടിയറവു പറയാതെ.

1950ലാണ് ഇരുകൊറിയകളും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്. അന്നു സോവിയറ്റ് യൂണിയനെയും ചൈനയെയും കൂട്ടുപിടിച്ച് ഉത്തര കൊറിയ ദക്ഷിണ കൊറിയയെ കടന്നാക്രമിക്കുകയായിരുന്നു. ദക്ഷിണ കൊറിയയ്‌ക്കൊപ്പം യുഎസ് പക്ഷം പിടിച്ചു. 1953ൽ യുദ്ധം അവസാനിച്ചെങ്കിലും ലക്ഷക്കണക്കിനു പേരാണ് അതിനോടകം കൊല്ലപ്പെട്ടിരുന്നത്. ഇരുകൊറിയകളും എന്നന്നേക്കുമായി അകന്നു. വെടിനിർത്തൽ കരാർ ഉണ്ടായെങ്കിലും ഔദ്യോഗികമായി ഇന്നും ഇരുകൊറിയകളും 'യുദ്ധ'ത്തിലാണ്. കൊറിയൻ യുദ്ധത്തിനു ശേഷമാണു മേഖലയിൽ യുഎസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചൈനയുടെ കൂട്ടുപിടിച്ചുള്ള ഉത്തര കൊറിയയുടെ വളർച്ച വലിയ ഭീഷണിയായിത്തന്നെ യുഎസ് കണ്ടു.

1990ൽ ഉത്തര കൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണം. ആപത്ത് മുൻകൂട്ടിക്കണ്ട യുഎസ് പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് വൈകാതെ തന്നെ ഉത്തര കൊറിയൻ ഭരണാധികാരി കിം ഇൽസുങ്ങിനോട് (കിം ജോങ് ഉന്നിന്റെ മുത്തച്ചൻ) ആണവ പരീക്ഷണങ്ങളിൽ നിന്നു പിന്മാറാൻ നിർദ്ദേശം നൽകി. എന്നാൽ മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ തുടർന്നു. ദക്ഷിണ കൊറിയയിൽ സൂക്ഷിച്ചിരുന്ന ആണവായുധങ്ങൾ മാറ്റാൻ യുഎസ് തയാറായതോടെ 1994ൽ അന്നത്തെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഇൽ ആണ് യുഎസുമായി ആണവപദ്ധതികൾ മരവിപ്പിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളിൽ (അഴൃലലറ എൃമാലംീൃസ) ഒപ്പിടുന്നത്. അന്ന് ബിൽ ക്ലിന്റനാണ് യുഎസ് തലപ്പത്ത്. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ദീർഘദൂര മിസൈൽ പരീക്ഷണം മരവിപ്പിക്കാനും ഉത്തര കൊറിയ സമ്മതമറിയിച്ചു. ഇതൊന്നും പക്ഷേ നടന്നില്ല. ഇതോടെ ബന്ധം കൂടുതൽ വിഷളായി.

2003ൽ ഉത്തര കൊറിയ ആണവനിർവ്യാപന കരാറിൽ നിന്നും പിന്മാറി. 2006ൽ ഉത്തര കൊറിയ ആദ്യത്തെ ഭൂഗർഭ അണുപരീക്ഷണം നടത്തി. മൂന്നു വർഷം കൂടി കഴിഞ്ഞതോടെ രാജ്യത്തു നിന്ന് യുഎന്നിന്റെ നിരീക്ഷകരെ പുറത്താക്കി. പിന്നാലെ രണ്ടാമത്തെ ആണവപരീക്ഷണവും നടത്തി. പിന്നെ എല്ലാം അമേരിക്കയ്ക്ക് എതിരായി. 2010ൽ യെല്ലോ സീയിൽ ദക്ഷിണകൊറിയൻ യുദ്ധക്കപ്പലിനെ നെടുകെ പിളർത്തിയ 'ടോർപിഡോ' സംഭവം കൂടിയുണ്ടായതോടെ കൊറിയൻ ഉപദ്വീപ് വീണ്ടും യുദ്ധഭീതിയിലായി. ദക്ഷിണ കൊറിയയുടെ നാൽപതിലേറെ നാവികസേനാംഗങ്ങൾ അന്നു കൊല്ലപ്പെട്ടെങ്കിലും തങ്ങളല്ല അപകടത്തിനു പിന്നിലെന്ന നിലപാടിലായിരുന്നു ഉത്തര കൊറിയ. പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തോടെയാണ് കിം ജോങ് ഉന്നിന്റെ വരവ്- 2011ൽ. അന്നു പ്രായം 27 തികഞ്ഞതേയുള്ളൂവെങ്കിലും തന്റെ തുടക്കം കിം ഗംഭീരമാക്കിയത് 2013ൽ ഉത്തര കൊറിയയുടെ മൂന്നാം ആണവപരീക്ഷണം നടത്തിയായിരുന്നു. 2016ൽ നാലാമത്തെയും അഞ്ചാമത്തെയും ആണവപരീക്ഷണങ്ങളുമായി പ്രകോപനം തുടർന്നെങ്കിലും ഒബാമ ഭരണകൂടം കാര്യമായ തിരിച്ചടിക്കു മുതിർന്നില്ല.

945ൽ ഹിരോഷിമയിൽ അമേരിക്ക പ്രയോഗിച്ച ബോംബിന്റെ എട്ടിരട്ടി ശേഷിയുള്ള ഹൈഡ്രജൻ ബോംബ് 2017ൽ കിംപൊട്ടിച്ചു. ഇക്കഴിഞ്ഞ പുതുവർഷ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത കിം ജോങ് ഉൻ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ചരിത്ര ഉച്ചകോടിയിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായത്. രാജ്യത്തെ ആയുധ പദ്ധതികളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞെന്നായിരുന്നു ജനങ്ങൾക്കുള്ള കിം ജോങ് ഉന്നിന്റെ പുതുവർഷ സന്ദേശം. ഇനി സാമ്പത്തികമായ വളർച്ചയാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്ന കാര്യം ആ വാക്കുകളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്‌സിൽ പങ്കെടുക്കാൻ ടീമിനെ അയയ്ക്കാമെന്ന് കിം വ്യക്തമാക്കി. ഒന്നിച്ചു നിൽക്കുമെന്നു മാത്രമല്ല ഇരുകൊറിയയിലെയും അംഗങ്ങളെ ഉൾപ്പെടുത്തി വനിതകളുടെ ഐസ് ഹോക്കി ടീമിനെയും സജ്ജമാക്കി. ഏപ്രിലിൽ തികച്ചും അപ്രതീക്ഷിതമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെഇന്നുമായി കിം അതിർത്തിഗ്രാമത്തിൽ കൂടിക്കാഴ്ചയും നടത്തി.

ഈ ചർച്ചയ്ക്കു ശേഷമാണ് ഉത്തര കൊറിയയും യുഎസും തമ്മിലുള്ള സംഘർഷം അയവു വരുത്താനുള്ള ശ്രമങ്ങളിലേക്ക് മൂൺ ജെ ഇൻ പ്രവേശിക്കുന്നത്. യുഎസ് പ്രതിനിധി സംഘവും ഉത്തര കൊറിയയും തമ്മിൽ നേരിട്ടു നിരന്തരം ചർച്ചകളുണ്ടായി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ പല തവണ ഉത്തരകൊറിയയിൽ നേരിട്ടെത്തി കിമ്മുമായി ചർച്ച നടത്തി. അതിനിടെ മൂൺ ജെ ഇന്നാണു കിമ്മിനു ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹമുണ്ടെന്ന കാര്യം ലോകത്തെ അറിയിക്കുന്നത്. ഇക്കാര്യം ട്രംപ് സമ്മതിക്കുകയും ജൂൺ 12നു സിംഗപ്പൂരിൽ കൂടിക്കാഴ്ച നടത്താമെന്നു അറിയിക്കുകയും ചെയ്തതോടെ ദക്ഷിണ കൊറിയയുടെ നയതന്ത്രനീക്കം വിജയം കണ്ടു. ഇതാണ് ചർച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP