Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബന്ധം വഷളാകാതിരിക്കാൻ കരുതലോടെ ട്രംപ്; പ്രതിഷേധം വാക്കുകളിൽ ഒതുക്കും; പിന്തുണയുമായി പുട്ടിനും രംഗത്ത്; അന്നു സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞ് ഖഷോഗിയുടെ പ്രതിശ്രുത വധു; കൊലപാതകത്തിന്റെ പേരിൽ സൗദിയെ തൊടാനാവാതെ പാശ്ചാത്യ രാജ്യങ്ങൾ; ജമാൽ ഖഷോഗിയുടെ കൊലപാതകം ചർച്ചയാകുന്നത് ഇങ്ങനെ

ബന്ധം വഷളാകാതിരിക്കാൻ കരുതലോടെ ട്രംപ്; പ്രതിഷേധം വാക്കുകളിൽ ഒതുക്കും; പിന്തുണയുമായി പുട്ടിനും രംഗത്ത്; അന്നു സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞ് ഖഷോഗിയുടെ പ്രതിശ്രുത വധു; കൊലപാതകത്തിന്റെ പേരിൽ സൗദിയെ തൊടാനാവാതെ പാശ്ചാത്യ രാജ്യങ്ങൾ; ജമാൽ ഖഷോഗിയുടെ കൊലപാതകം ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്താംബൂൾ: മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഇസസ്താംബുളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സംഭവത്തെച്ചൊല്ലി സൗദി അറേബ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പാശ്ചാത്യ രാജ്യങ്ങൾ പിന്മാറുന്നു. തുടക്കത്തിൽ ശക്തമായ നിലപാടുകളും പ്രതിഷേധങ്ങളും രേഖപ്പെടുത്തിയ അമേരിക്ക, ഖഷോഗി കൊല്ലപ്പെട്ടത് കോൺസുലേറ്റിൽവച്ചാണെന്ന് സൗദി സ്ഥിരീകരിച്ചതോടെ നിലപാട് മാറ്റി. വാക്കുകളിൽപ്പോലും പ്രകോപനം സൃഷ്ടിക്കാതെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയം പിന്നീട് കൈകാര്യം ചെയ്തത്. മേഖലയിലെ പ്രധാന സഖ്യകക്ഷിയായ സൗദിയെ ഇതിന്റെ പേരിൽ പിണക്കേണ്ടതില്ലെന്നാണ് അമേരിക്കയുടെ തീരുമാനം.

കൊലപാതകത്തിന്റെ പേരിൽ സൗദി രാജകുടുംബത്തെ കുറ്റാരോപിതരാക്കേണ്ടെന്നാണ് റഷ്യയുടെയും തീരുമാനം. പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിനും സൗദി അറേബ്യൻ രാജാവ് സൽമാനും ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. സൗദി രാജകുടുംബത്തിന് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന ചോദ്യം പോലും അനവസരത്തിലുള്ളതാണെന്നായിരുന്നു പത്രസമ്മേളനത്തിൽ പുട്ടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിന്റെ നിലപാട്. സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇതുസംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിരുന്നു. അവരെ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും പെസ്‌കോസ് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ടാണ് പുട്ടിൻ സൗദി രാജാവുമായി ടെലിഫോണിൽ സംസാരിച്ചത്. ഖഷോഗിയുടെ കൊലപാതകത്തിനുശേഷം ഉരുത്തിരിഞ്ഞുവന്ന സ്ഥിതിഗതികൾ ഇരുനേതാക്കളും ചർച്ച ചെയ്തതായി പുട്ടിന്റെ ഓഫീസ് അറിയിച്ചു. സംഭവത്തിൽ സൗദി അറേബ്യയുടെ പങ്കുവെളിപ്പെട്ടതോടെയാണ് അതുവരെ ശക്തമായി രംഗത്തുണ്ടായിരുന്ന രാജ്യങ്ങൾ പിന്മാറിയത്. സൗദി രാജകുടുംബത്തിന്റെ സമ്മർദമാണ് ഈ പിന്മാറ്റത്തിന് കാരണമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.

എന്നാൽ, ഖഷോഗിയുടെ വധത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ കാമുകി ഹാത്തിസ് സെൻഗിസ് പറഞ്ഞു. തുർക്കിക്കാരിയായ സെൻഗിസിനെ വിവാഹം ചെയ്ത് തുർക്കിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു ഖഷോഗിയുടെ പദ്ധതി. അതിനായി തന്റെ ആദ്യവിവാഹം വേർപെടുത്തിയത് സംബന്ധിച്ച രേഖകൾ സ്വന്തമാക്കാനാണ് ആദ്യം സെപ്റ്റംബർ 28-നും പിന്നീടേ ഒക്ടോബർ രണ്ടിനും അദ്ദേഹം ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തിയത്.

സംഭവദിവസം നടന്ന കാര്യങ്ങൾ സെൻഗിസ് കഴിഞ്ഞദിവസം ഹാബർതുർക്ക് എന്ന ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. എംബസ്സിക്കുള്ളിലേക്ക് പോകുന്നതിന് മുമ്പ് ഖഷോഗി അദ്ദേഹത്തിന്റെ രണ്ട് മൊബൈൽ ഫോണുകളും തന്നെ ഏൽപിച്ചിരുന്നുവെന്ന് സെൻഗിസ് പറഞ്ഞു. എംബസ്സിക്ക് പുറത്ത് വൈകുന്നേരം വരെ കാത്തുനിന്ന സെൻഗിസ്, അദ്ദേഹം മടങ്ങിവരാതായതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു താനെന്നും അവർ പറയുന്നു.

ഇസ്താംബുളിൽ പിഎച്ച്.ഡി. ചെയ്യുകയാണ് സെൻഗിസ്. ഖഷോഗിയുടെ കൊലപാതകത്തിനുശേഷം സെൻഗിസിനെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, സൗദി രാജകുടുംബത്തെ പ്രതിരോധിക്കുന്ന ട്രംപിന്റെ ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് അവർ തീരുമാനിച്ചു. ആൾക്കൂട്ടത്തിന്റെ കൈയടി നേടാൻ മാത്രമുള്ള, യാതൊരു ആത്മാർഥതയുമില്ലാത്ത നടപടിയാണ് അതെന്നും സെൻഗിസ് പരഞ്ഞു. പലപ്പോഴും പൊട്ടിക്കരഞ്ഞുകൊണ്ടാണ് സെൻഗിസ് അഭിമുഖത്തിനിരുന്നത്.

അമേരിക്കയിലേക്ക് സൗദിയിൽനിന്ന് വരുന്ന പണവും തൊഴിലവസരങ്ങളും നഷ്ടപ്പെടുത്താൻ താൻ തയ്യാറല്ലെന്ന് ട്രംപ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ദശലക്ഷത്തോളം തൊഴിലവസരങ്ങളും നിക്ഷേപമായി അമേരിക്കയിലെത്തുന്ന 110 ബില്യൺ ഡോളറും നഷ്ടപ്പെടുത്താൻ താനൊരുക്കമല്ലെന്നായിരുന്നു ട്രംപ് തിങ്കളാഴ്ച പറഞ്ഞത്. ഈ വാക്കുകൾ ട്രംപിന്റെ ആത്മാർഥത വിളിച്ചുപറയുന്നതാണെന്നും സെൻഗിസ് ആരോപിച്ചു. എന്നാൽ, പിന്നീട് കൊലപാതകത്തിനുപിന്നിൽ സൗദി കിരീടാവകാശിയായിരിക്കാമെന്ന സൂചന ട്രംപ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP