Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാക്കിനെയും ലിബിയയെയും അഫ്ഗാനെയും ഇല്ലാതാക്കി ജനാധിപത്യം കാത്ത അമേരിക്കയ്ക്ക് സൗദിയെ തൊടാൻ പേടി; റഷ്യയ്ക്കും ചൈനയ്ക്കും അവസരം നൽകാൻ സൗദിയെ ചൊറിയില്ലെന്ന് തീർത്ത് പറഞ്ഞ് ട്രംപ്; കിരീടാവകാശി പദവിയിൽ നിന്നും എംബിഎസിനെ അട്ടിമറിക്കാൻ സൗദി രാജകുടുംബത്തിൽ ഗൂഢാലോചന

ഇറാക്കിനെയും ലിബിയയെയും അഫ്ഗാനെയും ഇല്ലാതാക്കി ജനാധിപത്യം കാത്ത അമേരിക്കയ്ക്ക് സൗദിയെ തൊടാൻ പേടി; റഷ്യയ്ക്കും ചൈനയ്ക്കും അവസരം നൽകാൻ സൗദിയെ ചൊറിയില്ലെന്ന് തീർത്ത് പറഞ്ഞ് ട്രംപ്; കിരീടാവകാശി പദവിയിൽ നിന്നും എംബിഎസിനെ അട്ടിമറിക്കാൻ സൗദി രാജകുടുംബത്തിൽ ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി പൗരനും വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റുമായ ജമാൽ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി അറേബ്യ വധിച്ച സംഭവത്തിന്റെ പേരിൽ സൗദിക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനെ അഥവാ എംബിഎസിനെതിരെ തിരിയാനും ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അതായത് ഇറാക്കിനെയും ലിബിയയെയും അഫ്ഗാനെയും ഇല്ലാതാക്കി ജനാധിപത്യം കാത്ത അമേരിക്കയ്ക്ക് സൗദിയെ തൊടാൻ പേടിയാണെന്ന് ചുരുക്കം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ റഷ്യയ്ക്കും ചൈനയ്ക്കും അവസരം നൽകാൻ സൗദിയെ ചൊറിയില്ലെന്നും അത് വഴി ബില്യൺ കണക്കിന് ഡോളറുകളുടെ വ്യാപാരം ഇല്ലാതാക്കാനില്ലെന്നുമാണ് ട്രംപ് തീർത്ത് പറഞ്ഞിരിക്കുന്നത്.

അതിനിടെ കിരീടാവകാശി പദവിയിൽ നിന്നും എംബിഎസിനെ അട്ടിമറിക്കാൻ സൗദി രാജകുടുംബത്തിൽ ഗൂഢാലോചന തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. ' അമേരിക്ക ഫസ്റ്റ് ' എന്ന തന്റെ പ്രഖ്യാപിത നയവുമായി മുന്നോട്ട് പോകുന്നതിനാണ് താൻ മുൻഗണനയേകുന്നതെന്നും ട്രംപ് തറപ്പിച്ച് പറയുന്നു. ഖഷോഗിയെ സൗദി കോൺസുലേറ്റിൽ വച്ച് പീഡിപ്പിച്ച് കൊന്നതിന് പുറകിൽ എംബിഎസ് ആണെന്ന് സിഐഎ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇക്കരാത്തിൽ എംബിഎസിനെ കുറ്റപ്പെടുത്തി ഒരു വാക്ക് പോലും പറയാൻ ട്രംപ് തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വൈറ്റ്ഹൗസിലെ പുൽത്തകിടിയിൽ തന്നെ കാത്ത് നിന്ന ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരോട് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുഎസ് സൗദിക്ക് മേൽ ഉപരോധം ഏർപ്പടുത്തിയാൽ അതിൽ നിന്നും ഗുണമുണ്ടാക്കാൻ റഷ്യയും ചൈനയും തക്കം പാർത്തിരിക്കുകയാണെന്നും അതിന് ഇട വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സൗദിക്ക് മേൽ ഉപരോധമേർപ്പെടുത്തിയാൽ എണ്ണ വില ഉയരുമെന്ന ആശങ്കയും ട്രംപ് പ്രകടിപ്പിച്ചിരിക്കുന്നു.

സൗദിക്ക് മേൽ ഉപരോധം ഏർപ്പെടുത്തി ലോകത്തിന്റെയും യുഎസിന്റെയും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറയുന്നു. മാർ-എ-ലാഗോയിലേക്കുള്ള തന്റെ ആദ്യയാത്ര പുറപ്പെടുന്നതിന് മുമ്പ് പത്രലേഖകരുടെ ചോദ്യങ്ങൾക്ക് ഉത്തരമേകവെയാണ് ട്രംപ് നിർണായകമായ തന്റെ നിലപാടുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. സിഐഎയുടെ കണ്ടെത്തലിനെ പാടെ നിരസിച്ച് കൊണ്ടുള്ള ട്രംപിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രമുഖ സെനറ്റർമാർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഖഷോഗിയുടെ കൊലപാതകത്തിന് പുറകിൽ എംബിഎസിന്റെ പങ്ക് വ്യക്തമായതിനെ തുടർന്ന് കിരീടാവകാശി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ അട്ടിമറിക്കാനുള്ള നീക്കം സൗദി രാജകുടുംബത്തിൽ ശക്തമായെന്നും റിപ്പോർട്ടുണ്ട്. സൽമാൻ രാജാവിന് ശേഷം അധികാരം എംബിഎസിന്റെ കൈകളിൽ വരുന്നത് ഏത് വിധേനയും തടയുന്നതിനാണ് അവർ കോപ്പ് കൂട്ടുന്നത്. സൗദിയെ ആധുനികവൽക്കരിക്കുന്നതിനായി പരമ്പരാഗത കടുംപിടുത്തങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ തുടങ്ങിയത് മുതൽ തന്നെ ഖഷോഗിക്കെതിരെ യാഥാസ്ഥിതികരുടെ എതിർപ്പ് ശക്തമായിരുന്നു. ഇപ്പോൾ അനുകൂല സന്ദർഭം ലഭിച്ച സാഹചര്യത്തിൽ അത് പരമാവധി പ്രയോജനപ്പെടുത്തി എംബിഎസിനെ അട്ടിമറിക്കാനാണ് അവർ ഗൂഢ പദ്ധതികൾ തയ്യാറാക്കി വരുന്നത്.

84കാരനായ സൽമാൻ രാജാവിന്റെ സഹോദരനും 76കാരനുമായ പ്രിൻസ് അഹമ്മദ് ബിൻ അബ്ദുൾ അസീസാണ് എംബിഎസിനെതിരെ കരുക്കൾ നീക്കുന്നതിൽ പ്രമുഖൻ. സൽമാൻ രാജാവിന് ശേഷം കിരീടത്തിൽ കണ്ണ് വയ്ക്കുന്ന ആളാണ് അബ്ദുൾ അസീസ്.ഇദ്ദേഹത്തിന് പുറമെ സൗദി രാജകുടുംബത്തിലെ മറ്റ് രണ്ട് പേർ കൂടി എംബിഎസിനെ അട്ടിമറിക്കാൻ സജീവമായി രംഗത്തുണ്ട്. 2017ൽ എംബിഎസ് കിരീടാവകാശിയാകുന്നതിനെ ഇവർ ശക്തമായി എതിർത്തിരുന്നു.

സൗദി ഭരണം കൈയാളുന്ന അൽ സൗദ് കുടുംബത്തിലെ ഇളമുറ രാജകുമാരന്മാരും ബന്ധുക്കളുമാണ് സൽമാനെതിരേ അണിയറയിൽ ചരടുവലി ശക്തമാക്കിയത്. കിരീടാവകാശി സ്ഥാനത്തുനിന്ന് എം.ബി.എസ്. എന്നറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാനെ മാറ്റി മറ്റൊരാളെ നിയമിക്കാൻ കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും 82-കാരനായ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ കാലയളവിൽ പരസ്യമായി ഇക്കാര്യമുന്നയിച്ച് രംഗത്തുവരാനിടയില്ല. പകരം സൽമാൻ രാജാവിന്റെ കാലശേഷം മുഹമ്മദ് ബിൻ സൽമാന് പകരം രാജാവിന്റെ സഹോദരൻ അഹമ്മദ് ബിൻ അബ്ദുൽ അസീസിന് കിരീടം കൈമാറാനുള്ള സാധ്യത മറ്റു കുടുംബാംഗങ്ങളുമായി ഇവർ ചർച്ച ചെയ്യുന്നുണ്ട് -പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

2017-ൽ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നതിനെ എതിർത്ത സൗദി അലിജൻസ് കമ്മിറ്റിയിലെ മൂന്നംഗങ്ങളിൽ ഒരാളാണ് അഹമ്മദ് രാജകുമാരൻ. രാജാവ് മരിക്കുകയോ മറ്റേതെങ്കിലും കാരണങ്ങളാൽ അദ്ദേഹത്തിന് ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയോ ചെയ്താൽ മുഹമ്മദ് ബിൻ സൽമാനെ ഉടൻ രാജാവായി പ്രഖ്യാപിക്കാൻ സൗദി നിയമം അനുശാസിക്കുന്നില്ല. കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിൽപ്പോലും രാജാവായി അവരോധിക്കപ്പെടാൻ സൽമാൻ രാജകുമാരന് 34 അംഗ അലിജൻസ് സമിതിയുടെ അംഗീകാരം വേണം. ഈ സാഹചര്യത്തിൽ സമിതിയംഗങ്ങൾ സൽമാനെതിരേ തിരിയുമെന്നും അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP